
ബാലി പര്‍വ്വം
Posted on: 15 Jan 2010
text & photos: ഡോ.മധുസൂധനന്, ഡോ.ബാലകുമാര്‍

യാത്രയൊടുക്കം ഈ നാട്ടില്‍ ഇനിയും വരുമെന്ന് മനസ്സ് മന്ത്രിച്ചാല്‍ യാത്ര സഫലമായി. വീണ്ടും വരികയെന്ന് കാറ്റും കടലും ഒരുമിച്ച് ചെവിയിലോതുന്ന കൊച്ചു മരതക ദ്വീപാണ് ബാലി. കേരളത്തിന്റെ ഏഴിലൊന്ന് വിസ്തൃതിയില്‍ ഇന്ത്യയില്‍ നിന്ന് ഏതാണ്ട് 3500 മൈല്‍ ദൂരെ, 17508 ഇന്തോനേഷ്യന്‍ ദ്വീപുകളിലൊന്നായ ബാലിയുടെ സ്ഥാനം ജാവയുടെ തൊട്ടു കിഴക്കായി ഭൂപടത്തിലൊരു കൊച്ചു പൊട്ടു പോലെയാണ്.
സിംഗപ്പൂരു നിന്ന് ഒന്നേമുക്കാല്‍ മണിക്കൂറിനുള്ളില്‍ ബാലിയിലെ ദെന്പസാറെന്ന തലസ്ഥാന നഗരിയില്‍ പറന്നെത്താം. കേരളീയരില്ലാത്ത കൊച്ചു കേരളം തന്നെ. നിരന്നു നിന്നു കാറ്റിലാടുന്ന തെങ്ങോലത്തലപ്പുകളും കുണുങ്ങിയൊഴുകുന്ന കൊച്ചരുവികളും അരിവാളേന്തി നെല്‍പ്പാടങ്ങളില്‍ പണിയെടുക്കുന്ന കര്‍ഷകനും. ചെത്തിയും ചെമ്പരിത്തിയും മാവും പ്ലാവും അമ്പലങ്ങളും മലകളും എന്നു വേണ്ട ഒട്ടുമിക്കതിലും ഒരു കേരളീയത. കേരളം പോലിരിക്കുന്നെങ്കില് എന്തിനു കയ്യിലെ കാശു ചെലവാക്കി, കടലും താണ്ടി ഇത്ര ദൂരം പോകണം? ഉത്തരം അനുഭവിച്ചറിയേണ്ടതാണ്.
ആറുപതിറ്റാണ്ട് മുന്‍പ് എസ്.കെ.പൊറ്റക്കാട് കണ്ട് വര്‍ണിച്ച, ബാലി ഇന്ന് ഒരുപാട് മാറിയിരിക്കുന്നു.-'ബാലിയിലെ മഴയും ബാലിപ്പെണ്ണിന്റെ മനസ്സും ഒരു പോലെയാണ്' എന്നതൊഴികെ. പണ്ട് 'ഞമശി ശി ംമഹല െമിറ ഴശൃഹ ൊശിറ മൃല മഹശസല' എന്നു പറഞ്ഞ് സായിപ്പിനെ രസിപ്പിച്ചതിനും ഇപ്പോഴത്തെ ബാലിയാത്രയ്ക്കും മലയാള സഞ്ചാരസാഹിത്യത്തിലെ ആ കുലപതിയോട് കടപ്പെട്ടിരിക്കുന്നു.

അംബര ചുംബികളില്ലാത്ത വൃത്തിയുള്ള തലസ്ഥാനമാണ് ദെന്പാസര്. ഡച്ചുകാരില്‍ നിന്നും ബാലിയെ സ്വതന്ത്രമാക്കാന്‍ നടത്തിയ ധീരസമരത്തിന് നേതൃത്വം കൊടുത്ത നാഗുറ റായ് എന്ന പടത്തലവന്റെ പേരിലുള്ള പുതിയ വിമാനത്താവളവും പുറത്ത് അദ്ദേഹത്തിന്റെ പൂര്‍ണകായ പ്രതിമയും. അതു കഴിഞ്ഞ് പട്ടണത്തിലേക്കിറങ്ങിയാല് പ്രധാന കവാടങ്ങളില്‍ മിക്കതിലും ഹിന്ദു പുരാണകഥ പറയുന്ന വലിയ ശില്പ്പങ്ങള്. 1945 ആഗസ്ത് 17ലെ സ്വാതന്ത്ര്യത്തിന് ശേഷം ദൂരെ ജക്കാര്ത്തയിലിരുന്ന് വലിയ ഇന്തോനേഷ്യയുടെ ഭാഗമായി ബാലി ഭരിച്ച സുക്കാര്ണ്ണോ മുതലിങ്ങോട്ടുള്ള മുസ്ലീം ഭരണാധികാരികള്‍ ബാലിയുടെ തനത് സംസ്ക്കാരം നശിപ്പിക്കാത്തവരാണ്. ഇസ്ലാമിക രാഷ്ട്രമായ ഇന്തോനേഷ്യയില്‍, 85ശതമാനം ഹിന്ദുമത വിശ്വാസികളുള്ള ബാലി മതസൗഹാര്‍ദ്ദത്തിന്റെ ഉത്തമ ഉദാഹരണാമാണ്.
