Kalpathi2009_Head

കച്ചേരിക്ക് ഇരിക്കുമ്പോള്‍.....

Posted on: 08 Nov 2009

സുകുമാരി നരേന്ദ്രമേനോന്‍



കച്ചേരി ധര്‍മ്മം ദ്വിമുഖമാണ്. ഒന്ന് ഗായകന്‍ അനുഷ്ഠിക്കേണ്ടത്, മറ്റൊന്ന് അനുവാചകന്‍ അനുഷ്ഠിക്കേണ്ടത്. തന്റെ ബലാബലങ്ങള്‍ ഏതൊരു ഗായകനും നന്നായി വിലയിരുത്തണം. അനുവാചകര്‍ക്ക് ഏറ്റവും നല്ല അനുഭവം സൃഷ്ടിച്ചുവേണം കച്ചേരിസ്ഥലം വിട്ടുപോകാന്‍. കച്ചേരിയുടെ സ്മരണ അനുവാചകരുടെ മനസ്സില്‍ ദീര്‍ഘകാലം നിലനിര്‍ത്തുക എന്നതായിരിക്കണം ഉദ്ദേശ്യം. ആസ്വാദകര്‍ക്ക് കുറേക്കൂടി കേട്ടാല്‍ നന്നായിരുന്നു എന്ന് തോന്നുന്ന സമയം കച്ചേരി നിര്‍ത്താം.



മദിരാശിയില്‍ സംഗീതവിദ്യാര്‍ഥിനിയായിരുന്ന കാലത്ത് കര്‍ണ്ണാടക സംഗീതത്തില്‍ അതികായന്മാരായിരുന്ന ഗായകര്‍ ഒരോരുത്തരുടെയും പത്തിരുപത് കച്ചേരികളിലധികം കേള്‍ക്കാനുള്ള സന്ദര്‍ഭമുണ്ടായി. അതില്‍ നിന്നും ഉടലെടുത്ത കേള്‍വിജ്ഞാനത്തിന്റെ ഒരു ഭാഗം ഞാനറിയാതെതന്നെ എന്റെ മനസ്സില്‍ പ്രവേശിച്ചു. അവരുടേത് തുലോം വ്യത്യസ്ഥങ്ങളായ കച്ചേരിരീതികളായിരുന്നു. ഇന്നത്തെ കച്ചേരി രൂപത്തിന്റെ ഉപജ്ഞാതാവായി പറയപ്പെടുന്ന അരിയക്കുടി രാമാനുജയ്യങ്കാരുടെ മാത്രം ഇരുപതിലധികം കച്ചേരികള്‍ കേട്ടിട്ടുണ്ട്. ഒരോ കച്ചേരിക്കു പിന്നിലും ഉള്ള ഉപാസനയുടെയും പഠനത്തിന്റെയും അധ്വാനത്തിന്റെയും ആഴം അപ്പോഴാണ് ശരിക്കും മനസ്സിലായത്. അവയില്‍ നിന്നും പ്രചോദനം ഏറ്റുവാങ്ങിക്കൊണ്ട് സ്വന്തമായ ഒരു കച്ചേരിശൈലി രൂപപ്പെടുത്തുവാനാണ് ഞാന്‍ എളിയ രീതിയില്‍ ശ്രമിച്ചിട്ടുള്ളത്. സംഗീതക്കച്ചേരി നടത്തുന്ന ഓരോ ഗായകനും ഗായികയും സ്വന്തമായ രീതികള്‍ വികസിപ്പിച്ചെടുത്തെങ്കിലേ വിജയിക്കൂ എന്നും ഞാന്‍ വിശ്വസിക്കുന്നു. മറ്റൊരു ഗായകന്റെ രീതി അതേപടി അനുകരിച്ചവരെല്ലാം തന്നെ ഈ രംഗത്ത് ശരാശരി നിലവാരമേ പുലര്‍ത്തിയിട്ടുള്ളൂ.

