TravelBlogue

സുന്ദരി ലങ്കാലക്ഷ്മി

Posted on: 24 Jan 2010


Colombo Caress
bliss in tandem with pals carries Mukesh on a Southern sojourn

കൊളംബോയിലെ കാഴ്ച്ചകളും കൊച്ചുവര്‍ത്തമാനങ്ങളുമായി മുകേഷ്


സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര പോകുന്നത് എനിക്കെന്നും ഹരമായിരുന്നു. പരിചയമില്ലാത്ത സ്ഥലങ്ങള്‍, ജീവിതങ്ങള്‍ ആചാരങ്ങള്‍, കീഴ്്‌വഴക്കങ്ങള്‍.. അങ്ങിനെ അറിവിന്റെ മേച്ചില്‍പുറങ്ങള്‍ തേടിയുള്ളയാത്രകള്‍. അതോടൊപ്പം ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ സൗഹൃദത്തിന്റെ രസകരമായ മുഹൂര്‍ത്തങ്ങളും.. ജീവിതം മാറി, യാത്രകളുടെ ദൈര്‍ഘ്യം മാറി, യാത്രയിലെ സുഖസൗകര്യങ്ങളുടെ രീതി മാറി. പക്ഷേ കഷ്ടപ്പെട്ട് യാത്ര ചെയ്ത കാലങ്ങള്‍ പോലും മനസില്‍ ഇന്നലത്തേതെന്ന പോലെയാണ്.

അതുകൊണ്ട് തന്നെയാണ് യാത്രയെക്കുറിച്ചെഴുതുമ്പോള്‍ ആ ഏഴിമല യാത്ര ഇപ്പോഴും മനസിലെത്തുന്നത്. കോളേജില്‍ പഠിക്കുന്ന കാലം. അവിചാരിതമായി, സുഹൃദ്‌സദസില്‍ ഒരു കൂട്ടുകാരന്‍-ഫൈന്‍ ആര്‍ട്‌സ് കോളേജ് വിദ്യാര്‍ഥിയായ വിജയശേഖരന്‍ ചോദിക്കുന്നു
'ഏഴിമല പോയിട്ടുണ്ടോ? ഗംഭീര സ്ഥലമാ, നേവല്‍ അക്കാദമി വരാന്‍ പോകുവാ അവിടെ. മല, പുഴ, പുഴ കഴിഞ്ഞാല്‍ കടല്‍. പുഴ വറ്റുമ്പോള്‍ മലയില്‍ നിന്ന് മാനുകള്‍ ഇറങ്ങി കടലില്‍ വെള്ളം കുടിക്കും.'' അവന്റെ വിവരണപാഠം നീളവെ ഞാന്‍ ചോദിച്ചു
'എങ്ങിനെയാ പോവുക ?'കണ്ണുര് വരെ ട്രെയിനില്‍ പോകാം. അവിടുന്ന് തളിപ്പറമ്പിലേക്ക് ബസ്സ് പിടിക്കാം. വീണ്ടും അവിടുന്നൊരു ബസ്സ് പിടിക്കണം. പിന്നെ കൂറെ നടക്കണം.'പഴയ ക്യാംപിന്റെ പരിചയത്തില്‍ റൂട്ടും കഌയര്‍. ആ യാത്രാവിവരണവും കേട്ട് കൈയില്‍ കാശില്ലല്ലോ എന്ന ദൂ:ഖത്തോടെയിരിക്കുന്ന ഞങ്ങള്‍ക്കു മുമ്പില്‍ പ്രലോഭനത്തിന്റെ പുതിയ വാതായനങ്ങളുമായി അവന്‍ വീണ്ടും
'ഇതിനെല്ലാം പുറമെ ഒരു കാര്യം കൂടിയുണ്ടവിടെ''

'അതെന്തുവാ?''

'ആദിവാസികളെ കാണാം.''

' ഓ അതെന്നാ കാണാനാ? ''

'മാറുമറയ്ക്കാത്ത ആദിവാസി സ്ത്രീകളാണ്.''- അവന്‍ ഞങ്ങളുടെ മര്‍മ്മത്തില്‍ തന്നെ തൊട്ടു.

എന്നാല്‍ പിന്നെ കൊക്കില്‍ ജീവന്‍ ഉണ്ടെങ്കില്‍ ഏഴിമല പോയിട്ടു തന്നെ കാര്യം.

'അവര്‍ വെള്ളം എടുക്കാന്‍ പുറത്തേക്കു വരും. അപ്പോ ഒരു രുപ കൊടുത്താല്‍ നമ്മളോട് സംസാരിക്കും. ഫോട്ടോയെടുക്കാം.''
അവന്‍ ആഗ്രഹാഗ്നിക്കുമീതെ വീണ്ടും നെയ്യൊഴിക്കാന്‍ തുടങ്ങി. പക്ഷേ എങ്ങിനെ പണം ഒപ്പിക്കും. നാലഞ്ചു സുഹൃത്തുക്കളുണ്ട്. ഫീസല്ലാതെ ഒരുത്തനും വീട്ടീന്ന് നയാപൈസ കിട്ടാറില്ല. പോക്കറ്റുമണിയുടെ ഇടപാടൊന്നും അന്നായിട്ടില്ല.

അപ്പോഴാണ് ഞങ്ങളുടെ പരിചയത്തില്‍പ്പെട്ട ഒരു ഗള്‍ഫുകാരന്‍ നാട്ടിലെത്തിയത്. ഗള്‍ഫ് എന്നുവെച്ചാല്‍ അന്ന് പൂത്തപണമാണ്. ലാവിഷ്. ഏഴിമലയെ കുറിച്ച് ഞങ്ങള്‍ അയാളോട് പറഞ്ഞു. 'ഓ അതിലും വലിയ മലകള്‍ എത്ര ഞാന്‍ കണ്ടിരിക്കുന്നു. ''

ഗള്‍ഫുകാരന്‍ അലിയുന്നില്ല. അവസാനം മാറുമറയ്ക്കാത്ത ആദിവാസികളുടെ കഥയും ആവനാഴിയില്‍ നിന്ന്് പുറത്തെടുത്തു. അതിലയാള്‍ തലയും കുത്തി വീണു. പിന്നെ ആവേശം കക്ഷിക്കായി. എനിക്ക് ലീവ് കുറവാണ്. അടുത്ത ദിവസം തന്നെ പോയിക്കളയാം. അയാള്‍ പ്ലാന്‍ ചെയ്തു. സ്‌പോണ്‍സര്‍ ആയതുകൊണ്ട് പുള്ളിക്കാരന് പ്രത്യേക പരിഗണന നല്‍കാന്‍ ഞങ്ങള്‍ മറന്നില്ല.

ഞങ്ങളെ ഏഴിമല എന്ന മോഹത്തിലേക്ക് കൈ പിടിച്ചുയര്‍ത്തിയ വിജയശേഖരന്‍ തന്നെ വഴികാട്ടി.

കളിയും ചിരിയും തമാശകളുമൊക്കെയായി കണ്ണുരിലെത്തിയതറിഞ്ഞില്ല. തളിപ്പറമ്പിലേക്കുള്ള യാത്രയ്ക്കിടയില്‍ വിജയശേഖരന് മാത്രം എന്തോ ഒരു ഉത്സാഹക്കുറവ്. അവന്റെ ഊര്‍ജം ഡൗണായി ഡൗണായി വരുന്നു. ഇത്ര പെട്ടെന്നൊരു യാത്ര യാഥാര്‍ഥ്യമാവുമെന്നവന്‍ സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ലേ. ഒന്നാളാവാന്‍ ഇറക്കിയ നമ്പറുകള്‍ മാത്രമോ?

സംശയം ഉയരാന്‍ തുടങ്ങിയിരുന്നെങ്കിലും ബസ്സിറങ്ങി മലകയറുമ്പോള്‍ ഞങ്ങളുടെ മനസില്‍ നിറയെ മാറുമറയ്ക്കാത്ത ആദിവാസി സ്ത്രീകളുടെ സംഘ നൃത്തമായിരുന്നു. 'എവിടെടാ ആദിവാസികള്‍''

'അവരൊക്കെ... കാടാറുമാസം നാടാറുമാസം എന്നാണല്ലോ...''

വിജയശേഖരന്‍ ഉരുളാന്‍ തുടങ്ങി. 'ഏയ് അത് നാടോടികള്‍. ആദിവാസികള്‍ അങ്ങിനെയല്ല.''

'ശരിയാ ശരിയാ.... ''എല്ലാവരും എന്റെ അഭിപ്രായത്തെ പിന്തുണച്ചു. ഞങ്ങള്‍ നോക്കിയിട്ട് ആദിവാസി മേഖലയുടെ ഒരു ലക്ഷണവും കാണുന്നില്ല. നല്ല വീടൊക്കെ വെച്ച് താമസിക്കുന്ന സാധാരണക്കാരായ നാട്ടുകാരെ കാണുന്നുമുണ്ട്.

'എന്തു മനോഹരമായ സ്ഥലം, പെയ്ന്റ് ചെയ്ത് വെച്ച പോലെയല്ലെ പ്രകൃതി ''

വിജയശേഖരന്‍ ആദിവാസികളില്‍ നിന്ന് ഞങ്ങളുടെ മനസിനെ മോചിപ്പിക്കാനുള്ള ശ്രമമാണ്.

