state budget

വിദ്യാഭ്യാസ മേഖലയ്ക്ക് 316 കോടി

Posted on: 05 Mar 2010


തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയ്ക്ക് ബജറ്റില്‍ 316 കോടി രൂപയാണ് ധനമന്ത്രി തോമസ് ഐസക് വകയിരുത്തിയിരിക്കുന്നത്. ഇതില്‍ 121 കോടി ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കാണ്. സ്‌കൂളുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 37 കോടിയും അക്കാദമിക് നിലവാരം ഉയര്‍ത്താന്‍ 36 കോടിയും വകയിരുത്തിയിട്ടുണ്ട്. ഒന്നാം ക്ലാസില്‍ കൂടുതല്‍ കുട്ടികളെ ചേര്‍ക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് 10 ലക്ഷം രൂപ ബജറ്റില്‍ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ആദിവാസി വിഭാഗത്തില്‍പ്പെട്ട പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് എസ്.എസ്.എ യുടെ ആഭിമുഖ്യത്തില്‍ പഠിത്ത വീട് പദ്ധതിയും പ്രഖ്യാപിച്ചു.

സര്‍വ്വകലാശാലകളിലെ അധ്യാപ ഒഴിവുകള്‍ പൂര്‍ണ്ണമായി നികത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. ഈ മാര്‍ച്ചുമുതല്‍ യു.ജി.സി നിരക്കില്‍ ശമ്പളം നല്‍കുമെന്നും മന്ത്രി പറഞ്ഞു. കോളേജ് അധ്യാപകരുടെ പെന്‍ഷന്‍ പ്രായം കൂട്ടില്ലന്നുള്ളതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. വിവിധ സര്‍വ്വകലാശാലകളുടെ പരീക്ഷാ വിഭാഗം നവീകരിക്കുന്നതിന് 5 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
എല്ലാ സര്‍വ്വകലാശാലകളിലേയും ലൈബ്രറികള്‍ക്കുള്ള ധനസഹായം വര്‍ദ്ധിപ്പിക്കും. കണ്ണൂര്‍ സര്‍വ്വകലാശാലയ്ക്ക് 20 % കാര്‍ഷിക സര്‍വ്വകലാശാലയ്ക്ക് 15 % അധിക സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.

സര്‍വ്വകലാശാലകള്‍ക്ക് പെന്‍ഷന്‍ ഫണ്ട് രൂപീകരിക്കുമെന്നും അമ്പലപ്പുഴയില്‍ ആര്‍ട്‌സ്-സയന്‍സ് കോളേജുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. പൂക്കോട് വെറ്റിനറി കോളേജ്, പനങ്ങാട് കാര്‍ഷിക കോളേജ് എന്നിവയ്ക്ക് 1 കോടി വീതം അനുവദിച്ചിട്ടുണ്ട്.. പോളി ടെക്‌നിക് വികസനത്തിന് 11 കോടിയും പ്രഖ്യാപിച്ചു. സംസ്ഥാനത്ത് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്ന മെഡിക്കല്‍ സര്‍വ്വകലാശാല ഈ വര്‍ഷം തന്നെ തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു.



MathrubhumiMatrimonial