state budget

മദ്യത്തിന് വില കൂടും

Posted on: 05 Mar 2010


അധിക വിഭവ സമാഹരണത്തിന്റെ ഭാഗമായി മദ്യത്തിന്റെ നികുതി 10 ശതമാനം വര്‍ധിപ്പിച്ചു. എന്നാല്‍, വൈന്‍, ബിയര്‍ എന്നിവയുടെ നികുതി നിരക്ക് 10 ശതമാനം കുറച്ചു. ഇതോടെ വീര്യമുള്ള മദ്യത്തിന് വില കൂടും. ഇതില്‍ നിന്ന് ഏതാണ്ട് 200 കോടിയോളം രൂപയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. പത്തുവര്‍ഷത്തിനുശേഷമാണ് മദ്യത്തിന്റെ നികുതി കൂട്ടുന്നത്. സ്വര്‍ണ വ്യാപാരത്തിലെ നികുതി വെട്ടിപ്പ് തടയാന്‍ വ്യാപാരികള്‍ കോമ്പൗണ്ട് ചെയ്യേണ്ട നികുതി നിരക്കുകള്‍ കൂട്ടി.

സ്വര്‍ണത്തിന്റെ വില വന്‍തോതില്‍ ഉയര്‍ന്നിട്ടും നികുതി വരവ് ആനുപാതികമായി കൂടിയിട്ടില്ല. ഈ മേഖലയില്‍ ഭൂരിപക്ഷം വ്യാപാരികള്‍ ദുര്‍ബലപ്പെടുകയാണ്. വ്യാപാരം ഏതാനും വന്‍കിട സ്ഥാപനങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. ഈ സാഹചര്യത്തിലാണ് നികുതിയിലെ ക്രമീകരണം. 10 ലക്ഷം വരെ വിറ്റുവരവുള്ളവര്‍ 105%, 10 മുതല്‍ 40വരെ 110%, 40 ലക്ഷം മുതല്‍ ഒരുകോടി വരെ 115%, ഒരു കോടിക്ക് മുകളില്‍ 125%. വന്‍കിട വ്യാപാരികളില്‍നിന്ന് കൂടുതല്‍ നികുതി കിട്ടാനാണ് ഈ ക്രമീകരണം. സ്വര്‍ണ വ്യാപാരത്തില്‍ നിന്ന് 2005-06 വര്‍ഷം ലഭിച്ച നികുതി 21 കോടിയായിരുന്നു. എന്നാല്‍ 2008-09 ല്‍ ഇത് 150 കോടിയായി. ഈ വര്‍ഷം ജനവരിവരെ 132 കോടി രൂപ ലഭിച്ചു. മൂന്ന് നക്ഷത്ര പദവിയുള്ള ഹോട്ടലുകള്‍ക്കും കോമ്പൗണ്ടിങ് സൗകര്യം നല്‍കും. സാധാരണ ക്രഷറുകളുടെ കോമ്പൗണ്ടിങ് നികുതി കുറച്ചെങ്കിലും കോണ്‍ക്രഷറുകളുടെ നികുതി നിരക്ക് ഇപ്പോഴത്തെ 10 ലക്ഷത്തില്‍ നിന്ന് 15 ലക്ഷമായി ഉയര്‍ത്തി.

അന്യസംസ്ഥാനങ്ങളില്‍ നിന്ന് സാധനങ്ങള്‍ കൊണ്ടുവന്ന് നികുതി വെട്ടിക്കുന്നത് തടയാന്‍ നടപടി പ്രഖ്യാപിച്ചിട്ടുണ്ട്. സ്വന്തം ആവശ്യത്തിന് എന്ന പേരില്‍ രണ്ടുലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള സാധനങ്ങള്‍ കൊണ്ടുവരുമ്പോള്‍ നികുതിവെട്ടിപ്പുണ്ട് എന്ന് സംശയം തോന്നിയാല്‍ കേരളത്തില്‍ ഇതിന് നല്‍കേണ്ട നികുതിക്ക് തുല്യമായ സംഖ്യ സെക്യൂരിറ്റിയായി നല്‍കണം. അന്വേഷണത്തില്‍ നികുതി വെട്ടിപ്പില്ലെന്ന് ബോധ്യപ്പെട്ടാല്‍ തുക സമയബന്ധിതമായി തിരിച്ചു നല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപിക്കുന്നു.

