മറവിതന്‍ മാറിടത്തില്‍.....

Posted on: 24 Feb 2010


വസാനമായി കാണുമ്പോള്‍ വിസ്മൃതിയുടെ ഏകാന്തതീരത്തായിരുന്നു ഭാസ്‌കരന്‍ മാസ്റ്റര്‍. മറക്കുവാന്‍ പറയാന്‍ എന്തെളുപ്പം, മണ്ണില്‍ പിറക്കാതിരിക്കലാണതില്‍ എളുപ്പം എന്നെഴുതിയ കവി ചുറ്റും ചിതറിവീണ ഓര്‍മതുണ്ടുകള്‍ പെറുക്കിയെടുത്തു കൂട്ടിവെക്കാനാവാതെ കിടക്കയുടെ ഓരത്ത് തളര്‍ന്നിരിക്കുന്നു. തൊട്ടു മുന്നില്‍ നിറകണ്ണുകളോടെ എസ്. ജാനകി. മാസ്റ്ററുടെ അനേകമനേകം ഗാനങ്ങള്‍ക്ക് ആത്മാവ് പകര്‍ന്നു നല്‍കിയ ഗായിക.

``മറക്കാനാവില്ല ആ കൂടിക്കാഴ്ച''. ഒരു ഗാനമേളയില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് എത്തിയ ജാനകിയമ്മ ഒരു സൗഹൃദ സംഭാഷണത്തിലാണ് തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്: ``ഭാസ്‌കരന്‍ മാസ്റ്ററെ ഒന്ന് കാണണം. സുഖമില്ല എന്ന് കേട്ടിരുന്നു. എന്നെ ഞാനാക്കിയ പാട്ടെഴുത്തുകാരനല്ലേ...''. ചെന്നു. ജവഹര്‍ നഗറിലെ വീട്ടില്‍ ചെല്ലുമ്പോള്‍ മാസ്റ്റര്‍ ഉറങ്ങുകയാണ്. കൈകള്‍ രണ്ടും മാറത്തു ചേര്‍ത്ത് വച്ച് നിഷ്‌കളങ്കനായ കുഞ്ഞിനെ പോലെ. നിദ്രയില്‍ നിന്നു മൃദുവായി തട്ടിയുണര്‍ത്തി ജാനകി വന്ന വിവരം ഭാര്യ ഉണര്‍ത്തിച്ചപ്പോള്‍, മാസ്റ്ററുടെ മുഖത്ത് കണ്ട നിസ്സംഗ ഭാവം ഈ ജന്മം മറക്കില്ല. വഴിതെറ്റി കയറിവന്ന ഏതോ അപരിചിതയെ എന്നവണ്ണം ജാനകിയെ നോക്കി കിടക്കുകയായിരുന്നു അദ്ദേഹം.

``ആരാ, മനസ്സിലായില്ല്യല്ലോ?'' മാസ്റ്ററുടെ ചോദ്യം. ജാനകിയമ്മയുടെ ഹൃദയത്തില്‍ നിന്നുയര്‍ന്ന ഗദ്ഗദം ഇതാ ഈ നിമിഷവും കാതില്‍ മുഴങ്ങുന്നു. ഒപ്പം അവര്‍ പതുക്കെ ഉരുവിട്ട വാക്കുകളും: ``മാസ്റ്റര്‍ ഇത് ഞാനാണ്, ജാനകി..''

ഓര്‍മയുടെ വിജനതീരത്ത് വൃഥാ അലഞ്ഞ ശേഷം നിസ്സഹായനായി തിരിച്ചെത്തുന്നു ഭാസ്‌കരന്‍ മാസ്റ്റര്‍. ``എനിക്ക് അറിയില്യല്ലോ നിങ്ങളെ, ഈ മുഖം മുന്‍പ് കണ്ടിട്ടേയില്ല ഞാന്‍..''

മറുപടി കേട്ട് തളര്‍ന്നുപോയ ഗായികയെ ആശ്വസിപ്പിക്കാതിരിക്കാനായില്ല: ``ജാനകിയമ്മ വിഷമിക്കരുത്. കുറച്ചു കാലമായി മാസ്റ്റര്‍ ഇങ്ങനെ ആണ്. ഒരു പാട്ട് പാടി നോക്കൂ. മുഖം മറന്നാലും ആ ശബ്ദം മറക്കാനാകുമോ മാസ്റ്റര്‍ക്ക്?'' 1959ല്‍ പുറത്തിറങ്ങിയ മിന്നല്‍ പടയാളിയിലെ ``രാക്കുയിലേ'' മുതല്‍ ഇങ്ങോട്ട് ജാനകി പാടി അനശ്വരമാക്കിയ മാസ്റ്ററുടെ നൂറു കണക്കിന് ഗാനങ്ങള്‍ വന്നു തുളുമ്പുകയായിരുന്നു മനസ്സില്‍.

വാതിലില്‍ ചാരി നിന്ന് ജാനകിയമ്മ പാടി മൂടുപടത്തിന് വേണ്ടി ഭാസ്‌കരന്‍ മാസ്റ്ററുടെ വരികളില്‍ നിന്ന് ബാബുരാജ് സൃഷ്ടിച്ച ആ അപൂര്‍വ സുന്ദര ഗസല്‍: തളിരിട്ട കിനാക്കള്‍ തന്‍ താമരമാല വാങ്ങാന്‍ വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരന്‍, നിന്റെ വിരുന്നുകാരന്‍..

