
fakir's grace - സബ് കാ മാലിക് ഏക്..
Posted on: 05 Dec 2009
Mohanlal
in shirdi, the self dissolves into a realisation of transcendental immanence
ഷിര്‍ദ്ദിയിലെ സായി സന്നിധിയിലേക്ക്, മൈത്രിയുടെ സ്നേഹസ്പര്ശങ്ങളിലേക്ക്.. മോഹന്‍ലാലിന്റെ യാത്ര
ആള്‍ദൈവങ്ങളിലോ അവരുടെ 'ഗിമ്മിക്ക'ുകളിലോ എനിക്ക് വിശ്വാസമില്ല. പക്ഷേ, മനുഷ്യനിലെ ദൈവീകാംശത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അതിനെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നു. സ്വന്തം ആത്മാവിനെ ശുദ്ധമാക്കി, നിരന്തരം തേച്ചു മിനുക്കി, നിഷ്‌കളങ്കവും നിസ്വാര്‍ഥവും നിസംഗവുമായ അവസ്ഥയില്‍ എത്തിയ മനുഷ്യരും അവരുടെ ലോകവും എന്തുകൊണ്ടോ എന്നെ ആകര്‍ഷിക്കുന്നു. ബുദ്ധന്‍, മഹാവീരന്‍, രാമകൃഷ്ണ പരമഹംസര്‍, സ്വാമി വിവേകാനന്ദന്‍, രമണ മഹര്‍ഷി, പരമഹംസയോഗാനന്ദന്‍, സ്വാമി രാമ, ഓഷോ രജനീഷ് എന്നിവരെല്ലാം എനിക്കു പ്രിയപ്പെട്ടവരാണ്. ഇവരുടെ ജീവിതത്തിലൂടെയും കൃതികളിലൂടെയും കടന്നു പോകാന്‍ ശ്രമിച്ചിട്ടുണ്ട്. ഈ ശ്രേണിയില്‍പെട്ട ആചാര്യനാണ് ഷിര്‍ദ്ദി സായിബാബ.
ചിത്രങ്ങളിലൂടെയാണ് അദ്ദേഹം എന്നിലേക്ക് പ്രവേശിക്കുന്നത്. ഷൂട്ടിങ്ങിന് എത്തിച്ചേരുന്ന എത്രയോ വീടുകളുടെ ചുമരുകളില്‍ ഞാന്‍ ആ ചിത്രം കണ്ടിരിക്കുന്നു: കാല്‍മുട്ടു കവിയുന്ന നീളന്‍ വസ്ത്രം ധരിച്ച്, തലയില്‍ ഒരു തുണി പ്രത്യേക രീതിയില്‍ കെട്ടി വെച്ച,് വലതു കാല്‍ ഇടതു കാല്‍ മുട്ടിലേക്ക് കയറ്റി വച്ചു കൊണ്ട് ഒരു കരിങ്കല്‍ കഷണത്തില്‍ ഇരിക്കുന്ന മനുഷ്യന്‍. ക്ഷീണിച്ച കവിളുകളില്‍ പറ്റിച്ചേര്‍ന്നു കിടക്കുന്ന നരച്ച താടിരോമങ്ങള്‍. പക്ഷേ ആ കണ്ണുകള്‍ അഗാധമായ ചില സത്യങ്ങളെ ഉള്‍ക്കൊള്ളുന്നവയായിരുന്നു. പരമമായ ശാന്തതയും പ്രപഞ്ചത്തോടാകെയുള്ള കാരുണ്യവും അവയില്‍ ലയിച്ചു കിടന്നു. രാമകൃഷ്ണ പരമഹംസരുടെ ചില ചിത്രങ്ങള്‍ ഓര്‍മ്മയില്‍ വന്നു. എവിടെയൊക്കെയോ ഒരു സാദൃശ്യം.