ബാലിക്കാര്‍ പൊതുവേ വളരെ സൗമ്യരും മര്യാദക്കാരുമാണ്. അതിനാല്‍ യാത്ര, നഗരത്തിലായാലും ഗ്രാമത്തിലായാലും സുരക്ഷിതമാണ്. ബാലിദ്വീപിന് ചുറ്റുമുള്ള പഞ്ചാര മണല്‍ തീരങ്ങളും 'ശാന്ത' സമുദ്രവും, ആധുനികത ടാറിട്ട റോഡിലൊതുങ്ങുന്ന ഉള്‍നാടന്‍ മലയോരഗ്രാമങ്ങളും ബാലിയെ പാശ്ചാത്യരുടെ ചൂടന്‍ ലക്ഷ്യമാക്കുന്നു (hot destination). തലസ്ഥാനത്തു തന്നെയുള്ള 'കുട്ട' ബീച്ചും പരിസരവും സഞ്ചാരികളുടെ പറുദീസയാണ്. പ്രശസ്ത ഭക്ഷണശാലകളും ബാറുകളും ഡിസ്കോത്തുകളും അവിടെ നീണ്ടനിര തീര്‍ക്കുമ്പോള്‍ ഇടുങ്ങിയ വഴികളതിനെ മുറിക്കുന്നു. മാന്യമായി മെനു കാര്‍ഡ് നീട്ടി ആഹാരത്തിന് ക്ഷണിക്കുന്ന സുന്ദരന്മാരും സുന്ദരികളും റെസ്റ്റോറന്റകള്ക്കു മുന്നിലുണ്ട്. രാത്രി പതിനൊന്നുമണി കഴിയുമ്പോഴത്രെ കുട്ട ശരിക്കുമുണരുന്നത്.

എതിര്‍വശത്തുള്ള സന്തുര്‍ കടല്‍ത്തീരം താരതമ്യേന തിരക്കു കുറഞ്ഞിടമാണ്. കുട്ട, ആസ്ട്രേലിയക്കാരെ മുട്ടാതെ നടക്കാന്‍ കഴിയാത്ത ഇടമാണെങ്കില്‍ സന്തുര്‍ യൂറോപ്യന്മാരുടെ താവളമാണ്. ചൈന, മലേഷ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലെ സമ്പന്ന 'വെള്ളക്കാരും' ധാരാളമായി ബാലിയില്‍ എത്തുന്നു. എന്നാല്‍ പലരാജ്യങ്ങളിലും വെള്ളതൊലിക്കാര്ക്ക് കിട്ടുന്ന പ്രത്യേക പരിഗണന ബാലിയില്‍ പ്രകടമല്ല. നേരു പറഞ്ഞാല്‍ ഇന്ത്യക്കാരന് സ്നേഹ ബഹുമാനം കൂടുതല്‍ കിട്ടുന്ന അപൂര്‍വ്വ രാജ്യങ്ങളില്‍ ഒന്ന്.
എവിടെപ്പോയാലും വഴിയോരത്ത് ചെറുതും വലുതുമായ 'പുര' എന്ന് ബാലി പേരുള്ള ക്ഷേത്രങ്ങളുണ്ട്. ആദി ഹൈന്ദവികതയെ അനുസ്മരിപ്പിക്കുമാറ് ഓംകാരത്തിലൂന്നിയ ഒരു സംസ്ക്കാരം ഇന്നും അചഞ്ചലമായി ഇവിടെ നിലനില്ക്കുന്നു. ഏഴാം നൂറ്റാണ്ടില്‍ മാര്‍ക്കണ്ഡേയ മഹര്‍ഷിയാണ് ബാലിയില്‍ ഹിന്ദുമത വിത്തു പാകിയത്. അര്ത്ഥമറിഞ്ഞോ അറിയാതെയോ സംസ്കൃത ശ്ലോകങ്ങള്‍ പുരോഹിതര്‍ ഉരുവിടുന്നു. പ്രധാന ക്ഷേത്രത്തിനകത്ത് വിഗ്രഹം കാണില്ല. എന്നാല്‍ ചുറ്റമ്പലങ്ങളില്‍ എല്ലാ ഹൈന്ദവ ദൈവ പ്രതിമകളുമുണ്ട്. ബാലിക്കാരുടെ കൊത്തു പണിയിലുള്ള വൈദഗ്ധ്യം എടുത്ത് പറയത്തക്കതാണ്. മരത്തിലും കല്ലിലും എത്രയെത്ര സുന്ദര ശില്പ്പങ്ങള്..വലിയ മുറ്റം നിറയെ ഗണപതി മുതല്‍ ബുദ്ധന് വരെ പല വലിപ്പത്തില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന കച്ചവടസ്ഥലങ്ങള്‍ അനവധിയുണ്ട്.

