Kalpathi2009_Head

യുവനാദങ്ങളുടെ രാഗപ്രവാഹം

Posted on: 11 Nov 2009


More Photos

കല്പാത്തി: മാതൃഭൂമികല്പാത്തി സംഗീതോത്സവവേദിയുടെ മൂന്നാംനാള്‍ യുവനാദങ്ങളുടെ രാഗപ്രവാഹത്തില്‍ ഗംഭീരമായി.സന്ധ്യയ്ക്ക് ഏഴിന് പാലക്കാട് രഘുവിന്റെ പേരക്കുട്ടി അഭിഷേക് രഘുറാം അപൂര്‍വരാഗങ്ങള്‍ കൊരുത്ത ഗാനഹാരം മുത്തച്ഛന്റെ സ്മരണയ്ക്കുമുന്നിലര്‍പ്പിച്ചപ്പോള്‍ മൃദംഗത്തില്‍ പിന്തുണയുമായി സഹോദരന്‍ ആനന്ദ് അരങ്ങ് കൊഴുപ്പിച്ചു. വയലിനില്‍ ആത്മവിശ്വാസമാര്‍ന്ന നാദങ്ങളൊരുക്കിയ അക്കരൈസുബ്ബലക്ഷ്മിക്കും ഉടുപ്പി ശ്രീകാന്തിനും (ഗഞ്ചിറ) കച്ചേരി വിജയമാക്കിയതില്‍ പ്രധാനപങ്കുണ്ട്.

ശങ്കരാഭരണംരാഗത്തിലെ അടതാളവര്‍ണം ചലമേലറാ... എന്ന കൃതിയോടെയാണ് അഭിഷേക് രഘുറാമിന്റെ കച്ചേരിക്ക് തുടക്കമായത്. വൈകുന്നേരംവരെ പെയ്ത മഴ മാറിനിന്നതോടെ 'കല്പാത്തിക്കാരന്റെ' കച്ചേരികേള്‍ക്കാന്‍ സദസ്സ് നിറഞ്ഞു.


ശ്യാമാശാസ്ത്രിദിനമായ ചൊവ്വാഴ്ച ശ്യാമാശാസ്ത്രികളുടെ പാലിംച്‌സു കാമാക്ഷീ പാവനി...പാപശമനീ എന്ന കീര്‍ത്തനമാണ് മധ്യമാവതിരാഗത്തിന്റെ ഭാവവിന്യാസത്തോടെ പ്രധാനകീര്‍ത്തനമായി അവതരിപ്പിച്ചത്. മിഴിവാര്‍ന്ന ഭാവത്തില്‍ മധ്യമാവതിരാഗം വിസ്തരിച്ചതും നിരവലും സ്വരപ്രസ്താരവും മനോധര്‍മ പ്രകടനങ്ങളുമെല്ലാം സദസ്സിന് ഏറെ ബോധിച്ചു.

ശ്യാമാശാസ്ത്രികളുടെ പരശ്‌രാഗത്തിലെ നീലായദാക്ഷി..., ദര്‍ബാര്‍രാഗത്തിലെ ത്യാഗരാജകൃതി എന്തുണ്ടിവെഡാ... തുടങ്ങിയവയുടെ ആലാപനവും ഏറെ ശ്രദ്ധനേടി. മലയമാരുതരാഗത്തില്‍ മനസായടുലോ... എന്നകൃതി അഭിഷേകിന്റെ ശ്രുതിശുദ്ധവും ആത്മവിശ്വാസം തുളുമ്പുന്നതുമായ ശൈലിയില്‍ ഏറെ ഹൃദ്യമായി. ആനന്ദഭൈരവി, നാഗാനന്ദിനി തുടങ്ങിയ രാഗങ്ങളും അവയുടെ രാഗവിസ്താരവും ഗായകന് കയ്യടി നേടിക്കൊടുക്കുകയും ചെയ്തു.

രാഗരത്‌നം യുവവിജയി എന്‍.ജെ. നന്ദിനിയുടേതായിരുന്നു ചൊവ്വാഴ്ചത്തെ ആദ്യകച്ചേരി. നന്ദിനിയുടെ ഉന്മേഷദായകമായ സ്വരവും ആലാപന ശൈലിയും സദസ്സ് അഭിനന്ദനപൂര്‍വം സ്വീകരിച്ചു. സാവേരിരാഗത്തില്‍ ശ്യാമാശാസ്ത്രികളുടെ ദുരുസുക... എന്നകീര്‍ത്തനമാണ് പ്രധാന ഇനമായി നന്ദിനി വേദിയിലവതരിപ്പിച്ചത്.

മാഞ്ഞൂര്‍ രഞ്ജിത്ത് (വയലിന്‍), ചേര്‍ത്തല ജി. കൃഷ്‌നകുമാര്‍ (മൃദംഗം), ഇ.എം. ദീപു (ഘടം), കലാമണ്ഡലം ഷൈജു (മുഖര്‍ശംഖ്) എന്നിവര്‍ പക്കമേളമൊരുക്കി.

 




MathrubhumiMatrimonial