'അത് കറക്ട് അത് കറക്ട്. ''-ഞങ്ങള്‍ പിന്തുണച്ചു.

'ഇനി ആദിവാസികളെ കണ്ടില്ലെങ്കിലെന്താ ''

വിജയശേഖരന്റെ പ്രകൃതിസ്േനഹത്തിന്റെ ഗുട്ടന്‍സ് മറനീക്കി പുറത്തുവരാന്‍ തുടങ്ങി.

'അത് വേറെ ഇത് വേറെ നീ വിഷയം മാറ്റണ്ട.''

പോക്കറ്റില്‍ നിന്ന് ഒരു രൂപാ നാണയങ്ങളെടുത്ത് കിലുകിലാ ശബ്ദമുണ്ടാക്കി ഞാന്‍ പറഞ്ഞു. നാണയം കൊണ്ട് അമ്മാനമാടുമ്പോള്‍ വിജയശേഖരന്റെ ഹൃദയമെടുത്തിട്ട് അമ്മാനമാടുന്നപോലായിരുന്നു. അത് മറച്ചുവെക്കാന്‍ അവന്‍ പെടാപാട് പെടുന്നതുമറിയാം.
'ഓ അപ്പോഴേക്കും ചില്ലറയും മാററിവെച്ചോ.ഇവന്റെയൊക്കെ ഒരു കാര്യം.''

'പിന്നേ 10 രൂപാ കൊടുത്ത് ആദിവാസികളില്‍ നിന്ന് 9 രൂപ ബാക്കി മേടിക്കാന്‍ പറ്റ്വോ ''-ചില്ലറ കിലുക്കികൊണ്ട് തന്നെ ഞാന്‍ പറഞ്ഞു.
ഗള്‍ഫുകാരനും അക്ഷമനാവുന്നുണ്ടായിരുന്നു, കക്ഷി വലിയൊരു ക്യാമറയും തൂക്കിയാണ് വന്നിരിക്കുന്നത്. മാറുമറയ്ക്കാത്ത ഫോട്ടോകള്‍ എവിടെ കൊടുത്ത് ഡവലപ്പ് ചെയ്യും എന്നൊക്കെയായിരുന്നു പുള്ളിക്കാരന്റെ ടെന്‍ഷന്‍.

അപ്പോഴതാ എതിരെ ഒരാള്‍. ആ നാട്ടുകാരന്‍. അപരിചിതരെ കണ്ടതുകൊണ്ടാവാം അയാള്‍ നിന്നു.

'എവിടുന്നാ ''

'ഞങ്ങള്‍ കൊല്ലം തിരുവനന്തപുരം ജില്ലയിലുള്ളവരാ.''

'ഇവിടെ ഏതു വീട്ടില്‍ വന്നതാ.''

'അങ്ങിനെയൊരു വീട്ടിലേക്കൊന്നും വന്നതല്ല.''

' ഓ അപ്പം ടൂറിസ്റ്റുകളാണോ.''

'വേണമെങ്കില്‍ അങ്ങിനെ പറയാം''.

'അതു ശരി ഇവിടെ എവിടെയാണ് തങ്ങാനുദ്ദേശിക്കുന്നത്.''

'ലാസ്റ്റ് ബസ്സിലങ്ങ് തിരിച്ചുപോകാനാണ് പ്ലാന്‍.''

' ലാസ്റ്റ് ബസ്സോ അത് നാലുമണിക്ക് പോയില്ലേ. ഇനി നാളെ രാവിലെയെ ബസ്സുള്ളു.''

എല്ലാവരും വിജയശേഖരനെ ഒന്നു നോക്കി. അവന്‍ ദഹിച്ച് പോയില്ലെന്നേയുള്ളു.

'എന്തായാലും ശരി ഇനി അധികം ഉള്ളോട്ട് പോകണ്ട. ചെറിയ പ്രശ്‌നങ്ങളൊക്കെയുണ്ട്.''

അതെന്താ ചേട്ടാ.''

'കഴിഞ്ഞിടയ്ക്ക് ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ നിന്നാണെന്ന് പറഞ്ഞ് കുറച്ച് പിള്ളേരിവിടെ വന്നിരുന്നു. അവന്‍മാര് ചിത്രംവര ശില്പ്പം എന്നൊക്കെ പറഞ്ഞ് എന്തൊക്കെയോ തോന്ന്യാസങ്ങളൊക്കെയാണ് കാട്ടിയത്. ഇവിടുത്തെ പെണ്‍കുട്ടികളോട് മോശമായി പെരുമാറുകയും ചെയ്തു. അവന്‍മാര് വല്ലോം ആണെന്ന് കരുതി നാട്ടുകാര് നിങ്ങളെ കൈകാര്യം ചെയ്‌തെന്നിരിക്കും.''

ഇതു പറയുന്നതിനിടയില്‍ വിജയശേഖരന്‍ മുഖം ഒളിപ്പിക്കാനൊരു ശ്രമം നടത്തുന്നുണ്ടായിരുന്നു. നേരം ഇരുണ്ട് തുടങ്ങിയത് ഭാഗ്യം. പക്ഷേ അപരിചിതനായ ആ മനുഷ്യന്‍ ഞങ്ങള്‍ക്ക് ഒരു കുടിലില്‍ താമസിക്കാന്‍ സൗകര്യമൊരുക്കി തന്നു. രാത്രി ഭക്ഷണവും ഏര്‍പ്പാടാക്കി. അദ്ദേഹം അവിടുത്തെ പഞ്ചായത്ത് പ്രസിഡണ്ടായിരുന്നെന്ന്് പിന്നെയാണ് മനസിലായത്. ആദിവാസികള്‍ സ്വപ്‌നമായവശേഷിച്ചെങ്കിലും ആ യാത്ര ഓര്‍മകളിലിന്നുമുണ്ട്.പിന്നീട് യാത്ര മടുത്തുപോകുന്ന ഒരു കാലമുണ്ടായിരുന്നു. കാളിദാസകലാകേന്ദ്രത്തില്‍ നാടകനടനായ കാലം. ദിവസവും രണ്ടും മൂന്നും സ്‌റ്റേജുകള്‍, രാത്രി ഉറക്കമൊഴിച്ചുള്ള അഭിനയം. പകല്‍ നാടകവാനില്‍ ഉറക്കംതൂങ്ങിയുള്ള യാത്രകള്‍.

സിനിമയില്‍ വന്ന ആദ്യ സമയങ്ങളില്‍ ലൊക്കേഷന്‍ കൊല്ലത്തും തിരുവനന്തപുരത്തുമൊക്കെയായിരുന്നതു കൊണ്ട് അധികം യാത്രകളില്ലായിരുന്നു. ആദ്യമായൊരു ചെന്നൈ യാത്ര വരുന്നത് 'അക്കരെ നിന്നൊരു മാരനു' വേണ്ടിയായിരുന്നു. സിനിമയില്‍ ഏതാണ്ട് എന്റെ കാലത്തുതന്നെ വന്ന നടനാണ് സന്തോഷ്. 'ഇതു ഞങ്ങളുടെ കഥ'യില്‍ 5 നായകന്‍മാരില്‍ പെട്ടവരായിരുന്നു ഞാനും സന്തോഷും. ആ ചിത്രത്തോടെ ശരീരപുഷ്ടിയും മസിലുമൊക്കെ വെച്ച് നിരവധി വില്ലന്‍ വേഷങ്ങള്‍ സന്തോഷിന് കിട്ടി തുടങ്ങി. 2 ദിവസം ഇവിടെ 2 ദിവസം അവിടെ എന്ന മട്ടില്‍. അവന്‍ ബിസിയായി പറന്നുനടക്കുകയാണ്. ഞാനാണെങ്കില്‍ ബിസിയാവുന്നതും സ്വപ്‌നം കണ്ടിരിക്കുകയാണ്. ചെന്നെയില്‍ അക്കരെനിന്നൊരു മാരന്റെ ഡബ്ബിംഗ് കഴിഞ്ഞ് നാട്ടിലേക്ക് തിരിക്കാനിരുക്കുകയായിരുന്നു ഞാന്‍. അങ്ങിനെയിരിക്കെ ഹോട്ടല്‍ പാംഗ്രൂവില്‍ വെച്ച് അക്കരെ നിന്നൊരുമാരന്റെ നിര്‍മ്മാതാവ് സുരേഷ്‌കുമാര്‍ സന്തോഷിനെ കാണുന്നു. സംസാരമധ്യെ സന്തോഷ് പറഞ്ഞു 'ഞാനിന്ന് വൈകീട്ട തിരുവനന്തപുരത്തേക്ക് പോവുകയാണ്.''

'ആണോ എന്നാ പിന്നെ മുകേഷുമുണ്ടല്ലോ. നിങ്ങള്‍ക്ക് ഒന്നിച്ച് പോവാലോ''

'ഇല്ല ഞാന്‍ ഫ്‌ളൈറ്റിലാ. നാളെ എനിക്കവിടെ ഷുട്ടിങ്ങുണ്ട്.''

