മലയാളത്തിന്റെ മഞ്ഞണിപ്പൂനിലാവ്‌

Posted on: 24 Feb 2010


മഞ്ഞണിപ്പൂനിലാവ് പേരാറ്റിന്‍ കടവത്ത് മഞ്ഞളരച്ചുവെച്ച് നീരാടുന്നതിന്റെ വാങ്മയദൃശ്യം നല്‍കാന്‍ ഇനി ഒരു പി. ഭാസ്‌കരനില്ല. മലയാളിക്ക് ഒരേസമയം കാല്‍പനിക സൗന്ദര്യവും വിപ്ലവസ്വപ്നങ്ങളും പകരാന്‍ ഇനി ആ തങ്കത്തൂലിക ചലിക്കുകയുമില്ല. പക്ഷേ മരണം മടക്കി വിളിക്കാത്ത ഓര്‍മകളിലൂയലാടി നാം എപ്പോഴും പി. ഭാസ്‌കരനിലേക്കെത്തുന്നു.

ഓരോരുത്തരിലും വിങ്ങിനില്‍ക്കുന്ന ഗൃഹാതുരത്വത്തിന്റെ അണമുറിച്ച കവി പി. ഭാസ്‌കരന്‍ പ്രകൃതിയില്‍ അലിഞ്ഞിട്ട് ഈ മാസം 25ന് മൂന്ന് വര്‍ഷമാകുന്നു. 1924 ഏപ്രില്‍ 21 ന് കൊടുങ്ങല്ലൂരില്‍ ജനിച്ച അദ്ദേഹം നടന്നുതീര്‍ത്ത വഴികള്‍ മലയാളിക്ക് പറഞ്ഞുതീരാത്ത വിശേഷമാണ്. കവിയും എഴുത്തുകാരനും സിനിമാസംവിധായകനും നടനും രാഷ്ട്രീയ പ്രവര്‍ത്തകനും മാധ്യമപ്രവര്‍ത്തകനും അങ്ങനെ മലയാളിക്ക് എല്ലാമെല്ലാമായിരുന്നു പി. ഭാസ്‌കരന്‍. 250 ചിത്രങ്ങളിലായി 3000 ഗാനങ്ങള്‍ ഉതിര്‍ന്നു വീണു ആ തൂലികത്തുമ്പില്‍ നിന്ന്. രവി എന്ന പേരിലെഴുതിയ 'വയലാര്‍ ഗര്‍ജിക്കുന്നു', 'മൂലധനം' എന്ന ചലച്ചിത്രത്തിലെ 'ഓരോ തുള്ളിച്ചോരയില്‍ നിന്നും...' എന്നിവ ജ്വലിപ്പിച്ചത് ആ ദശാസന്ധിയിലെ വിപ്ലവസ്വപ്നങ്ങളെയാണ്. 'ഉയരും ഞാന്‍ നാടാകെ' എന്നു തുടങ്ങുന്ന ഗാനം ഭരണകൂടവര്‍ഗത്തെ ഉലച്ചതും അസ്വസ്ഥമാക്കിയതും ചരിത്രം.

1949 ല്‍ ഒരു തമിഴ് ചലച്ചിത്രത്തിന് ഗാനരചന നിര്‍വഹിച്ചുകൊണ്ടാണ് പി. ഭാസ്‌കരന്‍ സിനിമയിലേക്ക് കടന്നുവന്നത്. 'അപൂര്‍വ സഹോദരങ്ങള്‍' എന്ന ചിത്രത്തില്‍ പല ഭാഷകള്‍ ചേര്‍ത്ത ഗാനത്തിലെ മലയാളശകലമായിരുന്നു അദ്ദേഹം രചിച്ചത്. 1950 ല്‍ 'ചന്ദ്രിക' എന്ന മലയാള ചലച്ചിത്രത്തിന് പാട്ടെഴുതി. 1954 ല്‍ രാമുകാര്യാട്ടുമായി ചേര്‍ന്ന് 'നീലക്കുയില്‍' എന്ന സിനിമ സംവിധാനം ചെയ്തു. സോഷ്യല്‍ റിയലിസം ആദ്യമായി മലയാളിക്ക് പരിചയപ്പെടുത്തിയ സിനിമ. പഴമയുടെ മാമൂലുകളെ ആശയവന്യത കൊണ്ട് നേരിട്ട സിനിമ. ആദ്യമായി മലയാള സിനിമയ്ക്ക് രാഷ്ട്രപതി വെള്ളിമെഡല്‍ നല്‍കുകയും ചെയ്തു. പിന്നീടിങ്ങോട്ട് മലയാളത്തിന്റെ മണ്ണ് മണക്കുന്ന നിരവധി ചിത്രങ്ങളാണ് പിറന്നത്. ആദ്യകിരണങ്ങള്‍ (1964), ഇരുട്ടിന്റെ ആത്മാവ് (1969), തുറക്കാത്തവാതില്‍ (1971) എന്നിവ സാധാരണക്കാരായ പ്രേക്ഷകരെയും ദേശീയഅവാര്‍ഡ് നിര്‍ണയസമിതിയെയും ആസ്വാദനത്തിന്റെ ഒരേതലത്തിലേക്കാകര്‍ഷിച്ച് അഭിപ്രായൈക്യത്തിലെത്തിച്ചു.

