പാലക്കാട് കോച്ച് ഫാക്ടറിക്ക് പണം വകയിരുത്തണം - മുഖ്യമന്ത്രി

Posted on: 24 Feb 2010


തിരുവനന്തപുരം: റെയില്‍വേ ബജറ്റില്‍ പാലക്കാട് കോച്ച് ഫാക്ടറി നിര്‍മാണത്തിന് മതിയായ പണം വകയിരുത്തണമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. കോച്ച് ഫാക്ടറിക്കാവശ്യമെന്ന് റെയില്‍വേ ചൂണ്ടിക്കാട്ടിയ ഭൂമി ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിയെടുത്തിട്ടുണ്ട്. ആവശ്യമായത്ര ഭൂമി ലഭ്യമായിക്കഴിഞ്ഞു. കഴിഞ്ഞ തവണത്തെ ബജറ്റില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ കോച്ച് ഫാക്ടറിയെക്കുറിച്ച് ബജറ്റില്‍ എടുത്തുപറഞ്ഞുവെന്നത് സ്വാഗതാര്‍ഹമാണ്. രണ്ടുവര്‍ഷം മുമ്പ് സംസ്ഥാനത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നും പാലക്കാട് ഡിവിഷന്‍ വിഭജനത്തെ തുടര്‍ന്ന് സംസ്ഥാനത്തിന് പ്രഖ്യാപിക്കപ്പെട്ട പാക്കേജിന്റെ ഭാഗമായും അംഗീകരിച്ചതാണ് കോച്ച് ഫാക്ടറി. ഇത്തവണ ബജറ്റില്‍ പരാമര്‍ശിച്ചുവെങ്കിലും ആവശ്യമായ പണം നീക്കിവെയ്ക്കാനോ, എന്ന് തുടങ്ങുമെന്ന് വ്യക്തമാക്കാനോ തയ്യാറായിട്ടില്ല. കോച്ച്ഫാക്ടറി നിര്‍മാണം ഈവര്‍ഷം തന്നെ തുടങ്ങാന്‍ നടപടിവേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.




MathrubhumiMatrimonial