TravelBlogue

പുണ്യഭൂമിയുടെ ഹൃദയത്തില്‍

Posted on: 19 Jan 2010

Text&photos: പി.കെ പ്രേമരാജന്‍

കൊടും ചൂട് തുപ്പി ഉച്ചിയില്‍ എരിഞ്ഞു തീരുന്ന മധ്യാഹ്ന സൂര്യന്‍.

പുണ്യസ്മൃതികളുടെ അമൂര്‍ത്ത സങ്കേതമായ ഹൈഫാ നഗരം താഴെ. ആത്മസമര്‍പ്പിതമായ തീവ്രധ്യാനവും മനസ്സില്‍ പേറി ഞാന്‍ നില്‍ക്കുന്നതിവിടെയാണ്.

ചരിത്രമുറങ്ങുന്ന, വിശ്വവിഖ്യാതമായ കാര്‍മല്‍ മലയുടെ ചെരിവിലായി പൂന്തോട്ടങ്ങളുടെയും കെട്ടിടങ്ങളുടേയും വശ്യമനോഹരമായ ദൃശ്യം എനിക്കു മുന്നില്‍. അന്തരീക്ഷമാകെ, പരിസരമാകെ ചന്ദനച്ചാറിന്റെ പരിമളവും പൗര്‍ണ്ണമിയുടെ സാന്തപ്രഭയും ഒഴുകിപ്പരക്കുന്ന ഏതോ അസ്​പൃശ്യലോകത്തിന്റെ പ്രതീതി ആ നട്ടുച്ചനേരത്തും മനസ്സില്‍ ദിവ്യധ്യാനമുണര്‍ത്തുന്നു. അവാച്യമായ ഒരാത്മീയ സ്​പര്‍ശം ഞരമ്പുകളില്‍പോലും ഉദ്ദീപ്തമാക്കുന്നു.

ഹൈഫ !

മെഡിറ്ററേനിയന്‍ കടല്‍തീരത്തെ മനോഹര നഗരങ്ങളിലൊന്ന്. നീലസാഗരതീരത്തെ അത്ഭുതനഗരം. കിഴക്കന്‍ നഗരങ്ങളുടെ റാണീപട്ടണം അലങ്കരിക്കാന്‍ വിധിക്കപ്പെട്ടവള്‍. ഹിബ്രുഭാഷ ഹൈഫക്കു നല്‍കിയ അര്‍ഥം തന്നെ 'മനോഹരതീരം' (chof yaffeh) എന്നാണ്.

ഒറ്റനോട്ടത്തില്‍ തന്നെ നമുക്ക് മനസ്സിലാക്കാന്‍ കഴിയും, ഇതാണ് മെഡിറ്ററേനിയന്‍ തീരങ്ങളില്‍ വെച്ച് ഏറ്റവും സുന്ദരമായ, സുരക്ഷിതമായ, സുദൃഢമായ, സുവിശാലമായ തീരം. ഈ സുരക്ഷിതസ്വര്‍ഗ്ഗത്തില്‍ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള കപ്പലുകള്‍ നങ്കൂരമിടുന്നു. ഇതൊരു ബഹുമുഖ നഗരം തന്നെ. ഓരോ ' മുഖ'ത്തിനും അതിന്റെതായ സൗന്ദര്യവും മനോഹാരിതയും. ഭൂമിയിലെങ്ങും വേരുകളും സങ്കേതങ്ങളുമുള്ള ബഹായി ധര്‍മ്മത്തിന്റെ പുണ്യ കേന്ദ്രങ്ങളും ഇവിടെയാണ്. തീര്‍ഥാടകരുടെ നിലക്കാത്ത പ്രവാഹം എന്നുമുണ്ട്. ഈ നഗരവും ബഹായി ധര്‍മ്മവും തമ്മില്‍ ഇഴപിരിയാത്ത ബന്ധം- അത് ചരിത്രത്തിന്റെ മറ്റൊരു നിയോഗം.

