state budget

പഴി മുഴുവന്‍ കേന്ദ്രത്തിന്

Posted on: 05 Mar 2010


കേരളത്തിന്റെ സാമ്പത്തിക ആസൂത്രണവും ധനകാര്യ മാനേജ്‌മെന്റും പുതിയ വിതാനത്തിലേക്ക് ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ക്കിടയിലും മന്ത്രി ഡോ. തോമസ്‌ഐസക്കിന്റെ പുതിയ ബജറ്റില്‍ മുഴങ്ങുന്നത് കേന്ദ്രവിരുദ്ധ സ്വരം.

സാമൂഹികക്ഷേമപദ്ധതികള്‍ക്ക് ലോഭമില്ലാതെ പണം അനുവദിച്ചും പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിഹിതം വന്‍തോതില്‍ കൂട്ടിയും തന്റെയും സര്‍ക്കാരിന്റെയും രാഷ്ട്രീയ പക്ഷപാതം ഒളിവില്ലാതെ തന്നെ ധനമന്ത്രി ബജറ്റില്‍ പ്രകടിപ്പിക്കുന്നു. കേരളത്തിന്റെ സാമ്പത്തിക വികസനത്തിനുള്ള തടസ്സം കേന്ദ്ര നയങ്ങളാണെന്നു സ്ഥാപിക്കാനുള്ള ശ്രമവും ധനമന്ത്രി നടത്തുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ ധന ഉത്തരവാദിത്വനിയമത്തെ തന്റെ ബജറ്റ് പ്രസംഗത്തിന്റെ ആമുഖത്തില്‍തന്നെ വെല്ലുവിളിക്കുന്ന ഡോ. തോമസ്‌ഐസക്ക് കേരളത്തെ സംബന്ധിച്ച് പതിമൂന്നാം ധനകാര്യ കമ്മീഷന്റെ തീര്‍പ്പ് തീര്‍ത്തും നിരാശാജനകമാണെന്നാണ് പ്രഖ്യാപിച്ചത്. പതിമൂന്നാം കമ്മീഷന്റെ തീര്‍പ്പുപ്രകാരം നമ്മുടെ നികുതിവിഹിതം 2.6 ശതമാനത്തില്‍നിന്നും 2.3 ശതമാനമായി കുറഞ്ഞിരിക്കുന്നുവെന്നും ഇതിന്റെ ഫലമായി 12-ാം ധനകാര്യ കമ്മീഷന്റെ നികുതിവിഹിത തോത് അനുസരിച്ച് കിട്ടുമായിരുന്നതിനേക്കാള്‍ ഏതാണ്ട് 5000 കോടി രൂപയുടെ കുറവ് അടുത്ത അഞ്ചു വര്‍ഷംകൊണ്ട് കേരളത്തിനുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ അടുത്ത ഏതാനും വര്‍ഷംകൊണ്ട് ധനകാര്യ കമ്മീഷന്‍ പറയുന്നതുപോലെ റവന്യൂ കമ്മി ഇല്ലാതാക്കണമെങ്കില്‍ ശമ്പളപരിഷ്‌കരണം വേണ്ടെന്നുവെയ്ക്കണം, ക്ഷേമ പെന്‍ഷനുകള്‍ വെട്ടിക്കുറയ്ക്കണം. അങ്ങനെ ജീവനക്കാരുടെയും ജനങ്ങളുടെയും ചെലവില്‍ കമ്മി ഇല്ലാതാക്കാനാണ് ധനകാര്യ കമ്മീഷന്‍ നിര്‍ദ്ദേശിച്ചതെന്നും ഇതിന് കേരളം തയ്യാറല്ലെന്ന മറുപടിയാണ് തന്റെ ബജറ്റെന്നുമുള്ള ഡോ. തോമസ്‌ഐസക്കിന്റെ പ്രഖ്യാപനത്തിന്റെ പിന്നിലെ രാഷ്ട്രീയലക്ഷ്യം വ്യക്തമാണ്.

കമ്മി ഇല്ലാതാക്കാനുള്ള ചുമതല നിരുപാധികമായി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്ന പ്രഖ്യാപനത്തോടെ കേന്ദ്രത്തോട് ഏറ്റുമുട്ടാനുള്ള സന്നദ്ധത പ്രകടിപ്പിക്കുന്ന സംസ്ഥാന ധനമന്ത്രി തോമസ്‌ഐസക്ക് ആ പോരാട്ടത്തില്‍ ജീവനക്കാരുടെയും തൊഴിലാളികളുടെയും പിന്തുണ തനിക്കുണ്ടായിരിക്കണമെന്ന് പരോക്ഷമായി ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.

ആഗോള സാമ്പത്തികമാന്ദ്യത്തെ നേരിടുന്നതിനുള്ള ഉത്തേജക പാക്കേജിന്റെ മറവില്‍ കേന്ദ്ര സര്‍ക്കാര്‍ കുത്തക വ്യവസായികള്‍ക്ക് വന്‍തോതില്‍ ഇളവുകള്‍ നല്‍കിയെന്നും ഒടുവില്‍ കമ്മി കുറയ്ക്കാന്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കുകയാണെന്നും സംസ്ഥാന ബജറ്റ് കുറ്റപ്പെടുത്തുന്നുണ്ട്.

ആസിയാന്‍ കരാര്‍ മുതല്‍ അടുത്തകാലത്ത് കേന്ദ്രസര്‍ക്കാര്‍ വരുത്തിയ പെട്രോളിയംവിലവര്‍ധന വരെയുള്ള നടപടികളെ വിമര്‍ശിക്കുന്ന ബജറ്റ് ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലക്കയറ്റം കേരളത്തിലാണെന്ന് ആശ്വാസം പ്രകടിപ്പിക്കുകയും ചെയ്യുന്നു.

ഗ്രാമീണര്‍ക്കായി കേന്ദ്രം തൊഴിലുറപ്പ് പദ്ധതി പ്രഖ്യാപിച്ചെങ്കില്‍ കേരളം നഗര തൊഴിലുറപ്പുപദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കേന്ദ്രം പ്രഖ്യാപിച്ച ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും സംസ്ഥാന സര്‍ക്കാര്‍ വഴി നടപ്പാക്കുന്നുവെന്നതിനാല്‍ രണ്ടിന്റെയും ഗുണം തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കുതന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ധനമന്ത്രി.

ഖാദി, ഹാന്‍ഡ്‌ലൂം, കയര്‍ തുടങ്ങി എല്ലാ പരമ്പരാഗത മേഖലകളിലെയും തൊഴിലാളികള്‍ക്ക് കൂലി കുറവായതിനാല്‍ അനുപൂരക വരുമാനം കിട്ടാനുള്ള പദ്ധതി പ്രഖ്യാപിക്കുക വഴി അടുത്ത പഞ്ചായത്ത്-നിയമസഭാ തിരഞ്ഞെടുപ്പ് തന്നെയാണ് ധനമന്ത്രി ലക്ഷ്യമാക്കുന്നത്.

കേന്ദ്ര നയങ്ങളെയും നിലപാടുകളെയും കിട്ടിയ എല്ലാ അവസരങ്ങളിലും വിമര്‍ശിക്കുന്ന തോമസ്‌ഐസക്ക് പക്ഷേ കാര്‍ഷിക പാക്കേജുകള്‍, ആരോഗ്യക്ഷേമ പദ്ധതികള്‍ തുടങ്ങിയവ നടപ്പാക്കുന്നതിന് ആശ്രയിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ ധനസഹായത്തെയാണെന്ന വൈരുദ്ധ്യവും ഉണ്ട്.





MathrubhumiMatrimonial