goodnews head

വിശക്കുന്നവര്‍ക്ക് അന്നംതേടി സുരേഷ്‌കുമാര്‍

Posted on: 24 Mar 2008


കണ്ണൂര്‍: പ്ലാസ്റ്റിക്ഷീറ്റ് വിരിച്ച ചെറിയൊരു ഇരുമ്പുമേശ. അതിനപ്പുറം വെളുത്ത ഷര്‍ട്ടും മുണ്ടും ധരിച്ച ഒരു കുറിയ കണ്ണടക്കാരന്‍. പ്ലാസ്റ്റിക് ഷീറ്റിനടിയില്‍ ദാരിദ്ര്യത്തിന്റെ വാര്‍ത്തകളടങ്ങുന്ന പത്രക്കടലാസ് കഷണങ്ങള്‍, മേശയുടെ ചുവട്ടില്‍ ഒരു ഭാണ്ഡംപോലെ പോളിത്തീന്‍ കൂടുകള്‍.

സി.പി.സുരേഷ്‌കുമാര്‍ എന്ന 51 കാരന്‍ ഭക്ഷണം ചോദിക്കുകയാണ്; ഉറക്കെയല്ല, നിശ്ശബ്ദമായി. വ്യാകരണക്കുഴപ്പങ്ങള്‍നിറഞ്ഞ ഒരു നോട്ടീസിന്റെ സഹായത്തോടെ ഭക്ഷണംചോദിക്കുന്നത് സുരേഷ്‌കുമാറിന്റെ വിശപ്പടക്കാനല്ല. ആരും കാണാതെ പോകുന്ന കുറെയേറെ വിശന്നവയറുകള്‍ക്കായി. കണ്ണൂര്‍ താലൂക്കോഫീസിന് സമീപം രാവിലെ 11 മണി മുതല്‍ സുരേഷ് വിശക്കുന്നവര്‍ക്കുള്ള അന്നംതേടി വഴയിലേക്ക് കണ്ണുനട്ടിരിക്കുന്നു.

പടന്നപ്പാലം ചിറമ്മല്‍ സുരേഷ്‌കുമാര്‍ അശരണര്‍ക്ക് അഭയവും ഭക്ഷണവും നല്‍കാന്‍മാത്രം ധനികനല്ല. ജീവിതമാര്‍ഗമായിരുന്ന ചെറുകച്ചവടം പൊളിഞ്ഞ് നിത്യവൃത്തിക്ക് വഴിയോരക്കച്ചവടം ചെയ്യുന്നയാളാണ്. ഭാര്യയും പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികളായ രണ്ടുകുട്ടികളുമടങ്ങുന്ന കുടുംബം പുലര്‍ത്താന്‍ വഴിയോരക്കച്ചവടം ഒട്ടും പര്യാപ്തമല്ല. വിശപ്പിന്റെ തീക്ഷ്ണത നന്നായി അറിയുന്നതുകൊണ്ടാണ് ഇത്തരമൊരു ഉദ്യമത്തിനിറങ്ങിയതെന്ന് സുരേഷ് പറയുന്നു.

ഫിബ്രവരി മുതലാണ് സുരേഷ് അന്നദാനത്തിനായി വഴിയരികില്‍ അഭ്യര്‍ത്ഥനയുമായി പ്രത്യക്ഷനായത്. ഒരുനേരംപോലും ഭക്ഷണംകിട്ടാതെ കഴിയുന്നവര്‍ തെരുവില്‍മാത്രമല്ല പല വീടുകളിലുമുണ്ടെന്നസത്യം തന്നെ സേവനത്തിന് കൂടുതല്‍ പ്രചോദിപ്പിച്ചെന്ന് സുരേഷ്.

വീട്ടിലുണ്ടാക്കുന്നഭക്ഷണം മിച്ചമായാല്‍ അത് ഒരാള്‍ക്കെങ്കിലും കഴിക്കാനുള്ളതുണ്ടെങ്കില്‍ വൃത്തിയായി പൊതിഞ്ഞെടുത്ത് ഇവിടെയെത്തിക്കാം. ഒപ്പം ഒരിലയും വേണം. ഭക്ഷണം അതുകൊണ്ടുവരുന്നവര്‍ക്കും കഴിക്കാന്‍ പറ്റുന്നതായിരിക്കണം എന്നുമാത്രമേ സുരേഷിന് നിര്‍ബന്ധമുള്ളു. മോശമായഭക്ഷണമാണ് 'ദാനം ചെയ്യുന്നതെങ്കില്‍' അത് വാങ്ങുകയില്ലെന്ന് ഇദ്ദേഹം പറയുന്നു. ഭക്ഷണം കൊണ്ടുവരുന്നവരെക്കൊണ്ട് 'സാമ്പിള്‍ ടെസ്റ്റ്' നടത്താന്‍ മേശപ്പുറത്ത് ഒരു ഗ്ലാസും കരണ്ടിയും സദാ തയ്യാറായിരിപ്പുണ്ട്!

ഉച്ചനേരമാവുമ്പോള്‍ സുരേഷിന്റെ പക്കല്‍ ഭക്ഷണമുണ്ടെന്നറിഞ്ഞ് എത്തുന്നവര്‍ക്ക് വയറുനിറയെ കഴിച്ച് തിരികെപോകാം. അതിന് കക്ഷിഭേദമില്ല. വിശപ്പുമാത്രമാണ് എതിര്‍കക്ഷി. ഭക്ഷണം ബാക്കിവന്നാല്‍ ആളുകളെ തേടിപ്പിടിച്ച് അതുകൊടുത്ത് ഒരു ദിവസത്തെ ദൗത്യം സുരേഷ് പൂര്‍ത്തിയാക്കുന്നു. ദിവസവും ഇരുപത്തഞ്ചോളം പേര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ താന്‍ നിമിത്തമാകുന്നുണ്ടെന്ന് ഇദ്ദേഹം പറയുന്നു. വീടുകളിലെ മാത്രമല്ല സദ്യകളില്‍ മിച്ചമാകുന്ന ഭക്ഷണവും സുരേഷിന്റെ കൈകളിലൂടെ വിശക്കുന്നവന്റെ കൈകളിലെത്തുന്നു.

വി.സി.പ്രദീപ്കുമാര്‍


 

 




MathrubhumiMatrimonial