TravelBlogue

കുറുവാ ദ്വീപിലേക്കൊരു കുറിയ യാത്ര...

Posted on: 10 Feb 2010

text: Veena.K
പറഞ്ഞാലും എഴുതിയാലും ആവര്‍ത്തിച്ചാലും തിരുകയില്ല വയനാടിന്റെ പ്രകൃതി സൗന്ദര്യം. അത് അത്രയേറെ കവിയുന്നുണ്ട്. കബീര്‍ ദാസ്, ഗുരുവിന്റെ മഹത്വത്തെ ഇങ്ങനെ വര്‍ണ്ണിക്കുന്നുണ്ട് 'സാഗരമാക്കുന്ന വെള്ളത്തെ മഷിയായും, ആകാശത്തെ കടലാസായും സങ്കല്‍പ്പിച്ച് ഇതിലൊന്നും എഴുതിയാലും ഗുരുവിന്റെ മഹത്വം തിരുകയില്ല' അതു പോലെയാണ് വയനാട്ടിലെ ഈ കുറുവാ ദ്വീപ്'
കേരളത്തിന്റെ പ്രകൃതി സൗന്ദര്യം ഒന്നുകൂടി എടുത്തു പറയിക്കാന്‍ വയനാട്ടിലെ ഈ കൊച്ചു പ്രകൃതിക്ക് കഴിഞ്ഞു. കാരണം മറ്റൊന്നുമല്ല വയനാട്ടിലെ തിങ്ങിനിറഞ്ഞ പച്ചപ്പ് തന്നെ. ഒരു പക്ഷേ കണ്ണിനു കണാന്‍ കഴിയുന്ന അപൂര്‍വ്വ കാഴ്ച്ചകളില്‍ ഒന്നാവാം. ധാരാളം ഔഷധത്തോട്ടങ്ങളും റബ്ബര്‍ തോട്ടങ്ങളും തേയിലത്തോട്ടങ്ങളും കൊണ്ട് പ്രകൃതി നമ്മെ തലോടുകയും കാറ്റാല്‍ താരാട്ടുപാടുകയും മൂടല്‍മഞ്ഞാല് നമ്മെ പുതയ്ക്കുകയുമാണ് വയനാട് എന്ന ഈ സ്വപ്‌നഭൂമി.

