SCIENCE CONGRESS

കമ്പനിക്കൃഷി ഇന്ത്യയില്‍ വിജയിക്കില്ല - സ്വാമിനാഥന്‍

Posted on: 05 Jan 2010


തിരുവനന്തപുരം: വ്യവസായവത്കരണത്തിന്റെയും കൃഷിയുടെ കമ്പനിവത്കരണത്തിന്റെയും പേരില്‍ കര്‍ഷകന് കൃഷിഭൂമിയില്ലാതാകുന്നത് വിനാശകരമാണെന്ന് പ്രമുഖ കൃഷിശാസ്ത്രജ്ഞന്‍ ഡോ. എം. എസ്. സ്വാമിനാഥന്‍. ശാസ്ത്രകോണ്‍ഗ്രസ്സിനോടനുബന്ധിച്ച് നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇനിയങ്ങോട്ട് ഭൂമി ഏറ്റെടുക്കല്‍ അസാധ്യമായിരിക്കും. ബംഗാളിലെ സാഹചര്യങ്ങള്‍ അതാണ് കാണിക്കുന്നത്. കമ്പനിവത്കൃത കൃഷി ഇന്ത്യന്‍ സാഹചര്യത്തില്‍ സാമൂഹികമായി വിജയിക്കില്ല. ചെറുകിട കൃഷിയിടങ്ങളുടെ പരിപാലനത്തില്‍ വിപ്ലവം തന്നെയുണ്ടാകണം. ചൈനയുടെ നേട്ടം അതാണ്. കേരള മാതൃകയിലുള്ള കൂട്ടുകൃഷി പ്രോത്സാഹിപ്പിക്കപ്പെടണം. കൃഷിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വ്യവസായമെന്ന് മറന്നുകൊണ്ടാണ് ഭരണാധികാരികള്‍ പെരുമാറുന്നത്. ബജറ്റ് അവതരിപ്പിക്കുമ്പോള്‍ കൃഷിക്കാരനെ പുകഴ്ത്തുന്നവര്‍ ആ സമൂഹത്തിന് ഒന്നും നല്‍കില്ല. ബജറ്റവതരണത്തിന് മുമ്പായി വ്യവസായികളുടെ സംഘടനകളുമായാണ് ധനമന്ത്രി പി. ചിദംബരം ചര്‍ച്ച തുടങ്ങുന്നത്. ഇത് നിരാശാജനകമാണ്. കൃഷിക്കാരുടെ സംഘടനകളുമായി വേണം ആദ്യം ചര്‍ച്ച നടത്താന്‍.
ചെറുപ്പക്കാരെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിന് കീടനിയന്ത്രണം, ഉല്പന്നങ്ങളുടെ മൂല്യവര്‍ധനം തുടങ്ങിയ മേഖലകളില്‍ അവര്‍ക്ക് സ്വയംതൊഴില്‍ നേടാവുന്ന സംരംഭങ്ങള്‍ക്ക് രൂപം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ജനിതക മാറ്റം വരുത്തിയ വിളകളെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കാനുള്ള സംവിധാനത്തിന് സ്വയംഭരണ സ്വഭാവമുണ്ടായിരിക്കണം. പാരിസ്ഥിതികവും ജൈവവൈവിധ്യപരവുമായ സുരക്ഷിതത്വം ഉറപ്പാക്കുകയും വേണം - അദ്ദേഹം പറഞ്ഞു.





MathrubhumiMatrimonial