
സ്‌നേഹത്തിന്റെ പാതയാണ് സമാധാനത്തിലേക്കു നയിക്കുന്നത്
Posted on: 23 Dec 2009

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ അദ്ധ്യക്ഷന്‍
സന്മനസ്സുള്ളവര്‍ക്കേ സമാധാനം സ്വന്തമാക്കാനാകൂ. സന്മനസ്സ് ദൈവസ്നേഹംകൊണ്ടും സഹോദരസ്നേഹംകൊണ്ടും സമ്പുഷ്ടമാകുന്ന അവസ്ഥയാണ്. ദൈവഹിതത്തിന് സ്വയം കീഴ്‌പ്പെടുത്തി, ദൈവത്തിന് ജീവിതത്തില്‍ ഒന്നാം സ്ഥാനം നല്‍കി, മനുഷ്യന്‍ ദൈവത്തെ മഹത്ത്വപ്പെടുത്തുന്നു.
സമസ്ത മേഖലകളെയും തമസ്സ് ഗ്രസിച്ചിരിക്കുന്ന ഒരവസരത്തിലാണ് വിശ്വദീപ്തിയായ യേശുവിന്റെ പിറവി നാം ആഘോഷിക്കുന്നത്. യുദ്ധങ്ങളും ദുരന്തങ്ങളും കലാപങ്ങളും ലോകത്തെ അസ്വസ്ഥമാക്കിയിരിക്കുന്നു. ഭീകരപ്രവര്‍ത്തനം രാഷ്ട്രങ്ങളുടെ സുസ്ഥിതിയെ അപകടത്തിലാക്കിയിരിക്കുന്നു. ഭാരതത്തില്‍ത്തന്നെ വിവിധയിടങ്ങളിലായി നിരവധി ഭീകരാക്രമണങ്ങള്‍ ഉണ്ടായി. മുംബൈയില്‍ കേട്ട വെടിയൊച്ചകളും എരിഞ്ഞുയര്‍ന്ന തീജ്വാലകളും നമ്മെ വല്ലാതെ നൊമ്പരപ്പെടുത്തിയിരിക്കുന്നു. മതവിശ്വാസത്തിന്റെ പേരിലുള്ള അതിക്രമങ്ങള്‍ ഭാരതത്തില്‍ ഇന്ന് സാധാരണ സംഭവമായിക്കൊണ്ടിരിക്കുന്നു. അടുത്തകാലത്ത് ഒറീസയില്‍ ക്രൈസ്തവര്‍ക്കുനേരെയുണ്ടായ നിഷ്ഠുരമായ അക്രമങ്ങള്‍ മറന്നിട്ടില്ലല്ലോ. ഭയവും വേദനയും അനീതിയും നിറഞ്ഞുനില്‍ക്കുമ്പോഴും സ്നേഹത്തിന്റെയും അനുരഞ്ജനത്തിന്റെയും ക്രിസ്മസ് ആഘോഷിക്കാന്‍ നാം പരിശ്രമിക്കുന്നു.
അസ്വസ്ഥതകള്‍ നിറഞ്ഞുനില്‍ക്കുന്ന അന്തരീക്ഷത്തില്‍ സമാധാനത്തിന്റെ ഉറവിടംതേടാന്‍ ക്രിസ്മസ് നമ്മെ പ്രേരിപ്പിക്കുന്നു. സ്നേഹത്തിന്റെ പാതയാണ് ആനന്ദത്തിലേക്കും സമാധാനത്തിലേക്കും നമ്മെ നയിക്കുന്നതെന്ന് ഒരിക്കല്‍ക്കൂടി തിരിച്ചറിയാനുള്ള സന്ദര്‍ഭം. മുറിപ്പെടുത്തുകയല്ല, മുറിവുണക്കുകയാണ് സമാധാനത്തിന്റെ വഴി. കൊല്ലുകയല്ല, ജീവനെ പോറ്റി വളര്‍ത്തുകയും പോഷിപ്പിക്കുകയുമാണ് സമാധാനത്തിന്റെ മാര്‍ഗം. വെട്ടിപ്പിടിക്കുകയല്ല, വിട്ടുകൊടുക്കുകയും പങ്കുവയ്ക്കുകയുമാണ് സമാധാനത്തിന്റെ പാത.
