TravelBlogue

ഏകാന്തതയുടെ അപാരതീരം

Posted on: 18 Jan 2010

Text & Photos: AshavidhuMore Photos


നഷ്ടപ്രതാപത്തിന്റെ ദുരന്തസ്മരണകള്‍ ഓരോ അണുവിലും പേറുന്നൊരു ഭൂഭാഗത്തിലേയ്ക്കുള്ള യാത്രയെ വിനോദയാത്രയെന്ന് വിളിക്കാനാവുമോ? ഇതിഹാസത്തിനും ചരിത്രത്തിനുമൊക്കെ വേദിയായിരുന്ന ധനുഷ്‌കോടിയിലേക്കുള്ള യാത്ര സമ്മാനിക്കുന്നത്, മനുഷ്യജീവിതത്തിന്റെ നശ്വരതയേയും നൈമിഷികതയേയും പറ്റിയുള്ള അനിവാര്യമായൊരു തിരിച്ചറിയലാണ്. അഹങ്കാരത്തിന്റെയും സുഖലോലുപതയുടേയും പാരമ്യത്തിലേയ്ക്ക് സഞ്ചരിക്കുന്ന മനുഷ്യമനസ്സുകള്‍ക്ക് നൊമ്പരമുണര്‍ത്തുന്ന ദുരന്തസ്മരണകളിലൂടെ അത്തരമൊരു അവബോധം പകര്‍ന്നു നല്‍കാനായിരിക്കണം, പ്രകൃതി ഇത്തരം ദുരന്തങ്ങള്‍ സൃഷ്ടിക്കുന്നതും, ദശാബ്ദങ്ങള്‍ കഴിഞ്ഞാലും അവയെ മാറ്റമില്ലാത്ത സ്മാരകങ്ങളായി നിലനിര്‍ത്തുന്നതും.

അതാണ് ധനുഷ്‌കോടി ശ്രീരാമന്‍ ലങ്കയിലേക്കുള്ള ചിറ നിര്‍മ്മിച്ചതിവിടെ നിന്ന്. ലക്ഷ്യ പൂര്‍ത്തീകരണത്തിന് ശേഷം തന്റെ ധനുസ്സു കൊണ്ട് ആ സേതുബന്ധനം മുറിച്ച് മാറ്റി. ഒടുവില്‍ കലിയുഗത്തില്‍ നാല്‍പ്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പൊരു ക്രിസ്തുമസ് തലേന്ന് കടല്‍ എല്ലാം കൈപ്പിടിയില്‍ അമര്‍ത്തുന്നത് വരെയും ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമിടയ്ക്കുള്ള പ്രധാന യാത്രാ മാര്‍ഗ്ഗം ധനുഷ്‌കോടിയിലൂടെതന്നെയായിരുന്നു. സിലോണിനെ സ്വന്തം നാടാക്കിയ കഴിഞ്ഞ തലമുറയിലെ മലയാളകള്‍ യാത്ര ചെയ്തതും ഇതുവഴിയായിരുന്നു.

കൊല്ലത്തു നിന്നും തീവണ്ടി മാര്‍ഗ്ഗം രാമേശ്വരത്തേക്കും അവിടെ നിന്നും ധനുഷ്‌കോടിയില്‍ യാത്ര അവസാനിപ്പിച്ചിരുന്ന തീവണ്ടിയിലും അതിനുമപ്പുറം ശ്രീലങ്കന്‍ തീരത്തേയ്ക്കു യാത്രാ ബോട്ടുകളിലുമായിരുന്നു. സാംസ്‌ക്കാരികമായും പൈതൃകപരമായും അഭേദ്യമായ ബന്ധമുള്ള രണ്ടു രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സ്ഥലമെന്ന നിലയില്‍ വളരെ വികാസം പ്രാപിച്ച ഒരു പട്ടണമായിരുന്നത്രേ ധനുഷ്‌കോടി. 1964ല്‍ തകര്‍ന്നടിയുന്നതിനും എത്രയോ മുമ്പ് തന്നെ സ്റ്റേറ്റ് ബാങ്കിന്റെ ശാഖയും റെയില്‍വേസ്റ്റേഷനും വ്യാപാര സ്ഥാപനങ്ങളും ആരാധനാലയങ്ങളുമൊക്കെ സ്വന്തമായിരുന്ന ഒരു അന്താരാഷ്ട്ര അതിര്‍ത്തി പട്ടണം.

