budget head

ഗ്രാമീണവികസനത്തിന് 66,100 കോടി രൂപ

Posted on: 26 Feb 2010


ന്യൂഡല്‍ഹി: ഗ്രാമീണവികസനത്തിന് ബജറ്റില്‍ നീക്കിവെച്ചത് 66,100 കോടി രൂപയാണ്. ഗ്രാമീണമേഖലയുടെ അടിസ്ഥാനസൗകര്യവികസനത്തിന് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്കുന്നതെന്ന് ധനമന്ത്രി പ്രസംഗത്തില്‍ വ്യക്തമാക്കി.
യു.പി.എ. സര്‍ക്കാറിന്റെ മുന്‍ഗണനാ പദ്ധതികളില്‍ ഒന്നായ 'മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി'ക്കുള്ള വകയിരുത്തല്‍ 2010-11 വര്‍ഷം 40,100 കോടിയായി ഉയര്‍ത്തി.
ഗ്രാമീണ അടിസ്ഥാനസൗകര്യവികസനത്തിനുള്ള 'ഭാരത് നിര്‍മാണ്‍ പദ്ധതി'യുടെ വകയിരുത്തല്‍ 48,000 കോടിയായും വര്‍ധിപ്പിച്ചു.
ദുര്‍ബലവിഭാഗങ്ങള്‍ക്ക് വീട് നിര്‍മിക്കാനുള്ള 'ഇന്ദിരാ ആവാസ് യോജന' പ്രകാരം സമതലപ്രദേശങ്ങളിലെ നിര്‍മാണത്തിനുള്ള യൂണിറ്റ് ചെലവ് 45,000 രൂപയായും മലമ്പ്രദേശങ്ങളില്‍ 48,500 രൂപയായും ഉയര്‍ത്തി.
രാജ്യത്തെ പിന്നാക്കജില്ലകളുടെ വികസനം വേഗത്തിലാക്കാന്‍ പിന്നാക്കമേഖലാ സഹായഫണ്ടിനുള്ള നീക്കിവെപ്പ് 26 ശതമാനം കൂടുമെന്ന് ധനമന്ത്രി അറിയിച്ചു.
2009-10 വര്‍ഷം 5,800 കോടിയായിരുന്ന വകയിരുത്തല്‍ 2010-11 വര്‍ഷം 7,300 കോടിയായി.
ഉത്തര്‍പ്രദേശിലെ വരള്‍ച്ചബാധിതപ്രദേശമായ ബുന്ദേല്‍ഖണ്ഡിലെ വരള്‍ച്ചാദുരിതാശ്വാസത്തിന് 1,200 കോടി ബജറ്റില്‍ വകയിരുത്തി.





MathrubhumiMatrimonial