അരിയക്കുടി രാമാനുജയ്യങ്കാര്‍ വികസിപ്പിച്ചെടുത്ത കച്ചേരി പദ്ധതി തികച്ചും അന്യൂനമാണെന്ന് സമ്മതിക്കേണ്ടിവരും. കച്ചേരി ആരംഭിക്കുന്നത് ഒരു വര്‍ണ്ണത്തോടുകൂടി വേണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു. ആദ്യം തന്നെ വര്‍ണ്ണം പാടിക്കഴിയുമ്പോള്‍ കണ്ഠനാളത്തിന് അയവും മിഴിവും കൈവരുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. എന്നാല്‍ നിത്യസാധകം കൊണ്ട് ശബ്ദം സദാ നിയന്ത്രണാധീനനായ ഒരു കലാകാരന് ആദ്യ ഇനമായി വര്‍ണ്ണം ആവശ്യമില്ലെന്ന് വരാം. പല ഉത്തരേന്ത്യന്‍ ഗായകരും അതിവിളംബകാലത്തിലും അതിമന്ദ്രത്തിലുമുള്ള രാഗാലാപനത്തോടെ ആണല്ലൊ കച്ചേരി ആരംഭിക്കാറുള്ളത്. അതിനാല്‍ ആദ്യ വര്‍ണ്ണത്തിന്റെ കാര്യം ഗായകന്റെ കണ്ഠസിദ്ധിക്ക് അനുസരിച്ച് വേണമെന്നോ വേണ്ടെന്നോ വെക്കാം. ഏതായാലും കച്ചേരിയുടെ ആരംഭ ഘട്ടത്തില്‍ ചടുലമായ ഏതെങ്കിലും ഇനം പാടുന്നത് ശ്രോതാക്കളെ രസിപ്പിക്കുന്നതായിട്ടാണ് അനുഭവം. അതിനാല്‍ നാട്ട, ഗംഭീരനാട്ട, ഗൗള തുടങ്ങിയ രാഗങ്ങളിലുള്ള കീര്‍ത്തനങ്ങളും ചെറുതെങ്കിലും ചടുലമായ സ്വരപ്രസ്താരങ്ങളും നന്നായിരിക്കും. കച്ചേരിയുടെ പൂര്‍വാര്‍ദ്ധത്തില്‍ത്തന്നെ പ്രധാനകൃതി അവതരിപ്പിയ്ക്കണമെന്നുള്ള ശ്രോതാക്കളുടെ പ്രതീക്ഷ പാലിക്കുക തന്നെ വേണം. അതില്‍ വിസ്തരിച്ച രാഗാലാപനവും സാഹിത്യത്തിന്റെ ഭാവപൂര്‍ണ്ണമായ വിന്യാസങ്ങളും വിശദമായ നിരവലും ബഹുമുഖമായ സ്വരപ്രസ്താരവും അത്യാവശ്യമാണ്. രാഗങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രോതാക്കളുടെ ആസ്വാദനക്ഷമത പ്രത്യേകം കണക്കിലെടുക്കേണ്ടതാണ്.

സംഗീതത്തില്‍ നല്ല ജ്ഞാനമുള്ള സദസ്സാണെങ്കില്‍ എത്രകണ്ട് ഘനരാഗമായാലും അത് ആലപിച്ച് അവരെ രസിപ്പിക്കുവാന്‍ സാധിക്കുമെന്നാണ് അനുഭവം. കുറേ കച്ചേരികള്‍ നടത്തിക്കഴിയുമ്പോള്‍ ഒറ്റ നോട്ടത്തില്‍ ശ്രോതാക്കളുടെ അഭിരുചി എങ്ങനെയോ നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കും. എങ്ങനെയെന്ന് വിശദീകരിക്കുക പ്രയാസമാണ്. കച്ചേരിയുടെ രണ്ടാം പകുതിയില്‍ വ്യത്യസ്ഥങ്ങളായ നിരവധി കൃതികളും പദങ്ങളും ജാവളികളും തില്ലാനകളും ശ്ലോകങ്ങളും വിരുത്തങ്ങളും ഭജനകളും ഒക്കെ നമ്മുടെ വാഗ്ഗേയകാരന്മാര്‍ നമുക്ക് തന്നിട്ടുണ്ട്. സാമാന്യജനങ്ങളെ കര്‍ണ്ണാടക സംഗീതത്തിലേക്ക് ആകര്‍ഷിക്കുവാന്‍ കൂടി ഇത്തരം രചനകള്‍ ഉതകുന്നു എന്നതാണനുഭവം.

