budget head

ഉത്തേജക നടപടികള്‍ പിന്‍വലിക്കുന്നു

Posted on: 26 Feb 2010

എന്‍. അശോകന്‍




ന്യൂഡല്‍ഹി: ആഗോള സാമ്പത്തികമാന്ദ്യം നേരിടാന്‍ പ്രഖ്യാപിച്ച ഉത്തേജക നടപടികള്‍ പിന്‍വലിക്കുന്നതിന്റെ വ്യക്തമായ സൂചനയുമായാണ് ധനമന്ത്രി പ്രണബ് മുഖര്‍ജി 2010-'11ലേക്കുള്ള യു.പി.എ. സര്‍ക്കാറിന്റെ ബജറ്റ് വെള്ളിയാഴ്ച ലോക്‌സഭയില്‍ അവതരിപ്പിച്ചത്.

എകൈ്‌സസ് തീരുവയ്ക്കും സേവനനികുതിക്കും നല്കിയ ഇളവുകള്‍ ഭാഗികമായി പിന്‍വലിച്ചത് ഇതിന്റെ ഭാഗമാണ്.

വ്യക്തിഗത ആദായനികുതിയില്‍ ഇളവനുവദിച്ചത് ഇടത്തരക്കാര്‍ക്ക് ആശ്വാസമാകും. കോര്‍പ്പറേറ്റ് സര്‍ച്ചാര്‍ജ് കുറച്ചപ്പോള്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ തീരുവ ഉയര്‍ത്തുകയും ചെയ്തു. അടിസ്ഥാനവികസന മേഖലകള്‍ക്കും കാര്‍ഷികമേഖലയ്ക്കും വിവിധ സാമൂഹികമേഖലകള്‍ക്കും പ്രോത്സാഹനം നല്കാനും ബജറ്റ് ശ്രദ്ധിച്ചിട്ടുണ്ട്.

പെട്രോളിയം ഉത്പന്നങ്ങളിമേല്‍ ചുമത്തിയ തീരുവ പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഒന്നാകെ സഭയില്‍നിന്ന് ഇറങ്ങിപ്പോയി. യു.പി.എ.യുടെ സഖ്യകക്ഷിയായ ആര്‍.ജെ.ഡി.യും പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്നു.

ഇന്ത്യന്‍ കമ്പനികളിന്മേലുള്ള സര്‍ചാര്‍ജ് 10 ശതമാനത്തില്‍ നിന്ന് 7.5 ശതമാനമാക്കി കുറച്ചു. അതേസമയം, ബുക്ക് ആദായത്തിന്മേലുള്ള മിനിമം ആള്‍ട്ടര്‍നേറ്റീവ് ടാക്‌സ് 15 ശതമാനത്തില്‍നിന്ന് 18 ആയി വര്‍ധിപ്പിക്കുകയും ചെയ്തു.

വരുംവര്‍ഷങ്ങളില്‍ മൂന്നു വെല്ലുവിളികളെ നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ കര്‍മബന്ധിതമാണെന്ന് ബജറ്റ് പ്രസംഗത്തില്‍ പ്രണബ് മുഖര്‍ജി ചൂണ്ടിക്കാട്ടി. (1). സാമ്പത്തിക വളര്‍ച്ച ഒമ്പതു ശതമാനത്തിലേക്കുയര്‍ത്തുകയെന്നതാണ്. (2). ഈയിടെയുണ്ടാക്കിയ നേട്ടങ്ങള്‍ സര്‍വതോമുഖമായ വികസനം യാഥാര്‍ഥ്യമാക്കുന്നതിന്നുവേണ്ടി പ്രയോജനപ്പെടുത്തുക. (3). വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളിലെ ബലഹീനത മാറ്റുകയും പൊതുസേവന സംവിധാനത്തെ മെച്ചപ്പെടുത്തുകയും ചെയ്യുക.

സിമന്റിന്റെ വില ചാക്കിന്മേല്‍ 50 രൂപവെച്ചു വര്‍ധിക്കാനിടയുണ്ട്. വൈദ്യുതിവിതരണത്തെ സേവന നികുതിയുടെ പരിധിയില്‍പ്പെടുത്തിയത് വൈദ്യുതിച്ചാര്‍ജിനെയും ബാധിച്ചേക്കും.

ആരോഗ്യപരിശോധനകള്‍ സേവനനികുതിയുടെ പരിധിയില്‍ വരുന്ന പശ്ചാത്തലത്തില്‍ ഈ മേഖലയിലെ ചെലവുകള്‍ വര്‍ധിച്ചേക്കും.

നിക്ഷേപനില മെച്ചപ്പെടുത്തുന്നതിനു നേരിട്ടുള്ള വിദേശനിക്ഷേപം സംബന്ധിച്ച നിയമങ്ങള്‍ ലഘൂകരിക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. പൊതുമേഖലാ ബാങ്കുകളുടെ മൂലധനം ഉയര്‍ത്തുന്നതിന് 16,500 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്.

കാര്‍ഷികമേഖലയുടെ വളര്‍ച്ചയ്ക്ക് ചതുര്‍തല പരിപാടിയാണ് ബജറ്റ് നിര്‍ദേശിക്കുന്നത്. ഒന്ന്- ഉത്പാദന വര്‍ധന, രണ്ട്- ഉത്പന്നനഷ്ടം കുറയ്ക്കല്‍, മൂന്ന്- കൃഷിക്കാര്‍ക്ക് വായ്പലഭ്യത, നാല്-ഉത്പന്നങ്ങളുടെ സംസ്‌കരണസൗകര്യം എന്നിവയാണ് ഈ പരിപാടികള്‍. കാര്‍ഷികവായ്പയ്ക്കായി 3,75,000 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്.

11,08,749 കോടി രൂപ മൊത്തം ചെലവും 7,27,339 കോടി രൂപ വരുമാനവും കണക്കാക്കുന്നതാണ് പുതിയ ബജറ്റ്. ധനകമ്മി 3,81,408 കോടി രൂപ വരും; മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 5.5 ശതമാനം. സര്‍ക്കാറിന്റെ മൊത്തം വായ്പകള്‍ 3,45,010 കോടി വരുമെന്ന് ധനമന്ത്രി പറഞ്ഞു. സ്വകാര്യമേഖലയുടെ വായ്പയാവശ്യങ്ങള്‍ നിറവേറ്റാന്‍ ഇതു വേണ്ടപോലെ സഹായകമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.



MathrubhumiMatrimonial