താമസമെന്തേ വരുവാന്‍ (ഭാര്‍ഗവീനിലയം), പ്രാണസഖീ ഞാന്‍ വെറുമൊരു (പരീക്ഷ), ഇന്നലെ നീയൊരു സുന്ദരരാഗമായ് (സ്ത്രീ), തളിരിട്ട കിനാക്കള്‍ (മൂടുപടം), ഒരു കൊച്ചുസ്വപ്നത്തിന്‍ (തറവാട്ടമ്മ), വാസന്ത പഞ്ചമി നാളില്‍ (ഭാര്‍ഗവീനിലയം), അഞ്ജനക്കണ്ണെഴുതി (തച്ചോളി ഒതേനന്‍), നാദബ്രഹ്മത്തിന്‍ സാഗരം (കാട്ടുകുരങ്ങ്), എങ്ങനെ നീ മറക്കും, കായലരികത്ത് (നീലക്കുയില്‍), കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും (വിലയ്ക്ക് വാങ്ങിയ വീണ), ഇന്നെനിക്ക് പൊട്ടുകുത്താന്‍ (ഗുരുവായൂര്‍ കേശവന്‍) തുടങ്ങി എത്രയോ ഗാനങ്ങള്‍ ഭാവുകത്വത്തിന്റെ ഔന്നത്യം പ്രകാശനം ചെയ്തു.

പൊയ്‌പോയ സുവര്‍ണകാലത്തെ വാക്കുകളടുക്കിവച്ച് ശ്രോതാവിന് മുന്നിലെത്തിച്ച ദൃശ്യാനുഭവമാണ് പി. ഭാസ്‌കരന്റെ രചനകള്‍ നല്‍കിയിരുന്നത്. ആരാധകരെയും അനുയായികളെയും സൃഷ്ടിക്കാന്‍ പോന്ന വ്യക്തിപ്രഭാവമായിരുന്നു മാഷ്. 'മാഷുടെ അധികം അറിയപ്പെടാതെ കിടന്ന ജീവിതത്തെക്കുറിച്ച് ഡോക്യുമെന്ററി എടുക്കേണ്ടത് ഭാവി തലമുറയുടെ കൂടി ആവശ്യമാണ്' - 'ഒറ്റക്കമ്പിനാദം' എന്ന പി. ഭാസ്‌കരനെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ സംവിധായകന്‍ ശ്രീവരാഹം സോമന്‍ പറയുന്നതിങ്ങനെ: 'കവിയും ഗാനരചയിതാവും സംവിധായകനുമായ ഭാസ്‌കരന്‍ മാഷെ മാത്രമേ നാം കൂടുതലായും കണ്ടിട്ടുള്ളൂ. സ്വാതന്ത്ര്യസമര സേനാനിയും ഉള്ളില്‍ വിപ്ലവം ജ്വലിച്ച കമ്മ്യൂണിസ്റ്റുകാരനുമായിരുന്നു അദ്ദേഹം. ആ രാഷ്ട്രീയ ചിത്രമാണ് 'ഒറ്റക്കമ്പിനാദം' എന്ന ഡോക്യുമെന്ററിയിലൂടെ അനാവരണം ചെയ്യാന്‍ ശ്രമിച്ചത്. പി. ഭാസ്‌കരന്‍ എന്ന മഹദ് വ്യക്തിയെ വരും തലമുറ മനസ്സിലാക്കേണ്ടതുണ്ട്. അതിനുള്ള എളിയ ശ്രമമാണ് ഈ ഡോക്യുമെന്ററി'.

ഓര്‍മയിലൊരു ക്ലിക്ക്

പണ്ട് എറണാകുളത്തെ വാടകവീട്ടിലെ അശോകവൃക്ഷത്തിന് താഴെ അവര്‍ അഞ്ചുപേരും അക്കാലത്തെ 'ഗമണ്ടന്‍' സ്റ്റില്‍ക്യാമറയ്ക്ക് മുന്നില്‍ നിരന്നിരുന്നു. ശാരദ, അമ്മ, അമ്മൂമ്മ, അമ്മൂമ്മയുടെ അമ്മ, അമ്മൂമ്മയുടെ അമ്മൂമ്മ. അങ്ങനെ അഞ്ചുപേര്‍. അഞ്ചുതലമുറ. അമ്മൂമ്മ അമ്മാളുവമ്മയാണ് ഭാസ്‌കരന്‍ മാഷിന്റെ അമ്മ.

ആ ഫോട്ടോയില്‍ അവശേഷിക്കുന്നത് വിദേശത്ത് താമസിക്കുന്ന 72 കാരി ശാരദ മാത്രം. അന്ന് കൈക്കുഞ്ഞായി ഒക്കത്തിരുന്നപ്പോള്‍ ശാരദ അറിഞ്ഞിരുന്നില്ല പി. ഭാസ്‌കരന്‍ എന്ന വ്യക്തിയുടെ 'അദൃശ്യസാന്നിധ്യം'. പക്ഷേ മലയാളി ഇപ്പോള്‍ അറിയുന്നു ഭാസ്‌കരന്‍മാഷ് 'അദൃശ്യന്‍' എങ്കിലും ആ സാന്നിധ്യം.


സജീവ് കെ. നായര്‍



MathrubhumiMatrimonial