ഇസ്രായേലിന്റെ വടക്കു കിഴക്കായി ടെല്‍-അവീവില്‍ നിന്നും 90 കി.മി. അകലെയാണ് ഹൈഫ തുറമുഖം. പ്രായം ഏതാണ്ട് 1800 വര്‍ഷം.
ഇന്നത്തെ ഹൈഫ, അതിന്റെ അന്തേവാസികള്‍ക്കുള്ള ഗൃഹം മാത്രമല്ല, അവരുടെ അഭിമാനത്തിന്റെ പ്രഭവകേന്ദ്രം കൂടിയാണ്. എല്ലാ മഹത്തായ മതങ്ങളുടേയും അംഗങ്ങള്‍ അവിടെ സൂക്ഷമമായ സ്വരച്ചേര്‍ച്ചയോടെയും സഹകരണത്തോടെയും കഴിയുന്നു. അറബികളുടേയും ജൂതന്‍മാരുടേയും സങ്കര ജനസംഖ്യ. ജൂതന്‍മാര്‍ അധികവും റഷ്യയില്‍ നിന്നും വന്നവരാണ്.

സഹിഷ്ണുതയുടേയും പരസ്​പര സഹകരണത്തിന്റെയും സഹവര്‍ത്തിത്ത്വത്തിന്റെയും ചൈതന്യത്തിനായി നിലകൊള്ളുന്ന ഹൈഫയില്‍ സഹിഷ്ണുത ഒരു മുദ്രാവാക്യം മാത്രമല്ല, ജീവിതരീതി കൂടിയാണ്. നിരവധി മുസ്ലിം രാജ്യങ്ങള്‍ ഇസ്രായേലിന്റെ ജൂതാധിപത്യത്തെവെറുപ്പോടെ വീക്ഷിക്കുമ്പോഴും, ഈ തുറമുഖനഗരത്തില്‍ ജൂതരും ക്രൈസ്തവരും മുസ്ലീംങ്ങളും സഹവര്‍ത്തിത്ത്വത്തോടെ കഴിയുന്നു.

ഈ മത സമൂഹങ്ങള്‍ ആരാധനയോടെ സമീപിക്കുന്ന നിരവധി പുണ്യ സ്ഥാനങ്ങള്‍ ഹൈഫയിലും പരിസര പ്രദേശങ്ങളിലുമുണ്ട്. ഇസ്രായേല്‍ ജനസംഖ്യയുടെ ഏതാണ്ട് ഇരുപത് ശതമാനം അറബ് ന്യൂനപക്ഷമാണ്. അറബ് കുടുംബങ്ങളില്‍ അധികവും ദാരിദ്ര്യരേഖക്ക് താഴെയാണ്. ഇതിന് സാമൂഹികവും സാമ്പത്തികവുമായ കാരണങ്ങളുണ്ട്.

മനോഹര ശൈലത്തിന്റെ ശിഖിരങ്ങളെ വന്യമാക്കുന്ന കടുത്തു തുടുത്ത പച്ചപ്പിനു താഴേക്ക് ഊര്‍ന്നിറങ്ങിവരുന്ന പുണ്യഭൂമിയുടെ ശില്‍പചാരുത പൂര്‍ണ്ണമായളക്കാന്‍ നേത്രങ്ങള്‍ മാത്രം മതിയാവില്ല. വിസ്മയകരമായ ദൃശ്യവിരുന്നാണ്. പൗരാണികതയുടെ സമ്പന്ന സൗഷ്ഠവവും, ആധുനികതയുടെ സൃഷ്ടിസൗന്ദര്യവും സമ്മേളിതമായ രൂപകല്‍പനയില്‍ അനുഗൃഹീതമായ ഹൈഫ, കാര്‍മല്‍ മലമുടിയില്‍ തലചായ്ച്ച ് നീലക്കടലിന്റെ ആഴങ്ങളിലേക്ക് കാലിറക്കിവെച്ച് അര്‍ദ്ധശായിയായി മയങ്ങുന്നു.

മെഡിറ്ററേനിയന്‍ സമുദ്രതീരത്തെ ഈ അത്ഭുത നഗരി ഇന്ന് ബഹുമുഖമായ വികാസം പ്രാപിച്ചു കഴിഞ്ഞു. പ്രകൃതി ദൃശ്യങ്ങളാലും നിറങ്ങളാലും സുഗന്ധദ്രവ്യങ്ങളാലും രുചികളാലും കാഴ്ചകളാലും സ്ഥലങ്ങളാലും നിബിഡമായ ഈ നഗരത്തിന്റെ ഭൂതകാലം നമുക്കൊന്ന് പരിശോധിക്കാം.

