goodnews head

ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് പുതിയവീട്; ഗാനഗന്ധര്‍വന്റെ കൈനീട്ടം

Posted on: 16 Mar 2008


കൊച്ചി: ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ കയ്യില്‍ നിന്നും പുതിയവീടിന്റെ താക്കോല്‍ സ്വീകരിച്ച ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് പറയാനുള്ളത് എല്ലാവരോടുമുള്ള നന്ദി മാത്രം. ''അമ്മയ്ക്ക് എല്ലാ സുഖങ്ങളും ഉണ്ടാവട്ടെ'' എന്ന് യേശുദാസ്. പരിസ്ഥിതി മലിനീകരണം മൂലമുണ്ടായ കാന്‍സറിന്റെ ചികിത്സയ്ക്ക് കിടപ്പിടം വിറ്റ ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് വീട് നിര്‍മിച്ച് നല്‍കിയത് യേശുദാസാണ്. യേശുദാസിന്റെ 'ദിവ്യകാരുണ്യ ട്രസ്റ്റി'ന്റെ ആദ്യ സംരംഭമാണ് പ്രകൃതിദത്ത രീതിയിലുള്ള ഈ വീട്.

എന്തും ഇല്ലാതാക്കാനുള്ള മനോഭാവമാണ് ഇന്ന് മനുഷ്യനെന്ന് യേശുദാസ് പറഞ്ഞു. ഏത് പാര്‍ട്ടിക്കാരനായാലും നല്ലത് കണ്ടാല്‍ നല്ലതാണെന്ന് പറയാനുള്ള മനഃസ്ഥിതി ഉണ്ടാകണം. മനുഷ്യന്‍ മാത്രമാണ് മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കാത്തത്. ചെയ്യാന്‍ പാടില്ലാത്ത പലതും ചെയ്തതിന്റെ ഫലമാണ് ഇന്ന് നാം അനുഭവിക്കുന്നത്.

യേശുദാസിനുവേണ്ടി ഈ ഇരുനിലവീട് നിര്‍മിച്ചത് മാവേലിക്കര സ്വദേശി വിനു ഡാനിയേലാണ്. മരം തെല്ലും ഉപയോഗിക്കാതെ പച്ചമണ്ണില്‍ തീര്‍ത്ത 3000 ഇഷ്ടികകള്‍ കൊണ്ടാണിതിന്റെ നിര്‍മാണം. സാധാരണ വീട് നിര്‍മിക്കാന്‍ വേണ്ടതിന്റെ 33 ശതമാനം സിമന്റും 60 ശതമാനം കമ്പിയും കുറച്ചാണ് ബലം കുറയാതെതന്നെ വീട് തീര്‍ത്തിരിക്കുന്നത്. മൂന്ന് മാസം കൊണ്ട് വീട് പൂര്‍ത്തിയായി. മൂന്ന് ലക്ഷമാണ് ചെലവ്.

മൂന്ന് കിടപ്പുമുറികളും ഹാളും അടുക്കളയും മൂന്ന് സെന്റ് തികച്ചില്ലാത്ത ഈ വീടിനുണ്ട്. 700 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടിന്റെ വാതിലുകളെല്ലാം ഫെറോ സിമന്റുകൊണ്ടുള്ളതാണ്. ഓരോ വാതിലിനും 100 കിലോ ഭാരം ഉണ്ടെങ്കിലും ബെയറിങ് സംവിധാനം ഉള്ളതിനാല്‍ പ്രവര്‍ത്തനം സുഗമമാണ്. രണ്ട് ഭിത്തികള്‍ നിര്‍മിച്ചിരിക്കുന്നത് 1000 ബിയര്‍ കുപ്പികള്‍ കൊണ്ടാണ്. സാധാരണ കളിമണ്ണുകൊണ്ട് നിര്‍മിക്കുന്ന ഇഷ്ടികയില്‍ അഞ്ചുശതമാനം സിമന്റ് ചേര്‍ക്കുന്നതിനാലാണ് വീടിന് നല്ല ഉറപ്പും ബലവുമെന്ന് വിനു പറഞ്ഞു. പോണ്ടിച്ചേരി 'ഓറോവില്ലി'ലെ പ്രശസ്ത ആര്‍ക്കിടെക്ട് സത്‌പ്രേമിന്റെ ശിഷ്യനാണ് വിനു.

പെരിയാര്‍ മലിനീകരണ വിരുദ്ധ സമിതിയാണ് യേശുദാസിന് പരിസ്ഥിതി മലിനീകരണത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായ ലക്ഷ്മിക്കുട്ടിയമ്മയെ പരിചയപ്പെടുത്തിയത്. വാടകവീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. ചികിത്സ കഴിഞ്ഞ് ബാക്കി വന്ന തുകകൊണ്ട് ഏലൂര്‍ വടക്കുംഭാഗത്ത് വാങ്ങിയ മൂന്ന് സെന്റിലാണ് പുതിയ വീട്.

ഏലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.പി.ഉഷ, വൈസ് പ്രസിഡന്റ് ടി.വി.രവി, പെരിയാര്‍ മലിനീകരണ വിരുദ്ധസമിതി ചെയര്‍മാന്‍ എം.കെ.കുഞ്ഞപ്പന്‍, ജേക്കബ് ലാസര്‍, അന്‍വര്‍ തുടങ്ങിയവര്‍ താക്കോല്‍ദാനച്ചടങ്ങില്‍ സംസാരിച്ചു. വിനു ഡാനിയേലിന് പുരസ്‌കാരവും നല്‍കി.

 

 




MathrubhumiMatrimonial