state budget

15 പുതിയ ഐ.ടി.ഐ.കള്‍

Posted on: 05 Mar 2010


സംസ്ഥാനത്ത് പുതിയ 15 ഐ.ടി.ഐ.കള്‍ ആരംഭിക്കുമെന്ന് ബജറ്റില്‍ ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് പ്രഖ്യാപിച്ചു. തേവലക്കര, കൊല്ലങ്കോട്, റാന്നി, പെരിങ്ങോംവയക്കര, ചെറിയമുണ്ടം, തിരുവമ്പാടി, മലയിന്‍കീഴ്, ചേര്‍പ്പ്, പള്ളുരുത്തി, വേങ്ങൂര്‍, വടകര, മണിയൂര്‍, സീതാംഗോളി, അരൂര്‍, മണലൂര്‍ എന്നിവിടങ്ങളിലാണ് ഐ.ടി.ഐ.കള്‍ തുടങ്ങുക. ഇവയ്ക്കാവശ്യമായ സ്ഥലവും കെട്ടിടവും പ്രാദേശികമായി ലഭ്യമാക്കണമെന്നാണ് നിര്‍ദ്ദേശം. ഐ.ടി.ഐ.കള്‍ക്കു വേണ്ടി 25 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

വിദ്യാഭ്യാസ മേഖലയിലെ അടങ്കല്‍ തുക 208 കോടിയില്‍ നിന്ന് 316 കോടിയാക്കി ഉയര്‍ത്തി. ഇതിന്റെ 40 ശതമാനം സ്‌കൂള്‍ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ളതാണ്. സ്‌കൂളുകളുടെ അക്കാദമിക നിലവാരം ഉയര്‍ത്തുന്നതിനുള്ള പദ്ധതികള്‍ക്ക് 37 കോടി രൂപ വകയിരുത്തി. സാക്ഷരതാ മിഷന് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സഹായം പൂര്‍ണമായി അവസാനിപ്പിച്ച സാഹചര്യത്തില്‍ കേരള സാക്ഷരതാ മിഷന് അഞ്ചു കോടി രൂപ അനുവദിച്ചു.

ആദിവാസി മേഖലകളിലെ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന് പഠിത്തവീട് പദ്ധതി നടപ്പാക്കും. ഒന്നാം ക്ലാസ്സില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ച സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ജില്ലാടിസ്ഥാനത്തില്‍ 10 ലക്ഷം രൂപ വീതം പ്രോത്സാഹനം നല്‍കും. ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കുള്ള ധനസഹായം 57 കോടിയില്‍ നിന്ന് 121 കോടിയാക്കി ഉയര്‍ത്തി. സാങ്കേതിക വിദ്യാഭ്യാസത്തിന്റെ അടങ്കല്‍ 50 കോടിയില്‍ നിന്ന് 65 കോടിയാക്കി. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതൊഴികെ യു.ജി.സി. സ്‌കീമിലെ മറ്റെല്ലാ നിര്‍ദ്ദേശങ്ങളും ഒരു പാക്കേജായി നടപ്പാക്കും. കേന്ദ്ര ധനസഹായം ലഭിക്കുമോ എന്നു പരിശോധിച്ച് മുന്‍കാല പ്രാബല്യത്തിന്റെ കാര്യം പിന്നീട് തീരുമാനിക്കും. അമ്പലപ്പുഴയില്‍ ഒരു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ആരംഭിക്കുമെന്നും പ്രഖ്യാപനമുണ്ടായി.

സര്‍വകലാശാല ലൈബ്രറികളുടെ നവീകരണത്തിന് 30 കോടി രൂപ അനുവദിച്ചു. ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന് അഞ്ചു കോടി രൂപയും വകയിരുത്തി. സര്‍വകലാശാലകളില്‍ നിലവിലുള്ള അധ്യാപക ഒഴിവുകള്‍ പൂര്‍ണമായി നികത്തും. യു.ജി.സി. പദ്ധതിയുടെ ഭാഗമായി അനുവദിക്കുന്ന തസ്തികകള്‍ക്ക് അതത് വര്‍ഷം തന്നെ ഇനിമേല്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കും. കഴിഞ്ഞ 10 വര്‍ഷം ഇപ്രകാരം യു.ജി.സി. അനുവദിച്ച തസ്തികകളില്‍ പകുതിയില്‍ താഴെ മാത്രമേ കേരളം സ്വീകരിച്ചിട്ടുള്ളൂ.

സര്‍വകലാശാലകള്‍ക്ക് പെന്‍ഷന്‍ ഫണ്ട് രൂപവത്കരിക്കാനുള്ള രബീന്ദ്രന്‍ നായര്‍ സമിതിയുടെ നിര്‍ദ്ദേശം അംഗീകരിക്കുകയും 100 കോടി രൂപ ട്രഷറിയില്‍ കോര്‍പസ് ഫണ്ടായി നീക്കിവെയ്ക്കുകയും ചെയ്തു. ഓരോ സര്‍വകലാശാലയും ശമ്പളച്ചെലവിന്റെ 10 ശതമാനം അവരവരുടെ പെന്‍ഷന്‍ ഫണ്ടുകളില്‍ അടയ്ക്കണം.



MathrubhumiMatrimonial