വലിയ വീടാകട്ടെ, ക്ഷേത്രമാകട്ടെ പ്രധാന കവാടത്തിന് പ്രത്യേക ബാലി ശൈലിയുണ്ട്. കൊത്തുപണിയലംകൃതമായ വിലയ തൂണ് നെടുകെ പിളര്‍ത്തി, അകത്തിവെച്ച പോലുള്ള പുറംകവാടം കടന്നാല്‍ വിലങ്ങനെ ഒരു ചെറുഭിത്തി. അതു ചുറ്റി വേണം മുറ്റത്തു പ്രവേശിക്കാന്‍. പുറംതൂണുകള്ക്കരികെ പൈശാചിക ശക്തികളെ പേടിപ്പിച്ചകറ്റാനായി രൗദ്രരൂപ പ്രതിമകളുണ്ടായിരിക്കെ അതു കണ്ടു പേടിക്കാതെ വല്ല ചെകുത്താനും അകത്തു കടന്നാല്‍ വിലങ്ങനെയുള്ള ഭിത്തി അവരെ തടഞ്ഞു കൊള്ളുമത്രെ. ബാലിയിലെ ചെകുത്താന്മാര് നേര്‍വഴിമാത്രം നടക്കുന്ന മര്യാദക്കാരാണ്. വഴിമുടക്കി നില്ക്കുന്ന മുന്നിലെ മതില് കണ്ടാല്‍ ഉടന്‍ പിന്തിരിഞ്ഞ് ഉപദ്രവിക്കാതെ പടിയിറങ്ങി വന്ന വഴി തിരിച്ചു പോകും. കേരള നാട്ടില്‍ മനുഷ്യര്‍ പോലും ഇത്ര മര്യാദക്കാരല്ല. വെറുതെയല്ല 'ഓബാങ്' എന്ന വെള്ളം നിറച്ച മാന്ത്രിക ഭരണിയില്‍ (നമ്മുടെ മഷിനോട്ടത്തിനു സമാനം) പല കുറി നോക്കിയിട്ടും എന്റെ പ്രതിച്ഛായയല്ലാതെ മറ്റൊരു മലയാളിയേയും കണ്ണില്‍പെട്ടില്ല.
പട്ടണം വിട്ടുള്ള ഞങ്ങളുടെ ആദ്യയാത്ര കിന്താമണിയിലേക്കായിരുന്നു. ഞങ്ങള്‍ രണ്ടു കുടുംബവും വയൂങ് എന്ന പേരുള്ള ബാലിഗൈഡും രാവിലെ എട്ട് മണിക്കു തന്നെ ഗ്രാനാന്തര യാത്രയ്ക്കു തിരിച്ചു. സുഖമുള്ള നേരിയ തണുപ്പ്. തണല്‍ വീണ പാതയും പാതയോരത്ത് കടകളും...ഒരു മണിക്കൂര്‍ കഴിഞ്ഞില്ല ഞങ്ങളുടെ വാന്‍ വയനാടിനെ അനുസ്മരിപ്പിക്കുന്ന മലയോരത്ത് എത്തി. പൊറ്റക്കാട് വര്‍ണിച്ച, മാറ് മറയ്ക്കാത്ത അന്നനട ബാലിത്തരുണികള് ഇപ്പോള്‍ ജീന്‍സും ടോപ്പുമണിഞ്ഞ് സ്കൂട്ടറിലും കാറിലുമാണ് നഗരത്തില്‍ സഞ്ചാരം. അതിനാല്‍ തലയില്‍ എത്ര ഭാരം കയറ്റിവെച്ചാലും കൈ തൊടാതെ അനായാസം അലസഗമനം നടത്തുന്ന സുന്ദരികളെ കാണണമെങ്കില്‍ ഗ്രാമത്തിലെത്തണം. ബാലി ഭൂപ്രകൃതിയിലുള്ള ഏതാണ്ടെല്ലാം മലയാളക്കരയിലുണ്ടെങ്കിലും അഗ്നിപര്‍വ്വതങ്ങള്‍ നമുക്കിവിടെ ഇല്ലാത്തതിന്റെ കുറവ് കിന്താമണിയെന്ന അഗ്നിപര്‍വ്വതം കണ്ടപ്പോള്‍ ഞാനറിഞ്ഞു.