'അവനും ഫ്‌ളൈറ്റിലാ''

'ആണോ'

'അതെ അവനും ഫ്‌ളൈറ്റിലാ'' സുരേഷ് തറപ്പിച്ചു പറഞ്ഞു.

കുറച്ചുകഴിഞ്ഞ് സുരേഷ് എന്റെ റൂമില്‍ വന്നു.

'എടാ നീ ഫ്‌ളൈറ്റിലാ പോകുന്നത്.''

'ങ്‌ഹേ ട്രെയിന്‍ ടിക്കറ്റല്ലേ ഇത്.''

' അതിങ്ങ് തന്നേര് ഇതു പിടിച്ചോ ''

ഫ്‌ളൈറ്റ് ടിക്കറ്റ് തന്ന് ട്രയിന്‍ ടിക്കറ്റുമായി സുരേഷ് മുറി വിട്ടിറങ്ങുമ്പോള്‍ എനിക്കൊന്നും മനസിലാവുന്നുണ്ടായിരുന്നില്ല. എയര്‍പോര്‍ട്ടിലേക്കുളള വഴിയില്‍ വെച്ചാണ് സുരേഷ്‌കുമാര്‍ കാര്യം പറയുന്നത്. സന്തോഷ് ഫ്‌ളൈറ്റിലാ പോകുന്നതെന്ന് പറഞ്ഞപ്പോ അതിലൊരു ധ്വനിയുണ്ടായിരുന്നു. എനിക്കവിടെ ചെന്ന് ഷൂട്ടിങ്ങ് ഉള്ളതാ. അവനൊക്കെ പിന്നെ ചെന്നാലും മതി എന്നൊരു മട്ട്്. അതെനിക്ക് സഹിച്ചില്ല. അതാണ് യാത്രയില്‍ ഇങ്ങിനെയൊരു മാറ്റം.''

സൂഹൃത്തുക്കള്‍ക്കു വേണ്ടി എന്തും ചെയ്യുന്ന ആ മനസിന്റെ നന്‍മയെ കുറിച്ചാണ് ഞാന്‍ ഓര്‍ത്തുപോയത്. അതൊരു വലിയ മുഹൂര്‍ത്തവുമായിരുന്നു. പിന്നീടങ്ങോട്ട് ഫ്‌ളൈറ്റ് യാത്രകള്‍ ജീവിതത്തിന്റെ ഭാഗമായി. യാത്രാദൂരങ്ങള്‍ക്ക് വിമാനവേഗവുമായി. ചൈനയും ജപ്പാനുമൊഴികെ ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും നാടകമോ സ്‌റ്റേജ്‌ഷോയൊ ഒക്കെയായി സഞ്ചരിക്കുകയും ചെയ്തു.

പക്ഷേ ഇതൊക്കെ ഓരോ ആവശ്യങ്ങള്‍ക്കു വേണ്ടിയുള്ള യാത്രകളായിരുന്നു. യഥാര്‍ഥ യാത്രയുടെ ത്രില്ല് സുഹൃത്തുക്കള്‍ക്കൊപ്പം പോവുമ്പോള്‍ തന്നെ. റിലാക്‌സാവുന്നത് അവര്‍ക്കൊപ്പം കളിയും ചിരിയും കുസൃതികളുമായി യാത്ര പങ്കിടുമ്പോള്‍ മാത്രം.

************************************************

കൊച്ചിയില്‍ തിരക്കുള്ള ട്രാഫിക്കിലൂടെ വണ്ടിയോടിക്കുകയായിരുന്നു ഞാന്‍. മുന്‍സീറ്റില്‍ സുഹൃത്ത് സുനില്‍ ഏലിയാസുണ്ട്. പിറകില്‍ സിബിയും. ട്രാഫിക് ഐലന്റില്‍ ചുവപ്പു കണ്ട് നിര്‍ത്തിയ സമയം. ഒരു ബോര്‍ഡ്. 'ദൈവം ആറു ദിവസം ജോലി ചെയ്ത് ഏഴാം നാള്‍ വിശ്രമിച്ചു. നിങ്ങള്‍ വിശ്രമിച്ചിട്ടെത്ര കാലമായി.' മൂന്നു പേരും ഒരു പോലത് വായിച്ചു. കുറച്ചുസമയത്തെ നിശബ്ദത ഭജ്ഞിച്ചത് ഞാന്‍ തന്നെ. ''ശരിയാ നമ്മള്‍ ദൈവത്തേക്കാള്‍ വല്യ ആളാവരുത്.''

ഉടനെ സുനില്‍ ഏറ്റുപിടിച്ചു. നിന്റെ കയ്യിലെത്ര ദിവസമുണ്ട്. ഞങ്ങള്‍ക്ക് വേണമെങ്കില്‍ ലീവെടുക്കാം.

'എന്റെ കാര്യം ഇപ്പ പറയാനൊക്കത്തില്ല. എന്തായാലും വൈകീട്ട പറയാം.''

ആ പരസ്യം ഒരു സ്​പാര്‍ക്കായി മനസില്‍ കിടന്നു. ഞാന്‍ പലരേയും വിളിച്ചു അഡ്ജസ്റ്റ്്് ചെയ്ത് ഒരു നാലു ദിവസം ഒപ്പിച്ചു.

ഇനി സ്ഥലമാണ് .ഭക്ഷണവും താമസവുമൊന്നും കിട്ടാത്ത പുതിയ സ്ഥലങ്ങള്‍ കണ്ടുപിടിക്കാനൊന്നുമല്ല ഈ യാത്ര. ടൂറിസ്റ്റ് സങ്കേതമായിരിക്കണം, ഒരുപാട് ദൂരം വേണ്ട, അന്യരാജ്യമായിരിക്കണം, ഇന്‍ഫര്‍മേറ്റീവും ആയിരിക്കണം. ഇതൊക്കെയായിരുന്നു ആലോചനയില്‍ വന്ന വിഷയങ്ങള്‍. പിന്നെ വിസ കിട്ടാന്‍ എളുപ്പമുള്ള സ്ഥലവുമായിക്കോട്ടെ.

'അങ്ങിനെയെങ്കില്‍ ശ്രീലങ്ക ''സിബി പറഞ്ഞു ഓണ്‍ എറൈവല്‍ വിസയാണ്. ബാങ്കോക്കും ഓണ്‍ എറൈവല്‍ വിസയാണ്. പക്ഷേ കേരളത്തില്‍ നിന്ന് നേരിട്ട് ഫ്‌ളൈറ്റില്ല. ചെന്നൈയില്‍ പോവണം. അപ്പോ ഒരു ദിവസം അങ്ങിനെയും പോവും. ഇതാവുമ്പോ തിരുവനന്തപുരത്തു നിന്ന് കൊച്ചിക്ക് കാറില്‍ പോകുന്ന സമയം പോലും വേണ്ട.''

അങ്ങിനെ ശ്രീലങ്ക ഉറപ്പിച്ചു. യാത്രയ്ക്കു വേണ്ട ഏര്‍പ്പാടുകളെല്ലാം സിബി ഏറ്റു. ഒഫീഷ്യല്‍ ടൂറുകള്‍ ധാരാളം നടത്തി പരിചയ സമ്പന്നന്നാണ് സിബി.

അങ്ങിനെ മറ്റന്നാളാണ് യാത്രയെങ്കില്‍ ഇന്നുണ്ട് ജയപ്രകാശ് അവിചാരിതമായി വിളിക്കുന്നു. മസ്‌ക്കറ്റിലെ ഞങ്ങളുടെ കോമണ്‍ഫ്രണ്ടാണ്.

'ഓ നീ ഇന്നു വിളിച്ചത് നന്നായി മറ്റന്നാളായിരുന്നെങ്കില്‍ ഞങ്ങള്‍ ലങ്കയിലായേനെ''

'ങ്‌ഹേ ലങ്കയിലോ''

'എന്താ കാര്യം.''

'നീ അറിഞ്ഞില്ലേ ഇപ്പോ കാണേണ്ട സ്ഥലമല്ലേ ലങ്ക. യുദ്ധം കഴിഞ്ഞ് സമാധാനം വന്ന് ടൂറിസ്റ്റുകളുടെ പറുദീസയായിരിക്കുകയല്ലേ അവിടം. കാശിനാണെങ്കില്‍ ഒരു വിലയുമില്ല. നമ്മുടെ നൂറു രൂപ അവിടെ ഇരുനൂറുരുപയാണ്.''ഞാനല്‍പ്പം കേറ്റി അടിച്ചു.

'ഞാന്‍ ഒരു പത്തുമിനിറ്റ് കഴിഞ്ഞ് വിളിക്കാം കേട്ടോ.'' ജയന്‍ പറഞ്ഞു.

വണ്ടിയോടിക്കുകയായിരിക്കും. അല്ലെങ്കിലും വളരെ തിരക്കുപിടിച്ച് ,സക്‌സസ്ഫുള്ളായ ബിസിനസ്മാനാണ് ജയന്‍. ഞാന്‍ ഫോണ്‍ കട്ടു ചെയ്തു.