പിന്നീട് ഭക്തരായ ചില സുഹൃത്തുക്കള്‍ സമ്മാനിച്ച അദ്ദേഹത്തിന്റെ ജീവചരിത്രവും മൊഴികളും വായിച്ചപ്പോള്‍, ചിത്രത്തില്‍ മാത്രമല്ല ജീവിതത്തിലുടനീളം ബാബയുടെയും പരമഹംസരുടെയും ജീവിതം പൊരുത്തപ്പെട്ടു കിടക്കുന്നതു കണ്ടു. ലളിതമായ ജീവിതത്തില്‍, ഇസ്ലാം മതവുമായുള്ള ഇണക്കത്തില്‍, സൂഫിസത്തിലേക്കു ചായുന്ന ദര്‍ശനത്തില്‍, അരുള്‍ മൊഴികളില്‍.. എല്ലാം. കൊല്‍ക്കത്തയില്‍ പരമഹംസര്‍ പാര്‍ത്ത ദക്ഷിണേശ്വരത്ത് ഞാന്‍ പോയിട്ടുണ്ട്. ബാബയുടെ ജീവിതത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും പശ്ചാത്തലമായ ഷിര്‍ദ്ദിയില്‍ ഒന്നു പോകാനുള്ള ആഗ്രഹവും ഒരു പാടു നാളായി മനസില്‍ കൊണ്ടു നടക്കുന്നു. മുംബൈയിലെ ഷൂട്ടിങ് തിരക്കുകള്‍ക്കിടയില്‍ രണ്ടു ദിവസം വീണു കിട്ടിയപ്പോള്‍ ഞാന്‍ വീണ്ടും യാത്രയുടെ ഭാണ്ഡം മുറുക്കി. ഷിര്‍ദ്ദിയിലേക്ക്.
മഹാരാഷ്ട്രക്കാര്‍ ഷിര്‍ദ്ദിയ്ക്ക്് ' ശിര്‍ഡി' എന്നാണ് പറയുക. ബംഗാളികള്‍ ഹൗറയ്ക്ക് 'ഹൗഡ' എന്നുച്ചരിക്കും പോലെ. റോഡ് മാര്‍ഗം മുംബൈയില്‍ നിന്നും ആറു മണിക്കൂറിലധികം യാത്രയുണ്ട് ഷിര്‍ദ്ദിയിലേക്ക്. പശ്ചിമഘട്ടത്തിന്റെ പാതയിലൂടെ, പുരാതന നഗരമായ നാസിക്കും കടന്ന് ആ യാത്ര നീളുന്നു.
വലിയ ചൂടില്ലാത്ത പകല്‍. നാസിക് കഴിഞ്ഞാല്‍ വഴിക്കിരുവശവും കൃഷിയിടങ്ങള്‍ കണ്ടു തുടങ്ങും. കൊച്ചു കൊച്ചങ്ങാടികളില്‍ ഖദര്‍ പൈജാമ കുര്‍ത്ത ധരിച്ച് ഗാന്ധിതൊപ്പി ധരിച്ച ഗ്രാമീണര്‍.
കൃഷിയിടങ്ങള്‍ അവസാനിക്കുമ്പോള്‍ വരണ്ട മേടുകള്‍ വരും. പ്രത്യേകിച്ചൊന്നും കാണാനില്ലാത്ത ഭൂപ്രകൃതി. ആ വഴി പോകുന്ന വാഹനങ്ങളുടെയെല്ലാം മുഖ്യ ലക്ഷ്യം ഷിര്‍ദ്ദിയാണ്. വെറുമൊരു അവധൂതനായിജീവിച്ചു മറഞ്ഞ ഒരു മനുഷ്യന്‍ ലോകത്തെ മുഴുവന്‍ തന്നിലേക്കാകര്‍ഷിക്കുന്നതിന്റെ രഹസ്യമോര്‍ത്ത് ഞാന്‍ വിസ്മയിച്ചു. എപ്പെഴോ ഒന്നു മയങ്ങിയപ്പോള്‍ മനസില്‍ ബാബയുടെ ജീവിതത്തിന്റെ ഖണ്ഡങ്ങള്‍ മങ്ങിയും തെളിഞ്ഞും കടന്നുപോയി.