തണുപ്പില്‍ മഴക്കാര് കമ്പിളി പാതി പുതച്ച് വാ പൊളിച്ചുറങ്ങുന്ന കിന്താമണിയും അവള് തീ തുപ്പികരയിച്ചവരുടെ കണ്ണുനീര് നിറഞ്ഞ പോലെ അരികയൊരു ചെറുതടാകവും. പണ്ട് ഒരുപാട് പേരെ ചുട്ടു കൊന്ന കിന്താമണി 1962ല്‍ അവസാനം പൊട്ടിത്തെറിച്ചപ്പോള്‍ ആകെ മരിച്ചത് വലിയ ശബ്ദം കേട്ട് ഞെട്ടി ഹൃദയസ്തംഭനം വന്ന ഒരു മുത്തശ്ശി മാത്രമത്രെ. തൊട്ടതെല്ലാം കരിച്ച് ഒഴുകിയ ലാവ തണുത്തുറച്ച് താഴ്വരയെ കരിമ്പടം വിരിച്ച് കിടത്തിയിരിക്കുന്ന ഈ ലാവപ്പാറയാണ് പല വലിപ്പത്തില്‍ പൊട്ടിച്ചും പൊടിച്ചും കെട്ടിടം പണിക്ക് നാട്ടുകാര്‍ ഉപയോഗിക്കുന്നത്. 'വല്ലപ്പോഴും പൊട്ടിത്തെറിച്ച് കുറച്ച് പേര് മരിച്ചാലെന്ത്, കല്ലിനും പൂഴിമണലിനും ക്ഷാമമുണ്ടാവില്ലല്ലോ'. കേരളത്തില്‍ അഗ്നിപര്‍വ്വതമില്ലാത്ത 'ദു:ഖം നാട്ടിലെ കരാറുകാരന് സുഹൃത്തിന്റെ കളിവാക്കില്‍ ഒളിഞ്ഞിരുപ്പുണ്ട് എന്നു തോന്നി.

മലമ്പാതയിലെ യാത്രയിലൊരിടത്ത് മുമ്പേ പോയ വെള്ളക്കാരനും രണ്ടുമക്കളും മലഞ്ചെരുവിലേക്കിറങ്ങി നിന്ന് ഭയമൊതുക്കി കൗതുകത്തോടെ എന്തോ ഒന്നിനെ തുരുതുരാ ക്യാമറയില്‍ പകര്‍ത്തുന്നു. വല്ല പെരുമ്പാമ്പിനേയും കണ്ടതായിരിക്കുമെന്ന് കരുതി ഇറങ്ങി ചെന്നപ്പോള്‍ കണ്ടത് നമ്മുടെ പാവം അരണയെയാണ്.
തെളിഞ്ഞ തണുത്ത വെള്ളം അനസ്യൂതം പ്രവഹിക്കുന്ന ഭൂഗര്‍ഭ നീരുറവകളാണ് ബാലിക്കാരുടെ മറ്റൊരു ഭാഗ്യം. മലയിറങ്ങി വരും വഴി അക്ഷയ നീരുറവ പ്രവഹിക്കുന്ന അതേ പേരിലുള്ള പ്രശസ്ത ക്ഷേത്രത്തിലേക്ക് വയൂങ് ഞങ്ങളെ കൊണ്ടുപോയി. ക്ഷേത്രത്തിലെ കരിങ്കല്‍ പാത്തികളിലൂടെ പ്രവഹിക്കുന്ന ജലം ഭക്തര്‍ നിരന്നു നിന്നു കുടിക്കുന്നു. ചിലര്‍ കുപ്പിയില്‍ ശേഖരിച്ചു കൊണ്ടു പോകുന്നു. അല്പ വസ്ത്രധാരികള്‍ക്ക് മുണ്ടും അരയില്‍ കെട്ടാനുള്ള കച്ചയും അമ്പലനടയില്‍ സൗജന്യമായി ലഭിക്കും. അവിടെ വെച്ച് സാരി ധരിച്ച ഞങ്ങളുടെ സ്ത്രീജനങ്ങളെ കണ്ട് ഇന്ത്യാക്കാരല്ലെയെന്നു ചോദിച്ച് ഒരു ഫ്രഞ്ച്കാരന് ഇങ്ങോട്ട് വന്നു പരിചയപ്പെട്ടു.
