
പ്രായം 73; കുര്യന് ഇനിയൊരു ഡിഗ്രി വേണം
Posted on: 28 Oct 2007

പണ്ടത്തെ നാലാംക്ലാസ് (മലയാളം) വരെയേ കുര്യന്‍ കുര്യന്‍ പഠിച്ചിട്ടുള്ളൂ. പഠിക്കാന്‍ മിടുക്കനുമായിരുന്നു. പക്ഷേ, പഠനം തുടരാന്‍ പണമുണ്ടായിരുന്നില്ല. 'പിന്നെയും പഠിക്കണമെങ്കില്‍ മൂന്നര രൂപ ഫീസ് കൊടുക്കണമായിരുന്നു. ഇന്നത്തെപ്പോലെയല്ല; അന്നത് വളരെ വലിയ തുകയാ. 14 ദിവസം പണിയെടുത്താലേ അക്കാലത്ത് അത്രയും പണമുണ്ടാവൂ. മൂന്നര രൂപ കിട്ടണമെങ്കില്‍ 350 തേങ്ങ വില്‍ക്കണം. പത്തറുപത് കൊല്ലം മുമ്പാണെന്നോര്‍ക്കണം'- പഠനം മുടങ്ങിയതിനെക്കുറിച്ച് കുര്യന്‍ പറയുന്നു.
1950കളുടെ അവസാനമാണ് കുര്യനും കുടുംബവും പാലായ്ക്കടുത്തുള്ള ഇടമറ്റത്തുനിന്ന് ഇടുക്കി ജില്ലയിലെ തങ്കമണിയിലേക്ക് കുടിയേറിയത്. കാട് വെട്ടിത്തെളിച്ച് കൃഷിയിറക്കി. തെങ്ങും വാഴയും കുരുമുളകും ഏലവുമെല്ലാം പുരയിടത്തില്‍ നിറഞ്ഞുവിളഞ്ഞു. മക്കള്‍ ഒമ്പതുപേരായി. അവരെ പഠിപ്പിച്ചു. പെണ്‍മക്കളെ കെട്ടിച്ചയച്ചു. കാട്ടുമൃഗങ്ങളെ ഓടിക്കാന്‍ കൃഷിയിടത്തില്‍ കാവലിരുന്നു. ഇടയ്ക്ക് കുറച്ചുനാള്‍ കോണ്‍ഗ്രസ് രാഷ്ട്രീയവും ഉണ്ടായിരുന്നു. അങ്ങനെയങ്ങനെ കാലംപോയി.
അപ്പോഴും തീരാത്ത മോഹമായിരുന്നു, പഠിക്കാന്‍. കിട്ടിയ ഇത്തിരിസമയംപോലും വെറുതെ കളഞ്ഞില്ല. വായനയോടു വായനയായിരുന്നു. കൂടുതലും ആത്മീയപുസ്തകങ്ങള്‍. നോവലും കവിതകളുമെല്ലാം വിലകൊടുത്തു വാങ്ങി. മഹാഭാരതവും രാമായണവും ഭഗവദ്ഗീതയുമൊക്കെ തേടിപ്പിടിച്ചു വായിച്ചു.
നല്ല വിദ്യാഭ്യാസം നേടി, ജോലിയൊക്കെയായി മക്കള്‍ പലവഴിക്കായി. മാത്യു കുര്യന്‍ എന്ന മകന്‍ തൊടുപുഴയില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍. എം.എ. ബി.എഡുകാരിയായ മകള്‍ ബിന്‍സമ്മ അധ്യാപികയാണ്. മറ്റൊരു മകള്‍ ജോമിന ന്യൂസിലന്‍ഡില്‍. ആണ്‍മക്കളില്‍ ചിലര്‍ ബിസിനസും കൃഷിയുമൊക്കെയായി കഴിയുന്നു. ഇംഗ്ലീഷിനോട് വലിയ സ്‌നേഹമാണ് കുര്യന്. പുസ്തകങ്ങള്‍ വരുത്തി ഏറെ നാളായി ഇംഗ്ലീഷ് പഠിക്കുന്നു. പത്താംക്ലാസുകാര്‍ക്കുവരെ ട്യൂഷനെടുത്തിട്ടുണ്ട്. പ്രവേശനപ്പരീക്ഷ പാസ്സായാല്‍ ബി.എ. ഇംഗ്ലീഷിന് ചേരുമെന്ന് കുര്യന്‍ പറയുന്നു. കോട്ടയം ബസേലിയോസ് കോളേജിലാണ് ഇദ്ദേഹം പരീക്ഷയെഴുതിയത്. മൂന്നു പേപ്പറുകള്‍ക്കുംകൂടി മുന്നൂറില്‍ 105 മാര്‍ക്ക് നേടിയാല്‍ ഡിഗ്രി പ്രവേശനം കിട്ടും. പിന്നീട് തപാല്‍വഴിയും സമ്പര്‍ക്കക്ലാസുകള്‍ വഴിയുമായിരിക്കും പഠനം.
കേരളത്തിനകത്തും പുറത്തുമുള്ള 21 കേന്ദ്രങ്ങളിലായി 7000 പേരാണ് പരീക്ഷയെഴുതിയത്. 18 വയസ്സ് പൂര്‍ത്തിയായ ആര്‍ക്കും ഈ പരീക്ഷയെഴുതാം. സ്‌കൂള്‍വിദ്യാഭ്യാസം നേടിയിരിക്കണമെന്നുപോലും നിര്‍ബന്ധമില്ല. ബസേലിയോസ് കോളേജില്‍ 255 പേരാണ് പരീക്ഷയെഴുതിയത്. ഇവരില്‍ ഏഴുപേര്‍ 50 വയസ്സ് കഴിഞ്ഞവരാണ്. കോഴ്‌സിന് പി.എസ്.സി.യുടെ അംഗീകാരമുണ്ടെന്ന് കോട്ടയത്ത് പരീക്ഷയുടെ ചുമതലയുള്ള കാലിക്കറ്റ് സര്‍വ്വകലാശാലാ സെക്ഷന്‍ ഓഫീസര്‍ ഫിലിപ്പ് പാറയ്ക്കല്‍ അറിയിച്ചു.