പല യോഗികളേയും പോലെ തന്നെ പതിനാറു വയസുവരെയുള്ള ബാബയുടെ ജീവിതം ഏറെക്കുറെ അജ്ഞാതമാണ്. പതിനാറാം വയസില്‍ അദ്ദേഹം ഷിര്‍ദ്ദി ഗ്രാമത്തിലെത്തി. മൂന്നു വര്‍ഷം അവിടെ കഴിഞ്ഞു. പിന്നീടൊരു നാള്‍ പെട്ടെന്ന് അപ്രത്യക്ഷനായി. വര്‍ഷമൊന്ന് കഴിഞ്ഞപ്പോള്‍ വീണ്ടും തിരിച്ചെത്തി. ഷിര്‍ദ്ദിയില്‍ ധാരാളം കാണുന്ന വേപ്പുമര ചുവട്ടിലൊന്നില്‍ ധ്യാനപൂര്‍വ്വം ഇരുന്നു. സായിസച്ചരിതത്തില്‍ ആ കാഴ്ച ഇങ്ങിനെ വിവരിക്കുന്നു:
ഒരു യുവാവ് വെയിലോ മഴയോ കൂസാതെ ധ്യാനിച്ചിരിക്കുന്നതു കണ്ട് ഗ്രാമം വിസ്മയിച്ചു. പകല്‍ അദ്ദേഹം ആരോടും ബന്ധപ്പെട്ടില്ല. രാത്രി ആരേയും ഭയന്നുമില്ല.
അഞ്ച് വര്‍ഷത്തോളം അദ്ദേഹം വേപ്പുമരച്ചുവട്ടില്‍ കഴിഞ്ഞു. ഇടയ്ക്ക് വനത്തിലേക്കു പോവും. മിക്ക സമയവും മൗനമായിരുന്നു. ധ്യാനത്തിന്റെ ഏതോ നിമിഷത്തില്‍ അദ്ദേഹത്തില്‍ മതഭേദത്തിന്റെ മനുഷ്യ നിര്‍മ്മിതമായ അതിരുകള്‍ അടര്‍ന്നു പോയിട്ടുണ്ടാവാം. കുറേക്കാലം പള്ളിയിലായിരുന്നു താമസിച്ചത്. അവിടെ 'ധുനി' എന്ന അഗ്‌നി സദാ ജ്വലിപ്പിച്ചു. അതിന്റെ ചാരമായ 'ഉധി' കൊടുത്ത് രോഗങ്ങള്‍ മാറ്റി.ബാബയുടെ വേഷത്തിലും വാക്കുകളിലും ഒരു മതത്തിന്റെയും മുദ്രകള്‍ ആഴത്തില്‍ പതിഞ്ഞ പാടുകളായില്ല. ഫക്കീര്‍മാരുടെയും സൂഫികളുടെയും കൂടെ അലഞ്ഞതിന്റെ സ്വാധീനം വസ്ത്രധാരണത്തില്‍ കാണാം. ഖുര്‍-ആനും രാമായണവും മാത്രമല്ല, വിഷ്ണുസഹസ്രനാമം, ഭഗവത് ഗീത, യോഗാവാസിഷ്ഠം എന്നിവയും വായിക്കാന്‍ അദ്ദേഹം ഉപദേശിച്ചു. നമാസ് ചെയ്യുകയും അല്‍ഫാത്തിഹ ഓതുകയും ചെയ്തു. തബലയും സാരംഗിയും ചേര്‍ന്ന ഖവ്വാലി കേട്ടു. നൃത്തം ചെയ്തു. സൂചകങ്ങള്‍ ഉപയോഗിച്ച് കഥകള്‍ പറഞ്ഞു. സാധാരണ കുടുംബ ജീവിതം നയിക്കാന്‍ ശിഷ്യരോട് പറഞ്ഞു. സന്ദര്‍ശകര്‍ക്കെല്ലാം രുചികരമായ ഭക്ഷണം പാകം ചെയ്ത് വിളമ്പി. ഷിര്‍ദ്ദി സായിബാബയുടെ ജീവിതത്തെയും മത ദര്‍ശനത്തേയും അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ തെളിയിച്ചു കാട്ടുന്നു: 'തേടി വരുന്ന ആരേയും തിരിച്ചയയ്ക്കരുത്, ആദരവോടെ സ്വീകരിക്കുക. ദാഹിക്കുന്നയാള്‍ക്ക് ജലം നല്‍കുക, വിശക്കുന്നവന് അപ്പം, നഗ്‌നന് വസ്ത്രം, അലഞ്ഞു വരുന്നവന് വരാന്ത...'
ഒടുവില്‍ ദസറയും മുഹറവും സംഗമിക്കുന്ന ദിവസം അദ്ദേഹം സമാധിയായി.