കൊല്ലം ജില്ലയിലെ ഒരു ഗ്രാമീണ ക്ഷേത്രോത്സവത്തില്‍ നടത്തിയ കച്ചേരിക്കിടെ ശ്രോതാക്കളിലൊരാള്‍ എഴുന്നേറ്റുനിന്ന് 'ഗ്രഹഭേദം' ചെയ്ത് എന്തെങ്കിലും പാടുമോ എന്ന് ചോദിച്ചത് കേട്ടപ്പോള്‍ ഞാനല്പമൊന്ന് അമ്പരന്നുപോയി. 'ഗ്രഹഭേദ'മെന്ന അതിക്ലിഷ്ടമായ നാദകൈങ്കര്യം സംഗീതത്തില്‍ അഗാധജ്ഞാനമുള്ളവര്‍ക്കെ രസിക്കാറുള്ളു. ഒരു പക്ഷെ, ആ വലിയ പുരുഷാരത്തിനിടയില്‍ ഈ ചോദ്യകര്‍ത്താവിന് മാത്രമായിരിക്കും അത് രസിക്കാനുള്ള കഴിവ്. ഒരു മാന്യശ്രോതാവിന്റെ ആവശ്യപ്രകാരമാണ് എന്ന പ്രസ്താവനയോടെ 'ശങ്കര,കല്‍,ഹരി,നം' എന്ന് ചുരുക്കിപ്പറയുന്ന ശങ്കരാഭരണം, കല്യാണി, ഹരികാംബോജി, നംഭൈരവി എന്നീ രാഗങ്ങള്‍ സ്വരഭേദം ചെയ്ത് പാടേണ്ടിവന്നു.

വിദേശങ്ങളിലെ കച്ചേരികളില്‍ പല ഭാഗത്തുനിന്നും ചില പ്രത്യേക ഇനങ്ങള്‍ പാടണമെന്ന ആവശ്യം ഉയര്‍ന്നുവരാറുണ്ട്. യു.എ.ഇ.യില്‍ ഒരു ശ്രീലങ്കക്കാരന് ഗോപാലകൃഷ്ണ ഭാരതിയുടെ 'എപ്പൊ വരുവാരോ' എന്ന ജോണ്‍പുരി കീര്‍ത്തനം കേള്‍ക്കണം. ആഫ്രിക്കയില്‍ ഒരു ശ്രോതാവിന് കേള്‍ക്കേണ്ടത് പുരന്ദരദാസരുടെ 'ഭാഗ്യാതലക്ഷ്മിബാരമ്മ' ആയിരുന്നു. ലണ്ടനില്‍ ഊത്തുക്കാട് വെങ്കിടസുബ്ബയ്യരുടെ 'പുല്ലായ്പിറവിതര വേണം' എന്ന പദമാണ് ഒരു ചെറുപ്പക്കാരി ആവശ്യപ്പെട്ടത്. കേരളത്തിലെ ചില ഗ്രാമീണ ക്ഷേത്രങ്ങളില്‍ കച്ചേരിക്ക് ചെന്നടുക്കുമ്പോള്‍ കാറിന്നടുത്തുവന്ന് പലരും 'പക്കാല' പാടില്ലേ? 'നഗുമോമു'പാടില്ലേ? 'ക്ഷീരസാഗര' പാടില്ലേ എന്നൊക്കെ ചോദിക്കുന്ന അനുഭവം പലപ്പോഴും ഉണ്ടായിട്ടുണ്ട്.

കച്ചേരി ധര്‍മ്മം ദ്വിമുഖമാണ്. ഒന്ന് ഗായകന്‍ അനുഷ്ഠിക്കേണ്ടത്, മറ്റൊന്ന് അനുവാചകന്‍ അനുഷ്ഠിക്കേണ്ടത്. തന്റെ ബലാബലങ്ങള്‍ ഏതൊരു ഗായകനും നന്നായി വിലയിരുത്തണം. അനുവാചകര്‍ക്ക് ഏറ്റവും നല്ല അനുഭവം സൃഷ്ടിച്ചുവേണം കച്ചേരിസ്ഥലം വിട്ടുപോകാന്‍. കച്ചേരിയുടെ സ്മരണ അനുവാചകരുടെ മനസ്സില്‍ ദീര്‍ഘകാലം നിലനിര്‍ത്തുക എന്നതായിരിക്കണം ഉദ്ദേശ്യം. ആസ്വാദകര്‍ക്ക് കുറേക്കൂടി കേട്ടാല്‍ നന്നായിരുന്നു എന്ന് തോന്നുന്ന സമയം കച്ചേരി നിര്‍ത്താം. നല്ലപോലെ അധ്വാനിച്ച് പാടുമ്പോള്‍ത്തന്നെ അനായാസമായി പാടുന്നു എന്ന തോന്നല്‍ ഉണ്ടാക്കുംവിധം സാധകം ചെയ്ത് ശീലിക്കണം. ഏറ്റവും ഗൗരവം നിറഞ്ഞ മുഖത്തോടെ പാടരുത്. പ്രസന്നവദനനായിരിക്കണം. ഇടയ്ക്കിടെ പുഞ്ചിരിക്കുകയും വേണം. അനുവാചകരെ അലോസരപ്പെടുത്തുന്ന അംഗവിക്ഷേപങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിയ്ക്കണം.

