state budget

റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ ഉണര്‍വ്‌

Posted on: 05 Mar 2010


കൊച്ചി: ബജറ്റില്‍ സ്റ്റാമ്പ് ഡ്യൂട്ടിയില്‍ ഗണ്യമായ കുറവ് വരുത്തിയതോടെ സംസ്ഥാനത്ത് റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ ഉണര്‍വ്. സ്റ്റാമ്പ് ഡ്യൂട്ടിയുടെ മേലുള്ള സര്‍ച്ചാര്‍ജ് പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്.

സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ ഫീസും സര്‍ച്ചാര്‍ജും അടക്കം കോര്‍പ്പറേഷനുകളിലെ നിരക്ക് 11 ശതമാനമായും മുന്‍സിപ്പാലിറ്റിയിലേത് 10 ശതമാനമായും പഞ്ചായത്തുകളിലേത് 9 ശതമാനമായും കുറച്ചു. നേരത്തെ ഇത് യഥാക്രമം, 15.5, 14.5, 12 ശതമാനമായിരുന്നു. ഇതോടെ സംസ്ഥാനത്ത് വസ്തു വില്‍പന ഉയരാനിടയുണ്ട്. രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന സ്റ്റാമ്പ് ഡ്യൂട്ടി ഉണ്ടായിരുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം.

ഫ്‌ളാറ്റുകളുടെയും വില്ലകളുടെയും സ്റ്റാമ്പ് ഡ്യൂട്ടിയും ഗണ്യമായി കുറച്ചിട്ടുണ്ട്. ഇവയുടെ സ്റ്റാമ്പ് ഡ്യൂട്ടി അഞ്ച് ശതമാനമായാണ് ( ഓരോ 100 രൂപയ്ക്കും അഞ്ച് രൂപ നിരക്കില്‍) കുറച്ചിരിക്കുന്നത്. രജിസ്‌ട്രേഷന്‍ ഫീസ് രണ്ട് ശതമാനമായി തുടരും. ഇതോടെ ഫ്‌ളാറ്റുകളുടെ രജിസ്‌ട്രേഷനും സ്റ്റാമ്പ് ഡ്യൂട്ടിക്കും കൂടി, മൊത്തംവിലയുടെ ഏഴ് ശതമാനം കൊടുത്താല്‍ മതിയാകും. ഈ നിര്‍ദ്ദേശം വളരെയേറെ സ്വാഗതാര്‍ഹമാണെന്ന് ബില്‍ഡര്‍മാരുടെ സംഘടനയായ ക്രെഡായ് കൊച്ചിയുടെ പ്രസിഡന്റ് ഡോ.നജീബ് സഖറിയ പറഞ്ഞു.

എന്നാല്‍ ഫ്‌ളാറ്റുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി ആറ് മാസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ ഈ ഇളവ് ബാധകമാകുകയുള്ളൂ. പഴയ ഫ്‌ളാറ്റുകളുടെ വില്‍പനയ്ക്ക് ഈ ഇളവ് ലഭിക്കില്ല.

ഈ നിബന്ധന കൂടി ഒഴിവാക്കിയിരുന്നെങ്കില്‍ ബജറ്റ് നന്നാകുമായിരുന്നൂവെന്ന് കേരളാ ബില്‍ഡേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം.ഡി.ജയരാജ് അഭിപ്രായപ്പെട്ടു.

സ്റ്റാമ്പ് ഡ്യൂട്ടി നിരക്കുകള്‍ കുറച്ചതോടെ 30 ലക്ഷം രൂപ വില വരുന്ന ഫ്‌ളാറ്റിന് ഈയിനത്തില്‍ 1.2 ലക്ഷം രൂപ വരെ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാല്‍ സ്റ്റാമ്പ് ഡ്യൂട്ടി കുറച്ചതു കൊണ്ടു മാത്രം സ്ഥലത്തിന്റെയും ഫ്‌ളാറ്റുകളുടെയും വില കുറയാനിടയില്ലെന്നാണ് ഒരു കൂട്ടരുടെ പക്ഷം. ഏപ്രില്‍ ഒന്നു
മുതല്‍ സംസ്ഥാനത്ത് ന്യായവില (ഫെയര്‍ വാല്യു) നടപ്പാക്കുകയാണ്. കേരളത്തിലെ ഭൂമിയെ 15 ഇനങ്ങളായി തിരിച്ച് ഓരോ പ്രദേശത്തിനും പ്രത്യേക വിലയാണ് ഇതുവഴി നിശ്ചയിക്കുന്നത്. ന്യായവില വിപണി വിലയെക്കാള്‍ കൂടുതലാണെന്ന് ശക്തമായ ആക്ഷേപമുണ്ട്. ഈ സാഹചര്യത്തില്‍ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലെ ചെലവ് കൂടാനേ ഇടയുള്ളൂവെന്ന് അസറ്റ് ഹോംസിന്റെ മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് സലീം വ്യക്തമാക്കി.

പരിസ്ഥിതി സൗഹൃദ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അപ്പാര്‍ട്ട്‌മെന്റ് സമുച്ചയങ്ങള്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടിയില്‍ കൂടുതല്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. ഇത്തരം അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് നാല് ശതമാനമായിരിക്കും സ്റ്റാമ്പ് ഡ്യൂട്ടി. മഴവെള്ള സംഭരണി, ഊര്‍ജ്ജം കുറച്ചുമാത്രം ഉപയോഗിക്കുന്ന വൈദ്യുതോപകരണങ്ങള്‍, സൗരോര്‍ജപാനലുകള്‍ എന്നിവ ഉപയോഗിച്ചിട്ടുള്ളതായി ചാര്‍ട്ടേഡ് എന്‍ജിനീയര്‍ സാക്ഷ്യപ്പെടുത്തിയാലാണ് ഈ ഇളവ് ലഭിക്കുക.

ആര്‍.റോഷന്‍



MathrubhumiMatrimonial