ബാലിഹിന്ദുവായ ഭാര്യയെ ഭാരതത്തിലെ പല പ്രധാന ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തിച്ചിട്ടുള്ള മഹാന്. അദ്ദേഹത്തിന്റെ കൂടെയുള്ളവരെല്ലാം പലപ്പോഴായി കേരളത്തില്‍ വന്നു 'God's own country' തൊട്ടറിഞ്ഞവര്‍, അഭിമാനം തോന്നിയ നിമിഷം. ആരാധന രീതിയിലെ വ്യത്യാസം മൂലം തന്റെ ഭാര്യ ഗരുവായുരില് കുടുങ്ങിയ കാര്യം പറഞ്ഞ് സായിപ്പ് ചിരിച്ചു. ഇന്റര്‍നെറ്റില്‍ മലയാളത്തിലെ രണ്ടു പ്രമുഖ പത്രങ്ങളുടെ എഡിഷന് വായിക്കുന്ന കാര്യം ഞങ്ങളെ അത്ഭുതപ്പെടുത്തി വിശ്വസിപ്പിച്ചത് ആ പത്രങ്ങളുടെ പേരു പറഞ്ഞും, അതിലൊന്ന് മറ്റേതിനേക്കാള്‍ മെച്ചമെന്നു സമര്ത്ഥിച്ചുമാണ്.
അവരെയെല്ലാവരേയും കോഴിക്കോടും വയനാടും കൂടി സന്ദര്‍ശിക്കുവാന്‍ ഞാന്‍ ക്ഷണിച്ചെങ്കിലും എന്റെ മേല്‍വിലാസമോ ഫോണ്‍നമ്പറോ മനപ്പൂര്‍വ്വം കൊടുത്തില്ല. വെള്ളക്കാരല്ലേ-പത്തു പന്ത്രണ്ടു പേരെല്ലാവരും കൂടി എന്റെ കൊച്ചു വീട്ടില്‍ പെട്ടെന്നു കയറിവന്നുവെങ്കിലോ? അതുമല്ലെങ്കില്‍ മലയാളദിനപത്രം വായിക്കുന്ന ഫ്രഞ്ചു ചാരനായിക്കൂടെന്നുമില്ലല്ലോ. മനസ്സുപദേശിച്ചു വഴിയില്‍ കണ്ട വയ്യാവേലിയെടുത്തു തലയില്‍ വെയ്ക്കേണ്ട.

ഓരോ പുറം കാഴ്ച്ചകള്‍ക്കു ശേഷം സാന്ധ്യയ്ക്ക് റിസോര്‍ട്ടില്‍ തിരിച്ചെത്തിയാല്‍ മുന്നില്‍ തിരയൊഴിഞ്ഞ വിശാല കടല്‍ത്തീരത്ത് കാറ്റു കൊണ്ടിരിക്കാം. പോക്കുവെയില്‍ ഇഴ നെയ്ത സായന്തനം ഇവിടെ ശാന്തമാണ്. സമുദ്രത്തിലേക്ക് നോക്കി ചെറുതും വലുതുമായ അനേകം റിസോര്‍ട്ടുകള്‍. എല്ലാവര്‍ക്കുമുണ്ട് അരികിലായി ഓരോ കൊച്ചമ്പലം. അതില്‍ സന്ധ്യാദീപം തെളിയിച്ച്, കുരുത്തോല താലത്തില്‍ പൂക്കളും, അന്നത്തെ അന്നത്തിന്റെ ഒരംശവും നിവേദിച്ച്, ചെവിയില്‍ പൂ തിരുകി, നെറ്റിയില്‍ അരിമണിക്കുറിയും തൊട്ടുവണങ്ങുന്ന ബാലി തരുണികളെ കണ്ടാല്‍ കവിത്വമില്ലാത്തവര്ക്ക് പോലും കവിത കിനിയും.
