
മുല്ലപ്പൂമണം പേറി ഇവരുടെ അക്ഷര വഴികള്‍
Posted on: 28 Oct 2007

സിഗ്നലില്‍ പച്ചവെളിച്ചം കാത്തുകിടക്കുന്നവര്‍ക്കും കടകളിലെത്തുന്നവര്‍ക്കുമൊക്കെ പരിചിതരാണ് മുല്ലപ്പൂ വില്‍ക്കാനെത്തുന്ന കുട്ടികള്‍. സ്‌നേഹത്തോടെയും സഹതാപത്തോടെയും ചിലര്‍ പൂ വാങ്ങും. ഇവര്‍ക്കു നേരെ മുഖം തിരിക്കുന്നവരും ഏറെ. എന്നാല്‍ അവഗണിക്കുന്നവര്‍ കരുതുന്നുണ്ടാവില്ല ഈ പൂ വിറ്റു കിട്ടുന്ന കാശുകൊണ്ടാണ് ഇവര്‍ പഠിക്കുന്നതെന്ന്.
സ്‌കൂള്‍വിട്ടുവന്നശേഷം അഞ്ചരയോടെ സിഗ്നലിനടുത്തുള്ള നാലുവഴികളിലും കുട്ടിക്കച്ചടവക്കാര്‍ സംഘങ്ങളായെത്തും. അമ്മമാര്‍ കെട്ടിവെയ്ക്കുന്ന മുല്ലപ്പൂമാല പ്ലാസ്റ്റിക് കൊട്ടയിലാക്കി വില്‍പനയ്‌ക്കെത്തുന്നത് പത്തും പന്ത്രണ്ടും വയസ്സുള്ള പതിനഞ്ചോളം കുട്ടികളാണ്. പഠനച്ചെലവിനൊപ്പം കുടുംബം നോക്കാന്‍കൂടി കച്ചവടം ചെയ്യേണ്ട അവസ്ഥയാണെങ്കിലും കുട്ടിത്തത്തിന്റെ കളിചിരികളില്‍ ആര്‍ത്തുല്ലസിച്ചാണ് ഇവരുടെ വൈകുന്നേരങ്ങള്‍. പൂക്കച്ചവടവും ഉഷാര്‍ തന്നെ. സ്‌കൂള്‍ വിട്ടുവന്ന് യൂണിഫോം മാറ്റി ഉടനെ വീട്ടില്‍നിന്നിറങ്ങും. മൂന്നുമണിക്കൂര്‍ കച്ചോടം ചെയ്യണം. എന്നാലേ അരക്കിലോ പൂ വില്‍ക്കാന്‍ പറ്റൂ -സിഗ്നലിന്റെ ഓരത്തുനിന്ന് ഗോപി പറയുന്നു. പാലക്കാട് സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളില്‍ ഏഴാം ക്ലാസിലാണ് ഗോപി പഠിക്കുന്നത്. ഒപ്പമുള്ള ബാലകൃഷ്ണനും മണികണ്ഠനും വിഘ്‌നേഷും സുരേഷും ശിവനുമൊക്കെ ഇതേ സ്‌കൂളിലാണ്.
പൂ വില്‍ക്കാന്‍ ഇറങ്ങുന്നതുകൊണ്ട് ഒന്നിനും സമയമുണ്ടാവില്ല. പ്രോജക്ട് തീര്‍ക്കാന്‍തന്നെ രാത്രി 12 വരെ ഇരിക്കണം. ഹോംവര്‍ക്കും പഠിത്തവുമൊക്കെ രാവിലെ നാലര മുതല്‍ ആറുവരെ മാത്രം -പി.എം.ജി. സ്‌കൂളിലെ പത്താം ക്ലാസുകാരന്‍ കാര്‍ത്തിക്. ചേട്ടന്‍ പറയുന്നത് നോക്കി നില്‍ക്കുകയാണ് ബാലകൃഷ്ണന്‍. കൈയില്‍ നീരുള്ളതുകൊണ്ട് ബാലുവിന്റെ പൂ കൂടി ചേട്ടനാണ് വില്‍ക്കുന്നത്.
