
ജര്‍മന്‍കാരിയായ അമ്മയ്ക്ക് മലയാളി ദത്തുപുത്രന്റെ സ്‌നേഹസ്മാരകം
Posted on: 28 Oct 2007

കോട്ടയം ജില്ലയിലെ ഞീഴൂര്‍ തിരുവമ്പാടി കാപ്പുംതല കൊച്ചുപുര കുടുംബാംഗമായ ഡോ. യാക്കോബ് എന്ന വൈദികനും ജര്‍മനിയിലെ ഹെത്‌സറാത്തിലെ ഹൗപട്‌സ് കുടുംബത്തിലെ മരിയാ ജോസ്റ്റനുമായുള്ള അപൂര്‍വ ബന്ധത്തിന്റെ കഥപറയുന്നതാണ് 16,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള, ആധുനിക രീതിയില്‍ പണികഴിപ്പിച്ച ഈ മൂന്നുനില സൗധം.
ആദ്യ കണ്ടുമുട്ടലില്‍, ആദ്യ വാക്കില്‍ തളിരിട്ട് വളര്‍ന്ന് ദൃഢമായ ബന്ധത്തിന് തുടക്കം 1976 സപ്തംബറില്‍. വൈദിക പഠനത്തിന് 1974ല്‍ റോമിലേക്ക് പോയതാണ് ഡോ. യാക്കോബ്. അവിടെനിന്ന് 75ല്‍ ജര്‍മനിയില്‍ എത്തി. '76 സപ്തംബര്‍ 18ന് ഒരു വിവാഹകൂദാശയ്ക്ക് സഹകാര്‍മികനായി ജര്‍മനിയിലെ യഹനാവിലുള്ള സെന്റ് നിക്കോളാസ് പള്ളിയില്‍ സംബന്ധിച്ച് സ്വയം പരിചയപ്പെടുത്തി. ''ഞാന്‍ യാക്കോബ്, ഇന്ത്യയിലെ കേരളത്തില്‍നിന്നും വരുന്നു. ജനനം 1942ല്‍''.
പള്ളിയില്‍ ഇത് കേട്ടിരുന്നവരില്‍ മരിയ ജോസ്റ്റനും. രണ്ടാംലോക മഹായുദ്ധത്തിന്റെ കെടുതികളില്‍ എല്ലാം നഷ്ടപ്പെട്ട മരിയ ജോസ്റ്റന്‍ രണ്ട് വിവാഹം കഴിച്ചു. രണ്ട് ബന്ധത്തിലുംകൂടി രണ്ട് പുത്രന്മാര്‍. ഭര്‍ത്താക്കന്മാരും മക്കളും മരിച്ച് ഒറ്റപ്പെടലിന്റെ വേദനയില്‍ മനസ്സ് വിറങ്ങലിച്ച് കഴിഞ്ഞ മരിയയുടെ ഹൃദയത്തില്‍ 1942 എന്ന വര്‍ഷം തറച്ചു... 1942ലാണ് ആദ്യ മകന്‍ മാന്‍ഫ്രെഡിന്റെയും ജനനം. ആ അമ്മ 1942ല്‍ ജനിച്ച മലയാളി വൈദികനില്‍ പുത്രനെ കാണുകയായിരുന്നു. അടുത്ത ദിവസം തന്നെ ഡോ. യാക്കോബിനെത്തേടി മരിയ ജോസ്റ്റന്‍ എത്തി.
രണ്ടുപേരും അമ്മയും മകനുമായി മാറുകയായിരുന്നു. ലോകമഹായുദ്ധത്തില്‍ എല്ലാം നഷ്ടപ്പെട്ടുവെങ്കിലും ബിസിനസ്സിലൂടെ മരിയ ജോസ്റ്റന്‍ ഒരു കോടീശ്വരിയായി മാറിക്കഴിഞ്ഞിരുന്നു. ഹൃദ്രോഗവും രക്തസമ്മര്‍ദവും ആരോഗ്യം ക്ഷയിപ്പിച്ച മരിയാ ജോസ്റ്റന് ഡോ. യാക്കോബ് നിത്യസഹായിയായി. 1983ല്‍ എല്ലാ അവകാശങ്ങളോടും കടമകളോടുംകൂടി ഡോ. യാക്കോബ് മരിയാ ജോസ്റ്റന്റെ ദത്തുപുത്രനായി. പേര് ഡോ. ജേക്കബ് ജോസ്റ്റന്‍ എന്ന് ഔദ്യോഗികമായി മാറ്റി.

പലവട്ടം മരിയ ജോസ്റ്റന്‍ ദത്തുപുത്രനോടൊപ്പം കേരളത്തില്‍ വന്നു. ഒരു തവണത്തെ സന്ദര്‍ശനത്തിനിടയില്‍ സിസ്റ്റര്‍ ആലീസ് ലൂക്കോസുമായി പരിചയപ്പെട്ടു. മത്സ്യതൊഴിലാളി സമരവേദികളില്‍ നായികയായിരുന്ന സിസ്റ്റര്‍ ആലീസിന്റെ സാമൂഹിക പ്രവര്‍ത്തന മേഖലയിലെ ആത്മാര്‍ഥതയില്‍ മരിയാ ജോസ്റ്റന്‍ ആകൃഷ്ടയായി.
2004 ഫിബ്രവരി 25ന് മരിയാ ജോസ്റ്റന്‍ 80-ാം വയസ്സില്‍ മരണമടഞ്ഞു. കോടീശ്വരിയായ അമ്മയുടെ എല്ലാ സ്വത്തുക്കള്‍ക്കും ദത്തുപുത്രന്‍ അവകാശിയായി. രോഗശയ്യയിലായിരുന്ന നാളുകളില്‍ മരിയാ ജോസ്റ്റന്‍ ദത്തുപുത്രനോട് ഒരു കാര്യം പറഞ്ഞിരുന്നു. ''ആലീസിന്റെ പ്രസ്ഥാനം ശക്തിപ്പെടണം. നീ ആലീസിന്റെ പ്രസ്ഥാനത്തോട് സഹകരിച്ച് പ്രവര്‍ത്തിക്കണം. എന്റെ കാലംകഴിഞ്ഞ് നിനക്ക് നിന്റെ നാട്ടിലേക്ക് പോവാം. ഞാന്‍ തരുന്നതെല്ലാം പാവങ്ങള്‍ക്ക് ഉതകുമാറ് എന്തെങ്കിലും സംരംഭം തുടങ്ങണം''. അമ്മയുടെ അന്ത്യാഭിലാഷ പ്രകാരം ഡോ. ജേക്കബ് ജോസ്റ്റന്‍ എരമല്ലൂരിലെത്തി.

ജോയ് വര്‍ഗീസ്