ഗാനത്തിന്റെ പല്ലവി കഴിഞ്ഞു ചരണത്തിന്റെ തുടക്കം എത്തിയപ്പോള്‍, ഏതോ ഉള്‍വിളിയാലെന്നവണ്ണം ഭാസ്‌കരന്‍ മാസ്റ്റര്‍ പതുക്കെ കട്ടിലില്‍ എഴുന്നേറ്റിരുന്നു. ``പൂനുള്ളി പൂനുള്ളി കൈവിരല്‍ കുഴഞ്ഞല്ലോ..''. ആലാപനത്തിന്റെ ഏതോ ഘട്ടത്തില്‍, എവിടെയോ വച്ച് ആ ഗാന പ്രവാഹത്തില്‍ ലയിച്ചു ചേരുന്നു മാസ്റ്റര്‍. കവിയും പാട്ടുകാരിയും ഒന്ന് ചേര്‍ന്ന് ഗാനത്തിന്റെ ആത്മാവിലൂടെ ഒഴുകിപ്പോകുമ്പോള്‍ മാസ്റ്ററുടെ ഭാര്യ തൊട്ടടുത്തിരുന്നു കണ്ണീരൊപ്പി.

ജാനകി പിന്നെയും പാടി. മലയാളിയുടെ സംഗീതഹൃദയത്തെ ആര്‍ദ്രമാക്കിയ ഗാനങ്ങള്‍: ഒരു കൊച്ചു സ്വപ്നത്തിന്‍ ചിറകുമായ് അവിടുത്തെ, ആരാധികയുടെ പൂജാകുസുമം, കേശാദിപാദം തൊഴുന്നേന്‍, നിദ്ര തന്‍ നീരാഴി നീന്തിക്കടന്നപ്പോള്‍... ഓരോ ഗാനവും ചരണത്തിലേക്ക് പ്രവേശിക്കുമ്പോള്‍, സ്വയം അറിയാതെ മാസ്റ്റര്‍ ആലാപനത്തില്‍ പങ്കുചേരുന്നുണ്ടായിരുന്നു. ഏതോ അദൃശ്യശക്തിയുടെ പ്രേരണയാല്‍ എന്നവണ്ണം.

നൊമ്പരവും ആഹ്ലാദവും ഇടകലര്‍ന്ന ആ സംഗീത വിരുന്നിന് ഒടുവില്‍, മനസ്സില്ലാമനസ്സോടെ യാത്ര ചോദിയ്ക്കാന്‍ എഴുന്നേറ്റ ജാനകിയുടെ നേര്‍ക്ക് കൈകൂപ്പി നിഷ്‌കളങ്കമായ ചിരിയോടെ മാസ്റ്റര്‍ ചോദിച്ചു: ``ഇതൊക്കെ ആരുടെ പാട്ടുകളാ? നല്ല ശബ്ദം. ഇനിയും വന്നു പാടി തരണം ട്ടോ..'' നിശബ്ദയായി, ഒരു ഗദ്ഗദം നെഞ്ചില്‍ അടക്കിപ്പിടിച്ചു നിന്നു ജാനകി.

ഓര്‍മയില്‍ തെളിഞ്ഞു വന്നത് പഴയ ഒരു അനുഭവമാണ്. ഭാസ്‌കരന്‍ മാസ്റ്റര്‍ തന്നെ വിവരിച്ചു കേട്ടിട്ടുള്ള കഥ. വര്‍ഷങ്ങള്‍ക്കു മുമ്പാണ്. പ്രശസ്ത നടി രാഗിണി അര്‍ബുദ രോഗബാധിതയായി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന കാലം. അടുത്ത സുഹൃത്ത് കൂടിയായ രാഗിണിയെ കാണാന്‍ മാസ്റ്റര്‍ ആശുപത്രിയില്‍ എത്തുന്നു. ക്ഷീണിതയാണ് രാഗിണി. വെള്ളിത്തിരയിലെ പഴയ സ്വപ്നറാണിയുടെ നേര്‍ത്ത നിഴല്‍ മാത്രമായി മാറിക്കഴിഞ്ഞിരുന്നു അവര്‍. മാസ്റ്ററെ കണ്ടപ്പോള്‍ രാഗിണി പണിപ്പെട്ടു പുഞ്ചിരിക്കാന്‍ ശ്രമിച്ചു. ഒപ്പം പഴയൊരു പാട്ടിന്റെ ഈരടികള്‍ മൂളി: തനിക്കേറ്റവും പ്രിയപ്പെട്ട ഭാസ്‌കരഗാനത്തിന്റെ വരികള്‍.

``ദുഖങ്ങള്‍ക്കിന്നു ഞാന്‍ അവധി കൊടുത്തു, സ്വര്‍ഗത്തില്‍ ഞാന്‍ ഒരു മുറിയെടുത്തു..'' കണ്ണീര്‍ അടക്കാനാവാതെ ആശുപത്രി മുറിയില്‍ നിന്നു ഇറങ്ങിപ്പോന്ന കഥ മാസ്റ്റര്‍ വികാരവായ്‌പോടെ വിവരിച്ചു കേട്ടിട്ടുണ്ട്.

കാലം മാറുന്നു. കഥാപാത്രങ്ങളും. അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്ന പാട്ടിന്റെ ഈരടികള്‍ക്ക് മാത്രം മാറ്റമില്ല: മറവി തന്‍ മാറിടത്തില്‍ മയങ്ങാന്‍ കിടന്നാലും ഓര്‍മ്മകള്‍ ഓടിയെത്തി ഉണര്‍ത്തിടുന്നു...

രവിമേനോന്‍



MathrubhumiMatrimonial