state budget

വിഭവ സമാഹരണമില്ല; പ്രഖ്യാപനങ്ങള്‍ മാത്രം-വീരേന്ദ്രകുമാര്‍

Posted on: 05 Mar 2010


കോഴിക്കോട്: വിലക്കയറ്റം നിയന്ത്രിക്കുന്നതിനുള്ള ക്രിയാത്മക നടപടികളൊന്നും പറയാതെ പതിവു പ്രഖ്യാപനങ്ങള്‍ മാത്രം ആവര്‍ത്തിക്കുന്ന ബജറ്റാണ് നിയമസഭയില്‍ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചതെന്ന് ജനതാദള്‍ (എസ്) സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍ പറഞ്ഞു. വിഭവ സമാഹരണത്തിനുള്ള ഒരു നിര്‍ദേശവും ബജറ്റിലില്ല. മദ്യം വിറ്റും മണലും ചെളിയും കോരിയും വരുമാനമുണ്ടാക്കാനാണോ മന്ത്രി ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ക്ഷേമപദ്ധതികള്‍ സംബന്ധിച്ച് കുറേ പ്രഖ്യാപനങ്ങള്‍ നടത്തിയതല്ലാതെ അതിനുള്ള വരുമാനം എവിടെനിന്നുണ്ടാവുമെന്ന് പറയുന്നില്ല. മലബാര്‍പാക്കേജ്, തീരദേശപാത, മലയോരപാത തുടങ്ങിയവ കഴിഞ്ഞ ബജറ്റില്‍ പറഞ്ഞതാണ്. ഒന്നും നടപ്പായില്ല. കണ്ണൂര്‍ വിമാനത്താവളം, അതിവേഗപാത, വ്യവസായ ഇടനാഴി തുടങ്ങിയ പ്രഖ്യാപനങ്ങളും ആവര്‍ത്തനമാണ്. ഇന്‍ഫോ പാര്‍ക്കില്‍ ഒരുലക്ഷം തൊഴില്‍ നല്‍കുമെന്നു പറയുമ്പോഴും ഒരു വര്‍ഷത്തിനുള്ളില്‍ ഇതിനുവേണ്ട നിക്ഷേപം എങ്ങനെ നടത്തുമെന്നു പറയുന്നില്ല-അദ്ദേഹം പറഞ്ഞു.

യഥാര്‍ഥ വികസനപ്രശ്‌നങ്ങളെക്കുറിച്ച് മൗനം പാലിക്കുന്ന ബജറ്റാണിത്. വരുമാനസ്രോതസ്സുകള്‍ വ്യക്തമല്ലാത്തതും നടപ്പാക്കാന്‍ കഴിയാത്ത വാഗ്ദാനങ്ങള്‍ നിറഞ്ഞതുമായ ഉത്തരവാദിത്വമില്ലാത്ത ബജറ്റാണിതെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.



MathrubhumiMatrimonial