ഇവിടുത്തെ അത്ഭുതദ്വീപാണ് കുറവാ ദ്വീപ്. പേരു കേട്ടാല്‍ ഒരു പക്ഷെ നിങ്ങള്‍ ചിന്തിക്കാം ഇത് കുറിയന്‍മാരുടെ ദ്വീപാണോ എന്ന്! എന്നാല്‍ നമ്മെ പോലെയുള്ള ഒരു സാധാരണ ജനത തന്നെയാണ് ഇവിടെയും നൂറിലധികം ദ്വീപുകളിലായി വ്യാപിച്ചു കിടക്കുന്ന ഈ ദ്വീപുകളിലൂടെയുള്ള യാത്ര അത്ര എളുപ്പമല്ല.
ബോട്ട് മുഖേനയും നടന്നും നമുക്ക് ഓരോ ദ്വീപും സന്ദര്‍ശിക്കാം. സമയത്തിന്റെ ഒരു നിഴല്‍ ഞങ്ങളില്‍ പതിച്ചതിനാല്‍ ഞങ്ങള്‍ വെറും ഏഴ് ദ്വീപുകളെ മാത്രമേ പരിചയപ്പെട്ടുള്ളു. അതും നടന്ന്. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും 45 കിലോമീറ്റര്‍ ആണ് കുറുവാദ്വീപിലേക്ക്. നാലോ അഞ്ചോ പടികള്‍ ഇറങ്ങിയാല്‍ കാല്‍കുത്തുന്നത് ഓടിച്ചാടി ഉത്സാഹത്തോടെ ഒഴുകുന്ന കബനിയിലേക്കാണ്. ഫ്രിഡ്ജില്‍ വെച്ച വെള്ളത്തിന്റെ തണുപ്പ്. കുതിച്ചു ചാടി ഒഴുകുന്ന വെള്ളം അതിശക്തിയായി ചെറിയ ചെറിയ പാറകളില്‍ വന്നിടിക്കുന്നതനുസരിച്ച് അവരുടെ ഒഴുക്കിന് വ്യതിയാനവും സംഭവിക്കുന്നു.
ഒന്നാമത്തെ ദ്വീപുമായി പരിചയപ്പെടുമ്പോള്‍ ഞാന്‍ മരണത്തെ തേടി പോവുകയാണോ അതോ മരണത്തോട് മത്സരിക്കുകയാണോ എന്ന് തോന്നി. മറ്റൊന്നുമല്ല അതിശക്തമായ ഒഴുക്കില്‍ കാലൊന്നു തെറ്റിയാല്‍, ആ അവസ്ഥ ചിന്തിക്കാന്‍ കൂടി വയ്യ! ഫ്രണ്ട്‌സും അധ്യാപകരും രണ്ടുഭാഗത്തും കൈകോര്‍ത്ത് ചങ്ങല പോലെ നിന്നു. അവരെ താങ്ങിയാണ് ഞങ്ങള്‍ ഓരോ ദ്വീപും പിന്നിട്ടത്. ഒന്നാം ദ്വീപില്‍ ശക്തമായ ഒഴുക്കനുഭവപ്പെട്ടതിനാല്‍ ബാക്കിയുള്ള ദ്വീപുകളുടെ അവസ്ഥ ഇതു തന്നെയാണെന്ന് ഉറപ്പിച്ചു. ഈ ചിന്ത യാത്രയില്‍ നിന്നും എന്നെ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷെ അപരിചിതമായ സ്ഥലത്ത് ഒറ്റയക്ക് നില്‍ക്കാനുള്ള മടിയാവാം എന്നെ ഈ യാത്രയിലേക്ക് വീണ്ടും പ്രേരിപ്പിച്ചത്.
ഒന്നാമത്തെ ദ്വീപ് കടന്ന് ഞങ്ങള്‍ ചെന്നത് ഒരു വലിയ കാട്ടിലേക്കാണ്. കുരങ്ങന്‍മാരുടെ ഒരു പറുദീസയാണ് ഇത് എന്ന് നമുക്ക് വേണമെങ്കില്‍ വിശേഷിപ്പിക്കാം. ഇനി അങ്ങോട്ടുള്ള ദ്വീപ് കാണിക്കാനും അതിനെക്കുറിച്ച് വിവരണം തരാനും ഞങ്ങള്‍ക്ക് ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥനെ കിട്ടി. ഇവിടെ ഉദ്യോഗസ്ഥര്‍ താമസിക്കുന്നത് പ്രകൃതിയുടെ കൂരയിലാണ്. മുള കൊണ്ട് ഭംഗിയായി നിര്‍മ്മിച്ചിട്ടുള്ള ഒരു കുടില്‍. കൂടാതെ മുളകൊണ്ടുള്ള ധാരാളം ഇരിപ്പിടങ്ങളും ഇവിടെയുണ്ട്. പടി, പടിയായി മുകളിലേക്കുയരുന്ന പിരമിഡി രൂപത്തിലുള്ള മുളയുടെ ഇരിപ്പിടം കൗതുക കാഴ്ച്ച തന്നെയാണ്.
ഒന്നാമത്തെ ദ്വീപില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു രണ്ടാമത്തെ ദ്വീപ്. കാരണം ഒന്നാമത്തെ ദ്വീപിന്റെ ചെറിയ ഭാഗം ജനവാസമുള്ളതും രണ്ടാമത്തെ ഭാഗം കാടുമായിരുന്നു. എന്നാല്‍ രണ്ടാമത്തെ ദ്വീപന്റെ ഇരുവശവും കാടാല്‍ കറുത്തതായിരുന്നു. ഈ ദ്വീപിലും ഒഴുക്കിന്റെ അവസ്ഥ തുല്യമായിരുന്നു. പാറയിലൂടെ ചവിട്ടി ഒന്നാമത്തെ ദ്വീപ് കടന്ന എല്ലാ മുഹൂര്‍ത്തങ്ങളും രണ്ടാമത്തെ ദ്വീപിലും 'കോര്‍ത്തിണക്കി'യിരുന്നു.
