budget head

പൊള്ളും പെട്രോള്‍ ഡീസല്‍

Posted on: 26 Feb 2010



ന്യൂഡല്‍ഹി: ആഗോള മാന്ദ്യത്തിന്റെ ആഘാതത്തെ വിജയകരമായി തരണം ചെയ്ത് സമ്പദ്ഘടനയ്ക്ക് ഉതകുംവിധത്തിലുള്ള സമ്മിശ്ര ബജറ്റാണ് കേന്ദ്ര ധനമന്ത്രി പ്രണബ്മുഖര്‍ജി വെള്ളിയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.

പെട്രോളിയം ഉത്പന്നങ്ങളടക്കമുള്ളവയുടെ മേല്‍ ചുമത്തുന്ന പരോക്ഷ നികുതികള്‍ വര്‍ധിപ്പിച്ച ധനമന്ത്രി ആദായനികുതിദായകര്‍ക്ക് ആശ്വാസം പകരുകയും അടിസ്ഥാന സൗകര്യ-ക്ഷേമ മേഖലകള്‍ക്കുള്ള വിഹിതം കുത്തനെ കൂട്ടുകയും ചെയ്തു. അസംസ്‌കൃത എണ്ണയ്ക്ക് അഞ്ചു ശതമാനം, പെട്രോളിനും ഡീസലിനും 7.5 ശതമാനം, സംസ്‌കരിച്ച മറ്റു ഉത്പന്നങ്ങള്‍ക്ക് പത്തു ശതമാനം എന്ന തോതില്‍ അടിസ്ഥാന തീരുവ പുനഃസ്ഥാപിച്ചതും പെട്രോളിന്റെയും ഡീസലിന്റെയും എകൈ്‌സസ് തീരുവ ലിറ്ററിന് ഒരു രൂപ വീതം കൂട്ടിയതുമാണ് ബജറ്റിലെ 'അപ്രിയ' നിര്‍ദേശങ്ങള്‍. നിരക്കുവര്‍ധന വെള്ളിയാഴ്ച അര്‍ധരാത്രി പ്രാബല്യത്തില്‍ വന്നു. ആഗോള മാന്ദ്യത്തെ നേരിടാനായി നടപ്പാക്കിയ സാമ്പത്തിക ഉത്തേജന നടപടികള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കാനുള്ള സര്‍ക്കാറിന്റെ തീരുമാനമാണ് ഈ നിര്‍ദേശങ്ങളില്‍ പ്രതിഫലിക്കുന്നത്. സുചിന്തിതവും യാഥാര്‍ഥ്യബോധത്തിലൂന്നിയതുമായ ഈ നീക്കങ്ങള്‍ക്കിടയിലും ബജറ്റിനെ ജനപ്രിയമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആദായനികുതി ഘടനയില്‍ വരുത്തിയ മാറ്റങ്ങളും ക്ഷേമമേഖലയ്ക്കു നല്‍കിയ ഊന്നലും.

പ്രത്യക്ഷ നികുതിയിളവുകള്‍ അനുവദിക്കുന്നതുമൂലം സര്‍ക്കാറിന് 26,000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാവുമ്പോള്‍, പരോക്ഷ നികുതി വര്‍ധനയിലൂടെ 46000 കോടിയുടെ അധിക സമാഹരണം സാധ്യമാക്കാന്‍
ധനമന്ത്രിക്ക് സാധിച്ചു.

പ്രണബ് പറയുന്നു

ഇന്നിവിടെ നിങ്ങള്‍ക്കുമുന്നില്‍ നില്‍ക്കുമ്പോള്‍ എനിക്ക് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയും; പ്രതിസന്ധിയുടെ കാലം നമ്മള്‍ അതിജീവിച്ചു കഴിഞ്ഞു. എങ്കിലും ഒമ്പതുമാസം മുമ്പ് യു.പി.എ. സര്‍ക്കാര്‍ അധികാരമേറ്റ കാലത്തുള്ള വെല്ലുവിളികള്‍ അവസാനിച്ചെന്നു പറയാറായിട്ടില്ല. ഒരുകാര്യം ഉറപ്പിക്കാം; വരും വര്‍ഷങ്ങള്‍ ഇന്ത്യയ്ക്ക് സമഗ്ര വളര്‍ച്ചയുടേതാകും


ഊന്നല്‍ കൃഷി ഗ്രാമവികസനം


ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്കുള്ള വിഹിതം കൂട്ടി; 40,100 കോടി രൂപ
അസംഘടിതമേഖലയിലെ തൊഴിലാളികളുടെ സാമൂഹികസുരക്ഷയ്ക്കായി ദേശീയ പദ്ധതി.
പ്രാരംഭ മൂലധനമായി ആയിരം കോടി രൂപ.
മൊത്തം പദ്ധതിവിഹിതത്തില്‍ 25 ശതമാനം ഗ്രാമീണ അടിസ്ഥാനസൗകര്യ വികസനത്തിന്.
ഗ്രാമീണ അടിസ്ഥാനസൗകര്യവികസനത്തിനുള്ള 'ഭാരത്‌നിര്‍മാണ്‍' പദ്ധതിക്ക് 48,000 കോടി രൂപ.
ഈ സാമ്പത്തികവര്‍ഷം 37,000 കോടിയുടെ കാര്‍ഷിക വായ്പ; തിരിച്ചടവ് കാലാവധി ആറു മാസത്തേക്ക് നീട്ടി.
ഹ്രസ്വകാല വിളവായ്പ പലിശയിളവ് രണ്ടു ശതമാനമാക്കി
വിദ്യാഭ്യാസമേഖലയ്ക്കുള്ള വിഹിതം 49,904 കോടി


