SCIENCE CONGRESS

ഭൂമിയുടെ ഭ്രമണപഥത്തിലേയ്ക്ക് ഇന്ത്യക്കാര്‍; ബഹിരാകാശ വാഹനങ്ങള്‍ക്ക് മണ്ണെണ്ണ ഇന്ധനമാവും

Posted on: 04 Jan 2010


തിരുവനന്തപുരം: ഭൂമിയുടെ ഭ്രമണപഥത്തിന് ചുറ്റും പര്യവേക്ഷണത്തിനായി രണ്ടുപേരുള്ള സംഘത്തെ അയയ്ക്കാന്‍ തയ്യാറെടുക്കുകയാണെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ. കെ.രാധാകൃഷ്‌നന്‍. അഞ്ചുമുതല്‍ ഏഴുവര്‍ഷത്തിനകം ഇത് യാഥാര്‍ഥ്യമാവും. ബഹിരാകാശത്ത് ഇന്ത്യക്കാരനെ എത്തിക്കുക എന്നതാണ് ഇനിയുള്ള ലക്ഷ്യം. ചൊവ്വാ പര്യവേക്ഷണത്തിനും മുന്‍ഗണന നല്‍കും.

ബഹിരാകാശ വാഹനങ്ങളില്‍ ഇന്ധനമായി ദ്രവീകൃത ഓക്‌സിജന് പകരം മണ്ണെണ്ണ ഉപയോഗിക്കുന്നതിനുള്ള സംവിധാനവും വികസിപ്പിച്ചുവരുന്നു. ഇത് ഭാവിയിലേയ്ക്കുള്ള കുതിച്ചുചാട്ടമായിരിക്കുമെന്നും രാധാകൃഷ്‌നന്‍ പറഞ്ഞു.

ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ്സില്‍ 'രാജ്യത്തിനായുള്ള ശാസ്ത്ര പരിപാടി' എന്ന സെമിനാറില്‍ ബഹിരാകാശ ഗവേഷണരംഗത്തെ ഇന്ത്യയുടെ നേട്ടങ്ങള്‍ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. വിവിധ മേഖലകളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഒരുകൂട്ടം ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കും.

ചന്ദ്രയാന്‍ ദൗത്യം ചന്ദ്രനില്‍ ജലകണങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞത് ഇന്ത്യയെ സംബന്ധിച്ച് ഒരു പുതിയ യുഗത്തിനുതന്നെ തുടക്കം കുറിച്ചിരിക്കുന്നു. ശാസ്ത്രരംഗത്തേയ്ക്ക് കടന്നുവരാന്‍ നിരവധി യുവാക്കള്‍ക്ക് ഇത് പ്രേരണയാകുമെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് - ആറ് വര്‍ഷമാണ് ഒരു ഉപഗ്രഹത്തിന്റെ സാധാരണ ആയുസ്സ്. എന്നാല്‍, ഇന്ത്യയുടെ ഐ.ആര്‍.എസ്. ഒന്ന് ഡി എന്ന ഉപഗ്രഹം കഴിഞ്ഞദിവസം 12 വര്‍ഷവും മൂന്നുമാസവും തികച്ചു. ഉപഗ്രഹ നിര്‍മ്മാണ, വിക്ഷേപണരംഗത്ത് ലോകത്തിന് മാതൃകയായിക്കൊണ്ടിരിക്കുകയാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി എം.എ.ബേബി അധ്യക്ഷനായിരുന്നു. ശാസ്ത്ര സാങ്കേതിക വകുപ്പ് ഉപദേഷ്ടാവ് ഡോ. കമാല്‍ കെ. ദ്വിവേദി, സെക്രട്ടറി ടി.രാമസ്വാമി, ആണവോര്‍ജ വകുപ്പ് സെക്രട്ടറി ഡോ. എസ്.ബാനര്‍ജി, ഡി.ആര്‍.ഡി.ഒ. ഡയറക്ടര്‍ ഡോ. പി.കെ.സാരസ്വത്, ഐ.സി.എം.ആര്‍. ഡയറക്ടര്‍ ജനറല്‍ ഡോ. വി.എം.കട്ടോച്ച്, ഭൗമ ശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ. ശൈലേഷ് നായക് എന്നിവര്‍ പങ്കെടുത്തു.




MathrubhumiMatrimonial