
ദൈവികമായ പങ്കുവയ്ക്കല്‍
Posted on: 22 Dec 2009

ആഘോഷങ്ങള്‍ ഇന്നൊരു വിനിമയ വേളയാണ്. വാണിജ്യമേളകള്‍ക്ക് പറ്റിയ സന്ദര്‍ഭം പെരുന്നാളുകളാണല്ലോ. സ്ഥിതിസമത്വം പ്രഖ്യാപിക്കുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രക്കാര്‍പോലും ഈ കച്ചവടതന്ത്രം പ്രാവര്‍ത്തികമാക്കുമ്പോള്‍ നമുക്കമ്പരപ്പുണ്ടാകുന്നില്ല എന്നതാണ് വാസ്തവം.
കൊടുക്കല്‍ വാങ്ങലുകളുടേതായ കമ്പോളസംസ്‌കാരത്തില്‍ ലാഭേച്ഛയാണ് പ്രധാനം. കൊടുക്കുന്നതിനേക്കാള്‍ കൂടുതലായി ലഭിക്കണം എന്ന ത്വരയാണിവിടെ. എന്തൊക്കെയോ സമ്മാനങ്ങള്‍ നമുക്ക് വാരിക്കോരി തരുന്നുവെന്ന കോലാഹലം സൃഷ്ടിച്ചുകൊണ്ട് സാധാരണക്കാരായ മനുഷ്യരെ കബളിപ്പിക്കുന്നതിനായി നടത്തുന്ന കച്ചവട തന്ത്രങ്ങള്‍ ജീവിതത്തിന്റെ വിവിധ മേഖലകളെ, ആധ്യാത്മികതയെപ്പോലും ഗ്രസിക്കുന്നുണ്ടെന്നതാണ് പരമാര്‍ത്ഥം.
തന്റെ സ്‌നേഹം മനുഷ്യനുമായി പങ്കുവയ്ക്കുന്ന ദൈവത്തിന്റെ അനന്തകാരുണ്യമാണ് ക്രിസ്മസ് അവസരത്തില്‍ നമുക്കനുഭവവേദ്യമാകുന്നത്. തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു.
നല്‍കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്യേണ്ട ഒന്നുതന്നെയാണ് നമ്മുടെയെല്ലാം ജീവിതത്തെ നിലനിര്‍ത്തുന്ന സ്‌നേഹം എന്ന വികാരം. അതുകൊണ്ടുതന്നെയാണ് അതിന്റെ ബാഹ്യപ്രകടനമായ ആശംസകള്‍ കൈമാറുന്നതിന്റെയും സമ്മാനങ്ങള്‍ കൈമാറുന്നതിന്റെയും വേളയായി ക്രിസ്മസ് മാറുന്നത്. വിപണനതന്ത്രം എന്നതിനേക്കാള്‍ പരസ്പരം പങ്കുവയ്ക്കുന്ന സംസ്‌കാരത്തിനാണ് അവിടെ പ്രാധാന്യം. പങ്കുവയ്ക്കുന്നവര്‍ സന്തോഷമുള്ളവരും സമാധാനം ലഭിച്ചവരും ആയിത്തീരുന്നു. തനിക്കുമാത്രം ലാഭമുണ്ടാകണമെന്ന് ധരിക്കുന്നവര്‍ നിരാശരാകുന്നത് നമുക്ക് കാണാനാകും. നിരാശര്‍ എന്നതിനേക്കാളുപരി അവര്‍ അക്രമികളുമായിത്തീരുന്നു എന്നതാണ് സത്യം.
ദൈവകൃപ ലഭിച്ചവരുടെ എളിമയിലേക്ക് നാമുയരുന്നതാവട്ടെ ഈ ക്രിസ്മസ് വേള. മാതൃഭൂമിയുടെ വായനക്കാര്‍ക്ക് ക്രിസ്മസ്സിന്റെ സമാധാനവും സന്തോഷവും ആശംസിക്കുന്നു.