ഇരുള് പരന്നു കഴിഞ്ഞാല്‍ റിസോര്‍ട്ടിലെ വിശാല നടുത്തളത്തിലെന്നു ബാലികലാ വിരുന്നുണ്ട്. നമ്മുടെ നൃത്തരൂപത്തോട് സാദൃശ്യമുള്ളതാണ് നടന ശൈലി. പിന്വാദ്യോപകരണങ്ങള് എന്നാല്‍ തികച്ചും വ്യത്യസ്തമാണ്. നാടകങ്ങളില്‍ രാവണന് സ്ഥിരം ദുഷ്ടകഥാപാത്രമാണ്. ഈ കലാപരിപാടികള്‍ തികച്ചും സൗജന്യമാണെങ്കിലും ഒപ്പം നിര്‍ബന്ധമായുള്ള രാത്രിഭക്ഷണം കുറച്ച് കത്തിയാണ്. ഒരു നല്ല ശാപ്പിടിന് ഒരു ലക്ഷം ഇന്തോനേഷ്യന്‍ റുപിയ വരും. ബില്ലു കാണുമ്പോള്‍ ബോധം കെടാതിരുന്നത് അതുടനെ ഇന്ത്യന്‍ രൂപയിലേക്കു കണക്കുകൂട്ടി നോക്കി നമ്മുടെ വെറും 500 രൂപ എന്നു മനസ്സിലാക്കുവാന്‍ പഠിച്ചതിനാലാണ്. ഈ അടുത്ത കാലം വരെ മൂല്യ ശോഷണത്തില്‍ ഇന്തോനേഷ്യന്‍ റുപിയായെ വെല്ലുവാന്‍ വളരെ കുറച്ച് ലോകരാജ്യങ്ങളെ ലോകത്തുണ്ടായിരുന്നുള്ളു.
കിതപ്പ്മാറി ഇന്തോനേഷ്യ ഇപ്പോള്‍ കുതിക്കുവാന്‍ തുടങ്ങിയിരുക്കുന്നു വെന്ന് സാമ്പത്തികം അറിയുന്നവര്‍ പറയുന്നു. ബാലി ഡാന്‍സ് ഇല്ലെങ്കിലും വൃത്തിയുള്ള ഇടത്തരം ഹോട്ടലുകളിലെ ചോറ് ഉള്‍പ്പെട്ട നാടന്‍ ഭക്ഷണം പരീക്ഷിക്കലായിരുന്നു ഞങ്ങള്‍ക്കിഷ്ടം-പോക്കറ്റ് കാലിയാവില്ല. മറ്റൊരു ദിവസം അമലപുരയെന്ന ചെറുപട്ടണത്തിലൂടെ കടന്നു പോയപ്പോള്‍ നാട്ടില്‍ അമലാപുരി പള്ളിക്കടുത്തു താമസിക്കുന്ന എനിക്ക് വണ്ടി നിര്‍ത്തി ഫോട്ടോ എടുക്കാതിരിക്കാനായില്ല. സരസ്വതീ പൂജയുടെ ഒഴിവു ദിവസമായതിനാല്‍ അന്തരീക്ഷത്തിനു തന്നെ ആകെ ഒരലസത. വഴിയരികില്‍ കാല്‍നടക്കാര്‍ വിരളം.
ബസ് സ്റ്റോപ്പുകളിലെന്ന പോലെ പുല്ലു മേഞ്ഞ ചെറുപുരകളിലെ തട്ടിലിരുന്നു സൊറ പറയുന്ന വൃദ്ധരുണ്ട്. കുറച്ചുള്ളിലേക്ക് മാറി നെല്‍പ്പാടം തുടങ്ങുന്നതിന് മുമ്പുള്ള ചായക്കടയില്‍ നാട്ടിലെ അകന്ന ചാര്ച്ചക്കാരനെന്ന് തോന്നിക്കുന്ന കിഴവനൊരാള് ബെഞ്ചിലിരിക്കുന്നു. ചില്ലലമാരയില്‍ നാടന്‍ പലഹാരങ്ങള്‍ക്കൊപ്പം നമ്മുടെ പ്രിയപഴംപൊരിയുമുണ്ട്.
ബാലിയിലെ ഉബൂദ് പ്രവശ്യ പ്രകൃതി രമണീയമാണ്. തട്ടുതട്ടായുള്ള നെല്‍പ്പാടങ്ങള്‍ പിളര്‍ത്തിയൊഴുകുന്ന ചെറു നദിയില്‍ കുളിക്കുന്നവരുണ്ട്, വസ്ത്രം കഴുകുന്നവരുണ്ട്, ഇടയ്ക്ക് ചില മീന്‍ പിടുത്തക്കാരേയും കാണാം. പൊറ്റക്കാട,് അധ്യായങ്ങള്‍ നിറച്ചെഴുതിയ ചെക്കോര്ദെയെന്ന രാജവംശ ക്ഷത്രിയന് ഇന്നും അവിടെ ജീവിച്ചിരിക്കുന്നുവെന്നറിഞ്ഞപ്പോള് കാണുവാനാശ തോന്നി. ചരിത്രത്തെ പുസ്തകത്താളിലൊതുക്കുന്ന കൂടെയുള്ളവര്‍ ആ മോഹം വേണ്ടെന്നു വെയ്പ്പിച്ചു.