പൂവാങ്ങുമോ എന്ന് ചോദിച്ച് കാറിന്റെ ഉള്ളിലേക്ക് കൈ നീട്ടിയതാ, കാറിന്റെ പിന്നിലിരുന്ന ചേച്ചി കണ്ണാടിച്ചില്ല് ഉയര്‍ത്തിയപ്പോള്‍ കൈ ഇടയില്‍പ്പെട്ടു. അവര് പൂവാങ്ങീലാ ' കൈ നീരുവന്നതിന് കാരണമാണ് ബാലു പറഞ്ഞത്. കാറിന്റെ ചില്ലിനിടയില്‍ കൈപെടുന്നതും സ്‌കൂട്ടറിടിക്കാതെ രക്ഷപ്പെടുന്നതുമൊക്കെ ഇവരുടെ കച്ചവടത്തിന്റെ ഭാഗമാണ്. മൂന്നുമുഴം 10 രൂപയെന്നു വിളിച്ച് പിന്നാലെ നടന്നാലും ചിലര്‍ വാങ്ങില്ല. മറ്റു ചിലര്‍ വിലയും കാര്യവും ചോദിച്ച് വേണ്ടെന്ന് പറയും. കുറെ കെഞ്ചുമ്പോള്‍ പൂവാങ്ങുന്നവരാണ് മിക്കവരും.
പൂവില്‍പനയില്‍ മിടുക്കന്‍ ഗോപിയും പത്ത് വയസ്സുകാരന്‍ വിഘ്‌നേഷുമാണെന്ന് കൂട്ടുകാര്‍ പറയുന്നു. ഒരാളുടെ പൂക്കൊട്ട കാലിയായാല്‍ കൂട്ടുകാരന്റെ പൂ വിറ്റുതീര്‍ക്കാന്‍ കൂടി സഹായിക്കണമെന്നത് ഇവര്‍ക്കിടയിലെ ചട്ടമാണ്. എന്നിട്ടും പൂ ബാക്കിയായാല്‍ സിഗ്നലിനടുത്തുള്ള കോവിലിലെ സ്വാമിക്ക് ചാര്‍ത്തും.
പരീക്ഷക്കാലത്തെ കച്ചവടമാണ് ഏറ്റവും കഷ്ടം. 'പരീക്ഷാ ടൈമില്‍ കുറച്ച് പൂ മാത്രമേ വില്‍ക്കാന്‍ പറ്റൂ. കഷ്ടമുള്ള പരീക്ഷയാണെങ്കില്‍ പൂ വില്‍ക്കലും പഠിത്തവും ഒക്കെ കുളമാകും' -ഇവര്‍ പറയുന്നു. ഗോപിക്കും വിഘ്‌നേഷിനും കാര്‍ത്തിക്കിനുമൊക്കെ ഓണപ്പരീക്ഷയ്ക്ക് ബി ഗ്രേഡ് ഉണ്ട്.
'എന്റെ ക്ലാസില്‍ പഠിപ്പിക്കുന്ന സിസ്റ്റര്‍ റീത്തയ്ക്കും സ്റ്റെല്ല മിസ്സിനും കുട്ടുകാര്‍ക്കുമൊക്കെ ഞാന്‍ പൂ വില്‍ക്കുന്നതറിയാം. മാര്‍ക്കുകുറഞ്ഞാല്‍ മാത്രം ടീച്ചറ് ചീത്ത പറയും' -ഗോപി പറയുന്നു. സംസാരത്തിനൊപ്പം കാശ് എണ്ണുകയാണ് ഗോപി. കിട്ടുന്നതില്‍ പകുതി അമ്മയുടെ കൈയില്‍ കൊടുക്കും. ബാക്കി ഹുണ്ടികയിലിടും.
പൂ വില്‍ക്കുന്നതിനിടെ കുറേ സ്ഥിരം കസ്റ്റമേഴ്‌സും ഇവര്‍ക്കുണ്ട്. പോലീസുകാരും സിഗ്നലിന് ചുറ്റുവട്ടത്തെ കടക്കാരുമാണത്. വൈകീട്ട് പൂ വില്‍പനയ്ക്ക് പുറമെ ഓട്ടോ കഴുകിക്കൊടുക്കലാണ് ഇവരുടെ മറ്റൊരു വരുമാന മാര്‍ഗം. ഒരു ഓട്ടോ കഴുകിയാല്‍ പത്തുരൂപ കിട്ടും. രാവിലെ എണീറ്റു പോണം. ഞങ്ങളെല്ലാവരും രണ്ട് ഓട്ടോ കഴുകിക്കൊടുക്കും. ആ പൈസ അമ്മയ്ക്ക് കൊടുക്കുമെന്ന് ബാലു പറഞ്ഞു തീരുമ്പോള്‍ രാത്രി 9 മണി.
സിഗ്നലുകള്‍ ഉറക്കത്തിലാണ്. നഗരത്തിന്റെ ബഹളം കുറയുമ്പോള്‍ പൂ വില്‍പന നിര്‍ത്തി കാമാക്ഷിയമ്മന്‍ തെരുവിലെ വീടുകളിലേക്ക് മടങ്ങുകയാണ് കൊച്ചു കച്ചവടക്കാര്‍.