10 മിനിട്ട് ആയോ എന്നറിയില്ല. ജയപ്രകാശിന്റെ കോള്‍. ''നിങ്ങള്‍ മൂന്നും ശ്രീലങ്കയിലേക്ക് പോകുന്നു. ഞാനിവിടെ ബിസിനസ് തിരക്കുമായി മസ്‌ക്കറ്റിലും. എനിക്കത് ഓര്‍ത്തിട്ട് സഹിക്കുന്നില്ലെടെ. നിങ്ങള്‍ മൂന്നും ചേരുമ്പോഴുണ്ടാകുന്ന തമാശകളും സന്തോഷവും അതു നല്‍കുന്ന എനര്‍ജിയും ഇനി അടുത്ത കാലത്തൊന്നും ഉണ്ടാവുമെന്നും തോന്നുന്നില്ല. ഞാന്‍ നാളെ അവിടെയത്തും. മറ്റന്നാളത്തേക്ക് എനിക്കുമൊരു ടിക്കറ്റ് പറഞ്ഞേക്ക്.''

ഇത്രയുമൊരു ഷോട്ട് നോട്ടീസില്‍ ജയപ്രകാശ് ഒരു യാത്രയും ചെയ്തു കാണത്തില്ല. പുളളിക്കാരന്റെ ഭാര്യ ഞെട്ടി. ഓഫീസിലുള്ളവരും ഞെട്ടി. ഈ ട്രിപ്പിന്റെ ഊര്‍ജം എനിക്കൂഹിക്കാന്‍ പറ്റും. അത് രണ്ടോ മുന്നോ കൊല്ലം അധികം ജോലി ചെയ്യാനുള്ള കരുത്തെനിക്കു പകരും. അത് ഭാര്യയെ പറഞ്ഞ് മനസിലാക്കിച്ചാണ് ഞാന്‍ പോന്നത്. ജയപ്രകാശ് നാട്ടിലെത്തിയപ്പോള്‍ പറഞ്ഞു.

ശ്രീലങ്കയില്‍ കൊളാംബോ വിമാനത്താവളത്തില്‍ ഇറങ്ങി. പുറത്തുകടന്നു. എന്തീസിയാണ് കാര്യങ്ങള്‍. ഇവിടെ കേരളത്തിലാണെങ്കില്‍ പോലും എന്തെങ്കിലും കുനുഷ്ട് ഉണ്ടാവും. ടുറിസ്റ്റുകളെ അടിമുടി പ്രോത്സാഹിപ്പിക്കുകയാണവര്‍.നിങ്ങളെല്ലാം കൂടെ മനസ് വെച്ചിട്ടു വേണം ഈ നാടൊന്നു പച്ചപിടിക്കാന്‍ എന്ന മനോഭാവം.. സ്വീകരണത്തിന്റെ വിഭിന്ന ഭാവങ്ങള്‍ ചിരിയായും സഹായസന്നദ്ധതയായുമെല്ലാം ചുറ്റും നിറയുന്നു.

ട്രാവന്‍ ഏജന്‍സി വണ്ടി ഏര്‍പ്പാടാക്കിയിരുന്നു. ടെയോട്ടാ, ഹോണ്ടാ തുടങ്ങി വിദേശ നിര്‍മ്മിത കാറുകളാണ് റോഡിലെങ്ങും. വിമാനത്താവളത്തില്‍ നിന്ന് നഗരത്തിലേക്ക് ഒന്നര മണിക്കുര്‍ യാത്രയുണ്ടാവും. വഴിയോരകാഴ്ചകളില്‍ തെളിയുന്നത് നമ്മുടെ കേരളം തന്നെ. ആള്‍ക്കാരും കടകളും റോഡുകളുമെല്ലാം ഇവിടുത്തെ പോലെ. ചില സ്ഥലങ്ങള്‍ കാണുമ്പോള്‍ തമിഴ് നാടിന്റെ ചെറിയ ഛായയും. ''എടേ ഇതിവന്‍മാര് നമ്മെ പറ്റിച്ചതാണോ തിരുവന്തപുരത്തു നിന്ന് പുറപ്പെട്ട് ചുറ്റിക്കറങ്ങി നാഗര്‍കോവിലിലോ വല്ലോം കൊണ്ടിറക്കിയതാണോ'' ഞാന്‍ തമാശയ്ക്ക് പറഞ്ഞു. അതു കേട്ട് ഡ്രൈവറും പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു. മനസിലായിട്ടായിരിക്കില്ല. അയാള്‍ അങ്ങിനെയാണ്. എന്തെങ്കിലും പറഞ്ഞ് ചിരിച്ചോണ്ടിരിക്കും.മുറി ഇംഗ്ലീഷും സിംഹളയുമെല്ലാം കോര്‍ത്തിണക്കിയാണ് സംസാരം. എന്തു പറഞ്ഞാലും ചിരിക്കും.കുറച്ചു ദൂരം പിന്നിട്ടപ്പോഴാണ് ശ്രീലങ്കയുടെ മറ്റൊരു മുഖം കാണുന്നത്. ബങ്കറുകള്‍ക്ക് പിന്നില്‍ മറഞ്ഞിരിക്കുന്ന പട്ടാളക്കാര്‍. ജാഗരൂകരായിരിക്കുന്ന പട്ടാളക്കാരില്‍ ഭൂരിഭാഗവും മീശ മുളയ്ക്കാത്ത കൊച്ചു പയ്യന്‍മാര്‍. എന്റെ ഇളയ മകന്റെ പ്രായമുള്ള കുട്ടികളെ കണ്ടപ്പോള്‍ സത്യത്തില്‍ വേദന തോന്നി. അവരുടെ മുഖങ്ങളില്‍ ഒരാശാന്തത. എന്തോ സംഭവിക്കാന്‍ പോവുന്നോ എന്നൊരാശങ്ക, എല്ലാം ശരിയായോ എന്നൊരു വിശ്വാസക്കുറവ്. അവര്‍ എപ്പോ വേണമെങ്കിലും വീണ്ടും വരാം എന്നൊരു സംശയം..കാറ് തടഞ്ഞു നിര്‍ത്തി ഉള്ള് പരിശോധിക്കാന്‍ തുടങ്ങി .ഇന്ത്യ എന്ന് ഡ്രൈവര്‍ പറഞ്ഞതും ഉടനെ വിടുകയും ചെയ്തു. അതിലൊരു അടയാളമുണ്ട്. നമ്മുടെ പിന്തുണയും സൗഹൃദവും ആഗ്രഹിക്കുന്ന ശ്രീലങ്കയുടെ മുഖം.

'ഏതെങ്കിലും അലുകുലുത്ത് ഹോട്ടലായിരുക്കുമോടെ ഇവന്‍മാര് ബുക്ക് ചെയ്തത്. എന്റെ അടുത്ത സംശയം അതായിരുന്നു.'' '' ഏയ് ഫൈവ്സ്റ്റാര്‍ ഹോട്ടലാ.''

'ഓ ഇവിടുത്തെ സ്റ്റാര്‍ ഹോട്ടലൊക്കെ എന്തായിരിക്കുമെ എന്തോ.''

എന്തായാലും നഗരം വൃത്തിയുള്ളതാണ് തിക്കും തിരക്കും ഇവിടുത്തെ പോലെയില്ല. ഹോട്ടലിലെത്തി. കൊള്ളാം സംശയിച്ച പോലെയല്ലെന്നു മാത്രമല്ല. പ്രതീക്ഷിച്ചതിനോക്കാള്‍ എത്രയോ അപ്പുറത്തായിരുന്നു അത്. തിരുവന്തപുരത്തൊന്ന്ും ഇത്രയും നല്ല ഹോട്ടലില്ല.
ലങ്കയില്‍ ബന്ധുക്കളോ പരിചയക്കാരോ ഉണ്ടോ എന്നതായിരുന്നു അടുത്ത ചോദ്യം. അളിയന്‍ രാജേന്ദ്രന്റെ ഒരു ബന്ധു ഉണ്ടല്ലോ എന്ന കാര്യം അപ്പോഴാണ് ഓര്‍ത്തത്. അദ്ദേഹം ശ്രീലങ്കന്‍ നയതന്ത്രജ്ഞനായി ചെന്നെയില്‍ ജോലി ചെയ്തിരുന്ന കാര്യം അറിയാം. ഞാനുടനെ പെങ്ങള്‍ സന്ധ്യയെ വിളിച്ചു. 'അയ്യോ അദ്ദേഹത്തെ കാണാതെ വരരുത്. നല്ല മനുഷ്യനാ. നിങ്ങള്‍ക്ക്് ഒരുപാട് ഗുണമുണ്ടാവും. എന്തായാലും പോയി കാണണം.'' സന്ധ്യ നമ്പറും തന്നു.