ആയുര്‍വേദ പല്‍പ്പൊടികള്‍ക്ക് നാലുശതമാനം നികുതിയീടാക്കാന്‍ നിയമഭേദഗതി കൊണ്ടുവരും. നികുതി ചോര്‍ച്ച തടയാന്‍ നെയ്യിന്റെ നികുതി നാലുശതമാനമാക്കി കുറയ്ക്കും. ചെറുകിട യൂണിറ്റുകളെ സഹായിക്കാന്‍ ഉണക്കമീന്‍, ഉണക്ക ചെമ്മീന്‍ വറുത്തത്, ഇവയുടെ ചമ്മന്തിപ്പൊടികള്‍, തേങ്ങാച്ചമ്മന്തിപ്പൊടി, വേപ്പിലപ്പൊടി, ആയുര്‍വേദ ദാഹശമിനി എന്നിവയുടെ നികുതി നാല് ശതമാനമായി കുറയ്ക്കും. ഇതിന് 2005 ഏപ്രില്‍ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യമുണ്ട്.

വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിലാണ് ഇറക്കുമതി ചെയ്ത പഞ്ചസാരയ്ക്ക് നികുതി ഒഴിവ് നല്‍കിയത്. 20 ലിറ്ററോ അതില്‍ കൂടുതലോ വരുന്ന കുപ്പിവെള്ളത്തിന്റെ നികുതി 12.5 ശതമാനത്തില്‍ നിന്ന് നാല് ആയി കുറയ്ക്കും. കൈകൊണ്ട് ഉത്പാദിപ്പിക്കുന്ന സോപ്പിന്റെ നികുതി നാലുശതമാനമായി ഏകീകരിക്കും. മിലിട്ടറി, നേവി, എയര്‍ഫോഴ്‌സ്, എന്‍.സി.സി. കാന്റീന്‍ എന്നിവ മുഖേനയുള്ള വാഹന വില്പനയ്ക്കും നികുതിയിളവ് ലഭിക്കും. ഇവിടങ്ങളില്‍ നിന്ന് വാഹനം വാങ്ങുന്നതിനുള്ള ചെലവ് കുറയും. ഓട്ടോമൊബൈല്‍ ഡീലര്‍മാര്‍ ഈടാക്കുന്ന റിപ്പയര്‍ ചാര്‍ജിനും നികുതി കോമ്പൗണ്ടിങ് ഏര്‍പ്പെടുത്തി. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായി ടൂറിസം മേഖലയിലെ തളര്‍ച്ചകാരണം ആഡംബര നികുതിയില്‍ ഇളവ് പ്രഖ്യാപിച്ചു. നിലവിലുള്ള 10 ശതമാനം 7.5 ആയും 15 ശതമാനം 12.5 ആയും കുറയും. അയ്യായിരത്തില്‍ താഴെ കണക്ഷനുകളുള്ള കേബിള്‍ ടി.വി. ഓപ്പറേറ്റര്‍മാരെ ആഡംബര നികുതിയില്‍ നിന്ന് ഒഴിവാക്കും. ഫ്രാഞ്ചൈസി വഴിയുള്ള കണക്ഷനുകളും കണക്കാക്കും. ഡി.ടി.എച്ച്. സേവനത്തിന് ആഡംബര നികുതി ഏര്‍പ്പെടുത്തി. വരിസംഖ്യ, റീചാര്‍ജ്, സ്ഥാപക ചാര്‍ജ് ഉള്‍പ്പെടെയുള്ള മൊത്തം തുകയിന്‍മേല്‍ ഒരു ശതമാനമായിരിക്കും നികുതി.



MathrubhumiMatrimonial