ഇതിഹാസവും ചരിത്രവും ഉള്‍പ്പെടുന്ന ഭൂതകാലത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളാകുന്നു ധനുഷ്‌കോടിയിലേക്കുള്ള യാത്രയിലെ ഓരോ നിമിഷവും. ശ്രീരാമപാദങ്ങള്‍ പൂജിക്കപ്പെടുന്ന ഗന്ധമാദന പര്‍വ്വതം. ഇവിടെ നിന്നാണത്രെ ശ്രീരാമന്‍ കടലിന്നക്കരെ ലങ്കയെ നോക്കി കണ്ടതും സേതു ബന്ധനത്തിന്റെ മാര്‍ഗ്ഗം നിശ്ചയിച്ചതും ശ്രീരാമന്‍ പ്രതിഷ്ഠ നടത്തിയ രാമേശ്വരത്തെ രാമനാഥ സ്വാമി ക്ഷേത്രം, വിഭീഷണന്‍ ശ്രീരാമ പാദങ്ങളില്‍ അഭയം പ്രാപിച്ച സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കോദണ്ഡ രാമസ്വാമി ക്ഷേത്രം, രാമേശ്വരം ദ്വീപിനെ വന്‍കരയുമായി ബന്ധിപ്പിക്കുന്ന കടലിന് കുറുകെയുള്ള പാമ്പന്‍ പാലവും അതിനു സമാന്തരമായി പോകുന്ന റെയില്‍ പാളവും ഒരിക്കലും മറക്കാനാവാത്ത കാഴ്ച്ചകളായി മനസ്സില്‍ നില്‍ക്കും.ധനുഷ്‌കോടിയിലെ ഇന്നവശേഷിക്കുന്ന കരഭാഗത്തേക്ക് രാമേശ്വരത്തുനിന്നും പതിനെട്ട് കിലോമീറ്ററാണ് ദൂരം. ജനവാസമില്ലാത്ത ഈ വഴിയിലൂടെ ട്രാന്‍സ്‌പോര്‍ട്ട് ബസ്സിലോ കാറിലോ യാത്ര ചെയ്യാം. പിന്നെയും അഞ്ചോ ആറോ കിലോമീറ്റര്‍ മാറിയാണ് ധനുഷ്‌കോടി മുനമ്പ്. അവിടേക്ക് എത്തി ചേരാന്‍ പരിചയസമ്പന്നരായ അവിടുത്തെ ഡ്രൈവര്‍മാരോടിക്കുന്ന മഹീന്ദ്ര ഫോര്‍വീല്‍ ഡ്രൈവ് വാഹനങ്ങള്‍ മാത്രമാണ് ആശ്രയം. ഒരാള്‍ക്ക് 80 രൂപയാണ് പോയിവരുന്നതിനുള്ള ചാര്‍ജ്ജ്.