നല്ലൊരു കച്ചേരി കലാകാരന്‍ വേദിയില്‍ പാടേണ്ട പ്രധാന ഇനങ്ങള്‍ ആദ്യമേ തന്നെ ചിന്തിച്ച് തിട്ടപ്പെടുത്തണം. ആദ്യ കൃതിയോടെ തന്നെ കേള്‍ക്കുന്നവര്‍ക്കിടയില്‍ നല്ലൊരു അന്തരീക്ഷം ഉണ്ടാക്കുന്നത് അത്യാവശ്യമാണ്. നന്നായി രസിക്കുന്ന സദസ്സ് ഗായകനോ ഗായികയേ്ക്കാ ഊര്‍ജ്ജം പകരുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്. സദസ്സില്‍ നിന്ന് ആസ്വാദനം അറിയിച്ചുകൊണ്ടുള്ള ചലനങ്ങള്‍ ഉണ്ടാകുമ്പോള്‍ ഏറ്റവും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുവാന്‍ അത് ഗായകനെ പ്രേരിപ്പിക്കുന്നു. സൃഷ്ടിപരമായ ഏതെങ്കിലും നാദവിന്യാസമോ ദുര്‍ഘടമായ സംഗതി പ്രയോഗമോ അതിതാരസ്ഥായിയില്‍ ഉള്ള ആലാപനയോ ഒക്കെ വരുമ്പോള്‍ നല്ല സദസ്സാണെങ്കില്‍ അത് ഇഷ്ടം പ്രകടിപ്പിക്കും. കൃതികളുടെ തിരഞ്ഞെടുപ്പ് പ്രധാനമാണ്. രാഗാലാപന ഒരിക്കലും അതിദീര്‍ഘമാക്കരുത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ പരമാവധി ഫലമുണ്ടാക്കുക എന്നതായിരിക്കണം ലക്ഷ്യം. എല്ലാ കൃതികളിലും കല്‍പ്പന സ്വരം പാടണമെന്നില്ല. ചൗക്കകാലകൃതികളില്‍ കല്‍പ്പനാ സ്വരങ്ങള്‍ക്ക് അധികം ഊന്നല്‍ കൊടുക്കേണ്ടതില്ല. എന്നാല്‍ മധ്യമകാലകൃതികളില്‍ ശക്തമായ രീതിയില്‍ സ്വര പ്രസ്താരം നടത്തുകയും വേണം.

ഒരു സംഗീത കച്ചേരിയില്‍ സംസ്‌കൃതത്തിലും നാല് തെന്നിന്ത്യന്‍ ഭാഷകളിലും ഉള്ള കൃതികള്‍ ഉള്‍പ്പെടുത്തുക പതിവാണ്. ഹിന്ദുസ്ഥാനി ഭജന്‍സും മറാഠി അഭംഗ്കളും ഉള്‍പ്പെടുത്താവുന്നതാണ്. വ്യത്യസ്ഥ താളങ്ങളുള്ള കീര്‍ത്തനങ്ങള്‍ തിരഞ്ഞെടുക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഏകതാനത ഒഴിവാക്കാനാണിത്. സംഗീതത്തിന്റെ വിസ്തൃതി നോക്കുമ്പോള്‍ എത്രയെത്ര വിഭിന്നതരം കൃതികളാണ് നമ്മുടെ മുന്നിലുള്ളത്? വൈവിധ്യമേറിയ കീര്‍ത്തന ങ്ങള്‍ക്കുപുറമെ രാഗമാലിക, പദം, ജാവളി, തില്ലാന, അഷ്ടപദി, തരംഗം, ശ്ലോകം, പദ്യം, വിരുത്തം, ഭജന്‍സ് എന്നിങ്ങിനെ ആ നിരനീണ്ടു കിടക്കുന്നു.

മേളക്കൊഴുപ്പില്ലാത്ത ഒരു കച്ചേരിയും വിജയിക്കുകയില്ല. അതിനാല്‍ പശ്ചാത്തല വാദകര്‍ക്ക് പ്രകടനത്തിന് നല്ല സന്ദര്‍ഭം കിട്ടാവുന്ന രീതിയില്‍വേണം അവതരണം. ഇതിന് ഒരു സമ്പൂര്‍ണമായ കൂട്ടായ്മ തന്നെവേണം.

