budget head

പെട്രോള്‍, ഡീസല്‍ വില കൂടി

Posted on: 26 Feb 2010


ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ പെട്രോളിനും ഡീസലിനും ഒരു രൂപ വീതം എകൈ്‌സസ് തീരുവ അധികമായി ചുമത്താനും അടിസ്ഥാന നികുതി പുനഃസ്ഥാപിക്കാനും തീരുമാനിച്ചതോടെ വില വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ വര്‍ധിച്ചു.
2008 ജൂണില്‍ അസംസ്‌കൃത എണ്ണയുടെ വില വീപ്പയ്ക്ക് 112 അമേരിക്കന്‍ ഡോളര്‍ പിന്നിട്ട സമയത്താണ് അസംസ്‌കൃത എണ്ണയുടെ അടിസ്ഥാന നികുതി സര്‍ക്കാര്‍ എടുത്തു കളഞ്ഞത്. നിലവില്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞസാഹചര്യത്തില്‍ സാമ്പത്തിക മേഖലയെ പിടിച്ചു നിര്‍ത്താന്‍ നടത്തിയ നടപടികള്‍ പിന്‍വലിക്കുകയാണെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി ചൂണ്ടിക്കാട്ടി.
അസംസ്‌കൃത എണ്ണയ്ക്ക് അടിസ്ഥാന നികുതിയായ അഞ്ച് ശതമാനം പുനഃസ്ഥാപിക്കും. ഡീസലിനും പെട്രോളിനും 2.5 ശതമാനത്തില്‍നിന്ന് 7.5 ശതമാനമായും കൂടുതല്‍ ശുദ്ധീകരിച്ച ഡീസലിനും പെട്രോളിനും അഞ്ച് ശതമാനത്തില്‍ നിന്ന് പത്തു ശതമാനമായും അടിസ്ഥാന നികുതി വര്‍ധിപ്പിക്കാനാണ് ബജറ്റ് നിര്‍ദേശം. അതിനുപുറമേയായിരിക്കും ഒരു രൂപവീതം കേന്ദ്ര എകൈ്‌സസ് തീരുവ പെട്രോളിനും ഡീസലിനും ചുമത്തുന്നത്. ഇതോടെ പെട്രോളിന്റെ തീരുവ 14.35 രൂപയായും (ബ്രാന്‍ഡ് നാമമുള്ളതിന് 15.50 രൂപ) ഡീസലിന്റെ തീരുവ 4.60 രൂപയായും (ബ്രാന്‍ഡ് നാമമുള്ളതിന് 5.75 രൂപ) വര്‍ധിച്ചു. പെട്രോളിനുള്ള രണ്ട് രൂപയുടെ അധിക എകൈ്‌സസ് തീരുവയും ആറു രൂപയുടെ പ്രത്യേക എകൈ്‌സസ് തീരുവയും ഡീസലിനുള്ള രണ്ട് രൂപയുടെ അധിക എകൈ്‌സസ് തീരുവയും ഉള്‍പ്പെടെയാണിത്.





MathrubhumiMatrimonial