ബാലിക്കാരാനായി ജീവിച്ച ലോകപ്രശസ്ത ബെല്‍ജിയന്‍ ചിത്രകാരന് ലെമയൂര് കഥാവശേഷനായ കാര്യം വയൂങ് കുറച്ച് ദു:ഖത്തോടെയാണ് പറഞ്ഞത്. അദ്ദേഹത്തിന്റെ ഭാര്യ, പൊളാക്ക് ഇപ്പോഴുമുണ്ടോ എന്ന എന്റെ ചോദ്യം സാമാന്യം പൊതുവിജ്ഞാനവും സംസ്കൃതവും വശമുള്ള ഗൈഡ് വയൂങിനെ തെല്ല് അത്ഭുതപ്പെടുത്തിയെന്ന് തോന്നുന്നു. പണ്ട് കോഴിക്കോട് നിന്ന് ഒരാള്‍ ബാലി സന്ദര്ശിച്ചതറിയാത്ത വയൂങ്, കരുതിക്കാണും ലെമയൂറിനെപ്പോലെ പൊളാക്കും പ്രശസ്തയാണ്.

ബാലിക്കാര്‍ മക്കള്‍ക്ക് എന്തു പേരിട്ടാലും വിളിക്കുക മൂത്ത സന്താനത്തെ 'പുട്ടു'വെന്നും രണ്ടാമനെ 'മധേ'യെന്നുമാണ്. അതറിഞ്ഞതു മുതല്‍ ആരെങ്കിലും എന്റെ പേര് ചോദിച്ചാല്‍ മധേയെന്നു ചൊല്ലി ബാലിക്കാരില് കൗതുകമുണര്ത്തുമായിരുന്നു. മധേയെന്നു വിളിപ്പേരുള്ള ഒരു ഗുണ്ടു പയ്യന്‍സ് ആയിരുന്നു വൈറ്റ് വാട്ടര്‍ റാഫ്റ്റിങിന് ഞങ്ങളുടെ ഗൈഡ്. നാടുകാണി സഞ്ചാരങ്ങളില്‍ ഒട്ടുമിക്ക സാഹസിക വിനോദോപാദികളിലും കയറി ചിരിച്ചും ചിലപ്പോള്‍ വിഷമിച്ചിട്ടുള്ള ഞങ്ങള്‍ ചെറുവെള്ളച്ചാട്ടങ്ങളുള്ള കുത്തിയൊഴുകുന്ന നദിയിലൂടെ വായു നിറച്ച ചെറുബോട്ടില്‍ പായുന്ന റാഫ്റ്റിങ് ആദ്യമായി നടത്തിയത് ബാലിയിലെ 'തലാക്ക വാജ' നദിയിലാണ് പേടിക്കാരായ ഭാര്യമാരെ കുറച്ച് റുപിയായും കൊടുത്ത് ഷോപ്പിങ്ങിനു വിട്ട ഞങ്ങള്‍ മക്കളുമായി വെയില് വീഴുന്നതിനു മുന്‍പ് തന്നെ നദീ തലപ്പത്തേക്ക് തിരിച്ചു.
ക്യാമറയും പണവും മറ്റും വാട്ടര്‍പ്രൂഫ് സഞ്ചിയില്‍ ഭദ്രമായി കെട്ടിയിട്ട്, ലൈഫ് ജാക്കറ്റും ഹെല്‍മറ്റും ധരിച്ചു തുഴയുമേന്തി റാഫ്റ്റില്‍ കയറി. ഞങ്ങള്‍ നാലുപേരുടെ ജീവനും റബ്ബര്‍ ബോട്ടിനും രക്ഷകനായ മധേയ് സ്രാങ്ക് എന്തു ചെയ്യണം ചെയ്യരുത് എന്ന ക്ലാസ് മുറി ഇംഗ്ലീഷില്‍ അഞ്ചാറു മിനിറ്റില്‍ തീര്‍ത്ത ശേഷം ദൈവത്തെ ധ്യാനിച്ച് ബോട്ട് നദീ മധ്യത്തിലേക്ക് തള്ളി. വെള്ളത്തിന്റെ കുത്തിപ്പാച്ചിലില്‍ പാറകളിലിടിച്ച് ബോട്ട് ഉലഞ്ഞ് തുടങ്ങിയപ്പോള്‍ വശത്തെ കയറില്‍ മുറുകെ പിടിക്കുക എന്ന പാഠമൊഴിച്ച് മറ്റെല്ലാം ഞങ്ങള്‍ മറന്നു. പിന്നെ തുഴഞ്ഞ് വിയര്‍ത്ത്, തണുത്ത വെള്ളം തെറിച്ച് കുളിച്ച്, വലിയ കല്ലുകളില്‍ ബോട്ട് പാഞ്ഞു കയറി-തെന്നിയിറങ്ങി, വശങ്ങളിലെ പാറക്കൂട്ടങ്ങളില്‍ മുട്ടിത്തെറിച്ച്, ചെറുവെള്ളച്ചാട്ടങ്ങള്ക്കടിയിലൂടെ മഴയിലെന്നണ്ണം നനഞ്ഞ്, കറങ്ങിത്തിരിഞ്ഞ് 14 കിലോമീറ്റര്‍ വനത്തിലൂടെയും മലമേട്ടിലെ കൃഷിയിടങ്ങളിലൂടെയും താഴേയ്ക്കുള്ള ഒരവിസ്മരണീയ യാത്ര.
