SCIENCE CONGRESS

ശാസ്ത്ര കോണ്‍ഗ്രസ് ജില്ലാതലത്തില്‍ കാലവര്‍ഷ പ്രവചനം യാഥാര്‍ഥ്യമാവും

Posted on: 04 Jan 2010


തിരുവനന്തപുരം: കാലവര്‍ഷം സംബന്ധിച്ച് ജില്ലാടിസ്ഥാനത്തില്‍ പ്രവചനം സാധ്യമാക്കുന്ന സംവിധാനം വികസിപ്പിക്കുമെന്ന് കേന്ദ്ര ഭൗമശാസ്ത്രമന്ത്രാലയം സെക്രട്ടറി ഡോ. ശൈലേഷ് നായിക് പറഞ്ഞു.

'ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ്സില്‍' സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോള്‍ വിവിധതരം സൂചകങ്ങളെ അടിസ്ഥാനമാക്കിയുള്ള മാതൃകകള്‍ ഉപയോഗിച്ചാണ് കാലവര്‍ഷ പ്രവചനം നടത്തുന്നത്. ഇത് പൂര്‍ണമായും ഫലപ്രദമല്ല. അതുകൊണ്ട് കൂടുതല്‍ കാര്യക്ഷമമായ മാതൃക വികസിപ്പിക്കുന്നതിനുള്ള ശ്രമമാണ് നടത്തുന്നത്.

ഇപ്പോള്‍ അഞ്ചു ദിവസത്തേക്കുള്ള പ്രവചനമാണ് നടത്തുന്നത്. എന്നാല്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ പ്രവചിക്കാനുള്ള മാതൃകയാണ് വികസിപ്പിക്കുന്നത്.

ഇന്ത്യയുടെ സുനാമി പ്രവചന സംവിധാനം ലോകത്തില്‍ ഏറ്റവും മികച്ചതാണെന്ന് തെളിഞ്ഞുകഴിഞ്ഞു. പസഫിക് സുനാമി മോണിറ്ററിങ് സിസ്റ്റത്തെക്കാളും ജപ്പാനിലെ പ്രവചന സംവിധാനത്തെക്കാളും മികച്ചതാണ്. കഴിഞ്ഞ നാല് അവസരങ്ങളില്‍ ഇന്ത്യയില്‍ സുനാമി ഉണ്ടാകുമെന്നായിരുന്നു അന്തര്‍ദേശീയ ഏജന്‍സികളുടെ പ്രവചനം. എന്നാല്‍ സുനാമി ഉണ്ടാവില്ലെന്ന ഇന്ത്യയുടെ പ്രവചനമാണ് യാഥാര്‍ഥ്യമായത്.

ഭൂകമ്പ പ്രവചനത്തിന് പത്തു വര്‍ഷത്തിനകം ഇന്ത്യയ്ക്ക് നിര്‍ണായക സംഭാവന നല്‍കാനാവുമെന്നും അദ്ദേഹം പറഞ്ഞു.







MathrubhumiMatrimonial