
ചെറുകിട കര്‍ഷകര്‍ക്ക് മുതല്‍ക്കൂട്ടായി മോഹനന്റെ മിനി കൊയ്ത്തുയന്ത്രം
Posted on: 04 Apr 2008

ചെറുകിട കര്‍ഷകര്‍ക്ക് വലിയ മിനി കൊയ്ത്തുയന്ത്രം സേവനം ലഭ്യമാവാതെവന്ന സാഹചര്യത്തിലാണ് മോഹനന്‍ കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന മിനി കൊയ്ത്തുയന്ത്രം തയ്യാറാക്കിയത്. ചെറിയ വീഡ്കട്ടറില്‍ പുതിയ സംവിധാനം കൂട്ടി ഇണക്കിയ ഈ കൊയ്ത്ത് യന്ത്രത്തിന് 0.25 എച്ച്.പി. ശേഷിയുണ്ട്. രണ്ടുലിറ്റര്‍ പെട്രോളില്‍ ഒരേക്കര്‍ പാടം രണ്ടുമണിക്കൂറുകൊണ്ട് പരസഹായമില്ലാതെ കൊയെ്തടുക്കാം. വലിയ കൊയ്ത്തുയന്ത്രത്തില്‍നിന്ന് വ്യത്യസ്തമായി വൈക്കോല്‍ നഷ്ടമാകുന്നുമില്ല. നെല്‍മണികള്‍ ഉതിര്‍ന്നുപോകുന്നതും ഒഴിവാക്കാന്‍ കഴിയും. മറ്റുയന്ത്രങ്ങള്‍ ഉപയോഗിച്ച് കൊയ്യുന്നതിനേക്കാള്‍ ചെലവും കുറയും. വലിയയന്ത്രം ഉപയോഗിച്ച് ഒരേക്കര്‍ വയല്‍കൊയ്യാന്‍ 3,000 രൂപ വേണ്ടിടത്ത് മിനിയന്ത്രം ഉപയോഗിച്ചാല്‍ 1,000 രൂപയേ വരൂ. 18,000 രൂപയേ വിലയുള്ളുവെന്നും മോഹനന്‍ പറഞ്ഞു.
ആക്‌സിലിന്റെ രണ്ടറ്റത്താണ് മൂര്‍ച്ചയേറിയ കട്ടറും എന്‍ജിനും ഘടിപ്പിച്ചിരിക്കുന്നത്. 'പവര്‍സ്‌പെയര്‍' പോലെ മുതുകില്‍ തൂക്കിയിട്ട് അനായാസം കൊയ്യാന്‍ കഴിയും വിധമാണ് ഈ യന്ത്രം രൂപകല്പന ചെയ്തിരിക്കുന്നത്. യന്ത്രം തയ്യാര്‍ചെയ്തത് പരുത്തിക്കാവ് പാടശേഖരസമിതി സെക്രട്ടറി ടി.എ. വിശ്വനാഥന്‍, കൃഷി ഓഫീസര്‍ വേലായുധന്‍ എന്നിവരുടെ സഹായത്തോടെയാണെന്ന് മോഹനന്‍ പറഞ്ഞു.