മൂന്നാമത്തെ ദ്വീപ് ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. ഇവിടെ എത്തിയപ്പോള്‍ ഒരു പക്ഷേ വെള്ളത്തിന് തോന്നിയിരിക്കാം 'ഇവര് തന്നെ കാണാനും തന്റെ ഭംഗി ആസ്വദിക്കാനും പ്രകൃതിയെ അറിയാനും വന്ന ഒരു യുവതലമുറയാണെന്നും അതിനാല്‍ അവര്‍ തങ്ങളുടെ അതിഥികളാണെന്ന ബോധം അവരിലുണര്‍ന്നോ എന്നെനിക്കറിയില്ല. ഈ ദ്വീപ് ഞങ്ങളെ ഒരു സുഹൃത്തിനെപ്പോലെ കൈകോര്‍ത്ത് യാത്ര സുഗമമാക്കി. പിന്നീട് ഞങ്ങള്‍ക്ക് ദ്വീപിനെ അറിയാനും യാത്രയും വളരെ എളുപ്പമായിരുന്നു.
എന്റെ മനസ്സിന്റെ ദു:ഖങ്ങളും കുടുംബത്തെക്കുറിച്ചുള്ള എല്ലാ ചിന്തകളും പഠനത്തിന്റെ കയ്പ്പും മധുരവും നിറഞ്ഞ രുചികളും എല്ലാം ഈ ദ്വീപ് വലിച്ചെടുത്ത് എന്റെ കണ്ണെത്താത്ത അഗാധതയിലേക്ക് ഒഴുക്കികൊണ്ടു പോയി. അത്ര നല്ല അനുഭവങ്ങളുടെ കൂമ്പാരമാണ് ഈ ദ്വീപ് തന്നത്. ഇവിടെ നില്‍ക്കുമ്പോള്‍ എങ്ങോട്ടെന്നില്ലാതെ എന്റെ മനസ്സും ഒഴുകുകയായിരുന്നു.
ഇങ്ങനെ ഞങ്ങള്‍ സന്ദര്‍ശിച്ച ഏഴ് ദ്വീപുകളും ഓരോന്നും ഒന്നിനൊന്നും വ്യത്യസ്തമായിരുന്നു. ഓരോന്നും ഓരോ അനുഭവങ്ങള്‍ പകര്‍ന്നു നല്‍കി. എന്നാല്‍ ഇവിടെയെല്ലാം പ്രകൃതിഭംഗി ഒന്നു തന്നെ. ചുറ്റുതലമുടിമടഞ്ഞപോലെ വണ്ണമുള്‌ല വള്ളികളും ചെറുതും വലുതുമായ പാറകളും എല്ലാം കൊണ്ടും സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ് ഇവിടം. അതുകൊണ്ടാവാം ധാരാളം വിദേശികളും സ്വദേശികളും ഇവിടം കാണാന്‍ വരുന്നത്. എന്നാല്‍ ഇവയില്‍ നിന്നും വ്യത്യസ്തമായിരുന്നു ആറാമത്തെ ദ്വീപ്. ഇവിടെ പാറകള്‍ കുറവായിരുന്നു. മാത്രമല്ല പൂഴിയായിരുന്നു. ഒരു സ്വിമ്മിങ് പൂളില്‍ കുളിക്കുന്ന അനുഭൂതി ഉണ്ടായിരുന്നു.
ഓരോ വെള്ളച്ചാട്ടവും പാറയില്‍ വന്നിടിക്കുന്ന ശബ്ദത്തിനും ഒരു പ്രത്യേക ഈണമുണ്ടായിരുന്നു. മാത്രമല്ല ശക്തമാ കാറ്റടിക്കുമ്പോള്‍ മരങ്ങള്‍ പരസ്​പരം ചുംബിക്കുന്ന ശബ്ദവും കുഴലിന്റെയും മറ്റു പക്ഷികളുടെ ശബ്ദവുമെല്ലാം പ്രകൃതി ശ്രുതിയിട്ട് കംമ്പോസ് ചെയ്ത് കേള്‍ക്കുന്നത് പോലെ തോന്നി.
നേരം സന്ധ്യയായി. അപ്പോഴത്തിനും സമയത്തിന്റെ ഇരുട്ട് മൂടിയിരിക്കുന്നു. പൂര്‍ത്തിയാവുന്ന യാത്രയുമായി ഞങ്ങള്‍ അവിടെ നിന്നും മടങ്ങി. അങ്ങനെ ഞങ്ങള്‍ അവിടെ നിന്നും മടങ്ങി. അങ്ങനെ ഞങ്ങള്‍ ആദ്യ സ്ഥാനത്ത് തന്നെ എത്തി. പലരും തണുത്ത് വിറയ്ക്കുന്നുണ്ടായിരുന്നു. പലരുടെയും ചുണ്ട് താനെ നിന്ന് തുളുമ്പുന്നത് പോലെ തോന്നി. അങ്ങനെ ഒരു ദിവസം ഏഴുതവണ കുളി.
സൂര്യന്‍ കൂടണയാറായി കുളിച്ച് ഞങ്ങള്‍ ദ്വീപിന്റെ പരിസരത്തുള്ള ഒരു അമ്പലത്തില്‍ കയറി പ്രാര്‍ത്ഥിച്ചു. പിന്നീട് നാട്ടിലേക്ക് യാത്ര തിരിച്ചു. വയനാടിറങ്ങുമ്പോള്‍ സന്ധ്യമൂടിയിരുന്നു. വയനാട് ചുരത്തിന്റെ മുകളില്‍ നിന്നും താഴേക്ക് നോക്കുമ്പോള്‍ താഴെ ഒഴുകുന്ന വാഹനങ്ങളുടെ വെളിച്ചം ആകാശത്ത് നക്ഷത്രങ്ങള്‍ മിന്നുന്ന പോലെ തോന്നി.


കോഴിക്കോട്, രാമകൃഷ്ണ മിഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് ലേഖിക
Tags:   kerala, blog, gods own country, wayanad, tour, travel, tourism, yathra, mathrubhumiMathrubhumiMatrimonial