പുല്‍ക്കൂടിന്റെ സ്വര്‍ഗസാന്നിധ്യത്തിലെത്താന്‍ ഇനിയും നാം പഠിക്കേണ്ടിയിരിക്കുന്നു. പുല്‍ക്കൂടിന്റെ മുമ്പില്‍ നില്‍ക്കുമ്പോള്‍ ദൈവം സ്നേഹമാകുന്നുവെന്ന യാഥാര്‍ഥ്യം നമുക്ക് ബോധ്യമാകുന്നു. സത്രങ്ങളിലും ഭവനങ്ങളിലും പിറക്കാന്‍ ഇടംകിട്ടിയില്ല. അതുകൊണ്ട് തുറക്കാത്ത ഭവനങ്ങളിലും സത്രങ്ങളിലും കഴിയുന്നവര്‍ ചൂഷകരും എതിര്‍ക്കപ്പെടേണ്ടവരുമാണെന്ന് അവന്‍ നിശ്ചയിച്ചില്ല. കിട്ടിയത് പുല്‍ക്കൂടാണ്. അവിടെ ദൈവപുത്രന്‍ പിറന്നു. അങ്ങനെ പുല്‍ക്കൂടിന് മഹത്ത്വം കൈവന്നു. പുല്‍ക്കൂടിന്റെ പരിമിതികളൊന്നും രക്ഷകന് അസ്വസ്ഥത പകര്‍ന്നില്ല. പുല്‍ക്കൂട് സമാധാനത്തിന്റെ ഉറപ്പുള്ള ഇടമാണ്. എളിമയുടെ, ലാളിത്യത്തിന്റെ, തുറവിയുടെ, പങ്കുവയ്ക്കലിന്റെ ഇടം. പുല്‍ക്കൂട് യേശുവിനെ സംബന്ധിച്ചിടത്തോളം ജീവിതശൈലിയുടെ ആകെത്തുകയായിരുന്നു. ഈ പുല്‍ക്കൂട്‌ശൈലി ഗോഗുല്‍ത്താവരെയും അവിടന്ന് തുടര്‍ന്നു.
പുല്‍ക്കൂട്ടിലെത്തിയവര്‍ക്കെല്ലാം സമാധാനം സ്വന്തമാക്കാനായി. അവര്‍ മറിയത്തോടും യൗസേപ്പിനോടുമൊപ്പം യേശുവിനെക്കണ്ട് തങ്ങളെത്തന്നെ സമര്‍പ്പിച്ച് സായുജ്യമടഞ്ഞു. ആട്ടിടയരും ജ്ഞാനികളും നഷ്ടം സഹിക്കാന്‍ തയ്യാറായി. ക്ലേശങ്ങളുടെ പാത പിന്നിട്ടാണ് പുല്‍ക്കൂട്ടിലെത്തിയത്. സന്മനസ്സുള്ളവര്‍ക്കേ സമാധാനം സ്വന്തമാക്കാനാകൂ. സന്മനസ്സുള്ളവന്‍ മറ്റുള്ളവരിലേക്കുതിരിഞ്ഞ് നന്മചെയ്യാന്‍ ശ്രദ്ധാലുവായിരിക്കും. ദൈവത്തെയും സഹോദരങ്ങളെയുംകൊണ്ട് മനസ്സു നിറയ്ക്കുന്നവനാണ് സന്മനസ്സുള്ളവന്‍. ഈ സന്മനസ്സാര്‍ജിക്കാനുള്ള തീവ്രമായ പരിശ്രമത്തിന്റെ സന്ദര്‍ഭമായിരിക്കട്ടെ ഈ ക്രിസ്മസ്. ഒപ്പം, ആഡംബരവും അഹങ്കാരവും വെടിഞ്ഞ്, പുല്‍ക്കൂട്‌ശൈലി വ്യാപകമാക്കാനുള്ള ഉത്തരവാദിത്വവും നമുക്ക് ഏറ്റെടുക്കാം. ഇതൊക്കെയാവട്ടെ ഈ വര്‍ഷം നാം പുല്‍ക്കൂട്ടില്‍ അര്‍പ്പിക്കുന്ന കാഴ്ചകള്‍.
ദൈവം ഏവരെയും അനുഗ്രഹിക്കട്ടെ.
