ബംഗാളിനോട് തീരാമമത

Posted on: 24 Feb 2010


ന്യൂഡല്‍ഹി: പദ്ധതികളുടെ പെരുമഴയാണ് മമതബാനര്‍ജി പശ്ചിമബംഗാളിന് സമ്മാനിച്ചത്. പുതുതായി അനുവദിച്ച 52 തീവണ്ടികളില്‍ ഒരു ഡസനിലേറെയുണ്ട് ബംഗാളിന്. റെയില്‍വേ ബജറ്റ് ഫലത്തില്‍ വരുംവര്‍ഷം നടക്കേണ്ട ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മമതയുടെ പ്രചാരണപടയോട്ടത്തിന്റെ തുടക്കമായി.
പ്രഖ്യാപിച്ച ഫാക്ടറികളില്‍ എട്ടെണ്ണം ബംഗാളിന്. രണ്ട് റെയില്‍വേ മ്യൂസിയങ്ങള്‍, ഒരു സ്‌പോര്‍ട്‌സ് അക്കാദമി, 13 മള്‍ട്ടി സ്‌പെഷ്യാലിറ്റി ആസ്​പത്രികള്‍, രണ്ട് ലോക്കോ പൈലറ്റ് പരിശീലന കേന്ദ്രങ്ങള്‍, ചിത്തരഞ്ജന്‍ ലോക്കോമോട്ടീവിന്റെ സമഗ്രമായ ആധുനികീകരണം, നവ്പാഡയിലെ റെയില്‍വേ ഇക്കോപാര്‍ക്ക്, സാഗറില്‍ നിന്ന് ഹല്‍ദിയിയലേക്ക് റെയില്‍, തുറമുഖ കണക്ഷന്‍, നാല് പുതിയ മെട്രോപദ്ധതികള്‍, രണ്ട് മാതൃഭൂമി തീവണ്ടികള്‍, ഒരു കര്‍മഭൂമി തീവണ്ടി, രണ്ട് തുരന്തോകള്‍, നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികള്‍ക്ക് വന്‍ വകയിരുത്തലുകള്‍, പുതിയ സര്‍വേകള്‍... ബംഗാളിന് ഇനി ആഗ്രഹിക്കാന്‍ ഒന്നുമില്ലാത്ത തരത്തിലാണ് മമത വാരിക്കോരിക്കൊടുത്തത്. തൃണമൂല്‍ കോണ്‍ഗ്രസിന് സ്വാധീനം കുറവുള്ള ഉത്തരബംഗാളിലും മറ്റും ധാരാളം പദ്ധതികള്‍ അനുവദിച്ചിട്ടുണ്ട്. ഈ മേഖലയില്‍ സ്വാധീനമുറപ്പിക്കുക എന്ന വ്യക്തമായ രാഷ്ട്രീയ ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. റെയില്‍വേ മന്ത്രിയും ധനമന്ത്രിയും ബംഗാളില്‍ നിന്നാണ് എന്നതും ബംഗാളിന് ഗുണകരമായി എന്നുകരുതണം.
രവീന്ദ്രനാഥ ടാഗോറിന്റെ 150-ാം ജന്മവാര്‍ഷികം പ്രമാണിച്ച് ഹൗറയില്‍ രവീന്ദ്ര മ്യൂസിയവും ബോല്‍പ്പുരില്‍ ഗീതാഞ്ജലി മ്യൂസിയവും സ്ഥാപിക്കുമെന്നും മമത പ്രഖ്യാപിച്ചു.
നിയമസഭാതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സുമായുള്ള സഖ്യം ഉറപ്പിക്കുന്നതിനുള്ള പൊടിക്കൈകളും ബജറ്റില്‍ ദൃശ്യമാണ്. കോണ്‍ഗ്രസ്സിനു സ്വാധീനമുള്ള മേഖലകളില്‍ നിന്നുള്ള എം.പി.മാരുടെ ആവശ്യങ്ങള്‍ക്കും മമത കാര്യമായ പരിഗണന നല്കിയിട്ടുണ്ട്. അതേസമയം, ബജറ്റിനെ ബംഗാള്‍ കേന്ദ്രീകൃതം എന്നു വിശേഷിപ്പിക്കുന്നതിനെ അവര്‍ ശക്തമായി വിമര്‍ശിച്ചു. ഈ വിമര്‍ശം ബംഗാളിനെ അപമാനിക്കുന്നതിനു തുല്യമാണെന്ന് മമത പറഞ്ഞു.
എല്ലാ സംസ്ഥാനങ്ങള്‍ക്കും ബജറ്റില്‍ അര്‍ഹിക്കുന്ന പരിഗണന നല്കിയതായി അവര്‍ പറഞ്ഞു. എന്നാല്‍ ലോക്‌സഭയിലെയും രാജ്യസഭയിലെയും മുഴുവന്‍ അംഗങ്ങളെയും തനിക്കു തൃപ്തിപ്പെടുത്താന്‍ കഴിയില്ല''- മന്ത്രി പറഞ്ഞു.





MathrubhumiMatrimonial