വിഖ്യാതനായ അമേരിക്കന്‍ ഗ്രന്ഥകാരന്‍ മാര്‍ക്ക് ടൈ്വന്‍ 1867 ല്‍ ഈ പുണ്യഭൂമിയില്‍ വന്നു. അന്നദ്ദേഹം രേഖപ്പെടുത്തിയത് ഇങ്ങനെ '' ഒരു ശൂന്യമായ രാജ്യം; തരിശ്ശു ഭൂമി. അതിന്റെ മണ്ണ് വേണ്ടത്ര ഫലപുഷ്ടിയുള്ളതാണ്. പക്ഷെ, കളകള്‍ക്കും കാട്ടു പുല്ലുകള്‍ക്കും പാഴ്‌ച്ചെടികള്‍ക്കും മുഴുവനായി നല്‍കിയിരിക്കുന്നു. നിശ്ശബ്ദവും ദു:ഖപൂര്‍ണ്ണവുമായ പരപ്പ്, വിജനം. വഴിയിലോരിടത്തും ഒരു മനുഷ്യജീവിയേയും ഞാന്‍ കണ്ടില്ല. എവിടെയെങ്കിലും ഒരു മരമോ കുറ്റിച്ചെടിയോ കണ്ടില്ല. വിലപ്പെട്ട മണ്ണിന്റെ ഉറ്റസുഹൃത്തുക്കളായ ഒലീവ് മരങ്ങളും കള്ളിച്ചെടികളും പോലും ഈ രാജ്യത്തെ ഉപേക്ഷിച്ചിരിക്കുന്നു.''അടുത്ത വര്‍ഷം 1868 ലാണ് ചുടരൊളി പോലെ, മഹാത്മാവായ ബഹാവുള്ള, ഒട്ടോമന്‍-തുര്‍ക്കി തടവുകാരനായി ഇവിടെയെത്തിയത്. ആ പാദ സ്​പര്‍ശത്താല്‍, ദൈവരാജ്യത്തിന്റെയും മനുഷ്യ ലോകത്തിന്റെയും സംഗമസ്ഥാനമെന്ന് ഖ്യാതിനേടിയ അവിഭക്ത പാലസ്തീന്‍ അനുഗ്രഹിക്കപ്പെട്ടു. പുണ്യഭൂമിയുടെ തീരത്തുള്ള 'അക്ക' എന്ന കോട്ട കെട്ടിയ പട്ടണത്തിലാണ് ബഹാവുള്ളയെ തടവില്‍ പാര്‍പ്പിച്ചത്. ബഹാവുള്ള പുമ്യഭൂമിയില്‍ പ്രവേശിക്കുന്നതിന് ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് ജര്‍മ്മന്‍ പ്രൊട്ടസ്റ്റന്റെ ടെംബ്ലര്‍ പ്രസ്ഥാനത്തിന്റെ പ്രധാന നായകന്‍മാര്‍ യൂറോപ്പില്‍ നിന്നും കടല്‍മാര്‍ഗ്ഗം കാര്‍മല്‍ പര്‍വതത്തിന്റെ താഴ്‌വരയില്‍ എത്തിച്ചേര്‍ന്നത്.

ഉടന്‍ ആഗതനാവുമെന്ന വിശ്വസിച്ച മിശിഹായെ വരവേല്‍ക്കാനായി അവര്‍ അവിയെ കൂട്ടമായി പാര്‍പ്പുറപ്പിച്ചു. അക്കയില്‍ ബഹാവുള്ളയുടെ തടവറക്കു നേരെ കടലിനഭിമുഖമായി അവര്‍ ഉയര്‍ത്തിയ നിരവധി കൊച്ചു വീടുകളുടെ മുഖാരത്തില്‍ '' ദെര്‍ ഹേര്‍ ഈസ്റ്റ് നെഹെ (പ്രഭു അടുത്തു വന്നിരിക്കുന്നു) ' എന്ന കൊത്തി വെച്ചിരിക്കുന്നത് ഇന്നും കാണാം. ഹൈഫയിലെ ചരിത്ര പ്രസിദ്ധമായ '' ജര്‍മ്മന്‍ കോളനി'' അതാണ്.