വാഹനത്തിന്റെ പിന്നിലെ തടി സീറ്റില്‍ കയറി ഇരുന്നു. മഹീന്ദ്ര മുരണ്ടു കൊണ്ട് യാത്ര തുടങ്ങി. ഇടയ്ക്കിടെ ആഴം കുറഞ്ഞ കടലിലൂടെയും ചിത്രങ്ങളില്‍ കണ്ടു പരിചയിച്ച മരുഭൂമികകളുടെ വെള്ള മണലിലൂടെയും കുറ്റിച്ചെടികള്‍ നിറഞ്ഞ വിജന പ്രദേശങ്ങളിലൂടെയുമുള്ള യാത്രയ്ക്ക് സാഹസികതയുടെ നേര്‍ത്ത ഗന്ധം...വട്ടമിട്ട് പറക്കുന്ന പരുന്തുകളുടെയും കുറ്റിച്ചെടികളുടെ മേലാപ്പില്‍ ചിതറിയിരിക്കുന്ന വെളുത്ത ദേശാടനപക്ഷികളുടെയും ദൃശ്യങ്ങള്‍ നിരവധി ക്യാമറകള്‍ ആര്‍ത്തിയോടെ ഒപ്പിയെടുത്തു.ആടിയുലഞ്ഞ് വണ്ടി ചെന്നു നില്‍ക്കുന്നത് ധനുഷ്‌കോടി റെയില്‍വേ സ്‌റ്റേഷന്റെ തകര്‍ന്ന കരിങ്കല്‍ കെട്ടിടങ്ങള്‍ക്ക് മുന്നില്‍. മനോഹരമായൊരു റെയില്‍വേസ്‌റ്റേഷനായിരുന്നിരിക്കണം അത്. വെള്ളമണല്‍ മൂടിയ ആ ഭൂമിയിലേക്ക് കാലെടുത്ത് വെയ്ക്കുമ്പോഴോര്‍ത്തു, നിമിഷാര്‍ദ്ധം കൊണ്ട് തകര്‍ന്നടിഞ്ഞ എത്രയോ മനുഷ്യരുടെ അസ്ഥിപഞ്ജരങ്ങള്‍ ഇന്നും ഈ മണല്‍കൂമ്പാരങ്ങള്‍ക്കുള്ളിലുണ്ടാവാം! മണ്‍ല്‍ കൂനയ്ക്കിടയില്‍ ഉയര്‍ന്ന കണ്ട തുരുമ്പിച്ച റെയില്‍ പാളങ്ങള്‍ പോലെ, നിറയെ യാത്രക്കാരുമായി അന്ന് പോയ ബോട്ട് മെയില്‍ ട്രെയിനിന്റെ അവിശിഷ്ടങ്ങളും മൂടിക്കിടക്കുന്നുണ്ടാവാണം. മനസ്സില്‍ നേരിയ ഒരു വിങ്ങലോടെ ആ ദുരന്തഭൂമി ചുറ്റി നടന്നു കാണുമ്പോള്‍ ആ ശപിക്കപ്പെട്ട നാളിലെ കൊടുങ്കാറ്റിന്റെ ഹുങ്കാരവും ആര്‍ത്തലയക്കുന്ന തിരമാലകളില്‍ മുങ്ങിപ്പോയ കൂട്ടനിലവിളികളും ഇതേ മണ്ണില്‍ എല്ലാം തകര്‍ന്നടിഞ്ഞ് കടലിലലിയുന്നതിന്റെ ഭയാനകമായ ശബ്ദങ്ങളും മനുഷ്യന്റെ നിസ്സഹായത എന്ന യാഥാര്‍ത്ഥ്യവും മനസ്സല്‍ നിറയും. അറിയാതെ നാം നിശബ്ദരാവും. കണ്ണുകളില്‍ ഒരു നനവ് മൂടും.

