
പ്രൗഢസദസ്സിനെ പുളകമണിയിച്ച് ഹൈദരാബാദ് സഹോദരിമാര്‍
Posted on: 09 Nov 2009

കല്പാത്തി: ഭാവസമ്പുഷ്ടവും പ്രസന്നവുമായ ആലാപനത്തിലൂടെ സദസ്സിനെ അലിയിച്ചെടുത്ത ഹൈദരാബാദ് സഹോദരിമാരായ ലളിത-ഹരിപ്രിയമാര്‍ മാതൃഭൂമി-കല്പാത്തി സംഗീതോത്സവത്തിന്റെ ആദ്യദിനം പ്രൗഢമാക്കി.
ഹംസധ്വനിരാഗത്തിലെ ജലജാക്ഷ എന്ന അടതാളവര്‍ണത്തില്‍ തുടങ്ങിയശേഷം ഗംഭീരനാട്ടയില്‍ ചിട്ടപ്പെടുത്തിയ 'ശ്രീജാലന്ധരമാശ്രയാമ്യഹം...' ആലാപനത്തിലെ ആഴവും പരപ്പുംകൊണ്ട് ആസ്വാദകമനസ്സുകളെ വിസ്മയിപ്പിച്ചു. ചരണത്തില്‍ രാഗമുദ്രതെളിയിച്ച് താളാത്മകമായ ചിട്ടസ്വരവും മനോധര്‍മസ്വരവുംകൊണ്ട് ഈ കൃതി ലളിത-ഹരിപ്രിയമാര്‍ ഹൃദ്യമാക്കി.
കേള്‍വിക്ക് ശീതളാനുഭവം പകരുന്നതായിരുന്നു ശ്യാമരാഗത്തിലെ 'അന്നപൂര്‍ണേ വിശാലാക്ഷീ...' എന്ന മുത്തുസ്വാമിദീക്ഷിതര്‍ കൃതി.
പൂര്‍വികല്യാണിരാഗത്തിന്റെ സൗകുമാര്യം മുഴുവന്‍ ഒപ്പിയെടുത്താണ് ലളിത-ഹരിപ്രിയമാര്‍ രാഗാലാപനം നടത്തിയത്. ശാസ്ത്രീയവും വ്യാകരണശുദ്ധവുമായ ആലാപനത്തിനൊപ്പം ട്രിവാന്‍ഡ്രം എന്‍. സമ്പത്തിന്റെ വയലിന്‍വാദനം മികച്ചുനിന്നു.
'യാരാടിനാര്‍ ഇനിയാരാടുവാര്‍...' എന്ന മോഹനരാഗത്തിലെ ദ്രുതതാളകൃതി സദസ്സിന് ഹരംപകര്‍ന്നു.
കീരവാണിരാഗത്തിന്റെ സ്വഭാവം വ്യക്തമാക്കുന്ന രാഗാലാപനത്തോടെയാണ് പ്രധാനകൃതിക്ക് ഹൈദരാബാദ് സഹോദരിമാര്‍ തുടക്കമിട്ടത്. ഹരിപ്രിയ രാഗാലാപനം ഉജ്ജ്വലമാക്കിയശേഷം ഇരുവരും ചേര്‍ന്ന് താനം ആലപിച്ചു. തുടര്‍ന്ന് ചൗകകാലകൃതിയായ 'കലിഗിയുണ്ടേ...' കീര്‍ത്തനത്തിലേക്ക് കടന്നു. നിരവലും സ്വരവും തനിയാവര്‍ത്തനവും പൂര്‍ത്തിയാക്കിയശേഷം ആലപിച്ച ചതുര്‍രാഗങ്ങള്‍ കോര്‍ത്തിണക്കിയ രാഗമാലികാശ്ലോകം സദസ്സിന് ഹരംപകര്‍ന്നു. സിന്ധുഭൈരവിരാഗത്തിലെ തില്ലാനയോടെയാണ് ത്യാഗരാജസ്വാമികള്‍ദിനത്തിന് തിരശ്ശീല വീണത്.
ട്രിവാന്‍ഡ്രം എന്‍. സമ്പത്ത് (വയലിന്‍), പാലക്കാട് കെ.ജയകൃഷ്ണന്‍ (മൃദംഗം), മാഞ്ഞൂര്‍ ഉണ്ണിക്കൃഷ്ണന്‍ (ഘടം), നേര്‍ക്കുന്നം എസ്. ശങ്കര്‍ (ഗഞ്ചിറ) എന്നിവര്‍ പിന്നണിയില്‍ പിന്തുണയേകി.
