
ഒരു ഷേക്സ്പീര്യന് വീടകാനുഭവം
Posted on: 31 Jan 2010
text & photos: ഡോ.സി.എം. രാധാകൃഷ്ണന്

ഷെയ്ക്സ്പിയറുടെ വീടിരികികുന്ന ഹെന്‍ലി സ്ട്രീറ്റ് തന്നെ, രണ്ടു വശങ്ങളിലും ബ്ലോക്കു ചെയ്ത് വാഹനപ്രവേശനം തടഞ്ഞിരിക്കുന്നു. റോഡ് ഇരു വശങ്ങളും ഭംഗിയായി മോടിപിടിപ്പിച്ചിട്ടുണ്ട്. അകത്തേക്കു നടന്നപ്പോള്‍, മഴയായിരുന്നിട്ടും വിനോദസഞ്ചാരികള്‍ ഏറെ ഉണ്ടായിരുന്നു. പന്ത്രണ്ട് പൗണ്ടിന്റെ ടിക്കറ്റെടുത്ത് പ്രവേശനം. ഷേക്സ്പിയറുടെ ബാല്യ കൗമാര യൗവ്വനങ്ങളുടെ ഒരു വീഡിയോ ഷോ അവിടെ ഒരുക്കിയിട്ടുണ്ട്. ഒരു മുറിയില്‍ നിന്ന് അടുത്തതിലേക്ക് സഞ്ചരിക്കുമ്പോള്‍ പതിനേഴാം നൂറ്റാണ്ടിലൂടെ സഞ്ചരിക്കുന്ന പ്രതീതി.
കാഴ്ച്ച കണ്ട് മുറ്റത്തേക്ക് ഇറങ്ങുമ്പോള്‍ ഒഥല്ലോ നാടകം നടക്കുന്നു. നടീനടന്മാര് കാഴ്ച്ചക്കാരുടെ ഇടയില്‍ നിന്നു വരുന്ന അവതരണ രീതി. ഇടനാഴിയിലൂടെ നടന്ന് അദ്ദേഹം താമസിച്ചിരുന്ന വീടിന്റെ അകത്തേക്ക് പ്രവേശിക്കാം. മരം കൊണ്ടു നിര്‍മിച്ചിരിക്കുന്ന വലിയ വീട്ടില്‍, സ്വീകരണമുറി, ഭക്ഷണശാല, കിടപ്പുമുറികള്‍, പഴയ വസ്തുക്കള്‍ എല്ലാം ഭംഗിയായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വീട്ടില്‍ ഇപ്പോഴും ആ സാന്നിദ്ധ്യം അനുഭവപ്പെടും. കഥാപാത്രങ്ങള്‍ നമ്മോടൊത്ത് നീങ്ങുന്ന അനുഭവം ഗൈഡിന്റെ വിവരണത്തില്‍ നിന്നും അനുഭവപ്പെടും. പുറത്തേക്കുള്ള വഴിയില്‍ അദ്ദേഹത്തിന്റെ പുസ്തകങ്ങളും ചിത്രങ്ങളും വാങ്ങാന്‍ കിട്ടും. ഇറക്കത്തിലെ പൂന്തോട്ടത്തില്‍ സ്ഥാപിച്ചിട്ടുള്ള ഏക പ്രതിമ മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെതാണ്. നാം ഇന്ത്യക്കാര്‍ എത്രയോ ഉയര്‍ത്തപ്പെട്ടിരിക്കുന്നു. രണ്ടുമൂന്നു മണിക്കൂര്‍ അവിടെ ചെലവഴിച്ച ശേഷം കാലത്തിന്റെയും കവിയുടേയും നല്ല ഓര്‍മ്മകള്‍ മനസ്സില്‍ നിറച്ചു കൊണ്ട് മടങ്ങി.