ഏറെ ജീര്‍ണിച്ചതെങ്കിലും ധനുഷ്‌കോടിയിലെ പള്ളിയുടെ നാല് ചുവരുകളും അള്‍ത്താരയും എത്രയോ കഥകള്‍ ഉള്ളിലൊതുക്കി ഇന്നുമവശേഷിക്കുന്നു. തൊട്ടടുത്ത അമ്പലത്തിന്റെയും തകര്‍ന്നടിഞ്ഞ അവശിഷടങ്ങളും മകുടവും മാത്രമാണ് ബാക്കി. ഉള്ളില്‍ മണല്‍ നിറഞ്ഞ് കാട് പിടിച്ച് കിടക്കുന്ന ഇരുനിലയെന്ന് തോന്നിക്കുന്ന കെട്ടിടമായിരുന്നിരക്കണം ഇവിടുത്തെ സ്‌കൂള്‍. വീടുകളുടെയും വ്യാപാരസ്ഥാപനങ്ങളെന്നു തോന്നുന്നവയുടെയും അവശിഷ്ടങ്ങള്‍ അവിടവിടെയായി കാണാം. എല്ലാം കുറെശ്ശയായി വീണ്ടും നശിച്ചു കൊണ്ടിരിക്കുന്നു. മണല്‍കൂമ്പാരങ്ങള്‍ക്കിടയില്‍ എഴുന്നു നില്‍ക്കുന്ന തുരുമ്പിച്ച ബോര്‍ഡില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നതു മാത്രം വായിച്ചെടുക്കാനായി. ബാക്കിയെല്ലാം ഈ ദുരന്തത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പോലെ മാഞ്ഞിരിക്കുന്നു.സ്വദേശികളും വിദേശികളുമായി നിരവധിപേര്‍ കാണാനെത്തുന്ന ഭൂതകാല പ്രപഞ്ചത്തിന്റെ ഈ ശേഷിപ്പുകളെ സംരക്ഷിക്കാനോ നിലനിര്‍ത്താനോ ഒരു ഭാഗത്തു നിന്നും യാതൊരു ശ്രമവും നടക്കുന്നതായി തോന്നിയില്ല. ദുരന്തത്തിന് ശേഷമെപ്പോഴോ കുടിയേറിയ മത്സ്യത്തൊഴിലാളി കുടുംബങ്ങളുണ്ടിവിടെ. വെള്ളമോ വെളിച്ചമോ ഇല്ലാത്ത ഓലമറ കുടിലുകളില്‍ അവര്‍ ജീവിക്കുന്നു. മണലില്‍ കുഴിച്ചിരിക്കുന്ന ആഴം കുറഞ്ഞ കിണറുകളില്‍ നിന്നും ഉപ്പുരസമില്ലാത്ത ശുദ്ധജലം അവര്‍ കണ്ടെത്തുന്നു. മത്സ്യബന്ധനത്തിനു പുറമേ തങ്ങളുടെ നാട് കണ്ട് നെടുവീര്‍പ്പിടാനെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് ശംഖുമാലകളും സേതുബന്ധനത്തിന് ശ്രീരാമന്‍ ഉപയോഗിച്ചതെന്ന് പറയപ്പെടുന്ന കല്ലുകളും വിറ്റ് ഉപജീവനം നടത്തുന്നു ഇവര്‍. ടൂറിസ്റ്റുകളുമായെത്തുന്ന വാഹനത്തില്‍ കയറി മരുന്നും ഭക്ഷണവും പോലുള്ള അത്യാവശ്യങ്ങള്‍ക്ക് അവര്‍ രാമേശ്വരത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നു.

തിരികെ അതേ വഴികളിലൂടെ കരയിലേക്ക് മടങ്ങുമ്പോഴോര്‍ത്തു, എന്താണ് ഈ ഇതിഹാസ ഭൂമിയുടെ ഭാവി? വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ധനുഷ്‌കോടി അതിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കുമോ? ശ്രീലങ്കയിലെ വംശീയ പ്രശ്‌നങ്ങള്‍ പൂര്‍ണമായും അവസാനിക്കുകയും ലോകം വീണ്ടും ചുരുങ്ങുകയും ചെയ്യുന്നൊരു നാളെ അത് പഴയത് പോലെ തിരക്കുള്ളൊരു രാജ്യാന്തര യാത്രാ മാര്‍ഗ്ഗമായി പുനര്‍ജ്ജനിക്കുമോ? അവിടെ ജീവിക്കുന്ന മനുഷ്യര്‍ക്ക് മേല്‍വിലാസവും ജീവിത സൗകര്യങ്ങളും ലഭ്യമാകുമോ? അങ്ങനെയൊക്കെ സംഭവിച്ചെന്നും വരാം. യുഗങ്ങള്‍ക്ക് മുമ്പ് പ്രളയത്തിലലിഞ്ഞ ഭൂഭാഗങ്ങളില്‍ പിന്നീട് ജനപദങ്ങളും സംസ്‌കൃതികളും തഴച്ച് വളര്‍ന്നതാണ് ചരിത്രം. ഇന്ന് ധനുഷ്‌കോടിയുടെ ഇല്ലായ്മകളില്‍ ജീവിക്കുന്ന പാവം മനുഷ്യര്‍ ആ ചരിത്രത്തിന്റെ ഒരേടുമാത്രമാണെന്ന് നമുക്കാശിക്കാം.

Travel Info
By Air: Madurai (165km)
By rail: Rameshwaram (18km)
By road: Tamilnadu Transport Buses available from Rameshwaram frequently up to Danushkodi. From There Jeep and Vans are the only travel mode.
Stay: Good hotels available at Madurai as well as RameshwaramMathrubhumiMatrimonial