
രാഗലയത്തില്‍ കല്പാത്തി
Posted on: 08 Nov 2009
അനില്‍ വള്ളിക്കാട്

പാലക്കാട്: തുലാക്കുളിരിനും വൃശ്ചികക്കാറ്റിനുമിടയ്ക്ക് കല്പാത്തിക്ക് നടക്കാന്‍ പാട്ടിന്റെ പാലം. ആചാരവിശുദ്ധിയുടെ സാംസ്‌കാരിക ഗ്രാമത്തിന് ഇനി ശുദ്ധസംഗീതത്തിന്റെ ആറുരാവുകള്‍. മാതൃഭൂമി കല്പാത്തി സംഗീതോത്സവത്തിന് ഇന്ന് തുടക്കം. സംഗീതത്തിന്റെ ഊഷ്മളരാഗങ്ങള്‍ക്ക് ആസ്വാദകര്‍ ഹൃദയതാളം പകരുന്ന അപൂര്‍വ്വനിശകള്‍ കല്പാത്തിക്ക് മാത്രം സ്വന്തം.
കുളിരില്‍ നനയുന്ന നാദങ്ങള്‍ക്ക് ശ്രുതി ചേര്‍ക്കാന്‍ കാറ്റെത്തുമ്പോള്‍, ആഘോഷത്തിന്റെ ആത്മീയ സംഗീതമുണരും, കാലം കരിപുരളാതെ കാത്തു സൂക്ഷിക്കുന്ന കല്പാത്തി രഥോത്സവത്തിന്റെ കേളികൊട്ടുയരും.
കല്പാത്തിയുടെ മുത്തായിരുന്ന മുണ്ടായ രാമഭാഗവതരും, ഉജ്ജ്വലനക്ഷത്രങ്ങളായിരുന്ന പാലക്കാട് മണി അയ്യര്‍, പാലക്കാട് രഘു, കല്പാത്തി രാമനാഥന്‍, ചാത്തപ്പുരം സുബ്ബയ്യര്‍, സി.എസ്.കൃഷ്ണയ്യര്‍, പാലക്കാട് കെ.വി.നാരായണസ്വാമി, ഭജന ഗണപതി അയ്യര്‍, പുതുക്കോട് കൃഷ്ണമൂര്‍ത്തി അയ്യര്‍, എം.എസ്.ശിവരാമന്‍ തുടങ്ങിയവരും തുറന്നിട്ട വഴിയിലൂടെ പിന്നീട് നടന്നത് നിരവധി പേരാണ്. പാരമ്പര്യത്തിന്റെ വറ്റാത്ത നീരുറവയായി ശുദ്ധ സംഗീതത്തിന്റെ നനുത്ത സ്പര്‍ശം അഗ്രഹാരത്തിന് കൂട്ടുകിടക്കുന്നു.
സംഗീതത്തിന്റെ മഹാവിദ്യാലയമായ കല്പാത്തി ഗ്രാമത്തില്‍, പതിറ്റാണ്ടുകള്‍ക്ക് മുമ്പെ അപൂര്‍വ്വമായ സംഗീത സദസ്സുകള്‍ നടന്നിട്ടുണ്ട്. സംഗീതോത്സവങ്ങള്‍ക്കുള്ള കല്പാത്തിക്കാരുടെ പ്രേരണയും. അന്ന് തുടങ്ങിയതാണ്. നഗരത്തിലെ സംഗീത സദസ്സുകളില്‍ പോലും ആസ്വാദകരില്‍ പ്രധാന പങ്കും കല്പാത്തിയുടെതാണ്.കല്പാത്തിക്ക് എല്ലാം സംഗീതമാണ്. ഇരിപ്പും എടുപ്പും നടപ്പുമെല്ലാം താളനിബദ്ധം. രാഗനൂലില്‍ കോര്‍ത്ത ഗാനഹാരം പോലെ നെടുനീളെ വീടുകള്‍. അകത്തളങ്ങള്‍ക്ക് കീഴ്സ്ഥായിയിലെ കനം. തെന്നിത്തെറിക്കുന്ന നാദവീചികളുടെ നിഴല്‍ച്ചിത്രവുമായി നടുമുറ്റം. സ്വരസ്ഥാനങ്ങളുടെ കെട്ടുപിണയലുമായി അരിപ്പൊടിക്കോലങ്ങള്‍. പുറത്തെടുക്കുന്ന ഭാഷ മുതല്‍ അകത്തിറക്കുന്ന ഭക്ഷണത്തിന് വരെ ഈണം പുതപ്പിക്കുന്ന കല്പാത്തിക്ക് സംഗീതം ജീവവായുവാണ്.
മാതൃഭൂമിയുടെ സഹകരണത്തോടെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന കര്‍ണാടക സംഗീതോത്സവത്തില്‍ പ്രഗത്ഭരായ കലാകാരന്മാരാണ് ഈ വര്‍ഷവും അണിനിരക്കുന്നത്.
പരിപാടിയുടെ ആറുദിവസങ്ങള്‍ സംഗീതചക്രവര്‍ത്തിമാരുടെ അനുസ്മരണദിനങ്ങളുമാണ്. പുരന്ദരദാസ്, അന്നമാചാര്യര്‍, മുത്തുസ്വാമി ദീക്ഷിതര്‍, ശ്യാമാശാസ്ത്രി, ത്യാഗരാജ സ്വാമി, സ്വാതി തിരുനാള്‍ എന്നിവര്‍ക്കായി സമര്‍പ്പിക്കുന്ന ദിവസങ്ങളില്‍ പാടിത്തെളിഞ്ഞ പ്രഗത്ഭര്‍ക്കൊപ്പം പുതിയ പാട്ടുകാരും പങ്കെടുക്കും. കല്പാത്തി മണിഅയ്യര്‍ റോഡില്‍ മൃദംഗ വിദ്വാന്‍ പത്മശ്രീ പാലക്കാട് രഘു നഗറിലാണ് സംഗീതോത്സവം.
ഞായറാഴ്ചവൈകീട്ട് 5.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം വൈദ്യുതി വകുപ്പ് മന്ത്രി എ.കെ.ബാലന്‍ ഉദ്ഘാടനം ചെയ്യും. കെ.കെ. ദിവാകരന്‍എം.എല്‍.എ. അധ്യക്ഷനായിരിക്കും. എം.ബി.രാജേഷ് എം.പി., മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി.വീരേന്ദ്രകുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. സംഗീതോത്സവത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരവിജയികള്‍ക്ക് ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുബൈദ ഇസ്ഹാക്ക് സമ്മാനദാനം നടത്തും.
എം. ഹംസ എം.എല്‍.എ, കെ. അച്യുതന്‍ എം.എല്‍.എ, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വി.ദേവയാനി, പി.എന്‍. വിശ്വനാഥന്‍, ഗാനാ കൃഷ്ണന്‍, സി.എന്‍.ഉമ, എല്‍.വി. ഗോപാലകൃഷ്ണന്‍, പി.വിജയാംബിക, ജില്ലാ കളക്ടറും ഡി.ടി.പി.സി. ചെയര്‍മാനുമായ എ.ടി. ജെയിംസ് ഐ.എ.എസ്. തുടങ്ങിയവര്‍ പ്രസംഗിക്കും.