ഞങ്ങള്‍ക്ക് ഡൗട്ടടിക്കാന്‍ തുടങ്ങി. നയതന്ത്രജ്ഞനെന്നൊക്കെ പറയുമ്പോ ഗൗരവക്കാരനായിരിക്കുമോ. നമ്മുടെ നയവും തന്ത്രവുമൊന്നും അവിടെ വിലപ്പോവാതാവുമോ. രാവിലെ ഞങ്ങളേയും കുട്ടി. ഇതാണ് ഇവിടുത്തെ ബീച്ച് ഇതാണ് മ്യസിയം എന്നൊക്കെ പറഞ്ഞ് യാത്ര കുട്ടികളുടെ എസ്‌കര്‍ഷന്‍ മോഡലാക്കി കളയുമോ. അടിച്ചുപൊളിക്കാന്‍ വന്നവര്‍ നയതന്ത്രത്തിന്റെ ഇരകളാവുമോ. സംശയം പെരുകുമ്പോള്‍ സുഹൃത്തുക്കളെന്നെ കയ്യൊഴിയാന്‍ തുടങ്ങി. ''ആ ടൈപ്പ് സാധനം വല്ലോം ആണെങ്കില്‍ നീയായി നിന്റെ പാടായി. ഞങ്ങളെ വിട്ടേക്കണം.'' അവന്‍മാര് ഒറ്റക്കെട്ടായി പറഞ്ഞു. ''ഏതായാലും ഇന്ന് നമുക്ക് ഒറ്റയ്ക്ക് കറങ്ങാം. നാളെ വിളിച്ചു നോക്കാം.''അവസാനം തീരുമാനത്തിലെത്തി.

ഹോട്ടലിലെ ജിമ്മും നീന്തല്‍ക്കുളവും എല്ലാം ആസ്വദിച്ചു. വൈകീട്ട് ബീച്ചിലേക്കിറങ്ങി. ടാക്‌സിയിലായിരുന്നു യാത്ര. പ്രായം ചെന്ന ഒരാളാണ് വണ്ടിയോടിക്കുന്നത്. വിരമിച്ച് വിശ്രമജീവിതം തുടങ്ങേണ്ട കാലത്ത് ഇയാളെന്തിനാ വണ്ടിയോടിക്കുന്നത് എന്ന സംശയം തീര്‍ക്കാന്‍ ഞാനയാളോട് ജീവിതത്തെ പറ്റി ചോദിച്ചു. ''എനിക്ക് മുന്നുമക്കളുണ്ട്. എല്ലാവരും നല്ല നിലയിലെത്തി. ഇപ്പം ഞാനും എന്റെ കിഴവിയും മാത്രമേയുള്ളു. വെറുതെയിരിക്കേണ്ടല്ലോ എന്നു കരുതി ഈ ജോലിക്ക് വരുന്നു.''

'ദിവസം എന്ത് കിട്ടും'' 300 രൂപകിട്ടും. നമ്മുടെ 150 സിബി ഇടയ്ക്ക് കേറി പറഞ്ഞു. 24മണിക്കൂറാണ് ജോലി. ഒന്നരാടന്‍ പോവണം.''

'എത്ര വയസായി.''

കണ്ടിട്ടെന്ത് തോന്നുന്നു.

'ഒരമ്പത്തെട്ട് ''

'തെറ്റി 72 വയസുണ്ടെനിക്ക് ''

ഈ 72-ാം വയസിലും 24 മണിക്കൂര്‍ നമ്മുടെ 150 രൂപയ്ക്ക് വേണ്ടി ഒരാള്‍ സന്തോഷകരമായി ജോലി ചെയ്യുന്നു!

അയാള്‍ ഞങ്ങളെ ബീച്ചിലെത്തിച്ചു. ചില സ്ഥലങ്ങളെത്തുമ്പോള്‍ അയാള്‍ ചുണ്ടിക്കാണിക്കുന്നുണ്ടായിരുന്നു. ഇവിടെയാണ് 18 പേര്‍ മരിച്ചത്. ഇവിടെ വെച്ചാണ് പ്രൈംമിനിസ്റ്റര്‍ക്കു നേരെ ആക്രമണം ഉണ്ടായത്. എന്നൊക്കെയാണ് വിശദീകരണങ്ങള്‍. ഇത് മ്യൂസിയം, ഇത് ആര്‍ട്ട് ഗ്യാലറി എന്നൊക്കെ പറയുന്ന് ഒരു ടൂറിസ്റ്റ് ഗൈഡിനെയല്ല നാമിവിടെ കാണുന്നത്. ആക്രമണങ്ങളുടെയും പൊട്ടിത്തെറികളുടെയും ലാന്റ്മാര്‍ക്കുകള്‍ ചോര ചിന്തിയ ദ്വീപിന്റെ ഭൂപടത്തില്‍ ഓര്‍മ്മകളുടെ രക്തത്തുള്ളികളായി വീണു കിടക്കുന്നു. അതെന്നാണിനി ഉണങ്ങുക.
മനോഹരമായ ബീച്ച്്. അവിടെയൊരു കല്യാണ ആഘോഷം പൊടിപൊടിക്കുന്നു. ചോര വീണ മണ്ണിലും ജീവിതം തളിര്‍ക്കുകയാണ്. ഞങ്ങളും കല്യാണത്തിനൊപ്പം കൂടി. വരന്റെ പാര്‍ട്ടിക്കാരായിരിക്കുമെന്ന് വധുവും വധുവിന്റെ പാര്‍ട്ടിക്കാരായിരിക്കുമെന്ന് വരനും കരുതിക്കാണണം. ഏതായാലും ഭക്ഷണം കഴിക്കാന്‍ നിന്നില്ല. അവിടന്ന് വല്ലോം പിടിക്കപ്പെട്ടാല്ലോ. നാണം കെടാന്‍ ശ്രീലങ്കയില്‍ വരണ്ടല്ലോ. എന്തായാലും ഗംഭീര സ്വീകരണം തന്നെയായിരുന്നു അവിടെ. ഹസ്തദാനം ചെയ്തും ഒരുമിച്ച് നിന്ന് ഫോട്ടോയെടുത്തും ശ്രീലങ്കന്‍ കല്യാണം ഞങ്ങളും ആഘോഷിച്ചു.

സന്ധ്യയായപ്പോ ഡ്രൈവര്‍ ഓര്‍മ്മിപ്പിച്ചു. ഇനി വൈകണ്ട. രാത്രിയായാല്‍ ചെക്കിങ് കൂടും. എന്തെങ്കിലും സംശയം തോന്നി തടഞ്ഞുനിര്‍ത്തിയാല്‍ പിന്നെ ഉന്നത ഉദ്യോഗസ്ഥന്‍മാര്‍ വരേണ്ടിവരും. അതൊക്കെ പൊല്ലാപ്പാ. ഞങ്ങള്‍ ഹോട്ടലിലേക്ക് വിട്ടു. വഴിക്കിറങ്ങി ഫോട്ടോകള്‍ എടുക്കണമെന്നാഗ്രഹമുണ്ടായിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ അതും ഉപേക്ഷിച്ചു. ഫ്ഌഷ് മിന്നുന്നത് കണ്ട് പട്ടാളക്കാര്‍ ഓടിയെത്തി പിടിച്ചാലോ? ചോദ്യം ചെയ്യലൊക്കെ കഴിഞ്ഞാലല്ലേ നമ്മള്‍ മുകേഷാണെങ്കിലും ഇന്നസെന്റാണെന്ന് അറിയൂ.

ഹോട്ടലില്‍ ചെന്നപ്പോ അവിടെ ചൈനീസ് ബൂഫേയുടെ അറിയിപ്പ് കണ്ടു. ''നമ്മള്‍ക്കു മുറിയിലേക്ക് വല്ലോം ഓര്‍ഡര്‍ ചെയ്യാം.'' ഞാന്‍ പറഞ്ഞു. എന്നാലും ഒന്നു നോക്കാമെന്ന് സിബി. ''എത്രയാ ചാര്‍ജ് ?

1000 രുപ ഒരാള്‍ക്ക്(നമ്മുടെ 500) ങ്‌ഹേ എന്നാ പിന്നെ ഒന്നു നോക്കിയിട്ടു തന്നെ. ഒരു ഫൈവ്സ്റ്റാര്‍ ബുഫേയ്ക്ക് 500 രുപ ഒട്ടും അധികമല്ല.ഇത്രയും വെറൈറ്റിയുള്ള ഒരു ബുഫെ ഇന്ത്യയില്‍ ഒരിടത്തും ഞാന്‍ കണ്ടിട്ടില്ല. നല്ല ടേസ്റ്റും. പക്ഷേ ഒരിടത്തും ഒരു മലയാളിയെ കാണുന്നില്ല. ആരെങ്കിലുമൊക്കെ വന്ന് എന്നെ തിരിച്ചറിഞ്ഞാലല്ലേ ഇവന്‍മാര്‍ക്കിടയില്‍ എന്റെ വിലനിലവാരം പിടിച്ചു നിര്‍ത്താന്‍ പറ്റൂ.