ഷിര്‍ദ്ദി അടുക്കുന്നതോടെ വഴിക്കിരുവശവുമുള്ള വേപ്പുമരങ്ങള്‍ കൂടികൂടി വരുന്നു. കെട്ടിടങ്ങളും വ്യാപാര കേന്ദ്രങ്ങളുമെല്ലാം ബാബയുടെ പേരില്‍ തന്നെയാണ്. ഉച്ച കഴിഞ്ഞ് രണ്ടരയോടെ ഷിര്‍ദ്ദിയിലെത്തുമ്പോഴേക്കും എന്റെ മനസ് ബാബയുടെ ദര്‍ശനങ്ങള്‍ നിറഞ്ഞ്, എല്ലാ മതങ്ങള്‍ക്കുമപ്പുറത്തുള്ള തെളിഞ്ഞ ആത്മീയതയെ തൊട്ടിരുന്നു. Religiousness എന്ന് ആ അവസ്ഥയെ വിളിക്കാന്‍ ഞാനിഷ്ടപ്പെടുന്നു.
ബാബയേയും അദ്ദേഹത്തിന്റെ ക്ഷേത്രത്തെയും മാത്രം ആശ്രയിച്ചു വികസിച്ചു വന്ന നഗരമാണ് ഷിര്‍ദ്ദി എന്ന് ഒറ്റ നോട്ടത്തില്‍ അറിയാം. നഗരത്തിനപ്പുറവും ഇപ്പുറവും ഗ്രാമമാണ്. നടുവില്‍ നിറയെ ബാബയും ഭക്തിയും.
പുലര്‍ച്ചെ തുടങ്ങുന്ന ദര്‍ശനം പകല്‍ മുഴുവന്‍ നീണ്ട് രാത്രിയിലേക്കു കവിയുന്നു. എന്നിട്ടും പലര്‍ക്കും നിരാശരായി തിരിച്ചു പോകേണ്ടി വരുന്നു. വൈകുന്നേരമായിരുന്നു എനിക്കുള്ള ദര്‍ശന സമയം. പല പല ദേശങ്ങളില്‍ നിന്നെത്തിയ ഭക്തര്‍ പൊള്ളുന്ന വെയിലില്‍ ക്ഷേത്രത്തിനപ്പുറത്തെ റോഡിലൂടെ അലയുന്നു. എല്ലാവരുടെയും ചുണ്ടില്‍ ഒരേ ഒരു മന്ത്രം: സായി റാം..
പ്രത്യേകമായി ഒരു രൂപമില്ലാതെ പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന കൊച്ചു കൊച്ചു ക്ഷേത്രങ്ങളുടെയും സമാധികളുടെയും കൂട്ടമാണ് ഷിര്‍ദ്ദി ക്ഷേത്രം. അവയ്ക്കിടയില്‍ അവിടവിടെയായി വളര്‍ന്നു പന്തലിച്ച വേപ്പുമരങ്ങളും ആല്‍മരങ്ങളും. ഔഷധഗന്ധം ചുരത്തുന്ന മരങ്ങളുടെ സാന്നിധ്യം കാരണമാവാം, ആള്‍ക്കൂട്ടം സൃഷ്ടിക്കുന്ന അസ്വസ്ഥത അന്തരീക്ഷത്തില്‍ തീരെയില്ല.
ബാബയുടെ സമാധിമന്ദിരമാണ് പ്രധാന ദര്‍ശനസ്ഥാനം. നീണ്ട ക്യൂവിനൊടുവില്‍ കറുത്ത കല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ച മുറി. മുറിക്കു നടുവില്‍ കെട്ടിയുയര്‍ത്തിയ മാര്‍ബിള്‍ത്തറയില്‍ സ്വര്‍ണപ്പാളികള്‍ കൊണ്ട് അതിരിട്ട ചതുരത്തിനുള്ളിലാണ് സമാധി. സമാധിക്കു മുന്നില്‍ സ്വര്‍ണസിംഹാസനത്തില്‍ ഇറ്റാലിയന്‍ മാര്‍ബിളില്‍ നിര്‍മ്മിച്ച ബാബയുടെ പ്രതിമ. തിളങ്ങുന്ന ഷാള്‍ പുതച്ച്, കാവിത്തുണി തലയില്‍ കെട്ടി, വലിയ മാലയണിഞ്ഞ് ചിരിച്ചുകൊണ്ട്. ഞാന്‍ സമാധിയില്‍ ഒരു കുടന്ന പൂക്കള്‍ അര്‍പ്പിച്ചു.
