SCIENCE CONGRESS

ജീനുകളുടെ പ്രഭയില്‍ സിയന്റെ സഞ്ചാരങ്ങള്‍

Posted on: 04 Jan 2010

പി.എസ്. ജയന്‍



തിരുവനന്തപുരം: വടക്കു പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തില്‍ കാണപ്പെടുന്ന ജെല്ലി മത്സ്യങ്ങള്‍ക്ക് ട്യൂബ് ലൈറ്റിട്ട പ്രകാശമാണ്. ആഴക്കടലില്‍ ഇവയുടെ സഞ്ചാര പഥങ്ങളില്‍ പ്രഭാപൂരമാണ്. ഈ പ്രഭയുടെ രഹസ്യം തേടി രണ്ടര ദശകം ഗവേഷണം ചെയ്ത പ്രൊഫ. റോജര്‍ സിയന് മുന്നില്‍ കൂടുതല്‍ സമസ്യകളുടെ കുരുക്കുകള്‍ അഴിഞ്ഞു. കാന്‍സര്‍, എയ്ഡ്‌സ് ചികിത്സയില്‍ വന്‍ മുന്നേറ്റം സൃഷ്ടിക്കാന്‍ ഒരുങ്ങുന്ന ജി.എഫ്.പി ജീനുകള്‍ എന്ന ഗ്രീന്‍ ഫ്‌ളൂറസെന്റ് പ്രോട്ടീന്‍ കണ്ടുപിടിച്ചതിന് 2008-ല്‍ രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം നേടിയ സിയന്‍ എന്ന ചൈനീസ് വംശജന്‍ ഇതാ കണ്‍മുന്നില്‍......

ദേശീയ സയന്‍സ് കോണ്‍ഗ്രസ്സില്‍ പ്രഭാഷണം നടത്താനെത്തിയ സിയന് വെട്ടൊന്ന് മുറി രണ്ടെന്ന പ്രകൃതമാണ്. ജെല്ലി മത്സ്യങ്ങള്‍ക്ക് എന്തിനാണ് ജി.എഫ്.പി? ''അക്കാര്യം ആര്‍ക്കുമറിയില്ല. പ്രകൃതിയുടെ വലിയ രഹസ്യങ്ങളില്‍ ഒന്നാവാം അത്. പക്ഷേ ജി.എഫ്. പി. എന്ന മാംസ്യ തന്മാത്രയ്ക്ക് നമ്മള്‍ക്ക് വേണ്ടി എന്തുചെയ്യാനാകും എന്നതായിരുന്നു എനിക്ക് മുന്നിലെ ചോദ്യം. ദശകങ്ങള്‍ നീണ്ട അധ്വാനങ്ങള്‍ക്കൊടുവിലാണ് വടക്കന്‍ പസഫിക്ക് സമുദ്രത്തില്‍ നിന്ന് ജെല്ലി മത്സ്യങ്ങളെ കണ്ടെത്തിയത്. എട്ടുലക്ഷം ജെല്ലി മത്സ്യങ്ങള്‍ കോരിയെടുത്തപ്പോഴാണ് അതില്‍നിന്ന് ഒരു തരി തിളങ്ങുന്ന മാംസ്യം ലഭിച്ചത്''- സിയന്‍ പറയുന്നു. ജി.എഫ്.പി യെ മൃഗകോശങ്ങളില്‍ സന്നിവേശിപ്പിച്ച് കോശങ്ങളിലെ സൂക്ഷ്മ ചലനങ്ങള്‍ കണ്ടുപിടിയ്ക്കാനാണ് സിയന്‍ ശ്രമിച്ചത്. കോശ രസതന്ത്രത്തില്‍ ഇത്തരം വേട്ടക്കാരന്‍ ജീനുകളെ 'റിപ്പോര്‍ട്ട് ജീനുകള്‍' എന്നാണ് വിളിക്കുന്നത്. ജി.എഫ്.പിയെ ഒരു തിളങ്ങുന്ന റിപ്പോര്‍ട്ടറാക്കി സിയന്‍ കോശങ്ങള്‍ക്കുള്ളിലേയ്ക്ക് വിട്ടു. അങ്ങനെ കോശങ്ങളെ അകത്തളങ്ങളിലെ സങ്കീര്‍ണ പ്രക്രിയകള്‍ കുറേയൊക്കെ അനാവൃതമായി. കോശങ്ങള്‍ക്ക് ഭ്രാന്ത് പിടിച്ച് പെരുകി അര്‍ബുദമാകുന്നതെങ്ങനെയെന്ന ചോദ്യത്തിന് കുറച്ചൊക്കെ ഉത്തരം കാണാന്‍ സിയന്റെ റിപ്പോര്‍ട്ടര്‍മാര്‍ക്ക് കഴിഞ്ഞേക്കും. ''നോബല്‍ സമ്മാനം പലരുടേയും ഗവേഷണത്തിന്റെ അവസാനമാണ്. എന്നാല്‍ ഞാനും എന്നെപ്പോലെ പലരും തുടങ്ങിയിട്ടേയുള്ളൂ. റിപ്പോര്‍ട്ടര്‍ ജീനുകള്‍ക്ക് മനുഷ്യന്റെ തലമുറകളിലേയ്ക്ക് തിരനോട്ടം നടത്താന്‍ കഴിയണം'' - സിയന്‍ പറയുന്നു. 34 തലമുറമുമ്പ് ചൈനയിലെ ഒരു വലിയ പ്രവിശ്യ ഭരിച്ചിരുന്ന രാജാവിന്റെ പിന്‍തലമുറക്കാരനാണ് താനെന്ന് ചിരിച്ചുകൊണ്ട് സിയന്‍ പറയുന്നു. ''ആയിരക്കണക്കിന് തലമുറകള്‍ പിന്നാക്കം പോയി പരതിയാല്‍ നിങ്ങള്‍ ഒരോരുത്തര്‍ക്കും അങ്ങേയറ്റത്ത് ഒരു രാജാവിനെക്കാണാം''- സിയന്‍ പറഞ്ഞു.




MathrubhumiMatrimonial