പിറ്റേ ദിവസം 11 മണിയായപ്പോ വല്‍സന്‍ ഞങ്ങളെ കാണാന്‍ വന്നു. നമ്മുടെ നയതന്ത്ര വിദഗ്ദന്‍. നീ പോയി കണ്ടാല്‍ മതി. കുഴപ്പക്കാരനല്ലെങ്കില്‍ ഞങ്ങളെ പരിചയപ്പെടുത്തിയാല്‍ മതി. അങ്ങിനെ ഞാന്‍ കോഫീ ഹൗസിലേക്ക് ചെന്നു. ഞങ്ങള്‍ പരിചയപ്പെട്ടു. വല്‍സന്റെ അച്ഛന് 13 വയസുള്ളപ്പോള്‍ ശ്രീലങ്കയിലെത്തിയതാണ്. അവിടെ ബിസിനസിലൂടെ ജീവിതം കെട്ടിപ്പടുത്തു. ഐ.എഫ്. എസ് ഇല്ലെങ്കിലും വിദ്യാദ്യാസ യോഗ്യതയുള്ളതുകൊണ്ട് സ്വീഡനില്‍ അംബാസഡറായതാണ് വല്‍സന്‍. വളരെ ഫ്രണ്ട്‌ലിയായിട്ടുള്ള, നല്ല ആതിഥേയന്‍. മിനിട്ടുകള്‍ കൊണ്ടാണ് സംശയങ്ങളുടെ എല്ലാം മഞ്ഞുമുരുകി ഞങ്ങള്‍ സുഹൃത്തുക്കളായത്.

ഭാര്യയും മകനും നാട്ടില്‍ പോയിരിക്കുകയാണ്. നിങ്ങള്‍ വീട്ടിലേക്ക് വരണം. അവിടെ താനസിക്കാം. എന്റെ കൂടെ മുന്നു സുഹൃത്തുക്കള്‍ കൂടിയുള്ള കാര്യം ഞാന്‍ പറഞ്ഞു. ഓ.കെ സന്തോഷം. അപ്പം വൈകീട്ട്് വീട്ടിലെത്തുന്നു.നിങ്ങളെ ഞാന്‍ വളരെ മനോഹരമായൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നു. അദ്ദേഹം യാത്ര പറഞ്ഞിറങ്ങാന്‍ ഭാവിക്കവെ കോഫീഹൗസില്‍ കടന്നുവന്ന ഒരാള്‍ പരിചയ ഭാവത്തോടെ എന്റെ അരികിലേക്ക്് വന്നു.

''മുകേഷ് എന്താ ഇവിടെ.'' '' ഞാനൊരു പേഴ്‌സണല്‍ ടൂറുമായി വന്നതാണ്. ''ഒരു മലയാളികുടുംബത്തെ കണ്ടതിന്റെ സന്തോഷത്തോടെ ഞാന്‍ പറഞ്ഞു. പറഞ്ഞുവന്നപ്പോഴാണ് മനസിലായത്. മരടില്‍ എന്റെ വില്ല നില്‍ക്കുന്ന് അതേ കോംപൗണ്ടിലാണ് അദ്ദേഹത്തിന്റെ വീടും. ഒരാഴ്ചയെ അദ്ദേഹമവിടെ താമസിച്ചിട്ടുള്ളു. ക്രിക്കറ്റ് താരം ശ്രീശാന്ത് താമസിച്ചത് ആ വീട്ടിലായിരുന്നു.് അവിടെവെച്ച് പരിചയപ്പെട്ടിട്ടുമുണ്ടായിരുന്നു. അദ്ദേഹമിവിടെ ഗ്ലാസ്‌കോ കമ്പനിയുടെ മേധാവിയാണ്. ഇതെന്റെ അയല്‍വാസിയാണെന്നും പറഞ്ഞ് ഞാനദ്ദേഹത്തെ ഞാന്‍ വല്‍സന് പരിചയപ്പെടുത്തി. അങ്ങിനെ അവരും നിമിഷങ്ങള്‍ കൊണ്ട് സുഹൃത്തുക്കളാവുന്നതിന് സാക്ഷ്യം വഹിച്ചു. ഇരുവര്‍ക്കും ഗുണകരമായിരുന്നു ആ നിമിഷങ്ങള്‍.

ഞാന്‍ മുറിയിലേക്ക് കയറാന്‍ ലിഫ്റ്റിനടുത്തെത്തി. സുന്ദരിയായ ഒരു പെണ്‍കുട്ടിയുണ്ട് ഓടി വരുന്നു. ''സാര്‍ ഒരു ഫോട്ടോയെടുത്തോട്ടെ.''

'' പിന്നെന്ത്.''

ശ്ശെടാ മലയാളികളെ കാണുമ്പോള്‍ കൂട്ടത്തോടെയാണോ കാണുന്നത്. നമ്മുടെ നാട്ടിലാണെങ്കില്‍ ഒരു പെണ്ണും ഇങ്ങിനെ ഒറ്റയ്ക്ക്് വന്ന് ഒരു ഫോട്ടോയ്ക്ക് ചോദിക്കില്ല. ഉള്ളിലാഗ്രഹമുണ്ടെങ്കിലും അതടക്കി വെക്കും. അല്ലെങ്കില്‍ രണ്ട്മുന്ന്ു പേര്‍ ചേര്‍ന്നേ വരൂ. ഇവള് കൊള്ളാം. മനസില്‍ ചിന്തകളുടെ വേലിയേറ്റം. അവളെന്നെ ലിഫ്റ്റിന്‍ ചുമരിനോട് ചേര്‍ത്ത് നിര്‍ത്തി ഫോട്ടോയെടുത്തു. താങ്ക്യൂ മൊഴിയാനും മറന്നില്ല.

''ലുക്ക്് നിങ്ങളിങ്ങനെ ഫോട്ടോയെടുത്തിട്ടെന്താ, ക്യാമറ വേറെ വല്ലവരിടവും കൊടുത്ത് കൂടെ നിന്നൊരു പടമെടുത്തോളൂ.''

'' അത് വേണ്ട സാര്‍.''

'' എന്റെ പടം ഇങ്ങിനെ എടുത്തിട്ട്് എന്തു കിട്ടാനാ. അതിന് വല്ല മാഗസിനില്‍ നിന്നും എടുത്താല്‍ പോരേ.'' ഞാന്‍ ചോദിച്ചു.
''സാര്‍ ഞാനിവിടുത്തെ ഗസ്റ്റ് റിലേഷന്‍ ഓഫീസറാണ്. സെക്യൂരിറ്റി നിര്‍ദ്ദേശങ്ങളുടെ ഭാഗമായി ഞങ്ങളിവിടെ വരുന്നവരുടെയെല്ലാം ഫോട്ടോ എടുത്തു വെക്കാറുണ്ട്. അതിനു വേണ്ടിയാണിത്.''

'' ഹോ അവന്‍മാര് കൂടെയില്ലാഞ്ഞത് എന്റെ ഭാഗ്യം. ഞാനൊന്നു ചമ്മി .അതവള്‍ക്കും മനസിലായതുകൊണ്ടാവണം വീണ്ടും വീണ്ടും താങ്ക്യൂ പറയാന്‍ തുടങ്ങി. മൂന്ന്ു സുഹൃത്തുക്കള്‍ കൂടെയുള്ള കാര്യം ഞാന്‍ പറഞ്ഞു.

'അതേ അവര് പുറത്തിറങ്ങു്ന്നതും കാത്തിരിക്കുകയാണ്. ഇന്നലെ നിങ്ങള്‍ ടയേഡായതുകൊണ്ടാണ് ബുദ്ധിമുട്ടിക്കാഞ്ഞത്.'' അവള്‍ പറഞ്ഞു.

റൂമിലെത്തിയ എനിക്ക് ഫോട്ടോയെടുത്ത കാര്യം പറയാതിരിക്കാന്‍ ആവുമായിരുന്നില്ല. എന്നാലും ചമ്മല്‍ സംഭവം മറച്ചുവെച്ചു.
'എടേ സുന്ദരിയായൊരു പെണ്ണു വന്നു എന്റെ ഫോട്ടോയെടുത്തു.'' '' ഓ നിനക്കു പിന്നെ എവിടെ ചെന്നാലും വിവരമില്ലാത്ത കൂറേ പെണ്ണുങ്ങളുണ്ടാവുമല്ലോ.''

'നിങ്ങളുടെ ഫോട്ടോയും എടുക്കാന്‍ ഞാനവളോട് റെക്കമെന്റ് ചെയ്തിട്ടുണ്ട് അവള്‍ നിങ്ങളെ കാത്തിരിപ്പുണ്ട്.''

ഞങ്ങള്‍ പുറത്തിറങ്ങിയപ്പോല്‍ ആ സുന്ദരിയെത്തി.

'ഇവരുടെ കൂടെ ഫോട്ടോയൊന്ന് എടുത്തേര്.''

ഞാനവളോട് പറഞ്ഞു. മൂന്നു പേരുടെ ഫോട്ടോയും പകര്‍ത്തി താങ്ക്യു മൊഴിഞ്ഞവള്‍ പോകുമ്പോള്‍
'ഇതെന്താടേ ഇവള്‍ക്കെന്താ വട്ടോ? ''അവന്‍മാരുടെ സംശയം. ''എന്റെ സുഹൃത്തുക്കളെന്ന് പറയുമ്പോ നിങ്ങള്‍ക്കും ഒരു വിലയൊക്കെയുണ്ടെടെ ''ഞാനവിടെ ആളായി. പക്ഷേ സത്യത്തില്‍ അതിന്റെ ഗൂട്ടന്‍സ് അവന്‍മാര്‍ക്കിതുവരെ പിടികിട്ടിയിട്ടില്ല. ഇനി ഇതു വായിച്ചു വേണം അവരറിയാന്‍.

