budget head

സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ഊന്നല്‍

Posted on: 27 Feb 2010

പി.കെ.മണികണുന്‍



ന്യൂഡല്‍ഹി : വിദ്യാഭ്യാസമാണ് വികസനത്തിന്റെ അടിത്തറയെന്ന കാഴ്ചപ്പാട് കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ അടിവരയിട്ടു വ്യക്തമാക്കി. ബജറ്റിലെ 'സമഗ്രോന്മുഖ വികസനം' എന്ന പ്രത്യേക ഭാഗത്താണ് വിദ്യാഭ്യാസത്തെക്കുറിച്ച് പരാമര്‍ശിക്കുന്നത്. സര്‍വശിക്ഷാ അഭിയാന്‍ പദ്ധതിയുടെ വിജയവും ബജറ്റ് പ്രസംഗത്തില്‍ കടന്നുവന്നു. ഒപ്പം സ്‌കൂള്‍ വിദ്യാഭ്യാസത്തിനുള്ള പദ്ധതി വിഹിതം 26,800 കോടി രൂപയില്‍ നിന്നും 31,036 കോടി രൂപയാക്കി വര്‍ധിപ്പിച്ചതായി ധനമന്ത്രി പ്രണബ് മുഖര്‍ജി പ്രഖ്യാപിച്ചു. ഇതിനു പുറമെ 13-ാം ധനകാര്യ കമ്മീഷന്റെ ധനസഹായമായി 3,675 കോടി രൂപയും സംസ്ഥാനങ്ങള്‍ക്കു ലഭിക്കും.

എന്നാല്‍ സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് ഇത്തവണകേവലം 81.45 കോടിരൂപയേ നീക്കിവച്ചുള്ളൂ. ഉന്നത വിദ്യാഭ്യാസ വായ്പയുടെ പലിശയ്ക്കുള്ള സബ്‌സിഡി 500 കോടി രൂപയാക്കി ഉയര്‍ത്തിയത് വിദ്യാര്‍ഥികള്‍ക്ക് ഗുണകരമാവും. കഴിഞ്ഞ തവണ ഇതിനു പത്തു ലക്ഷം മാത്രമായിരുന്നു വിഹിതം.

വിദ്യാഭ്യാസ മേഖലയ്ക്കായി പദ്ധതി അടങ്കല്‍ 42032 കോടി രൂപയും പദ്ധതിയേതര അടങ്കല്‍ 7872 കോടി രൂപയുമായി മൊത്തം 49904 കോടി രൂപ ബജറ്റില്‍ വകയിരുത്തി. അധ്യാപക പരിശീലന കേന്ദ്രങ്ങള്‍ക്കുള്ള 450 കോടി രൂപ, ഉച്ചഭക്ഷണ പദ്ധതിക്കുള്ള 2545.12 കോടി രൂപ, സര്‍വശിക്ഷാ അഭിയാനുള്ള 4994.10 കോടി രൂപ, മദ്രസ വിദ്യാഭ്യാസം മെച്ചപ്പെടുത്താനായി 45 കോടി രൂപ, ന്യൂനപക്ഷ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 9.67 കോടി രൂപ തുടങ്ങിയവയുള്‍പ്പെടെ പ്രാഥമിക വിദ്യാഭ്യാസ മേഖലയ്ക്ക് മൊത്തം 22667.29 കോടി രൂപ നീക്കിവെച്ചു.

കേന്ദ്രീയ വിദ്യാലയങ്ങള്‍ക്ക് 1967 കോടി രൂപ, നവോദയ വിദ്യാലയങ്ങള്‍ക്ക് 1616.90 കോടി, സ്‌ക്കൂളുകളില്‍ ഐ.ടി പഠനത്തിനായി 360 കോടി, പെണ്‍കുട്ടികള്‍ക്കുള്ള ആനുകൂല്യത്തിന് 45 കോടി, പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ നിര്‍മാണത്തിന് 90 കോടി തുടങ്ങിയവയുള്‍പ്പെടെ സെക്കന്‍ഡറി വിദ്യാഭ്യാസ മേഖലയ്ക്ക് 6372.04 കോടി രൂപ മൊത്തം വകയിരുത്തി.

ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കായി 5694 കോടിയുടെ പദ്ധതിയേതര അടങ്കലടക്കം 16690 കോടി രൂപ വകയിരുത്തി. 3450.86 കോടി രൂപ പദ്ധതിയേതര അടങ്കലുള്‍പ്പെടെ യു.ജി.സിക്ക് 7335.86 കോടി രൂപയാണ് നീക്കി വെച്ചത്.





MathrubhumiMatrimonial