1868 ആഗസ്ത് 31- 'അക്ക' യിലെ ദുര്‍ഗന്ധപൂരിതവും കുപ്രസിദ്ധവുമായ ജയിലറയുടെ ഇരുളിലേക്ക് ബഹാഉള്ളയേയും കുടുംബത്തെയും അടുത്ത അനുയായികളെയും വലിച്ചിറക്കിയത് അന്നാണ്. അതൊരു നാടുകടത്തലായിരുന്നു. ബഹായി ധര്‍മ്മവും ഹൈഫയും തമ്മിലുള്ള ബന്ധം തുടങ്ങുന്നത് അതുമുതലാണ്. 1892 മെയ് 29 ന് ദിവംഗതനാവും വരെ അദ്ദേഹം ഹൈഫയിലും അക്കയിലും ബാഹ്ജിയിലുമായിരുന്നു.

ബഹാവുള്ളയുൂടെ വെളിപാടുമായും, അദ്ദേഹത്തിന്റെ അനുയായികളുടെ ആഗോള സമൂഹവുമായും അടുത്ത ബന്ധമുള്ള സ്ഥലങ്ങളാള്‍ സമ്പന്നമാണ് ബഹായി ലോകകേന്ദ്രം. ധര്‍മ്മസ്ഥാപകന്റെയും (ബഹാവുള്ള), മുന്‍ഗാമിയുടേയും (ബാബ്), അദ്ദേഹത്തിന്റെ ഉടമ്പടി കേന്ദ്രത്തിന്റെയും (അബ്ദുള്‍ ബഹാ) ഭൗതികാവശിഷ്ടങ്ങള്‍ അടക്കം ചെയ്ത ദേവാലയങ്ങള്‍ ഇവിടെയാണ്. പ്രവാസി ജീവിതതിതിന്റെ വ്യത്യസ്ത ഘട്ടങ്ങളില്‍ വിശുദ്ധ കുടുംബം താമസിച്ച വീടുകള്‍, വിശിഷ്ടാംഗങ്ങലുടെ അന്ത്യവിശ്രമസ്ഥലങ്ങള്‍, ധര്‍മ്മത്തെ രൂപപ്പെടുത്തിയ സംഭവങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍- എല്ലാം കൂടി സന്ദര്‍ശിച്ചു കഴിയുമ്പോള്‍ മതചരിത്രത്തില്‍ അപൂര്‍വമായ സന്ദര്‍ശകന് അനുഭവവേദ്യമാകുന്നു.ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള 32 രാജ്യങ്ങളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 250 പേര്‍ ഒന്‍പതു ദിവസത്തെ തീര്‍ത്ഥാടനത്തിന് എത്തിച്ചേര്‍ന്നതില്‍ ഇന്ത്യയില്‍ നിന്ന് 27 പേരാണുണ്ടായിരുന്നത്. കേരളത്തില്‍ നിന്ന് ലേഖകനും, സഹധര്‍മ്മിണി പ്രസന്നാപ്രേമരാജനും. ശ്രേഷ്ഠമായ 'ബാബിന്റെ ദേവാലയം' ഇവിടെയാണ്.

ഐക്യരാഷ്ട്ര സംഘടനയുടെ ' യുനസേകോ' ലോകപൈതൃക സ്വത്തുക്കളായി പ്രഖ്യാപിച്ചവയില്‍ ബാബിന്റെ ശവകുടീരവും ഒരു മണിക്കൂര്‍ അകലേയുള്ള ബാഹ്ജിയിലെ ബഹാവുള്ളയുടെ ദേവാല.വും ഉള്‍പ്പെടുന്നു. ഹൈഫാ നഗരത്തിന്റെ ഏത് കോണില്‍ നിന്നു നോക്കിയാലും ഈ ദേവാലയം തലയുയര്‍ത്തി പ്രൗഢിയോടെ നില്‍ക്കുന്നത് കണ്ണു നിറയെ കാണാം. പകലും രാത്രിയും തിളങ്ങി നില്‍ക്കുന്ന കുംഭഗോപുരം കണ്ണഞ്ചിപ്പിക്കുന്ന ഒരു കാഴ്ച്ച തന്നെ. പച്ചയുടുപ്പണിഞ്ഞ കാവല്‍ക്കാരെ പോലെ തഴച്ചു വളര്‍ന്ന സൈപ്രസ് മരങ്ങളുടെ ഇടയിലാണ് ഈ വിശുദ്ധകേന്ദ്രം. ബാബിന്റെ ദേവാലയത്തെ വലം വെച്ചു കിടക്കുന്ന 18 ടെറസ് പൂന്തോട്ടങ്ങള്‍ വശ്യമനോഹരം തന്നെ. ലോക ബഹായി സമൂഹത്തിന്റെ പരമോന്നത സ്ഥാപനമായ ' വിശ്വനീതി പീഠത്തിന്റെ ' ആസ്ഥാന മന്ദിരവും ഇവിടെ തന്നെ.