*****************************************************

വൈകീട്ട് വല്‍സന്റെ വീട്ടിലെത്തി. സത്യത്തില്‍ അതൊരു മ്യൂസിയം തന്നെ. അദ്ദേഹം ഏതൊക്കെ രാജ്യങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ടോ അവിടുത്തെ ക്ലോക്കുകള്‍ പുരാവസ്തുക്കള്‍ എന്നു വേണ്ട വിപുലമായൊരു ശേഖരം തന്നെ. ''ഇത് ഗ്രീസില്‍ നിന്ന്്, ഇത് വെനീസില്‍ നിന്ന്'' എന്ന്് ഓരോന്നും പരിചയപ്പെടുത്താനും അദ്ദേഹം മറന്നില്ല. അവിടുത്തെ പട്ടിയെയും ഒന്നു കാണേണ്ടതാണ്. വിവിധ തരം കിളികളേയും വളര്‍ത്തുന്നുണ്ട്. മദ്യത്തില്‍ ശേഖരം വേറെയും. വിവിധരാജ്യങ്ങളിലെ അപൂര്‍വ്വയിനം മദ്യങ്ങള്‍. അദ്ദേഹമാണെങ്ങില്‍ മദ്യം തൊടാറുമില്ല. ഗ്രീസിലെ ട്രൈബല്‍ ഏരിയയില്‍ പ്രത്യേകം മരത്തിന്റെ ഇലച്ചാറ് പിഴിഞ്ഞെടുത്ത് വാറ്റിയെടുക്കുന്ന മദ്യമാണിത്. ഇത് കുടിച്ചുനോക്കൂ. ആതിഥേയത്വത്തില്‍ അദ്ദേഹത്തിന് പിശുക്കില്ല. എല്ലാം കണ്ടും കേട്ടും എന്റെ സുഹൃത്തുക്കള്‍ അദ്ദേഹത്തിന്റെ കടുത്ത ആരാധകരായി. നീ വേണമെങ്കില്‍ ഹോട്ടലില്‍ പോയ്‌ക്കോ ഞങ്ങളിവിടെ കൂടിക്കോളാം എന്നായി ഒടുക്കം.

അദ്ദേഹം ഞങ്ങളെ മനോഹരമായൊരു ഹോട്ടലിലേക്കാണ് കൊണ്ടു പോയത്. ശാന്തമായ കടലിലേക്ക് ഇറങ്ങിക്കിടക്കുന്ന ഇത്തിരി തുണ്ട് ഭൂമിയില്‍ ഒരു ഹോട്ടല്‍. ലോകത്തിലെ എല്ലാ തരം വൈനും കിട്ടുന്നയിടം. ഡ്രിങ്ക്‌സ് നിങ്ങള്‍ക്കെവിടെ നിന്നും കഴിക്കാം ഇവിടെ വന്നാല്‍ വൈന്‍ തന്നെ കഴിക്കണം. വല്‍സന്‍ ഞങ്ങളെ ഓര്‍മ്മിപ്പിച്ചു. ആ സായാഹ്നത്തിന് വൈനിന്റെ മധുരമായിരുന്നു.

വൈനിന്റെ ഇത്തിരി ലഹരിയില്‍ ശാന്തമായ കടലില്‍ കണ്ണും നട്ടിരിക്കുമ്പോള്‍ ഞാനോര്‍ത്തു പോയത്. ശ്രീലങ്കയുടെ ഭൂതകാലമാണ്. എന്തെല്ലാം നാടകീയ മുഹൂര്‍ത്തങ്ങല്‍ക്ക് സാക്ഷ്യം വഹിച്ച രാജ്യമാണ് ഒരു നാശത്തിന്റെ വക്കില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ കാത്തിരിക്കുന്നത്.

ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന് പണ്ട് വലിയ പരിഗണന കൊടുക്കാറില്ലായിരുന്നു. ഇന്ത്യന്‍ടീമിനും പാകിസ്താന്‍ ടീമിനുമെല്ലാം മുന്തിയ സൗകര്യങ്ങള്‍ കൊടുക്കുമ്പോള്‍ ലങ്കയോടൊരു ചിറ്റമ്മനയമായിരുന്നു. പക്ഷേ കല്‍ക്കത്തയില്‍ വെച്ച് അവര്‍ ലോകചാമ്പ്യന്‍മാരായ മുഹൂര്‍ത്തം എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. യുദ്ധം കൊണ്ട് മുറിവേറ്റ മനസുമായി അവഗണനയുടെ കയ്പുനീര്‍ കുടിക്കുന്ന ഒരു ജനതയുടെ മറുപടിയായിരുന്നു അതെന്ന് ലങ്കയിലിരുന്ന് ഞാന്‍ മനസിലാക്കുന്നു. ഇനി സമാധാനത്തിന്റെ നാളുകളിലൂടെ ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ് പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല.

പ്രഭാകരന്‍ മരിച്ചു. പുലികള്‍ ഇല്ലാതായി. വിഷയം പ്രഭാകരനിലേക്ക് കടന്നപ്പോള്‍ പുലിപ്പേടിയടെ ലങ്കയില്‍ ജീവിച്ച വല്‍സന്‍ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ പറയാന്‍ തുടങ്ങി. പ്രഭാകരനെ വെറുക്കുന്ന ഒരു ജനതയൊന്നുമായിരുന്നില്ല ഇവിടുത്തേത് പ്രഭാകരന്റെ ചില മണ്ടന്‍ തീരുമാനങ്ങളാണ് പുലികള്‍ക്കും അദ്ദേഹത്തിനും തന്നെ വിനയായത്. രാജീവ്ഗാന്ധിയെ കൊന്നതാണ് അതിലൊന്ന്. ലോകം മുഴുവന്‍ പുലികള്‍ക്കെതിരായത് അതോടെയാണ്. പ്രഭാകരന്റെ ഹീറോയിസത്തില്‍ ആകൃഷ്ടരായ അദ്ദേഹത്തിന്റെ ആവശ്യങ്ങളോട് അനുഭാവം പുലര്‍ത്തിയിരുന്ന ഒരു വിഭാഗം ഇവിടെയുണ്ടായിരുന്നു. രാജീവ് ഗാന്ധി വധത്തോടെയാണത് തകര്‍ന്നത്. എല്‍.ടി.ടി.ഇയ്ക്ക ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ലങ്കന്‍ സര്‍ക്കാരിന്റെ ഈക്വല്‍ സ്റ്റാറ്റസ് കിട്ടിയിരുന്ന കാലവും ഉണ്ടായിരുന്നു.അങ്ങിനെ കിട്ടാത്തിടത്ത് ചോദിച്ച് വാങ്ങിച്ച സംഭവങ്ങളും ഉണ്ടായിരുന്നു. അതെല്ലാം അവരായി തന്നെ കളഞ്ഞ് കുളിച്ചതാണ്.

അവസാനം രജപക്ഷെയും വിക്രമസിംഹയും തമ്മിലുള്ള ഇലക്ഷന്‍ പോരാട്ടത്തിലും പ്രഭാകരന്റെ തീരുമാനം മണ്ടത്തരത്തിലാണ് കലാശിച്ചത്. വിക്രമസിംഹ ബൂദ്ധിപരമായ തീരുമാനങ്ങളെടുക്കുന്ന നയതന്ത്രജ്ഞനായ ഭരണാധികാരിയാണ്.ചര്‍ച്ചയിലൂടെ സമാധാനം ആഗ്രഹിച്ചിരുന്നയാളാണ്. രജപക്ഷെ അടിയെടാ എന്ന രീതിയില്‍ പെട്ടെന്ന് തീരുമാനമെടുക്കുന്നയാളും നടപ്പിലാക്കുന്നയാളുമാണ്. തിരഞ്ഞെടുപ്പില്‍ വിക്രമസിംഹെ ജയിക്കുമെന്നായിരു്ന്നു പ്രതീക്ഷ. പക്ഷെ പ്രഭാകരന്‍ ഇലക്ഷന്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തു. ജാഫ്‌നമേഖലയിലുള്ള വിക്രമസിംഹയ്ക്ക് അനുകൂലമായ 90 ശതമാനം വോട്ടുകളും അങ്ങിനെ നഷ്ടപ്പെട്ടു. ഗ്രനേഡ് എറിഞ്ഞ് വോട്ടുചെയ്യാന്‍ വന്നവരെ പോലും ഓടിക്കുകയും ചെയ്തു. അങ്ങിനെ രജപക്ഷെയുടെ പക്ഷമാണ് ശരിയന്ന് വന്നു.

അവസാനം കീഴടങ്ങാന്‍ വന്നതായിരുന്നത്രെ പ്രഭാകരന്‍. വെടിവെച്ചു കഥ കഴിക്കുകയായിരു്ന്നത്രെ. ഇങ്ങനെ ശ്രീലങ്കയില്‍ പല കഥകളും പ്രചരിക്കുന്നുണ്ട്. കഥയും യാഥാര്‍ഥ്യവും കലര്‍ന്ന വാമൊഴി വാര്‍ത്തകള്‍.

