എല്ലാ റെയില്‍വേ ജീവനക്കാര്‍ക്കും പത്തു കൊല്ലത്തിനുള്ളില്‍ വീട്‌

Posted on: 24 Feb 2010


ന്യൂഡല്‍ഹി: എല്ലാ റെയില്‍വേ ജീവനക്കാര്‍ക്കും അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ സ്വന്തം വീട് നല്കുമെന്ന് മന്ത്രി മമതാ ബാനര്‍ജി ബജറ്റ് പ്രസംഗത്തില്‍ ഉറപ്പു നല്കി. കേന്ദ്ര നഗരവികസന മന്ത്രാലയവുമായിച്ചേര്‍ന്ന് നടപ്പാക്കുന്ന 'എല്ലാവര്‍ക്കും വീട്' പദ്ധതി റെയില്‍വേയിലെ ഓഫീസര്‍മാര്‍ മുതല്‍ ഗാങ്‌മെന്‍ വരെയുള്ള 14 ലക്ഷം ജീവനക്കാര്‍ക്കു പ്രയോജനപ്പെടും. റെയില്‍വേ ജീവനക്കാര്‍ക്കുവേണ്ടിയുള്ള മറ്റു ബജറ്റ് നിര്‍ദേശങ്ങള്‍ ഇവയാണ്.

* റെയില്‍വേയുടെ കൈവശമുള്ള അധികഭൂമിയില്‍ ആസ്​പത്രികളും വിദ്യാഭ്യാസസ്ഥാപനങ്ങളും നിര്‍മിക്കും. അതിനുള്ള ധാരണാപത്രങ്ങള്‍ ആരോഗ്യ മന്ത്രാലയവുമായും മാനവശേഷി മന്ത്രാലയവുമായും ഒപ്പുവെച്ചിട്ടുണ്ട്. 522 ആസ്​പത്രികള്‍, രോഗനിര്‍ണയ ക്ലിനിക്കുകള്‍, 50 കേന്ദ്രീയ വിദ്യാലയങ്ങള്‍, നവോദയ വിദ്യാലയത്തിന്റെ മാതൃകയില്‍ 10 റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍, മാതൃകാ ഡിഗ്രി കോളേജുകള്‍, ദേശീയ പ്രാധാന്യമുള്ള സാങ്കേതിക മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ എന്നിവയാണ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. ഔട്ട് പേഷ്യന്റ് ക്ലിനിക്കുകള്‍ സ്ഥാപിക്കുന്ന കേന്ദ്രങ്ങളില്‍ തിരുവനന്തപുരം സെന്‍ട്രല്‍, തൃശ്ശൂര്‍ എന്നീ സ്ഥലങ്ങളും ഉള്‍പ്പെടും.
* റെയില്‍വേയിലെ വനിതാ ജീവനക്കാര്‍ക്കുവേണ്ടി 20 ഹോസ്റ്റലുകളും ജീവനക്കാരുടെ കുട്ടികള്‍ക്കുവേണ്ടി 50 പരിചരണകേന്ദ്രങ്ങളു സ്ഥാപിക്കും.

* ജീവനക്കാരുടെ ക്ഷേമനിധിയിലേക്കുള്ള സംഭാവന ഒരു ജീവനക്കാരന് 500 രൂപയെന്ന തോതില്‍ വര്‍ധിപ്പിക്കും. ഇപ്പോഴിത് 350 രൂപയാണ്.
* സുരക്ഷയുമായി ബന്ധപ്പെട്ട വിരമിക്കല്‍ പദ്ധതി, 1800 രൂപ ഗ്രേഡ് പേയില്‍ ഉള്‍പ്പെടുന്ന എല്ലാ സുരക്ഷാജീവനക്കാര്‍ക്കും ബാധകമാക്കും.
* ലൈസന്‍സുള്ള എല്ലാ പോര്‍ട്ടര്‍മാരെയും കച്ചവടക്കാരെയും ഇന്‍ഷുറന്‍സ് പദ്ധതിയായ രാഷ്ട്രീയ സ്വാസ്ഥ്യ ഭീമ യോജനയുടെ പരിധിയില്‍ ഉള്‍പ്പെടുത്തും.
* ലോക്കോ പൈലറ്റുമാരുടെ ശേഷിയും വൈദഗ്ധ്യവും കൂട്ടാന്‍ ഖരക്പുരില്‍ ആധുനിക പരിശീലനകേന്ദ്രം സ്ഥാപിക്കും. ഗാങ്മാന്മാര്‍ക്കും ഗേറ്റ്മാന്മാര്‍ക്കും പരിശീലനം നല്കാന്‍ ബെലിഘട്ടയില്‍ കേന്ദ്രം സ്ഥാപിക്കും. കട്ടക്ക്, കൂച്ച് ബഹര്‍, മാല്‍ഡ, ജബല്‍പുര്‍ എന്നിവിടങ്ങളില്‍ ബഹുമുഖ പരിശീലനകേന്ദ്രങ്ങള്‍ സ്ഥാപിക്കും.





MathrubhumiMatrimonial