goodnews head

'മാതൃഭൂമി' വാര്‍ത്ത തുണയായി; അവര്‍ക്ക് പുതിയ തണല്‍

Posted on: 28 Oct 2007


ഗാന്ധിനഗര്‍: ആരൊക്കെയോ ചേര്‍ന്ന് അവരെ ആസ്​പത്രിയില്‍ എത്തിച്ചതാണ്. മെച്ചപ്പെട്ട ചികിത്സയും ആസ്​പത്രി ജീവനക്കാരുടെയും മറ്റു രോഗികളുടെ ബന്ധുക്കളുടെയും പരിചരണവും അവര്‍ക്ക് ജീവിതം മടക്കിക്കൊടുത്തു. അവര്‍ തേടിയ, അവര്‍ക്കാശ്വാസമാകേണ്ടവര്‍ മാത്രം എത്തിയില്ലെങ്കിലും ആസ്​പത്രിവാസത്തിന് അവസാനമായി. ഇനി അവര്‍ക്ക് ആശ്വാസത്തിന്റെ പുതിയ തണല്‍.
ബന്ധുക്കള്‍ ഉണ്ടായിട്ടും കോട്ടയം മെഡിക്കല്‍കോളജ് ആസ്​പത്രിയിലെ വാര്‍ഡുകളില്‍ ഉപേക്ഷിക്കപ്പെട്ടിരുന്ന ഏഴുപേര്‍ക്കാണ് തൃശ്ശൂര്‍ നടത്തറയിലെ ആശ്രയഭവന്‍ ആശ്വാസമായത്.
ചികിത്സ പൂര്‍ത്തിയായി ഡിസ്ചാര്‍ജ്ജ് ചെയ്തിട്ടും പോകാനിടമില്ലാതെ ആസ്​പത്രി വരാന്തകളില്‍ ദുരിതജീവിതം നയിച്ച ഇവരെപ്പറ്റി ഈയിടെ 'മാതൃഭൂമി' റിപ്പോര്‍ട്ടു ചെയ്തിരുന്നു.
ആസ്​പത്രിയിലെ പതിനൊന്നാം വാര്‍ഡില്‍നിന്ന് പൊടിയന്‍, മുഹമ്മദ്, രാമലിംഗം എന്നിവരെയും പതിനാലാം വാര്‍ഡില്‍ നിന്ന് യൂസഫ്, ആറാം വാര്‍ഡില്‍ നിന്ന് ഇളയന്‍, മറ്റു വാര്‍ഡുകളില്‍ നവജീവന്‍ പ്രവര്‍ത്തകരുടെ സംരക്ഷണത്തില്‍ കഴിഞ്ഞുവന്ന ഹരിദാസ്, ലക്ഷ്മണന്‍ എന്നിവരെയും ആസ്​പത്രിക്കടുത്തുള്ള ബസ്സ്റ്റാന്‍ഡില്‍ ദുരിതമനുഭവിക്കുകയായിരുന്ന രാമലിംഗത്തെയുമാണ് ആശ്രയപ്രവര്‍ത്തകര്‍ ഏറ്റെടുത്തത്.
പതിനൊന്നാം വാര്‍ഡില്‍ നിന്ന് ആശ്രയഭവന്‍ പ്രവര്‍ത്തകര്‍ ഏറ്റെടുത്തവര്‍ക്കുപുറമെ, മൂന്നുപേരുടെ ദുരിതജീവിതകഥകൂടി 'മാതൃഭൂമി' വാര്‍ത്തയില്‍ പറഞ്ഞിരുന്നു. ഇവരില്‍, കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ നിന്ന് വീണു പരിക്കേറ്റ അജ്ഞാതനെന്ന നിലയില്‍ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ആള്‍ ഇടുക്കി ഉപ്പുകുഴി ചേലപ്പറമ്പില്‍ തങ്കപ്പന്‍ ആണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.
മലപ്പുറത്ത് റബര്‍തോട്ടത്തില്‍ ജോലി ചെയ്യുകയായിരുന്ന തങ്കപ്പന്‍ വീട്ടിലേക്ക് വരുംവഴി ബസ്സില്‍ നിന്നുതെറിച്ചുവീഴുകയായിരുന്നു. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന രങ്കയ്യയെ ആലപ്പുഴയിലെ കുഷ്ഠരോഗാസ്​പത്രി അധികൃതര്‍ എത്തി തിരികെ കൊണ്ടുപോയി. കുഷ്ഠരോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന രങ്കയ്യ കുഷ്ഠരോഗാസ്​പത്രിയില്‍ നിന്ന് ഒളിച്ചുകടന്നതാണ്.
അപകടത്തില്‍ നട്ടെല്ലിനും കഴുത്തിനും പരിക്കേറ്റനിലയില്‍ പതിനൊന്നാം വാര്‍ഡില്‍ ചികിത്സയിലായിരുന്ന ചന്ദ്രന്‍പിള്ള വെള്ളിയാഴ്ച രാത്രി മരിച്ചു. ആസ്​പത്രിയില്‍ ചികിത്സയ്ക്കുശേഷവും ദുരിതമനുഭവിച്ചിരുന്ന അത്തിക്കയം, നാറാണമൂഴി പൊടിയനെ ആശ്രയഭവന്‍ ഏറ്റെടുത്തു. ആഴ്ചകള്‍ക്കുമുമ്പ് ഭാര്യയും മക്കളും ചേര്‍ന്നാണ് തന്നെ ഇവിടെ എത്തിച്ചതെന്ന് പൊടിയന്‍ പറഞ്ഞു.
ആസ്​പത്രിയില്‍നിന്ന് രണ്ട് ആംബുലന്‍സുകളിലാണ് ഇവരെ തൃശ്ശൂര്‍ക്ക് കൊണ്ടുപോയത്. ആസ്​പത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. പി.കെ. ജബ്ബാര്‍, നവജീവന്‍ ട്രസ്റ്റി പി.യു. തോമസ്, ആശ്രയ സെന്റര്‍ ട്രസ്റ്റി ലീനപീറ്റര്‍, ട്രസ്റ്റ് പ്രസിഡണ്ട് സണ്ണി എന്നിവര്‍ ഏറ്റെടുക്കലിന് നേതൃത്വം നല്‍കി.




 

 




MathrubhumiMatrimonial