ഇടയ്ക്ക് നദി വേഗം കുറഞ്ഞൊരിടത്ത് റാഫ്റ്റ് കരയ്ക്കടുപ്പിച്ച് വിശ്രമിച്ചത് ക്ഷീണം തീര്‍ക്കാന്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്തതാണ്. അവിടെ കണ്ട തെങ്ങിന് കൂട്ടം ചൂണ്ടി 'ലെല രീരീിൗ'േ എന്ന് മക്കളോട് ഗൈഡ് പറഞ്ഞപ്പോള്‍ അവര്‍ക്കൊപ്പം ഞങ്ങള്‍ക്കും ചിരിവന്നു. കേരം തിങ്ങും കേരളനാടിനെപ്പറ്റി ഗൈഡിന് അറിയിലല്ലോ. സാരമായ ഒരു പോറലുപോലുമേല്‍ക്കാതെ സാന്ധ്യയ്ക്കു മുമ്പ് താമസസ്ഥലത്ത് തിരിച്ചെത്തിയപ്പോള്‍ ചെറിയ ക്ഷീണം. ഷോപ്പിങ്ങിനു കൊടുത്ത റുപിയ മുഴുവനും പിശുക്കിയായ ഭാര്യ ചെലവാക്കതെ തിരിച്ചു തന്നപ്പോള്‍ ആ ക്ഷീണവും മാറി. പിറ്റേ ദിവസം രാവിലെ വിശാലമായ ബെനോവ കടല്‍പ്പുറത്ത് സമുദ്രത്തിന് മീതെ ഉയര്‍ന്നുയര്‍ന്ന് വിഹായസ്സിലൊഴുക്കുന്ന പാരാസെയ്ലിങ് നടത്തുവാന്‍ ആര്‍ക്കും പേടി തോന്നിയില്ല. താഴെ ചെറുതിരകളില്‍ ഏഴെട്ടുതരമെങ്കിലും ജല വിനോദങ്ങളുണ്ട്. പഞ്ഞ സഞ്ചിയുടെ കനമനുസരിച്ച് ഏതും എത്ര വേണമെങ്കിലും വെയിലുകൊണ്ടാസ്വദിക്കാം.
മറക്കാനാവാത്ത ഒരുനുഭവം കൂടി ബാലി തന്നു. റിസോര്‍ട്ടില്‍ നിന്നു മടക്കയാത്രയ്ക്കായി വിമാനത്താവളത്തിലേക്ക് പുറപ്പെടുമ്പോള്‍ അവിടെയുണ്ടായിരുന്നു ഹോട്ടല്‍ ജീവനക്കാര്‍ കൂടെ ഇറങ്ങി വന്നു നല്കിയ ഹൃദ്യമായ യാത്രയയപ്പ്.
ഒരു യാത്രയും അവസാനിക്കുന്നില്ല, മറ്റൊന്നിലേക്കുള്ള അനുഭവ ശേഖരണമാണ് യാത്ര. ഇന്ത്യക്കാരായ സഞ്ചാരികള്‍-പ്രത്യേകിച്ച് മലയാളികള്‍ കൂടുതല്‍ പോകുന്ന കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ ഈ കൊച്ചു ബാലിദ്വീപ് പെടില്ല. സിംഗപ്പൂരു നിന്നും ബാലിയിലേക്കിറങ്ങിയ കൂറ്റന്‍ ബോയിങ് വിമാനത്തില്‍ ഇന്ത്യക്കാരായി ഞങ്ങള്‍ രണ്ടു കുടുംബം മാത്രമാണുണ്ടായിരുന്നത്.
