
ദിശാബോധം നല്‍കിയ പിറവി
Posted on: 13 Dec 2009

റൈറ്റ് റവ. ഡോ. കെ.വി.കുരുവിള ബിഷപ്പ്, സി.എസ്.ഐ.
ഉത്തരകേരള മഹായിടവക
ഉത്തരകേരള മഹായിടവക
ക്രിസ്തുവിന്റെ ജനനം നവയുഗപ്പിറവി ആയിരുന്നു. ചരിത്രത്തിന് പുതിയ ദിശാബോധംനല്‍കുവാന്‍ മനുഷ്യനെ സജ്ജമാക്കുന്നതിന് മതിയായതായിരുന്നു.
ക്രിസ്തു ജനനം മുതല്‍ മരണംവരെയും, ദൈവിക ജീവന്റെ മേല്‍ കടന്നുകയറുന്ന മരണശക്തികളെ പരാജയപ്പെടുത്തുന്ന ദൈവിക പോരാട്ടത്തില്‍ പങ്കാളിയായി.
ദൈവം മനുഷ്യനായി ലോകത്തില്‍ പിറന്നത്, ലോകത്തോടും തന്റെ സൃഷ്ടികളോടുമുള്ള അതിരറ്റ സ്നേഹം മൂലമാണ്. 'തന്റെ ഏകജാതനായ പുത്രനെ നല്‍കുവാന്‍ തക്കവണ്ണം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.'
അതിനാല്‍ ക്രിസ്തുവിന്റെ ജനനം ഒരു പ്രത്യേക വിഭാഗത്തിനോ, മതത്തിനോ ഉള്ളതല്ല. ദൈവസ്നേഹത്തിന് അതിര്‍വരമ്പുകളില്ല. കാലിത്തൊഴുത്തിലേക്ക് ആര്‍ക്കും കടന്നുവരാം. കൊട്ടാരത്തില്‍ അതു സാധ്യമല്ല. ദൈവത്തെ ആര്‍ക്കും കുത്തകയാക്കുവാന്‍ സാധ്യമല്ല. ദരിദ്രരോടും കിടപ്പാടമില്ലാത്തവരോടും അവഗണിക്കപ്പെട്ടവരോടും പാര്‍ശ്വവത്കരിക്കപ്പെട്ടവരോടും ഏകീഭവിക്കുന്ന ദൈവകാരുണ്യത്തിന്റെ പ്രകടഭാവമാണ് ക്രിസ്തുവിന്റെ ജനനം പ്രഘോഷിക്കുന്നത്.
സ്വാര്‍ത്ഥതയുടെയും സുഖലോലുപതയുടെയും മധ്യത്തില്‍ ജീവിക്കുന്നവര്‍ക്ക് ക്രിസ്തു ജനനത്തിന്റെ പ്രാധാന്യം മനസ്സിലാക്കുവാന്‍ പ്രയാസമായിരിക്കും. എന്നാല്‍, ശക്തിയില്ലായ്മയുടെയും നിസ്സഹായതയുടെയും മധ്യത്തില്‍ ജീവിക്കുന്ന ജനതതികള്‍ക്ക് ശക്തിയും ഊര്‍ജവും പകര്‍ന്ന് പുതുജീവന്‍ നല്‍കാന്‍ ക്രിസ്തുവിന്റെ ജനനത്തിന് സാധിച്ചു. സാധാരണക്കാരായ മനുഷ്യന്റെ അനുഭവങ്ങളില്‍നിന്ന് അകന്നുനില്‍ക്കാതെ, അവരുടെ നെടുവീര്‍പ്പും വേദനയും ഏറ്റെടുത്ത്, അന്ധകാരശക്തികളോടും മരണശക്തികളോടും പോരാടുവാന്‍ ക്രിസ്മസ് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
