
രമേഷിനെയും കുടുംബത്തെയും കോടതി സ്‌നേഹംട്രസ്റ്റിന് കൈമാറി
Posted on: 28 Oct 2007

ശനിയാഴ്ച രാവിലെ വിദ്യാഭ്യാസമന്ത്രി എം.എ. ബേബിയുടെ നിര്‍ദേശപ്രകാരം എസ്.എസ്.എ. അധികൃതരും സൗത്ത് പോലീസും ചേര്‍ന്ന് കുടുംബത്തെ കണ്ടെത്തി മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിച്ചു.
കുട്ടികളുടെ വിദ്യാഭ്യാസവും കുടുംബത്തിന്റെ സംരക്ഷണവും ഉറപ്പാക്കണമെന്ന് മന്ത്രി എസ്.എസ്.എ. ഓഫീസിലേക്കയച്ച ഫാക്‌സ് സനേ്ദശത്തില്‍ നിര്‍ദേശിച്ചിരുന്നു. രമേഷിന്റെയും പ്രവീണിന്റെയും വിദ്യാഭ്യാസ ചെലവുകള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായും ചൊവ്വാഴ്ച ഇവരെ സന്ദര്‍ശിക്കുമെന്നും മന്ത്രി എം.എ. ബേബി അറിയിച്ചു.

കോടതിയില്‍നിന്ന് ശനിയാഴ്ച വൈകീട്ട് 5 മണിയോടെ സ്‌നേഹം ചാരിറ്റബിള്‍ ട്രസ്റ്റിലേക്ക് കൊണ്ടുപോയി. ട്രസ്റ്റിന്റെ ലീഗല്‍ അഡൈ്വസര്‍ അഡ്വ.കെ. രാജഗോപാല്‍, ട്രസ്റ്റ് അസോസിയേറ്റ് ഡാന എന്നിവരാണ് കുട്ടികളെ കൊണ്ടുപോകാനായി എത്തിയത്. രമേഷിന് മലപ്പുറം ജില്ലയിലെ സേവ് എ ചെയില്‍ഡിന്റെ സാന്ത്വനവുമെത്തി. അമ്മയ്ക്ക് മരുന്നിനും കുട്ടികള്‍ക്ക് പഠിപ്പിനുമായി പ്രതിമാസം 1000 രൂപവീതം നല്‍കുമെന്ന് പാണ്ടിക്കാട് ആസ്ഥാനമായുള്ള അല്ലമ എഡ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റും ഡയറക്ടറുമായ പി. മുഹമ്മദ്ബഷീര്‍ അറിയിച്ചു.
സാംസ്‌കാരിക സംഘടനയായ സ്വരലയ, പാലക്കാട് ദേവാശ്രയം ചാരിറ്റബിള്‍ സൊസൈറ്റി, പാലക്കാട് സത്യസായി സേവാസമിതി, തിരുവല്ല ഹോം ഓഫ് ഹോപ്പ് ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍, ആലുവ ജനസേവ ശിശുഭവന്‍, ഹിന്ദുഐക്യവേദി, സേവാഭാരതി, പാലക്കാട് എന്‍.എസ്.എസ്. യൂണിറ്റ്, ശാലോം ട്രസ്റ്റ്, കോഴിക്കോട് ജുവനെയില്‍ ഹോം, കല്ലൂര്‍ ഫ്രന്‍ഡ്‌സ് ഓഫ് ട്രൈബല്‍ സൊസൈറ്റി തുടങ്ങിയ 20ഓളം സംഘടനകളാണ് രമേഷിനെയും കുടുംബത്തെയും ഏറ്റെടുക്കാന്‍ മുന്നോട്ടു വന്നിട്ടുള്ളത്. നിരവധി വായനക്കാര്‍ ഇവര്‍ക്ക് സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തു.