പെട്രോളിയം ഇതര ഉത്പന്നങ്ങളുടെ എകൈ്‌സസ് തീരുവ പത്തു ശതമാനമായി ഉയര്‍ത്തി
ആഭ്യന്തര കമ്പനികള്‍ക്കുമേല്‍ ചുമത്തിയ നികുതി സര്‍ച്ചാര്‍ജ് പത്തു ശതമാനത്തില്‍നിന്ന് ഏഴര ശതമാനമാക്കി
സേവന നികുതിയില്‍ മാറ്റമില്ല; പത്തു ശതമാനം
പത്തു ലക്ഷം രൂപവരെയുള്ള ഭവനവായ്പകള്‍ക്ക് ഒരു
ശതമാനം പലിശയിളവു നല്‍കുന്ന പദ്ധതി 2011 മാര്‍ച്ച് 31വരെ നീട്ടി. 20 ലക്ഷത്തിനു താഴെ ചെലവു വരുന്ന ഭവന നിര്‍മാണത്തിനാണ് ഈ ഇളവ്
ഭവന പദ്ധതികള്‍ നികുതിയാനുകൂല്യത്തോടെ പൂര്‍ത്തീകരിക്കുന്നതിനുള്ള കാലാവധി നാലില്‍നിന്ന് അഞ്ചു വര്‍ഷമാക്കി
വിമാനയാത്രാ നിരക്ക് ഉയരും
കോമണ്‍വെല്‍ത്ത് ഗെയിംസിന് 2,296.43 കോടി
പൊതുമേഖലാ കമ്പനികളുടെ ഓഹരി വില്പനയിലൂടെ 25000 കോടി രൂപ സമാഹരിക്കും
ധനക്കമ്മി 5.5 ശതമാനമായി ചുരുങ്ങും പ്രതിരോധച്ചെലവിനുള്ള വിഹിതത്തില്‍ വര്‍ധന 8.13 ശതമാനം; വിഹിതം 147,344 കോടി രൂപ.


കേരളത്തിന്

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് 237.97 കോടി
കൊച്ചി ഷിപ്പ്‌യാര്‍ഡിന് 55 കോടി
എഫ്.എ.സി.ടി.ക്ക് 89.99 കോടി
എച്ച്.എം.ടി.ക്ക് 30.04 കോടി
കൊച്ചിയിലെ പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് 5.61 കോടി
റബ്ബര്‍ബോര്‍ഡിന് 140 കോടി
സൈ്പസസ് ബോര്‍ഡിന്
81 കോടി
ടീബോര്‍ഡിന് 70 കോടി
കയര്‍ വ്യവസായത്തിന് ആകെ 66.50 കോടി
കയര്‍ബോര്‍ഡിന് 47.30 കോടി
തിരുവനന്തപുരത്തെ വി.എസ്.സി.ക്ക് 426.97 കോടി
ഖാദി വ്യവസായത്തിന് പലിശ സബ്‌സിഡിയായി 26.95 കോടി
ഖാദി തൊഴിലാളികള്‍ക്ക് പണിപ്പുര നിര്‍മിക്കാന്‍ 18 കോടി


ആദായനികുതി സ്ലാബുകള്‍ പരിഷ്‌കരിച്ചു

പുതിയ ഘടന 60 ശതമാനം നികുതിദായകര്‍ക്ക് ആശ്വാസം. 1.6 ലക്ഷം രൂപവരെയുള്ള വാര്‍ഷികവരുമാനം നികുതിമുക്തം.
1.60 ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപവരെയുള്ള വരുമാനത്തിന് പത്തു ശതമാനം നികുതി.
അഞ്ചുലക്ഷം മുതല്‍ എട്ടു ലക്ഷം രൂപവരെയുള്ള വരുമാനത്തിന് 20 ശതമാനം.
എട്ടു ലക്ഷത്തിനുമേല്‍ വരുമാനത്തിന് 30 ശതമാനം.
വ്യക്തികള്‍ സമര്‍പ്പിക്കേണ്ട ആദായനികുതി റിട്ടേണ്‍ ഫോം ലളിതമാക്കുന്നു; രണ്ടു പേജുള്ള 'സരള്‍-2' റിട്ടേണ്‍ ഫോമുകള്‍ തയ്യാര്‍.
ദീര്‍ഘകാല അടിസ്ഥാനസൗകര്യ ബോണ്ടുകളില്‍ നിക്ഷേപിക്കുന്ന 20,000 രൂപവരെയുള്ള തുക നികുതിമുക്തമാക്കും. ഒരു ലക്ഷം രൂപവരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഇപ്പോള്‍ നല്‍കിവരുന്ന ആദായനികുതിയൊഴിവിനു പുറമെയാണിത്.

അടിസ്ഥാനസൗകര്യവികസനത്തിന് 1,73,552 കോടി


റോഡുഗതാഗതത്തിനുള്ള വിഹിതത്തില്‍ 13 ശതമാനം വര്‍ധന; 19,894 കോടി രൂപയാക്കി.
റെയില്‍വേക്കുള്ള വിഹിതത്തില്‍ 950 കോടിയുടെ വര്‍ധന; 16,752 കോടി രൂപയാക്കി.
ഊര്‍ജമേഖലയ്ക്കുള്ള നീക്കിവെപ്പ് ഇരട്ടിയിലധികമാക്കി; 5,130 കോടി രൂപ.
തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ തുണിമില്ലുകള്‍ക്ക് 200 കോടി രൂപ ഒറ്റത്തവണ സഹായം.



MathrubhumiMatrimonial