രാവിലെ അഞ്ചു മണിക്ക് ഭൂപാളരാഗം പാടിയാണ് സമാധി മന്ദിരം തുറക്കുക. രാത്രി 10ന് ഷെജാരതി പാടി അടയ്ക്കും. ഗുരുപൂര്‍ണിമ, ദസറ, രാമനവമി എന്നീ ദിനങ്ങളില്‍ മാത്രമേ മന്ദിരം മുഴുവന്‍ സമയവും ദര്‍ശനത്തിനായി തുറന്നു വെക്കൂ.
ആ ക്ഷേത്രാങ്കണത്തില്‍, കോവിലുകളില്‍ നിന്നു കോവിലുകളിലേക്കു സ്വതന്ത്രമായി നടക്കുമ്പോള്‍ TRANCE എന്ന പദത്തിന്റെ അര്‍ഥം എനിക്കു ശരിക്കും അനുഭവിക്കാന്‍ കഴിഞ്ഞു. എന്റെ കോളത്തിന്റെ പേര് TRAVEL TRANCE എന്നായത് യാദൃശ്ചികമാവാം. ബാബ ആദ്യം വന്നിരുന്ന വേപ്പുമരച്ചുവട്ടില്‍ നിര്‍മ്മിച്ച ക്ഷേത്രത്തിന്റെ മേല്‍ക്കൂരയില്‍ മരച്ചില്ലകള്‍ നമസ്‌കരിച്ചു ചായുന്ന കാഴ്ച, ഒന്നിടവിട്ട ദിവസങ്ങളില്‍ ബാബ ഉറങ്ങിയിരുന്ന ചാവടിയിലെ തണുപ്പ്, ജലത്തെ എണ്ണയാക്കി ബാബ എരിയിച്ച നന്ദദീപത്തിന്റെ തിളക്കം.. ഏറ്റവുമൊടുവില്‍ അബ്ദുള്‍ ബാബയുടെ ദര്‍ഗയില്‍..
1890ല്‍, ഇരുപതാം വയസ്സില്‍, ഷിര്‍ദ്ദിയില്‍ എത്തിയതാണ് അബ്ദുള്‍ ബാബ. അയാളുടെ ദരിദ്രരായ മാതാപിതാക്കള്‍ മകനെ ഒരു ഫക്കീറിന്റെ ചുമതലയില്‍ ഏല്‍പ്പിച്ചു. ഒരു ദിവസം ബാബ ഫക്കീറിന്റെ സ്വപ്നത്തില്‍ വന്നു. രണ്ട് മാങ്ങ നല്‍കിയതിനു ശേഷം, ഷിര്‍ദിയിലെ കുട്ടിക്കു കൊണ്ടുകൊടുക്കാന്‍ പറഞ്ഞു. ഉണര്‍ന്നപ്പോള്‍ തൊട്ടരികില്‍ രണ്ട് മാമ്പഴം. ഫക്കീര്‍ ഉടനെ അബ്ദുളിനെ ബാബയ്ക്കരികില്‍ കൊണ്ടു പോയി. അബ്ദുളിനെ കണ്ടതും ബാബ പറഞ്ഞു. എന്റെ കാക്ക വന്നു.. അബ്ദുള്‍ പിന്നീടു ബാബയ്‌ക്കൊപ്പമായിരുന്നു. വഴി വൃത്തിയാക്കിയും പള്ളി കഴുകിയും വിളക്കുകള്‍ തെളിയിച്ചും ബാബയുടെ വസ്ത്രങ്ങള്‍ കഴുകിയും വെള്ളം ശേഖരിച്ചം അര്‍പ്പിതമനസ്‌കനായി. അബ്ദുളിനെക്കൊണ്ട് ബാബ ഖുര്‍ ആന്‍ വായിപ്പിക്കും. അവന്‍ ബാബയുടെ മൊഴികള്‍ നോട്ടുബുക്കില്‍ കുറിച്ചുവെക്കും.
ബാബയുടെ സമാധിക്കു ശേഷം അബ്ദുള്‍ ബാബ സമാധി മന്ദിരത്തിനു മുകളിലെ മുറിയിലേക്കു മാറി. എന്നും സമാധിയില്‍ പൂക്കള്‍ കൊണ്ടര്‍ച്ചിച്ചു. ഇന്നും ദര്‍ഗയില്‍ ബാബയുടെ കുടുംബാംഗങ്ങള്‍ ബാബയുടെ സമാധിയില്‍ പൂക്കള്‍ അര്‍ച്ചിക്കാന്‍ എത്തുന്നു.
