xmas ravu

പ്രത്യാശയുടെ തിരുനാള്‍

Posted on: 18 Dec 2009


ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ പ്രസിഡന്റ്, മലങ്കര കത്തോലിക്കാസഭ മാവേലിക്കര ഭദ്രാസനാധിപന്‍


കാലം കാത്തിരുന്നു, പ്രപഞ്ചനായകന്റെ കടന്നുവരവിനായി. സുസ്ഥിരമല്ലാത്ത ഭരണവര്‍ഗം ഇസ്രായേല്‍ മക്കള്‍ക്ക് ഭീതിയും അശാന്തിയും നിര്‍ലോഭമായ അസ്വാതന്ത്ര്യവും നല്‍കി.

സാധാരണജീവിതം താറുമാറാക്കിയപ്പോള്‍ പൗരസ്വാതന്ത്ര്യത്തിന്റെ ശാന്തിദൂതുമായി മിശിഹാ കടന്നുവന്നു.

അവന്റെ കടന്നുവരവ് ഋജുമാനസരെ തേടിയായിരുന്നു. നസ്രത്തിലെ കന്യാമറിയത്തിനും ബത്‌ലഹേമിലെ ഇടയന്മാര്‍ക്കും സത്യാന്വേഷികളായ പൂജരാജാക്കന്മാര്‍ക്കും അവന്‍ തന്റെ സാന്നിധ്യവും മഹത്വവും വെളിപ്പെടുത്തി. അവന്റെ ലാളിത്യം അവരെ അത്ഭുതപ്പെടുത്തി. അവന്റെ സംലഭ്യത അവര്‍ക്ക് നിറവായി. ജീവന്റെ പൂര്‍ണത, പിള്ളത്തൊട്ടിലിലെ ശിശുവിന്റെ നിസ്സഹായതയില്‍ അവരുടെ അകക്കണ്ണ് നിറച്ചു. ഉള്ളും ഉള്ളതും അവന്റെ മുമ്പില്‍ സമര്‍പ്പണത്തിന്റെ തിരുമുല്‍ക്കാഴ്ചയായി.

പ്രപഞ്ചത്തിന്റെ രക്ഷകനായാണ് അവന്‍ പിറന്നത്. സ്നേഹംകൊണ്ട് മതിലുകള്‍ തകര്‍ക്കുകയും സ്വയം ദാനത്തിലൂടെ ഹൃദയത്തില്‍ ഇടം കണ്ടെത്തുകയും ചെയ്യുന്നവന്‍ ശത്രുക്കളുടെ മുമ്പില്‍ മേശ ഒരുക്കുകയും ദൂരദേശത്തായിരുന്നവനെ ക്ഷമാപൂര്‍വം കാത്തിരിക്കുകയും ചെയ്യുന്നു.

ക്രിസ്മസ് ആത്മപരിശോധനയ്ക്കായി നമ്മെ ക്ഷണിക്കുന്നു. എന്‍േറതായതെല്ലാം മനസ്സിലാക്കുവാനും അവന്റെ വരവിന് തടസ്സമായതെല്ലാം നീക്കംചെയ്യുവാനും അവന്റെ കണ്ണിലൂടെ എന്നെ തിരിച്ചറിയുവാനും അവനിലൂടെ എന്റെ സഹോദരനെ കണ്ടെത്തുവാനും ക്രിസ്മസ് എന്നെ പ്രചോദിപ്പിക്കുന്നു. മനുഷ്യമക്കളുടെ സാഹോദര്യവും ദൈവത്തിന്റെ പിതൃത്വവും ക്രിസ്മസ് ഓര്‍മ്മിപ്പിക്കുന്നു.കനിവിന്റെ സന്ദേശവുമായി ക്രിസ്മസ് വരുന്നു. ഹൃദയവാതിലുകള്‍ തുറന്ന് അവന്റെ മക്കളായി മാറാം. എല്ലാവര്‍ക്കും സമാധാനത്തിന്റെ ഈ തിരുനാളിന്റെ അനുഗ്രഹങ്ങള്‍ ഹൃദയപൂര്‍വം നേരുന്നു.



MathrubhumiMatrimonial