SCIENCE CONGRESS

ഗലീലിയോയുടെ കണ്ണുകളോടെ ശാസ്ത്രത്തെ കാണണം

Posted on: 05 Jan 2010


തിരുവനന്തപുരം: ശാസ്ത്രരംഗത്ത് സാങ്കേതികമായ ഉന്നമനം ഉണ്ടാകണമെങ്കില്‍ പുതിയ സമ്പ്രദായത്തിലൂടെ അതിനെ വീക്ഷിക്കാന്‍ കഴിയണമെന്ന് പ്രമുഖ ശാസ്ത്രജ്ഞനും മുന്‍ കേന്ദ്രശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയുമായ പ്രൊഫ. എം.ജി.കെ. മേനോന്‍ പറഞ്ഞു. ഗലീലിയോ ശാസ്ത്രത്തെ കണ്ടത് അതുവരെയാരും കണ്ട കണ്ണുകൊണ്ടല്ല. വാനമേഖലയിലെ കാര്യങ്ങള്‍ കണ്ടെത്തുന്നതിനുള്ള ചാരഉപകരണമായിരുന്നു അദ്ദേഹത്തിന്റെ ടെലസ്‌കോപ്പുകള്‍. ദേശീയ സയന്‍സ് കോണ്‍ഗ്രസ് വേദിയില്‍ നടത്തിയ പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ശാസ്ത്രഗവേഷണത്തിന്റെ ഭാവിയെക്കുറിച്ച് തനിക്ക് ആശങ്കയുണ്ട്. ശാസ്ത്രാഭിമുഖ്യമുള്ള പുതിയ തലമുറയെ യഥേഷ്ടം ലഭിക്കാത്തതുമാത്രമല്ല, അതിനുകാരണം. ആശങ്കയുടെ അടിസ്ഥാനം ഉദ്ഘാടന പ്രസംഗത്തില്‍ പ്രധാനമന്ത്രി സൂചിപ്പിച്ചതുതന്നെ. ചുവപ്പുനാടയും അര്‍ഹതയുള്ളവരെ അംഗീകരിക്കാത്തതുമാണ് പ്രധാന തടസ്സം. ശാസ്ത്രപുരോഗതിക്കായി ആദ്യം മാനസികഘടനയിലാണ് മാറ്റം വേണ്ടത്. എല്ലാ പരിമിതികള്‍ക്കുമിടയിലും ഐ. എസ്. ആര്‍. ഒ. തലയുയര്‍ത്തി നില്‍ക്കുന്നത് മികവിനുവേണ്ടിയുള്ള അവിടത്തെ ശാസ്ത്രജ്ഞരുടെ ദാഹമാണ്.

മെസോണ്‍ ഫിസിക്‌സിനെക്കുറിച്ചുള്ള പ്രബന്ധവും അദ്ദേഹം അവതരിപ്പിച്ചു. എക്‌സ്‌റേ, റേഡിയം, ഇലക്‌ട്രോണ്‍ എന്നീ മൂന്ന് കണ്ടുപിടിത്തങ്ങളാണ് ശാസ്ത്രനാള്‍വഴിയില്‍ നിര്‍ണ്ണായകമായത്. ഇവയുടെ ശ്രേണിയില്‍ ഉള്‍പ്പെടുത്താവുന്നതാണ് മെസോണ്‍ ഫിസിക്‌സിലെ ഗവേഷണ വികാസങ്ങള്‍. ഈ ശാസ്ത്രശാഖ കണ്ടെത്തിയതിലും വികസിപ്പിച്ചതിലും ഹോമി ഭാഭക്ക് വലിയ പങ്കുണ്ടായിരുന്നു- അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഫിസിക്‌സ് അസോസിയേഷന്റെ ആര്‍. ഡി. ബിര്‍ള അവാര്‍ഡ് പ്രസിഡന്റ് ഡോ. സിന്‍ഹ പ്രൊഫ. മേനോന് സമ്മാനിച്ചു. ഡോ. ജി. മാധവന്‍നായര്‍ സന്നിഹിതനായിരുന്നു.




MathrubhumiMatrimonial