SCIENCE CONGRESS

പോഷകക്കുറവ് നേരിടാന്‍ പുതിയൊരു കറിയുപ്പ്‌

Posted on: 05 Jan 2010



തിരുവനന്തപുരം: അയഡിന്റെയും ഇരുമ്പിന്റെയും അഭാവം കാരണമുള്ള പോഷകക്കുറവ് നേരിടാന്‍ ഡോ. മാളവിക വിനോദ്കുമാറിന്റെ ഉത്തരം താന്‍ തന്നെ പരിഷ്‌കരിച്ചെടുത്ത കറിയുപ്പാണ്. അയഡിനോടൊപ്പം ഇരുമ്പുകൂടി ചേര്‍ത്തു പോഷിപ്പിച്ച കറിയുപ്പ്.
മാളവികയുടെ ഈ ഗവേഷണത്തിനാണ് ഡോ. ബി.സി. ഗുഹ അവാര്‍ഡ് ലഭിച്ചത്. ശാസ്ത്ര കോണ്‍ഗ്രസില്‍ ഈ ഗവേഷണം അവതരിപ്പിച്ചുകൊണ്ട് ഡോ. ബി.സി. ഗുഹ സ്മാരകപ്രഭാഷണവും മാളവിക നടത്തി.

ചെന്നൈയിലെ സുന്ദര്‍ സിരന്ദിപിട്ടി ഫൗണ്ടേഷന്റെ മാനേജിങ് ട്രസ്റ്റിയാണ് ഡോ. മാളവിക.
വിപണിയില്‍ ഇപ്പോള്‍ അയഡിന്‍ ചേര്‍ത്ത ഉപ്പാണ് ലഭിക്കുന്നത്. എന്നാല്‍ അയഡിനോടൊപ്പം ഇരുമ്പും ചേര്‍ത്ത് പോഷിപ്പിച്ച ഉപ്പാണ് മാളവിക വികസിപ്പിച്ചത്. കര്‍ണാടക, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ഇത് പരീക്ഷിക്കുകയും ചെയ്തു. ഫൗണ്ടേഷന്റെ സാമൂഹ്യ വിപണനശൃംഖല വഴി ചില സംസ്ഥാനങ്ങളില്‍ ഈ കറിയുപ്പ് ലഭ്യമാക്കുന്നുണ്ട്. ഒരു കിലോയ്ക്ക് 20 രൂപ. നാലുപേരുള്ള കുടുംബത്തിന് ഒരുമാസം ഒരുകിലോ ധാരാളം മതി. ഇതിനുപകരം ടോണിക്കുകളും മരുന്നുകളും വാങ്ങിക്കഴിച്ചാല്‍ 200 രൂപയാകും - മാളവിക പറഞ്ഞു.

ഗര്‍ഭിണികളിലെ പോഷകാഹാരക്കുറവ് ഭാരംകുറഞ്ഞ കുഞ്ഞുങ്ങളുടെ പിറവിക്ക് കാരണമാവുന്നു. ജനനത്തിലെ ഭാരക്കുറവ് ആരോഗ്യകരമായി ജീവിക്കാനുള്ള കുഞ്ഞിന്റെ അവകാശത്തെ ഹനിക്കലാണ്. ഭാരംകുറഞ്ഞ കുഞ്ഞിന്റെ മാനസികവും ബുദ്ധിപരവുമായ വളര്‍ച്ച കുറവായിരിക്കും. അയഡിന്റെയും ഇരുമ്പിന്റെയും അഭാവം കുട്ടികളുടെ ബുദ്ധിവികാസത്തെയും പഠനശേഷിയെയും കാര്യമായി ബാധിക്കുന്നതായി ഫൗണ്ടേഷന്റെ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

പോഷകാഹാരത്തെ സംബന്ധിച്ച ചില അന്ധവിശ്വാസങ്ങളും തകര്‍ക്കപ്പെടേണ്ടതുണ്ടെന്ന് മാളവിക ചൂണ്ടിക്കാട്ടുന്നു. ഗര്‍ഭിണികള്‍ അയണ്‍ ഗുളികകള്‍ കഴിച്ചാല്‍ കുഞ്ഞ് കറുത്ത നിറമായി പോകുമെന്നാണ് ഒരു വിശ്വാസം. ഇത് ശരിയല്ല. ബീറ്റാ കരോട്ടിന്‍ പപ്പായയില്‍ ധാരാളമുണ്ട്. എന്നാല്‍ ഗര്‍ഭിണികള്‍ പപ്പായ കഴിക്കരുതെന്ന് പറയുന്നത് മഹാ അബദ്ധമാണ്.

ഡോ. എം.എസ്. സ്വാമിനാഥന്റെ കീഴിലാണ് മാളവിക ഇതേ വിഷയത്തില്‍ പിഎച്ച്.ഡി.ക്ക് ഗവേഷണം നടത്തിയത്. എം.എസ്. സ്വാമിനാഥനാണ് ശാസ്ത്രകോണ്‍ഗ്രസ്സില്‍ മാളവികയ്ക്ക് അവാര്‍ഡ് സമ്മാനിച്ചതും.
മാളവികയുടെ ഫൗണ്ടേഷന്‍ ഇതുവരെ നടത്തിയ ഗവേഷണങ്ങളുടെ വിവരങ്ങള്‍ ംംം.ൗെിറമൃലെൃലിറശുശ്യേ ളീൗിമശേീി.ീൃഴ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.







MathrubhumiMatrimonial