തമിഴ് അഭയാര്‍ഥി ക്യാമ്പുകളും കണ്ടു. ആയിരക്കണക്കിന് ജനങ്ങളാണവിടെ. രജപക്ഷെ മൂന്നു ബാങ്കുകളെ ഇവിടേക്കയച്ചു. കയ്യിലുള്ള പണം ബാങ്കില്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് ഇടാന്‍ അഭ്യര്‍ഥിച്ചു. കോന്തലകെട്ടിലും,ഇരുമ്പ് പെട്ടികളിലും, പായ് തെറുത്ത് കയറ്റിയതിലുമെല്ലാം പണം കൊണ്ട് നിറച്ചിരിക്കുകയായിരുന്നത്രെ പലരും. ഒടുക്കം ഒററ ദിവസം കൊണ്ട് 20 കോടി രൂപയാണ് ബാങ്കിലെത്തിയത്. എല്‍.ടി.ടി.ഇ ക്യാമ്പും ഉണ്ട്, മൂന്നു കൊല്ലത്തേക്കാണ് ഇത് നിലനിര്‍ത്താന്‍ പ്ലാന്‍ ചെയ്തിരുക്കുന്നത്. പക്ഷെ അവര്‍ക്കും മടുത്തു. ഞങ്ങളെ വിട്ടുകൂടെ എന്ന അഭ്യര്‍ഥന അവരുടെ ഭാഗത്തു നിന്നും ഉയര്‍ന്നു തുടങ്ങിയിട്ടുണ്ടത്രെ. ഇങ്ങിനെ ശ്രീലങ്കയുടെ വര്‍ത്തമാന കാല യാഥാര്‍ഥ്യങ്ങള്‍ കണ്ടും കേട്ടും ഞങ്ങള്‍ മടങ്ങി.പൂര്‍ണ്ണ സമാധാനം ഉണ്ടാവട്ടെ എന്ന പ്രാര്‍ഥനയോടെ. വീണ്ടും വരാമെന്ന് പറഞ്ഞ് ഒരു ഗുഡ്‌ബൈ.

സിനിമക്കാരനായതുകൊണ്ടാവാം ശ്രീലങ്കന്‍ സിനിമയെ കുറിച്ചാരായാനും ഞാന്‍ മറന്നില്ല. സിനിമയുണ്ട്. പക്ഷെ അതുകൊണ്ട് ജീവിക്കാന്‍ പറ്റുന്ന സാഹചര്യമൊന്നുമല്ല താരങ്ങള്‍ക്ക് അവിടുത്തെ സൂപ്പര്‍സ്റ്റാറിനു പോലും വേറെ തൊഴിലുണ്ട്. പക്ഷേ നാടകം ഇപ്പോഴും സജീവമാണത്രെ. അതു കാണാന്‍ ആളുമുണ്ട്.

തിരിക്കുന്നതിന് മുമ്പാണ് ഓര്‍ത്തത് ശ്രീലങ്കയുടെ ഓര്‍മ്മയ്ക്കായി എന്തെങ്കിലും വാങ്ങണ്ടെ. അവിടെ ചെന്നാല്‍ വാങ്ങേണ്ടത് ക്രോക്കറി ഐറ്റംസാണ്. ലോകോത്തര ക്രോക്കറി ഐറ്റംസാണ് ലങ്കയിലുണ്ടാക്കുന്നത്. നോറിടെക് എന്ന കമ്പനി ജപ്പാനീസ് ആണെങ്കിവും ശ്രീലങ്കയിലാണതിന്റെ ഫാക്ടറി. ഞങ്ങളൊരു ഷോപ്പില്‍ ചെന്നു. സത്യമാണ് ഗംഭീര സാധനങ്ങള്‍. സ്വര്‍ണ്ണനിറത്തിലുള്ള കപ്പും സോസറും കണ്ട് ഞാന്‍ അതിശയിച്ചുപോയി.

''ഇതിന്റെ കളറ് പോകുമോ? ''

മനസിലെ സംശയംവാസു പിന്നെയും.

''നോറിടെക്കിന്റേതോ, എന്നാ പിന്നെ എന്നേ ഈ കമ്പനി പൂട്ടിപ്പോയേനെ.''

പാക്കിങ്ങ് ആരംഭിച്ചപ്പോ ഞാന്‍ അല്‍പ്പം ധൃതി വെച്ചു ഫ്‌ളെറ്റിന്റെ സമയമടുത്തു 'ഒന്ന് വേഗം.'' ''വേഗം ചെയ്തുതരാം പക്ഷെ പൊട്ടും'' 'അയ്യോ പൊട്ടരുത്.''

'ആ എന്നാ അല്‍പ്പം താമസിക്കും.''

'പക്ഷേ ആ പാക്കിങ്ങിനെ പറ്റിയും പറയാതിരിക്കാന്‍ വയ്യ. എടുത്തെറിഞ്ഞാല്‍ പോലും പൊട്ടത്തില്ലെന്ന് പറയാം.
ഇത് കൊല്ലത്ത് കൊണ്ടുപോയി എനിക്കൊരു പണിയുണ്ട്. വീട്ടിനുമുമ്പില്‍ റോഡിലേക്ക്് തള്ളിനില്‍ക്കുന്ന ഒരു ഏറുമാടം കെട്ടും. വൈകീട്ട് അതിന്‍ മേല്‍ കയറിയിരുന്ന സ്വര്‍ണ്ണകപ്പില്‍ ചായ കുടിക്കും. അതു വഴി പോകുന്നവരൊക്കെ അതു കാണുമ്പം പറയണം. ഓ മുകേഷ് ഇപ്പം പഴയ ആളൊന്നുമല്ലെടെ,. അവനിപ്പം സ്വര്‍ണ്ണകപ്പിലല്ലിയൊ ചായ കുടിക്കുന്നേ എന്ന്. സന്ധ്യ പറയാറുമുണ്ടായിരുന്നു ഈ വീട്ടിലിപ്പം ഏറ്റവും കുറവുളളത് കപ്പും സോസറുമാണെന്ന് ആ ഒരോര്‍മ്മ വെച്ചു കൂടിയാണ് ഞാനത് വാങ്ങിയത്. അവള്‍ക്കൊരു സര്‍പ്രൈസായിക്കോട്ടെന്ന് കരുതി സംഗതി പറഞ്ഞില്ല. നിനക്ക് ഗംഭീരമായൊരു സമ്മാനം ഞാന്‍ കൊണ്ടുവന്നിട്ടുണ്ട് എന്ന്ു മാത്രം പറഞ്ഞു. മാലയാണോ വളയാണോ എന്നവള്‍. അത് നേരില്‍ കാണാം. എന്തായാലും കണ്ടു കഴിഞ്ഞാല്‍ ഓ ഞാനാഗ്രഹിച്ചിരുന്ന സാധനം എന്നു നീ പറയുമെന്ന് മാത്രം പറഞ്ഞു. അത്് പോലെ തന്നെ പാക്കിങ് പൊളിച്ചു കഴിഞ്ഞതും എല്ലാ കണ്ണുകളിലും അത്ഭുതം വിടരുന്നത് ഞാന്‍ കണ്ടു. ശ്രീലങ്കയില്‍ പോകുന്ന സഞ്ചാരികളോട് എനിക്കു പറയാനുള്ളത് അതാണ.് dont miss it.

തിരിച്ചെത്തി കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ തിരുവനന്തപുരത്തുള്ള എന്റെയൊരു സുഹൃത്തിനെ കണ്ടു. ശ്രീലങ്കന്‍ വിശേഷങ്ങള്‍ പങ്കുവെച്ചു. എല്ലാം കഴിഞ്ഞപ്പോള്‍ അവന്‍ പറയുകയാണ്. സംഗതിയൊക്കെ ശരി തന്നെ അവിടെ എല്‍.ടി.ടി.ഇ പോയി, സമാധാനം വരും. പക്ഷെ ഭീഷണി മുഴുക്കെ കേരളത്തിനാണ്. ങേഹേ അതെന്തുപറ്റി വല്ല നുഴഞ്ഞു കയറ്റവും. ഹേയ് അതല്ല. നീ കൊളംബോയല്ലേ കണ്ടിട്ടുള്ളു. ജാഫ്‌നയിലും ട്രിങ്കോമാലിയിലും എലിഫന്റ് പാസിലുമൊന്നും പോയിട്ടില്ലല്ലോ. അതി മനോഹരമാണാ സ്ഥലങ്ങള്‍ പുലികളുടെ കയ്യിലായതുകൊണ്ട് കുറേക്കാലമായി ആരു എത്തുന്നില്ലവിടെ. ഇനിയിപ്പോ അധികം വൈകാതെ അങ്ങോട്ടായിരിക്കും സഞ്ചാരികളുടെ ഒഴുക്ക്. അതോടെ നമ്മള്‍ കോവളത്തും വര്‍ക്കലയുമെല്ലാം ഈച്ചയാട്ടിയിരിക്കേണ്ടി വരും...അതാണ് ഭീഷണി. നോക്കണേ ഓരോരുത്തര്‍ക്ക് ഓരോ താത്പര്യങ്ങള്‍.MathrubhumiMatrimonial