
നഷ്ടപ്പെട്ട സ്നേഹബന്ധങ്ങള്‍ നമുക്ക് വീണ്ടെടുക്കാം
Posted on: 16 Dec 2009

തലശ്ശേരി അതിരൂപതാ
മെത്രാപ്പോലീത്ത
ക്രിസ്മസ് സകല ജനപദങ്ങള്‍ക്കുമായുള്ള സാര്‍വത്രിക രക്ഷയുടെ വിളംബരമാണ്. അത് വലിയ സന്തോഷത്തിന്റെ സദ്‌വാര്‍ത്തകൂടിയാണ്. വര്‍ഷങ്ങളായി റോമന്‍ ആധിപത്യത്തിനുകീഴില്‍ കഴിഞ്ഞിരുന്ന ജനത്തിന്റെ നെടുവീര്‍പ്പുകളാണ് അവരെ രക്ഷകനെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. തങ്ങളെ റോമന്‍ ആധിപത്യത്തില്‍നിന്ന് മോചിപ്പിച്ച് സുശക്തമായ ഒരു സാമ്രാജ്യം സ്ഥാപിക്കുന്ന രക്ഷകനെ അവര്‍ സ്വപ്നംകണ്ടു. അനേകം വചനങ്ങള്‍ ആ രക്ഷകനെക്കുറിച്ചുണ്ടായി. പക്ഷേ, രക്ഷകന്‍ ഭൂമിയില്‍ അവതരിച്ചപ്പോള്‍ അവനെ അംഗീകരിക്കാനോ അവനില്‍ വിശ്വാസമര്‍പ്പിക്കാനോ അധികമാര്‍ക്കും സാധിച്ചില്ല. കാരണം മനുഷ്യന്റെ സങ്കല്പങ്ങള്‍ക്കനുസരിച്ചുള്ള ഒരു രക്ഷകനല്ല വന്നെത്തിയത്. രാജകൊട്ടാരത്തില്‍ പിറന്ന് ആയുധശേഷികൊണ്ടും യുദ്ധതന്ത്രംകൊണ്ടും സാമ്രാജ്യം തിരിച്ചുപിടിക്കുന്ന രക്ഷകനു പകരം കാലിത്തൊഴുത്തിന്റെ ഇല്ലായ്മകളിലേക്ക് പിറന്നുവീണ ഒരു ശിശുവില്‍ രക്ഷകനെ കണ്ടെത്താന്‍ അവര്‍ക്ക് സാധിച്ചില്ല. പക്ഷേ, ഹൃദയത്തില്‍ നിഷ്‌കളങ്കതയുടെ വിശുദ്ധി സൂക്ഷിച്ചിരുന്ന ഇടയന്മാരും ജ്ഞാനത്തിന്റെ വെളിച്ചം സൂക്ഷിച്ചിരുന്ന രാജാക്കന്മാരും പുല്‍ക്കൂട്ടില്‍ പിറന്ന രക്ഷകനെ വന്നുകണ്ട് കാഴ്ചകള്‍ സമര്‍പ്പിച്ച് ആരാധിച്ചു.
ആകാശത്ത് ഉദിച്ചുനിന്ന നക്ഷത്രത്തിന്റെ പ്രകാശത്തില്‍ ഇടയന്മാരും രാജാക്കന്മാരും വളര്‍ത്തുമൃഗങ്ങളും മഞ്ഞില്‍ക്കുളിച്ചുകിടന്ന പ്രകൃതിയും ദൈവപുത്രനുമായി കൂടിക്കാഴ്ച നടത്തി. ക്രിസ്മസിന്റെ സാര്‍വത്രികത ഇതാണ്. ലോകത്തിലെ സര്‍വ ചരാചരങ്ങളും പുല്‍ക്കൂടിന്റ വിശുദ്ധിയില്‍ ഒന്നാവുന്നു. ലോകത്തിലെ സര്‍വ ചരാചരങ്ങള്‍ക്കും ക്രിസ്തുവിന്റെ ജനനം രക്ഷയുടെ വിളംബരമാണ്. ദൈവത്തിന്റെ സ്നേഹം ഒരിക്കലും അവസാനിക്കില്ലെന്നും അത് കാലാകാലങ്ങളില്‍ വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലും നമ്മെത്തേടി വന്നെന്നും അവസാനം അതിന്റെ പൂര്‍ണതയെന്നോണം പുത്രന്റെ രൂപത്തില്‍ ആ സ്നേഹം ലോകത്തിന് രക്ഷ പകരാന്‍ കടന്നുവന്ന് നമ്മെയെല്ലാം സ്വര്‍ഗത്തിന് അവകാശികളാക്കിത്തീര്‍ത്തു എന്നുമുള്ള വിളംബരമാണ് ക്രിസ്മസിനെ വലിയ സന്തോഷത്തിന്റെ വാര്‍ത്തയാക്കുന്നത്. ആ രക്ഷയില്‍ മനുഷ്യരും പ്രകൃതിയും ചരാചരങ്ങളും ഒറ്റക്കെട്ടായി പങ്കുചേര്‍ന്നു എന്നും അത് ലോകത്തിന്റെ അതിര്‍ത്തികള്‍ വരെ വ്യാപിച്ച് എല്ലാ ജനപദങ്ങള്‍ക്കും രക്ഷപകരും എന്നതുമാണ് ക്രിസ്മസിന്റെ സാര്‍വത്രികത.
നഷ്ടപ്പെട്ടുപോയ സ്നേഹബന്ധങ്ങള്‍ പുനഃസ്ഥാപിക്കപ്പെട്ട സുദിനംകൂടിയാണ് ക്രിസ്മസ്. പാപം മൂലം തന്നില്‍നിന്ന് അകന്നുപോയ മനുഷ്യമക്കളെ വീണ്ടെടുക്കാന്‍ ദൈവം തന്റെ പുത്രനെ അയച്ച ദിവസം. ആ സ്നേഹം നമ്മെ സന്ദര്‍ശിച്ച് നമ്മോടൊത്ത് ഇന്നും വസിക്കുന്നതിനെ അനുസ്മരിക്കുന്ന ഈ ക്രിസ്മസ് ദിനത്തില്‍ നഷ്ടപ്പെട്ടുപോയ നമ്മുടെ സ്നേഹബന്ധങ്ങളെ വീണ്ടെടുക്കാന്‍ ശ്രമിക്കാം. സ്നേഹരാഹിത്യത്തില്‍നിന്ന് സ്നേഹസംസ്‌കാരത്തിലേക്ക് വളരാന്‍, നിസ്സാരരിലും നിരാലംബരിലും ദൈവമക്കളെ കണ്ട് അവരെ സ്നേഹിക്കാന്‍ അതുവഴി സ്ഥാപിക്കപ്പെടുന്ന സ്നേഹസാഹോദര്യത്തില്‍നിന്ന് ദൈവസ്നേഹത്തിലേക്ക് ഉയരാന്‍ ഈ തിരുപ്പിറവി നമ്മെ നിരന്തരം പ്രചോദിപ്പിക്കട്ടെ.
തിരുപ്പിറവിയുടെ മംഗളങ്ങള്‍ ആശംസിച്ചുകൊണ്ട്
