xmas ravu

ശാന്തിയും സമാധാനവും പുലരട്ടെ

Posted on: 14 Dec 2009


മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍
(മലങ്കര യാക്കോബായ സുറിയാനിസഭയുടെ ശ്രേഷ്ഠ കാതോലിക്കാബാവ


യേശുക്രിസ്തുവിന്റെ മനുഷ്യാവതാരത്തെ സ്മരിച്ച് ലോകമെമ്പാടും ക്രിസ്മസ് ആഘോഷങ്ങള്‍ നടക്കുന്നു. അലങ്കാരങ്ങളും കുറവല്ല. ലോകം സാമ്പത്തികമാന്ദ്യത്തിന്റെ പിടിയിലായിട്ടും ആഘോഷങ്ങളുണ്ട്. മനുഷ്യവര്‍ഗത്തിന് ലോകത്തോടും ദൈവത്തോടുമുള്ള ബന്ധം വെളിപ്പെടുത്തിയ വലിയ സംഭവമാണ് യേശുക്രിസ്തുവിന്റെ മനുഷ്യാവതാരം. യുദ്ധവും നിയമാവലികളും അധികാരസ്ഥാനങ്ങളും ഒന്നും കൂടാതെ ആരെങ്കിലും ലോകം കീഴടക്കിയെങ്കില്‍ അത് യേശുക്രിസ്തു മാത്രമാകുന്നു. സ്‌നേഹമെന്ന ദിവ്യായുധം കൊണ്ടാണ് യേശുക്രിസ്തു ലോകം കീഴടക്കിയത്.

മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, ഡോ. രാധാകൃഷ്ണന്‍, ഡോ. അബ്ദുല്‍കലാം തുടങ്ങി ഭാരതം കണ്ട മഹാരഥന്മാരും യേശുക്രിസ്തുവിന്റെ വാക്കുകളും പ്രവൃത്തികളും അനുകരണീയമെന്നു പറഞ്ഞത് അതിനാലാണ്. ക്രിസ്തുവിന്റെ ദിവ്യത്വം സംസാരത്തിലും പ്രവൃത്തിയിലും വെളിപ്പെടുത്തുവാന്‍ സാധിക്കുന്നില്ലെങ്കില്‍ ഈ ആഘോഷപരിപാടികളെല്ലാം പ്രകടനങ്ങള്‍ മാത്രമാകും. യേശുക്രിസ്തു നിഷ്‌കളങ്കവും നിര്‍വ്യാജവും നിര്‍മലവുമായ സ്‌നേഹത്തിലൂടെ പുതിയ ജീവിതമഹത്വം വെളിപ്പെടുത്തി. അസാധ്യമെന്നു കരുതിയ കാര്യങ്ങള്‍ തന്റെ ജീവിതംവഴി സാധ്യമാക്കിത്തീര്‍ത്തു. ഇത് പകര്‍ത്തുവാനും അതുവഴി ശാന്തിയും സമാധാനവും വരുത്തുവാനും ഈ ആഘോഷങ്ങള്‍വഴി സാധിക്കട്ടെ. ക്രിസ്മസിന്റെ എല്ലാ മംഗളങ്ങളും ആശംസിക്കുന്നു.



MathrubhumiMatrimonial