SCIENCE CONGRESS

മലയാളി ഗ്രാമത്തിലേക്ക് ഒരു ശാസ്ത്രജാലകം

Posted on: 04 Jan 2010



തിരുവനന്തപുരം: മരങ്ങള്‍ തിങ്ങിനിറഞ്ഞ ഉള്‍നാടന്‍ ഗ്രാമം. തെളിഞ്ഞൊഴുകുന്ന അരുവി. ആള്‍താമസമുള്ള ചെറുകുടിലുകള്‍. ഓര്‍മ്മകളിലേക്ക് ഒതുങ്ങിക്കൊണ്ടിരിക്കുന്ന കേരളഗ്രാമം ഇവിടെ പുനഃസൃഷ്ടിക്കപ്പെടുകയാണ്. ശാസ്ത്രകോണ്‍ഗ്രസ്സില്‍ പങ്കെടുക്കാനെത്തിയ പ്രതിനിധികള്‍ക്കു മാത്രമല്ല, മലയാളത്തനിമയെക്കുറിച്ച് കേട്ടറിവു മാത്രമുള്ള പുതുതലമുറയ്ക്കും കേരളഗ്രാമം പുതുകാഴ്ചയായി.

പ്രകൃതി വിഭവങ്ങളെ മാത്രം ആശ്രയിച്ചുള്ള സ്വയംപര്യാപ്തതയുടെ ശാസ്ത്രീയവശം വരച്ചുകാട്ടാനുള്ള ശ്രമമാണ് ഈ ഉദ്യമത്തിനു പിന്നില്‍. കടല്‍ത്തീരത്ത് കയറ്റിവെച്ചിരിക്കുന്ന വള്ളം കണ്ടാണ് ഗ്രാമത്തിനുള്ളിലേക്കു പ്രവേശിക്കുക. തെയ്യത്തിന്റെ മുകുടമാണ് പ്രവേശനകവാടം. പിന്നെ ഗ്രാമ്യഭംഗി ആസ്വദിക്കാം. സര്‍പ്പക്കാവും കുളവും കുളത്തിലെ ആമ്പലും താറാവുമെല്ലാം ആരെയും ആകര്‍ഷിക്കും. ഏതൊരു ഗ്രാമത്തിന്റെയും മുഖമുദ്രയായ വായനശാലയും ചായക്കടയും ഇവിടെ കാണാം. നല്ല ചൂട് കപ്പയും മീന്‍കറിയും അടക്കമുള്ള നാടന്‍ വിഭവങ്ങള്‍ ചായക്കടയില്‍ സുലഭം. കശുവണ്ടി ആവശ്യമുള്ളവര്‍ക്ക് തല്‍ക്ഷണം വറുത്തു നല്‍കും. കരിപ്പട്ടിയും ലഭിക്കും. വിഷഹാരിയും നാട്ടുവൈദ്യനും കഷായവുമെല്ലാം ഇവിടെയുണ്ട്.

ഗ്രാമത്തിനു സമീപത്തെ കാട്ടില്‍ ആദിവാസികള്‍. അവര്‍ താമസിക്കുന്ന ഏറുമാടങ്ങള്‍. നാടന്‍പാട്ടിന്റെ അലയൊലിയും കളരിപ്പയറ്റിന്റെ ചൊല്ലും ഗ്രാമത്തില്‍ നിന്നുയരുന്നു. നെല്‍പ്പാടവും അവിടത്തെ വെള്ളം തേവുന്ന ചക്രവും നഷ്ടസ്വപ്നങ്ങളുടെ സ്മരണയുണര്‍ത്തുന്നു.

കാര്യവട്ടത്തെ കേരള സര്‍വ്വകലാശാല വളപ്പിനുള്ളിലെ മൂന്നേക്കറിലാണ് വിവിധ കോളേജുകളിലെ എന്‍.എസ്.എസ്. വളന്റിയര്‍മാര്‍ കേരള ഗ്രാമം സജ്ജീകരിച്ചിട്ടുള്ളത്. രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെയാണ് ഗ്രാമത്തില്‍ പ്രവേശനം അനുവദിക്കുക. ശാസ്ത്ര കോണ്‍ഗ്രസ് തീരുന്നതുവരെ എന്നും വൈകുന്നേരം നാടന്‍കലാ പരിപാടികളുമുണ്ടാവും.







MathrubhumiMatrimonial