അബ്ദുള്‍ ബാബ ഔലിയയുടെ ദര്‍ഗയില്‍ എരിയുന്ന ചന്ദനത്തിരിപ്പുകയുടെ വലയത്തില്‍ ഞാന്‍ നിന്നു. നെറ്റിയില്‍ നിസ്‌കാരത്തഴമ്പുള്ള മുസ്ലിം യുവാക്കള്‍ മന്ദഹാസപൂര്‍വം കൈയിലുള്ള മയില്‍പ്പീലി കൊണ്ട് എന്റെ ശിരസ്സില്‍ തലോടി. ആ മൃദുസ്പര്‍ശത്തില്‍ മറ്റൊരു ലോകത്തെത്തിയതു പോലെ. സ്‌നേഹം മാത്രം വിളയുകയും വാസനിക്കുകയും ചെയ്യുന്ന ലോകം.
പിന്നെയും കുറെ നേരം ഞാന്‍ ആ മന്ദിരത്തിനു ചുറ്റും അങ്ങിനെ നടന്നു. നിര്‍ബന്ധങ്ങളോ നിബന്ധനകളോ ഇല്ലാതെ എല്ലാ മതക്കാരും ഭേദങ്ങളില്ലാതെ ലയിച്ചു ചേര്‍ന്നൊഴുകുന്ന പുഴ പോലെ അവിടം. ശനീശ്വരനും ഗണപതിക്കും മുമ്പില്‍ വിളക്കു വെച്ചു വണങ്ങുന്നതിനടുത്തു തന്നെ പള്ളിയും ബാങ്കും ഖുര്‍-ആന്‍ പാരായണവും. ഇന്ത്യക്കും ലോകത്തിനും ഇന്നേറ്റവും ആവശ്യമുള്ള ദര്‍ശനം ഷിര്‍ദ്ദിയിലെ മന്ദിരത്തിലുള്ളതായി എനിക്കു തോന്നി.
രാത്രി, ഹോട്ടല്‍ മുറിയില്‍ എന്തൊക്കെയോ സന്ദേഹങ്ങളും ചിന്തകളുമായി കിടക്കവേ, ഒരു ഫോണ്‍. റിസപ്ഷനില്‍ നിന്നാണ്. കാണാന്‍ ഒരാള്‍ വന്നിരിക്കുന്നു. ഞാനിവിടെ വന്നത് ആരും അറിയില്ല. എന്നിട്ടും..
ആരാണ്? ഞാന്‍ ചോദിച്ചു.
അയല്‍വാസിയാണെന്ന് പറയുന്നു. ഞാന്‍ വീണ്ടും വിസ്മയിച്ചു. വരാന്‍ പറഞ്ഞു. എന്റെ അയല്‍വാസിയും പരിചയക്കാരനുമായ ഒരു സായിഭക്തനും മറ്റു രണ്ടു ജടാധാരികളും ചേര്‍ന്നാണ് മുറിയിലേക്കു വന്നത്. വന്നയുടനെ അവര്‍ തിളങ്ങുന്ന ഒരു പട്ട് എനിക്കു തന്നു. എന്നിട്ട് പറഞ്ഞു: ഇന്ന് ബാബയെ പുതപ്പിച്ച പട്ടാണ്. തിരുവനന്തപുരത്തു കൊണ്ടു വന്നു തരണമെന്നു കരുതിയതാണ്. അപ്പോഴാണ് ഇവിടെയുണ്ടെന്ന് അറിഞ്ഞത്. സായി റാം..
ഞാനതു ശിരസ്സു നമിച്ചു വാങ്ങി. സംസാരിച്ചിരിക്കുന്ന കൂട്ടത്തില്‍ ഒരാള്‍ ചോദിച്ചു. ദ്വാരകാമയിയില്‍പ്പോയോ..?
ഇല്ല.. ഞാന്‍ പറഞ്ഞു.
പോവണം.. രാത്രിയാണ് ചെന്നിരിക്കേണ്ടത്..
