state budget

പുതിയതായി ഒന്നുമില്ലാത്ത ബജറ്റ്: ഉമ്മന്‍ചാണ്ടി

Posted on: 05 Mar 2010


തിരുവനന്തപുരം: പുതിയതായി പ്രത്യേകിച്ചൊന്നുമില്ലാത്ത ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. യാഥാര്‍ത്ഥ്യബോധമില്ലാതെ കയ്യടി നേടാനുള്ള തന്ത്രങ്ങളാണ് ബജറ്റിലുള്ളത്. വന്‍തുകകള്‍ പദ്ധതികള്‍ക്കായി വകയിരുത്തുമെന്ന് ധനമന്ത്രി പറയുന്നു. എന്നാല്‍ ഇതെങ്ങനെ സമാഹരിക്കുമെന്ന് തോമസ് ഐസക് വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ ഇത് നടക്കാന്‍ പോകുന്നില്ല.

കഴിഞ്ഞവര്‍ഷം അവതരിപ്പിച്ച ബജറ്റില്‍ പ്രഖ്യാപിച്ച നടപടികളില്‍ പലതും ഇതുവരെയും ലക്ഷ്യം കാണുകയോ തുടങ്ങിവെക്കുകയോ ചെയ്തിട്ടില്ലെന്നും പല പദ്ധതികളും പേരുമാറ്റി അവതരിപ്പിക്കുകയാണ് ചെയ്‌തെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മൂലധന ചെലവ് മുന്‍ വര്‍ഷത്തേക്കാള്‍ 2200 കോടി അധികം വേണമെന്നാണ് ധനമന്ത്രി പറഞ്ഞത്. സാമ്പത്തികസ്തംഭത്തിനിടെ ഇതങ്ങനെ സാധ്യമാകുമെന്ന് വ്യക്തമല്ല.

അതേസമയം അധികവിഭവസമാഹരണത്തിന്റെ കാര്യത്തില്‍ പരാജയപ്പെട്ടുവെന്ന് ധനമന്ത്രി തന്നെ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. മലബാര്‍ പാക്കേജിന് 1500 കോടി പ്രഖ്യാപിച്ചു. ഉത്തര കേരള പാക്കേജ് എന്ന പേരില്‍ മുന്‍ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതി ഇതുവരെ തുടങ്ങിയിട്ടില്ല. ഇതാണിപ്പോള്‍ മലബാര്‍ പാക്കേജ് എന്ന പേരില്‍ വീണ്ടും പ്രഖ്യാപിച്ചതെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. ബജറ്റ് നിരാശാജനകമാണെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല പ്രതികരിച്ചു.



MathrubhumiMatrimonial