പതിനേഴ് കി.മീ. നീളത്തില്‍ നീലക്കടലിന്റെ പാദസരമണിഞ്ഞു നില്‍ക്കുന്ന ഹൈഫ ഇന്ന് എല്ലാ വിധ ആധുനിക പരിഷ്‌കൃകൃതികളുമുണ്ട്. ഇസ്രായേലിലെ ഏറ്റവും വലിയ ഹൈ-ടെക് കേന്ദ്രം, തുറമുഖം, വിശിഷ്ടമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. വടക്കേ ഇസ്രായേലിലെ സാംസ്‌കാരിക കേന്ദ്രം കൂടിയാണ് ഹൈഫ. തൊഴിലാളികളുടെ കേന്ദ്രമെന്ന ഖ്യാതിയും ഹൈഫക്കുണ്ട്. '' ഹൈഫ പണിയെടുക്കുന്നു, ജറുസലേം പ്രാര്‍ഥിക്കുന്നു, ടെല്‍-അവീവ് കളിക്കുന്നു' എന്നൊരു ചൊല്ലു തന്നെയുണ്ട്. നേരത്തെ ഉണരുകയും ഉറങ്ങുകയും ചെയ്യുന്ന നഗരം. എങ്ങും വൃത്തിയും വെടിപ്പും. പുകവലിക്കാര്‍ ഏറ്റവും കൂടുതലുള്ള ലോകനഗരങ്ങളില്‍ ഒന്നാണ് ഹൈഫ.

വളരെ മാന്യരാണ് ഡ്രൈവര്‍മാര്‍. കാല്‍ നടക്കാര്‍ക്ക് നിരത്ത് മുറിച്ചു കടക്കാന്‍ അനുവദിക്കപ്പെട്ടിട്ടില്ലാത്ത ഇടങ്ങളില്‍ പോലും ഒരാളെ കണ്ടാല്‍ വണ്ടി നിര്‍ത്തി പോകാന്‍ അനുവദിക്കുന്ന ഡ്രൈവര്‍മാരുടെ സന്‍മനസ്സ് മറ്റെവിടേയെങ്കിലും കണ്ടതായി ഓര്‍ക്കുന്നില്ല. റോഡപകടങ്ങളാകട്ടെ അത്യപൂര്‍വം. വാഹനങ്ങളില്‍ നിന്നുകൊണ്ട് യാത്ര ചെയ്യാന്‍ അനുവദിക്കില്ല.ചെറുതും വലുതുമായ പൂന്തോപ്പുകള്‍, പര്‍വതങ്ങള്‍, കടല്‍, ഉള്‍കടല്‍, മലയിടുക്ക്- ഹൈഫയുടെ അഭൗമ സൗന്ദര്യം ഇതെല്ലാം ചേര്‍ന്നതാണ്. സംഭവബഹുലമായ സ്മൃതികളെ തട്ടിയുണര്‍ത്തുന്ന കാര്‍മ്മല്‍ പര്‍വതം എല്ലാത്തിനും സാക്ഷിയായി നീണ്ടുയര്‍ന്നു നില്‍ക്കുന്നു. കാര്‍മലിന്റെ കല്ലുകള്‍ക്ക് സംസാരിക്കാന്‍ കഴിയുമായിരുന്നെങ്കില്‍, അവ അനേകം അത്ഭുതങ്ങളുടേയും വിജയപരാജയങ്ങളുടേയും കഥകള്‍ പറയും. പ്രവാചകന്‍മാരുടേയും വിഗ്രഹാരാധകരുടേയും സാമന്തന്‍മാരുടേയും ഒന്നുമില്ലാത്തവരുടേയും കാല്‍പ്പാദങ്ങള്‍ വീണ ഇടങ്ങള്‍ ചൂണ്ടിക്കാട്ടിത്തരും. കാര്‍മല്‍ ഇനിയും ചരിത്രങ്ങളെ പെറ്റിടുകയും മുലയൂട്ടുകയും വളര്‍ത്തി വഴി തിരിച്ച് വിടുകയും ചെയ്തുകൊള്ളട്ടെ. കാര്‍മലിന്റെ മടിയില്‍ ഹൈഫ ശാന്തമായുറങ്ങട്ടെ.MathrubhumiMatrimonial