അവരുടെ നിര്‍ദ്ദേശപ്രകാരം രാത്രി പതിനൊന്നു മണിയോടെ ഞാന്‍ സമാധി മന്ദിരത്തിന്റെ കവാടത്തിനരികെയുള്ള ദ്വാരകാമയിയില്‍ ചെന്നു. ബാബ വസിച്ചിരുന്ന സ്ഥലമാണത്. ഇവിടെ വെച്ച് അദ്ദേഹം ആളുകളുമായി സംസാരിച്ചു. അവരുടെ സങ്കടങ്ങള്‍ കേട്ടു. രോഗങ്ങള്‍ ഭേദമാക്കി. ബാബയുടെ വരവിനു മുമ്പ് ഇതൊരു പള്ളിയായിരുന്നു. ദൈവം ഒന്നാണ് എന്നു പറഞ്ഞ് ബാബ അതിനെ ദ്വാരകാമയിയാക്കി.
പ്രത്യേകമായി കെട്ടിയുണ്ടാക്കിയ ദ്വാരകാമയിയില്‍ ഞാന്‍ ആ കറുത്ത കല്ല് നേരില്‍ കണ്ടു. എത്രയോ കാലമായി ചിത്രങ്ങളിലൂടെ ഞാന്‍ കണ്ടു പരിചയിച്ച ബാബ ഇരുന്ന ശില. ആളുകള്‍ നമസ്‌കരിച്ചു നമസ്‌കരിച്ച് അതു തേഞ്ഞിരിക്കുന്നു. ഞാനും ഒരു നിമിഷം ആ ശിലയില്‍ ശിരസ്സു കൊണ്ട് സ്പര്‍ശിച്ചു. എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പ് ഏതോ ചുമരില്‍ ബാബയുടെ ചിത്രം ആദ്യമായി കണ്ടപ്പോള്‍ ഞാനറിഞ്ഞുവോ വിദൂരഭാവിയില്‍ ഒരു പാതിരാത്രി ഞാനാ ശിലയില്‍ മിഴിയടച്ച് ശിരസ്സു ചേര്‍ക്കുമെന്ന്! വീണ്ടും വീണ്ടും ഞാന്‍ ജീവിതത്തിന്റെ വിസ്മയങ്ങളില്‍ വിശ്വസിച്ചു പോകുന്നു, വിനീതനാവുന്നു.
ഒരു മണിക്കൂറോളം ദ്വാരകാമയിയുടെ തണുത്ത നിലത്ത് ഞാന്‍ ധ്യാനിച്ചിരുന്നു. ആരുമറിയാതെ. ആരുമാണെന്ന തോന്നലില്ലാതെ. അപ്പോള്‍ അഹം എന്നത് അലിഞ്ഞു പോകുന്നത് ഞാനറിഞ്ഞു.
ഒരു മണിയോടെ മുറിയിലേക്കു മടങ്ങുമ്പോഴും ക്ഷേത്രനഗരം ഉറങ്ങിയിരുന്നില്ല. തലങ്ങും വിലങ്ങും തിരക്കു പിടിച്ചോടുന്ന ഭക്തരും വാഹനങ്ങളും. അടുത്ത പുലര്‍ച്ചയിലെ ദര്‍ശനത്തിനുള്ള ക്യൂവില്‍ കയറിപ്പറ്റാനുള്ള തത്രപ്പാടാണ് എന്ന് കൂടെയുള്ളവര്‍ പറഞ്ഞു. വിശ്വാസത്തിന്റെ ദൃഢത! അതവരെ അനുഗ്രഹിക്കട്ടെ. ദുഖങ്ങള്‍ ശമിപ്പിക്കട്ടെ..
പുലര്‍ച്ചെ ഞാന്‍ ഷിര്‍ദ്ദിയോടു വിടപറഞ്ഞു. മടക്കയാത്രയില്‍ മനസ്സില്‍ മുഴുവന്‍ ഒരേയൊരു ചോദ്യമായിരുന്നു. എന്താണ് ഷിര്‍ദ്ദി പഠിപ്പിച്ചത്? എനിക്ക് സ്വയം ഒരുത്തരം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ ബാബ പറഞ്ഞ ഒരു വാചകത്തില്‍ ഞാന്‍ അഭയം കണ്ടെത്തി.
'സബ് കാ മാലിക് ഏക്...'
അദ്ദേഹം എപ്പോഴും മന്ത്രിക്കാറുള്ളത് ഞാനും മന്ത്രിച്ചു.
അല്ലാഹ് മാലിക്ക്.., അല്ലാഹ് മാലിക്ക്..