ഒരു നല്ല കച്ചേരി കലാകാരന് സംഗീത ശാസ്ത്രത്തില്‍ സൂക്ഷ്മവും അതേസമയം വിപുലവുമായജ്ഞാനം ഉണ്ടായിരിക്കണം. ജീവിതത്തിലുടനീളം അത്തരം ജ്ഞാനമാര്‍ജ്ജിക്കുവാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കണം. സംഗീതം ഒരുസാഗരമാണെന്നും നാമൊക്കെ അതിന്റെ തീരത്ത് അത്ഭുതാദരങ്ങളോടെ നോക്കിയിരിക്കുന്ന ശിശുക്കളാണെന്നും എപ്പോഴുംഓര്‍മവേണം. അതുകൊണ്ടുതന്നെ ഓരോകച്ചേരിയിലും നമ്മുടെ കഴിവെല്ലാം എടുത്ത് പ്രയോഗിച്ച് കൊണ്ടുതന്നെ പാടുകയും വേണം. കര്‍ണാടക സംഗീതം ഏറ്റവും സാഹിത്യനിബന്ധമാണെന്ന സംഗതി ഒരിക്കലും മറന്നുകൂടാ. ഗാനസാഹിത്യത്തെ അര്‍ത്ഥമറിഞ്ഞുകൊണ്ട് അതീവഭാവത്തോടെ അവതരിപ്പിക്കുവാന്‍ ശ്രമിക്കണം. ത്യാഗരാജ കൃതികളിലെ ഭാവങ്ങള്‍ ഒരിക്കലും ഏകശിലാരൂപമല്ല എന്ന് നമുക്കറിയാം. നവവിധ ഭക്തിരസങ്ങളും സ്ഫുരിക്കുന്ന കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ടല്ലോ - ശ്രവണം, കീര്‍ത്തനം, ഭാസ്യം, മനനം, ആത്മനിവേദനം തുടങ്ങി വ്യത്യസ്ത ഭാവങ്ങള്‍ തുടിച്ചുനില്‍ക്കുന്ന അതിസുന്ദരമായ സാഹിത്യമാണ് ത്യാഗരാജ സ്വാമികളുടേത്. ആ സാഹിത്യം, എടുത്തുപാടുമ്പോള്‍ അവയോട് നീതി പുലര്‍ത്തുകതന്നെവേണം. ധാതുമാതുക്കളെ പരസ്​പരം യോജിപ്പിച്ചും നിശിതമായ താളനിഷ്പത്തിയോടും സംഗതികളെ തക്കസ്ഥലങ്ങളില്‍ വിന്യസിച്ച് വിപുലീകരിച്ചും രാഗഭാവം പുഷ്ടിപ്പെടുത്തിയുമൊക്കെ പാടുമ്പോള്‍ മാത്രമേ ഒരു കച്ചേരി ആകര്‍ഷകമാകൂ എന്നാണനുഭവം.

ഭാരതത്തിലെ പുരാതനമായ നിരവധി സംഗീത ഗ്രന്ഥങ്ങളിലൊക്കെയും എടുത്തുപറഞ്ഞിട്ടുള്ളത് ഇതൊക്കെത്തന്നെയാണ്.

എല്ലാറ്റിനുമുപരി രാഗാലാപനത്തിലും നിരവിലിലും സ്വരപ്രസ്താരത്തിലുമൊക്കെ വേണ്ടത് തികഞ്ഞ ഭാവനാ സാന്ദ്രതയാണ്. സ്വയം മറന്ന് പാടുമ്പോള്‍ മാത്രമാണ് ഒരു കലാകാരന് അത്തരം ഭാവനാവിശേഷം സംസിദ്ധമാകുന്നത്. ഓരോ കച്ചേരിയും ഒരേസമയം ഓരോ പുതിയസമര്‍പ്പണവും സൃഷ്ടികര്‍മ്മവും സര്‍ഗ്ഗനാദവുമാക്കാന്‍ ഉള്ളഴിഞ്ഞ് ശ്രമിക്കുകയും വേണം. ഒരര്‍ത്ഥത്തില്‍ ഓരോ കച്ചേരിയും ഒരുതരം അഗ്‌നിപരീക്ഷയാണെന്ന് അറിയുകയുംവേണം.


 




MathrubhumiMatrimonial