goodnews head

'സ്നേഹ'ത്തിന്റെ തണലൊരുക്കി സിന്ധു

Posted on: 17 Mar 2008


ഏത് സന്ദര്‍ഭത്തിലും നമ്മുടെ പ്രശ്‌നങ്ങള്‍ തുറന്നുപറയാന്‍ പറ്റുന്ന ഒരു നല്ല സുഹൃത്ത് - എല്ലാവരുടെയും ആഗ്രഹമാണിത്. ആരോഗ്യ പ്രശ്‌നങ്ങളാണെങ്കിലോ...? അത് പറഞ്ഞുതരാന്‍ പറ്റിയ ആള്‍ തന്നെ വേണം. സ്ത്രീകളുടെ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചുള്ള സംശയങ്ങള്‍ അകറ്റാന്‍ എറണാകുളം ജനറല്‍ ആസ്​പത്രിയില്‍ 'സ്നേഹ' ഉണ്ട്.

എറണാകുളം ജനറല്‍ ആസ്​പത്രിയില്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ സഹകരണത്തോടെ ആരംഭിച്ച കൗണ്‍സലിങ് സെന്ററാണ് 'സ്നേഹ'. ഗര്‍ഭിണികളാണ് സ്‌നേഹയിലെ സന്ദര്‍ശകരിലേറെയും. ഇവരുടെ പ്രശ്‌നങ്ങള്‍ക്കും സംശയങ്ങള്‍ക്കും കാതോര്‍ക്കാന്‍ സിന്ധു ബാലഗോപാല്‍ ഉണ്ട്. സിന്ധു പത്ത് വര്‍ഷമായി ഈ മേഖലയില്‍ ജോലിചെയ്യുന്നു. എയ്ഡ്‌സ് ബോധവത്കരണവും നല്‍കുന്നു. ഇതിന് വേണ്ടുന്ന രക്തപരിശോധനകളും ചെയ്യുന്നു. ഗൈനക്കോളജി പരിശോധനാ മുറിയോടു ചേര്‍ന്നാണ് ഈ കൗണ്‍സലിങ് സെന്ററും. അതിനാല്‍ ഗര്‍ഭിണികള്‍ സ്‌നേഹയില്‍ കയറാതെ പോകില്ല. ഗര്‍ഭിണികളുടെ പ്രശ്‌നങ്ങള്‍ക്ക് കാതോര്‍ക്കാനുള്ള സന്നദ്ധതയാണ് 'സ്‌നേഹ'യുടെ വിജയം.

'ഗര്‍ഭിണികള്‍ക്ക് എന്തുവേണമെങ്കിലും ചോദിക്കാം' -സിന്ധു പറയുന്നു. കൂടുതല്‍ സംശയങ്ങള്‍ ചോദിക്കേണ്ടവര്‍ ഉച്ചയ്ക്ക് രണ്ടിന് ഒ.പി. സമയം കഴിഞ്ഞ് സിന്ധുവിനെ കാണാനെത്തും. എന്നും വൈകീട്ട് നാലു വരെ സ്‌നേഹയില്‍ ആളുണ്ടാകും.

എയ്ഡ്‌സ് സംബന്ധമായ വിവരങ്ങള്‍ ഗര്‍ഭിണികള്‍ക്ക് നല്‍കുകയാണ് 'സ്‌നേഹ' കൗണ്‍സലിങ് സെന്ററിന്റെ സുപ്രധാന സേവനം. ആദ്യമായി ഗൈനക്കോളജി ഡോക്ടറെ കാണാന്‍ എത്തുമ്പോള്‍ സ്‌നേഹയില്‍ നിന്ന് എയ്ഡ്‌സ് പരിശോധനയുടെ കാര്യങ്ങളും പറയും. എവിടെയാണെങ്കിലും ഇത് എല്ലാ ഗര്‍ഭിണികളും നിര്‍ബന്ധമായി ചെയ്യണം. 'ഇതൊന്നും ഞങ്ങളെ ബാധിക്കില്ലെന്ന മട്ടിലാണ് ആദ്യം എയ്ഡ്‌സിനെക്കുറിച്ച് പറയുമ്പോള്‍ ഇവര്‍ കേള്‍ക്കുന്നത്. എന്നാല്‍ പരിശോധന കഴിഞ്ഞ് അസുഖം ഉണ്ടെന്ന് അറിഞ്ഞാലോ ഒരു ഞെട്ടലായിരിക്കും. ഇനി എന്ത്? എന്നൊരു ചോദ്യമായിരിക്കും എല്ലാവര്‍ക്കും. പ്രതിവര്‍ഷം ഗര്‍ഭിണികളില്‍ രണ്ടോ മൂന്നോ എയ്ഡ്‌സ് രോഗികള്‍ ഉണ്ടാകും. മറ്റ് അസുഖങ്ങള്‍ പോലെയല്ല ഇത്. ഇതിന്റെ ഭവിഷ്യത്തുകള്‍ വ്യക്തമായി പറഞ്ഞ് മനസ്സിലാക്കണം. കുട്ടിക്ക് അസുഖം വരാതിരിക്കാന്‍ മുന്‍കരുതലുകളെടുക്കണം. പ്രസവസമയത്തും അതിനുശേഷവും വീട്ടിലും പ്രത്യേക മുന്‍കരുതല്‍ വേണം'. അങ്ങനെ കടമ്പകള്‍ ഏറെയുണ്ടെന്ന് സിന്ധു പറയുന്നു. ഓരോ കാര്യവും പറഞ്ഞ് മനസ്സിലാക്കുകയാണ് പ്രയാസം. ഇത്തരത്തിലുള്ളവരെ ആസ്​പത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ സ്നേഹയുടെ പ്രവര്‍ത്തകര്‍ സഹായത്തിനുണ്ടാകും. ഇപ്പോള്‍ ഗര്‍ഭിണികള്‍ക്കു മാത്രമല്ല, ആര്‍ക്ക് വേണമെങ്കിലും സ്‌നേഹയില്‍ പരിശോധനയ്ക്ക് എത്താം. എന്ത് സഹായം ചോദിച്ച് എത്തുന്നവര്‍ക്കായാലും സ്‌നേഹ കൗണ്‍സലിങ് സെന്ററില്‍ നിന്ന് അനുകൂലമായ മറുപടി പ്രതീക്ഷിക്കാം.

ബീബ ബോബന്‍


 

 




MathrubhumiMatrimonial